TopTop
Begin typing your search above and press return to search.

"2019-ലെ തെരഞ്ഞെടുപ്പിന് വേണ്ടിയിരുന്ന ഉത്തേജനം നരേന്ദ്ര മോദി പുല്‍വാമയില്‍ കണ്ടെത്തിയിരിക്കുന്നു"

2019-ലെ തെരഞ്ഞെടുപ്പിന് വേണ്ടിയിരുന്ന ഉത്തേജനം നരേന്ദ്ര മോദി പുല്‍വാമയില്‍ കണ്ടെത്തിയിരിക്കുന്നു

ദി വയറിലെ (The Wire) പ്രേം ശങ്കര്‍ ഝായുടെ പംക്തി അവിചാരിതമായ ദിശകളിലേക്കാണ് എന്റെ മനസിനെ കൊണ്ടുപോയത്, ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള കാണ്‍പൂര്‍ കലാപം.. ഝായുടെ പംക്തിയുടെ തലക്കെട്ട്, ' 2019-ലെ തെരഞ്ഞെടുപ്പിന് നരേന്ദ്ര മോദിക്ക് വേണ്ടിയിരുന്ന ഉത്തേജനം അയാള്‍ പുല്‍വാമയില്‍ കണ്ടെത്തിയിരിക്കുന്നു' (In Pulwama, Narendra Modi Has Found the Trigger He Needed Before 2019 Elections) എന്നായിരുന്നു. ആദ്യം തടസങ്ങള്‍ തള്ളിനീക്കിയത് അദ്ദേഹമാണ് എന്ന് മനസില്‍വെച്ച് വേണം ഇത് വായിക്കാന്‍. ഞാനതിലേക്ക് മടങ്ങിവരാം. പക്ഷെ ആദ്യം കാണ്‍പൂര്‍.

ഞങ്ങള്‍ വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കുമായി പോയ കലാപത്തില്‍ നിന്നും വ്യത്യസ്തമായി ചിലത് പകര്‍ത്താന്‍ വാര്‍ത്തകള്‍ക്കായി സൂക്ഷ്മമായ കണ്ണുള്ള ഛായാഗ്രാഹകന്‍ (ഇപ്പോള്‍ മികച്ചൊരു ചലച്ചിത്രകാരന്‍) കബീര്‍ ഖാന് കഴിഞ്ഞു. അന്ന് ലണ്ടന്‍ നെഹ്റു കേന്ദ്രത്തില്‍ ഡയറക്ടറായിരുന്ന ഗോപാല്‍ ഗാന്ധി അത് പ്രത്യേക പ്രദര്‍ശനത്തിനായി എടുത്തിരുന്നു.

ആദ്യത്തെ നാല് രംഗങ്ങള്‍, ഒരു കിടക്കയുടെ വലിപ്പത്തിലുള്ള അവിടുത്തെ ഏറ്റവും പ്രധാന ഉരുപ്പടിയായ ഒരു വലിയ ചാരുകട്ടിലിലുള്ള ഒരു ചെറിയ മുറിയിലേക്കാണ്. മുഷിഞ്ഞൊരു പരുത്തി സാരിയുടുത്ത മധ്യവയസ്‌കയായ ഒരു സ്ത്രീ മാത്രമാണ് ആ മുറിയിലെ താമസക്കാരി. പണ്ഡിതായി, അഥവാ പണ്ഡിതിനെ വിവാഹം കഴിച്ച സ്ത്രീ എന്നാണ് ഞങ്ങള്‍ക്ക് വഴി കാണിച്ച അയല്‍ക്കാര്‍ അവരെ വിളിച്ചത്. ഒരു പെട്ടി കൂടിയായ വലിയ ചാരുകട്ടിലിലാണ് പണ്ഡിതായി, ആയിഷ ബീ എന്ന സാമാന്യം തടിയുള്ള, അവരുടെ അയല്‍ക്കാരിയെ ഒളിപ്പിച്ചത്. ആയിഷ ബീയെയും ഞങ്ങള്‍ കണ്ടു. വടികളും ദണ്ഡുകളുമായി കലാപകാരികള്‍ ആ മുറിയിലേക്ക് പാഞ്ഞെത്തിയിരുന്നു. അവര്‍ കുളിമുറിയുടെ അവിടേക്ക് നീങ്ങി. ''നിങ്ങളവളെ അവിടെയാണോ ഒളിപ്പിച്ചത്?'' ''ഞാന്‍ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് രാമനാമത്തില്‍ ഞാനവരോട് ആണയിട്ടു പറഞ്ഞു,'' പണ്ഡിതായി ഞങ്ങളോട് പറഞ്ഞു. പാകിസ്ഥാനെതിരെ അധിക്ഷേപങ്ങളും ചൊരിഞ്ഞു അവര്‍ പോയതിനുശേഷമാണ് വിയര്‍ത്തുകുളിച്ച ആയിഷ ബീ പെട്ടിയില്‍ നിന്നും പുറത്തുവന്നത്.

