UPDATES

താഹ മാടായി

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

താഹ മാടായി

വായന/സംസ്കാരം

‘മലയാള ഗാനശാഖയിലെ സവര്‍ണതയെ അട്ടിമറിച്ച ഗായകന്‍’; എരഞ്ഞോളി മൂസയുടെ ആത്മകഥാകാരന്‍ താഹ മാടായി സംസാരിക്കുന്നു

ശബ്ദമായിരുന്നു എല്ലാക്കാലത്തും മൂസാക്കയുടെ പ്രൊഫൈല്‍. മറ്റൊരു ജീവിതരേഖ അദ്ദേഹത്തിനില്ല. ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ തൊഴില്‍ അനുഭവങ്ങളാണ്.

താഹ മാടായി

അരിമുല്ലപ്പൂമണമുള്ളോളെ, അഴകിലേറ്റം ഗുണമുള്ളോളേ എന്നു പാടിക്കൊണ്ട് മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്ന എരഞ്ഞോളി മൂസ വിടവാങ്ങിയിരിക്കുകയാണ്. മലബാറിലും മറ്റിടങ്ങളിലും മാപ്പിളഗാനമേള സദസ്സുകളിലൂടെ ജനകീയ ഗാനശാഖയുടെ വക്താവായി മാറിയ എരഞ്ഞോളി മൂസയ്ക്ക് ഒരുപക്ഷേ, മാപ്പിളപ്പാട്ടുരംഗത്തെ പ്രമുഖനെന്നതിനേക്കാള്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഗായകന്‍ എന്ന വിശേഷണമാകും കൂടുതല്‍ അനുയോജ്യം. കൈവണ്ടി വലിയ്ക്കുന്നതും ചുമടെടുക്കുന്നതും മുതലിങ്ങോട്ട് ഒരുപാട് തൊഴിലുകളിലൂടെയും ജീവിതസാഹര്യങ്ങളിലൂടെയും കടന്നുപോയിട്ടുള്ള എരഞ്ഞോളി മൂസ, അതേക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ ആത്മകഥയില്‍ സംസാരിച്ചിട്ടുമുണ്ട്. ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’ എന്ന ആ പുസ്തകം തയ്യാറാക്കുന്നതില്‍ സഹായിക്കാനടക്കം, ഒട്ടേറെ അവസരങ്ങളില്‍ എരഞ്ഞോളി മൂസയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടുള്ള എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ താഹ മാടായിക്കും അദ്ദേഹത്തെക്കുറിച്ച് ഏറെ ആഴത്തിലുള്ള ഓര്‍മകളാണുള്ളത്. എരഞ്ഞോളി മൂസ എന്ന അടിസ്ഥാനവര്‍ഗ്ഗ ഗായകനെ താഹ മാടായി ഓര്‍ക്കുന്നു:

മലയാള ഗാനശാഖയിലെ സവര്‍ണതയെ അട്ടിമറിച്ച ഗായകന്‍’ എന്നുമാത്രമേ എരഞ്ഞോളി മൂസയെ ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. ഭക്തിഗാനങ്ങളും, പ്രണയഗാനങ്ങളും കത്തുപാട്ടുകളും കിസ്സപ്പാട്ടുകളും നിറഞ്ഞു നിന്നിരുന്ന മാപ്പിളപ്പാട്ടു രംഗത്തെ അനിഷേധ്യനായ എരഞ്ഞോളി മൂസയുടെ ചരിത്രം, മലയാള ഗാനശാഖയുടെ തന്നെ ചരിത്രവുമായി ഇഴചേര്‍ന്നുപോകുന്നതാണ്. മലയാള ഗാനശാഖ പ്രധാനമായും രണ്ടു സമാന്തരപാതകളിലായാണ് മുന്നോട്ടുപോയിട്ടുള്ളത്. ഒന്ന് മുഖ്യധാരാ ലളിതസംഗീതമാണെങ്കില്‍, മറ്റൊന്ന് ചലച്ചിത്രഗാനങ്ങളാണ്. ഇതിനോടൊപ്പം തന്നെ ജനകീയമായിത്തീര്‍ന്നിട്ടുള്ളവയാണ് മലയാളത്തിലെ മാപ്പിളപ്പാട്ടുകള്‍. കേരളത്തിന്റെ സാക്ഷരതയുമായി ബന്ധപ്പെട്ടു തന്നെ കൂട്ടിവായിക്കേണ്ടതാണ് മാപ്പിളപ്പാട്ടുകളുടെ നാള്‍വഴികള്‍. കത്തുപാട്ടുകള്‍ എഴുതിയും വായിച്ചുമാണ് മലബാറിലെ മുസ്ലിം സ്ത്രീകളില്‍ ഏറിയപങ്കും സാക്ഷരരായത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കത്തുപാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തയച്ചും, ഈ കത്തുകളിലൂടെ വിരഹദുഃഖം അറിയിച്ചുമെല്ലാം മുഖ്യധാരയിലേക്ക് ഉയര്‍ന്നു വന്നിരുന്ന പാട്ടുപാരമ്പര്യത്തിലേക്കാണ് അതിശയകരമായ ശബ്ദവുമായി എരഞ്ഞോളി മൂസ കടന്നുവരുന്നത്. എരഞ്ഞോളി മൂസയുടെ ശബ്ദമാണ് എരഞ്ഞോളി മൂസ. ആ ശബ്ദം അത്രയധികം വ്യത്യസ്തവുമാണ്. ആ ശബ്ദത്തിലൂടെ ഇത്രയധികം ആര്‍ദ്രമായ, മനോഹരമായ പാട്ടുകള്‍ പാടാന്‍ കഴിയുമെന്ന് എരഞ്ഞോളി മൂസ പാടുമ്പോള്‍ മാത്രമാണ് നമുക്ക് മനസ്സിലാകുക.