.

രംഗം രണ്ടില്‍ മുസ്ലിം കുടുംബങ്ങള്‍ അഭയം തേടിയ ഒരു വലിയ ഉദ്യാനത്തിന്റെ കൂറ്റന്‍ ഇരുമ്പു വാതിലിനും അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടത്തിനും ഇടയില്‍ നില്‍ക്കുന്ന ത്രിപാഠിജിയാണ്. ''മുസല്‍മാന് രണ്ടു സ്ഥലം, പാകിസ്ഥാന്‍ അല്ലെങ്കില്‍ ഖബറിസ്ഥാന്‍' ആയുധങ്ങള്‍ വീശിക്കൊണ്ട് ആള്‍ക്കൂട്ടം ആക്രോശിച്ചു. പക്ഷെ ത്രിപാഠിജി വഴങ്ങിയില്ല.

മുസ്ലിം വീടുകളുള്ള ഒരു തെരുവിലേക്ക് നീളുന്ന ഒരു ഇടുങ്ങിയ വഴിയുടെ മൂലയ്ക്കുള്ള, നിറയെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ കൂട്ടിയിട്ട ഒരു മേല്‍പ്പുരയിലേക്കാണ് മൂന്നാമത്തെ രംഗം തുറക്കുന്നത്. കലാപദിവസം, കടന്നുവന്ന ലഹളക്കാരെ മേല്‍പ്പുരയില്‍ നിന്നും വന്ന കല്ലേറ് തടഞ്ഞു നിര്‍ത്തി. ആ മേല്‍പ്പുരയിലെ ഏക താമസക്കാരിയായ വെള്ളസാരിയുടുത്ത പ്രായമായ ഒരു സ്ത്രീയാണ് ഒറ്റയ്ക്ക് ആ കല്ലേറ് മുഴുവനും നടത്തിയത്. ലഹളക്കാരിലൊരാള്‍ അവരെ തിരിച്ചറിഞ്ഞു.

'ഓ, മിശ്രായി, ഞങ്ങളെ കടന്നുപോകാന്‍ അനുവദിക്കൂ.' അവര്‍ വഴങ്ങിയില്ല. (മിശ്രായി എന്നാല്‍ ഒരു 'മിശ്ര'യുടെ ഭാര്യ) പിന്നീടവറുമായി സംസാരിച്ചപ്പോള്‍ അവര്‍ കരഞ്ഞു. ''ഇത്രയും വെറുപ്പ് കണ്ടിട്ട് എനിക്ക് രണ്ടു ദിവസം റൊട്ടി കഴിക്കാന്‍ പോലും തോന്നിയില്ല മോനെ,'' അവര്‍ പറഞ്ഞു. അവസാന രംഗത്തില്‍, വാളുകളും ഉയര്‍ത്തി വരുന്ന കലാപകാരികളെ തെരുവില്‍ രണ്ടും കയ്യും വിടര്‍ത്തിനിന്നു തടയുന്ന പാണ്ഡേജിയാണ്.