എരഞ്ഞോളി മൂസയുടെ ‘ഇശ മുല്ല മലരേ’ എന്നൊരു പാട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ മെലഡികളിലൊന്നാണ് ഇശ മുല്ല മലരേ എന്ന ആ പാട്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍, മൂസാക്ക എന്നോട് പറഞ്ഞിട്ടുള്ളതനുസരിച്ച് ആ പാട്ടെഴുതിയിട്ടുള്ളത് ഒരു ചാക്കു തുന്നുന്നയാളോ ഇറച്ചിവില്‍ക്കുന്നയാളോ ആണ്. മലയാളത്തില്‍ മാപ്പിളപ്പാട്ടുകളിലെ ഏറ്റവും മനോഹരമായ മെലഡികളിലൊന്ന് എഴുതിയയാള്‍ ഒരു ഇറച്ചിവില്‍പ്പനക്കാരനാകുന്നതാണ് അതിന്റെ പ്രാധാന്യം. അടിത്തട്ടില്‍ അലയുന്ന മനുഷ്യര്‍ എഴുതിയ പാട്ടുകള്‍, അടിത്തട്ടില്‍ അലഞ്ഞ ഒരു ഗായകന്‍ പാടിയെന്നതാണ് എരഞ്ഞോളി മൂസയുടെ പാട്ടുകളെ വ്യത്യസ്തമാക്കിയിട്ടുള്ളത്. വി.ടി ഭട്ടതിരിപ്പാടിനെ ഒരു പെണ്‍കുട്ടിയാണ് അക്ഷരം പഠിപ്പിച്ചത് എന്നു പറയുന്നതു പോലെ, മൂസാക്കയ്ക്കുമുണ്ട് ഒരു കഥ. ഇടക്കാലത്ത് ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ആദ്യമായി ഒപ്പിടേണ്ടിവരുന്നത്. ഒപ്പിടുമ്പോള്‍ പേരെഴുതാന്‍ വേണ്ടിയാണ് എരഞ്ഞോളി മൂസ ആദ്യമായി അക്ഷരം പഠിക്കുന്നത്. ‘മൂസാക്കാ, നിങ്ങള്‍ ഒപ്പിടണം, അതിനൊപ്പം പേരുമെഴുതണം’ എന്നു പറഞ്ഞ് അദ്ദേഹത്തെ അക്ഷരം പഠിക്കാന്‍ പ്രേരിപ്പിക്കുന്നത് തീപ്പെട്ടിക്കമ്പനിയില്‍ത്തന്നെ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയാണ്. പിന്നീട് അദ്ദേഹം പാറപൊട്ടിക്കാന്‍ പോയി, കൈവണ്ടി വലിച്ചു. തലശ്ശേരി മാര്‍ക്കറ്റിലൂടെ അരിച്ചാക്കുകള്‍ കൈവണ്ടി വലിച്ചു കടത്തുന്ന ജോലി അദ്ദേഹം ഏറെക്കാലം ചെയ്തിരുന്നു. ഇതിനോടൊപ്പം തന്നെ ഒരു ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയമായി കര്‍ണാടക സംഗീതം പഠിക്കാന്‍ പോയിട്ടുമുണ്ട്.