പണ്ഡിതായി, ത്രിപാഠിജി , മിശ്രായി, പാണ്ഡേജി അങ്ങനെയുള്ളവരെല്ലാം കുറഞ്ഞത് നൂറുപേരുടെ ജീവനെങ്കിലും രക്ഷിച്ചിട്ടുണ്ട്. കഥയുടെ സാരം ഇതാണ്: പരക്കുന്ന ഇരുട്ടിലും അന്തര്‍ലീനമായ മാനവികതയുടെ വെളിച്ചം തെളിഞ്ഞുകൊണ്ടിരിക്കും. മുകളില്‍ പറഞ്ഞ നാല് ഉദാഹരണങ്ങളിലേതുപോലെ ഈ മാനവികത ഉറച്ചുനില്‍ക്കുമ്പോള്‍ അതിനു കാര്യങ്ങളുടെ ഗതി മാറ്റാനുള്ള ശേഷിയുണ്ട്. പക്ഷെ ധീരരായ ആരെങ്കിലും തടഞ്ഞാല്‍ രക്തദാഹികളായ ആള്‍ക്കൂട്ടം മടങ്ങിപ്പോകുമെന്നത് അവിശ്വസനീയമല്ലേ? ഇതിനിടയില്‍ എവിടെയോ ആണ് ഒരു അംഗീകൃത സാമൂഹ്യ ഘടനയിലെ നേതൃത്വം പോലൊരു സംഗതി വരുന്നത്. മറ്റൊരു വസ്തുത: ആള്‍ക്കൂട്ടത്തെ തടഞ്ഞ നാല് പേരും ബ്രാഹ്മണന്മാരാണ്. ഇതൊരു യാദൃശ്ചികതയാണോ? കലാപകാരികളായ ഒരു ആള്‍ക്കൂട്ടത്തെ തടയാന്‍ മറ്റൊരു ജാതിയില്‍പ്പെട്ട ഒരു വ്യക്തിക്ക് സുരക്ഷിത്വം തോന്നുമോ?

ഇതിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ തന്ത്രത്തിനു ശേഷമുള്ള പ്രേം ശങ്കര്‍ ഝായുടെ ധീരമായ ഇടപെടല്‍ നോക്കാം. 40-ലേറെ സൈനികരുടെ മരണം എല്ലാവരിലും, പ്രത്യേകിച്ചും മുസ്ലിം പ്രദേശങ്ങളില്‍ ഭീതിപൂണ്ട നിശബ്ദത പടര്‍ത്തി. അത് വ്യക്തമാണ്. ടെലിഫോണുകള്‍ അടിച്ചുകൊണ്ടിരുന്നു. അത് സൂചനകളുടെ രൂപത്തിലായിരുന്നു, ആശങ്കയുടെ സൂചനകള്‍. അധികം സംസാരമൊന്നുമില്ല. ഫോണില്‍ക്കൂടി അധികം സംസാരിക്കാന്‍ അവര്‍ക്ക് ഭയമായിരുന്നു. പുറത്തുള്ള ഉന്മാദത്തിനൊപ്പം ചേരാത്ത ചില വാക്കുകള്‍ അവര്‍ ആശങ്കയോടെ പിറുപിറുത്തു. നഗരങ്ങളിലും ഗ്രാമങ്ങളിലും മെഴുകുതിരികളുമായി വിലാപജാഥകള്‍ നടക്കവേ അത് എന്നെ, പ്രാദേശിക ക്ഷേത്രത്തില്‍ പൂജിച്ചെടുത്ത ഇഷ്ടികകള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കൊണ്ടുപോയ 'ശിലാ പൂജയെ' ഓര്‍മ്മിപ്പിക്കുന്നു. അത് 1989- ലാണ്. ശിലാ പൂജ സൃഷ്ടിച്ച കടുത്ത ഹിന്ദു- മുസ്ലിം ഭിന്നത മറ്റു ചെറുതും വലുതുമായ കലാപങ്ങളുടെ കൂട്ടത്തില്‍ ഭഗല്‍പ്പൂര്‍ വംശഹത്യയും ഉണ്ടാക്കി. ഞാനവിടെ ഉണ്ടായിരുന്നു.