എരഞ്ഞോളി മൂസ പ്രശസ്തനായും ജനകീയനായും ഉയര്‍ന്നുവന്ന കാലഘട്ടത്തില്‍ ഒപ്പം കൂടിയവരില്‍ എം.എസ് ബാബുരാജുമുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹത്തിനു വേണ്ടി ഹാര്‍മോണിയം വായിക്കാനാണ് ബാബുരാജ് എത്തുന്നത്. മലയാള ചലച്ചിത്ര ഗാനശാഖയില്‍ പിന്നീട് ഏറ്റവും പ്രഗത്ഭനായിത്തീര്‍ന്ന എം.എസ് ബാബുരാജ്, എരഞ്ഞോളി മൂസയുടെ തണലില്‍ കുറച്ചുകാലം ജീവിച്ചിട്ടുമുണ്ട്. യേശുദാസ് ഒരു ഭാഗത്ത് പാടുമ്പോഴും, എരഞ്ഞോളി മൂസയുടെ സദസ്സ് എപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നതാണ് വാസ്തവം. മാപ്പിളപ്പാട്ടുകളുടെ രാജാവേ, ഇശല്‍ രാജാവേ എന്നൊക്കെ വിളിച്ച് നോട്ടുമാലയണിയിക്കുന്ന, അമ്പരപ്പിക്കുന്ന വിധത്തില്‍ ആസ്വാദനശേഷിയുണ്ടായിരുന്ന ഒരു സദസ്സ്. സാധാരണ മനുഷ്യരുടെ മോഹങ്ങള്‍ക്ക്, ആവേശങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഒരാളായാണ് എരഞ്ഞോളി മൂസയെ കാണേണ്ടത്. അക്കാലത്ത് ഏറ്റവുമധികം വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള ഗായകനും അദ്ദേഹമായിരിക്കാം. അടിത്തട്ടില്‍ നിന്നുള്ള ഒരു മനുഷ്യന്‍ ഏറ്റവുമധികം വിമാനയാത്ര നടത്തുന്നു എന്നതാണ്.

Read More: ‘മാലാഖ പോലൊരു വേശ്യ’ എരഞ്ഞോളി മൂസയോട് പറഞ്ഞു, “എനിക്ക്ങ്ങളെ ബീടരായ് ജനിക്കണം, ങ്ങളെ പാട്ട് അത്രയ്ക്കിഷ്ടാ..’

ശബ്ദമായിരുന്നു എല്ലാക്കാലത്തും മൂസാക്കയുടെ പ്രൊഫൈല്‍. മറ്റൊരു ജീവിതരേഖ അദ്ദേഹത്തിനില്ല. ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ തൊഴില്‍ അനുഭവങ്ങളാണ്. സംഗീതത്തോടൊപ്പം അനുഭവങ്ങള്‍ കൂടിച്ചേരുമ്പോഴുണ്ടാകുന്ന വലിയൊരു ആഴമുണ്ട്. അതാണ് സംഗീതത്തിലെ സവര്‍ണതയെ അട്ടിമറിയ്ക്കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കിയതും. വെള്ള വസ്ത്രം ധരിക്കുക, ശാസ്ത്രീയ സംഗീതം പഠിച്ചിരിക്കുക, സംസ്‌കൃതത്തില്‍ പാടുക എന്നുള്ളതല്ല. മാപ്പിളപ്പാട്ടുപാടിയാണ് എരഞ്ഞോളി മൂസ ജനകീയനായത്. ഒരു ജനതയുടെ സ്വപനങ്ങളെ പാട്ടില്‍ പ്രതിഫലിപ്പിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്നതല്ല. അവസാനകാലം വരെ ലിബറല്‍ മൂല്യങ്ങളോടു കൂടിയാണ് എരഞ്ഞോളി മൂസ ജീവിച്ചത്. മലയാളി ഇന്ന് ആഗ്രഹിക്കുന്നതരം സത്യസന്ധമായ മതനിരപേക്ഷതയാണ് അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതത്തില്‍ അദ്ദേഹം ഭക്തിഗാനങ്ങള്‍ പാടിയിരിക്കാമെന്നു മാത്രം.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മ താഹ മാടായിയുമായി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

താഹ മാടായി

താഹ മാടായി

എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