വര്‍ഗീയസംഘര്‍ഷം കൊണ്ടുമാത്രം തെരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാകണമെന്നില്ല. പക്ഷെ ദേശീയതയുടെ കൂട്ടിക്കെട്ടിയ വര്‍ഗീയത ആവോളം വക്രീകരിപ്പിച്ചു വലിച്ചുനീട്ടിയെത്തിച്ചാല്‍, സമയത്ത് പ്രയോഗിച്ചാല്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ്. അപൂര്‍വം ചിലതിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എത്ര കാലം അത് നീളും? ഫോക്‌സ് ന്യൂസിലെ ജെറാള്‍ഡോ റിവേരയുടെ തലത്തിലേക്ക് അവരില്‍ പലരും യുദ്ധഭ്രാന്തിനെ എത്തിച്ചിരിക്കുന്നു. നവംബര്‍ 2001-നു അഫ്ഗാനിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന് വേണ്ടിയുള്ള തെരച്ചില്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കെ റിവേറ ഒരു കൈത്തോക്കെടുത്ത് ക്യാമറയുടെ നേരെ ചൂണ്ടിപ്പറഞ്ഞു , ''ഞാനയാളെ കണ്ടാല്‍ അയാളുടെ തല വെടിവെച്ചു തകര്‍ക്കും.''

എന്തുകൊണ്ടാണ് ഞാന്‍ ഇതിനെക്കുറിച്ച് ഇത്ര ദിവസം എഴുതാതിരുന്നത്? ഒരു മാധ്യമപ്രവര്‍ത്തകനും ചെയ്തില്ല. എല്ലാവരും ഒരുതരം ഭീതിയിലായിരുന്നു. ഒരേയൊരു ദേശസ്‌നേഹി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത മമത ബാനര്‍ജി എന്തൊരു ആശ്വാസമാണ്. ''എന്തുകൊണ്ടാണ് ന്യൂഡല്‍ഹി തങ്ങള്‍ക്കു കിട്ടിയ രഹസ്യവിവരത്തിനനുസരിച്ച് പ്രവര്‍ത്തിക്കാഞ്ഞത്?'' അവര്‍ ചോദിച്ചു. രാഹുല്‍ഗാന്ധിയുടെ നിശബ്ദത നിഗൂഢമായിരുന്നു. ഭാഗ്യം, അദ്ദേഹവും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിട്ടുണ്ട്.

മാധ്യമങ്ങളിലെ ശ്വാസംമുട്ടിക്കുന്ന നിശബ്ദതയെ ആദ്യം തകര്‍ത്തത് പ്രേം ഝയാണ്. രാഷ്ട്രീയമായി ശരികേടാകുമോ എന്ന വേദനയില്‍ ഞാന്‍ പറയാതെ നിര്‍ത്തിയ ചോദ്യത്തെ എന്റെ ലേഖനത്തിന്റെ ഭാഷ പോകരുത്.

കാണ്‍പൂരിലേതുപോലെ മറ്റുള്ളവര്‍ ഭയന്നുനില്‍ക്കുന്നിടത്ത് ഒരു ബ്രാഹ്മണന്‍ വേണ്ടിവരുമോ? നിര്‍ണായക നിമിഷങ്ങളില്‍ സമൂഹങ്ങള്‍ക്ക് വേണ്ടിവരുന്ന നേതാവിനുള്ള ഒരു രൂപകാലങ്കാരമാണോ ബ്രാഹ്മണന്‍? തീര്‍ച്ചയായും ഇത് ആദ്ധ്യാത്മിക സന്ദിഗ്ധതയുമായികൂട്ടിമുട്ടുന്നു : തുല്യതക്ക് വേണ്ടിയുള്ള നിരന്തരമായ അന്വേഷണം.

പക്ഷെ പ്രേം ശങ്കര്‍ ഝായുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ജോഷ് മലീഹദാദിയുടെ വിലാപം കൃത്യമായി ചേരുന്നതാണ്:

"കോയി ആവാസ് പേ ആവാസ് നഹീ ദേത്താ ഹേ''

(ചെകിട് അടപ്പിക്കുന്ന മുഴക്കം ശത്രുവിനെ നിസ്തബ്ധനാക്കും വരെ ഒരറ്റത്തുനിന്നും മറ്റൊന്നിലേക്ക് ആരും വിളികള്‍ കൈമാറുന്നില്ല.)

*IANS


Next Story

Related Stories