TopTop

ഗാഡ്ഗില്‍ കമ്മിറ്റി എന്ന് കേള്‍ക്കുമ്പോള്‍ വികസനം മുടക്കി എന്നു മനസ്സിലാക്കുന്നവര്‍ ഇനിയെങ്കിലും തിരുത്തണം, നിങ്ങളുടെ നിലപാടുകള്‍ ജനവിരുദ്ധവും പഴഞ്ചനുമാണ്

ഗാഡ്ഗില്‍ കമ്മിറ്റി എന്ന് കേള്‍ക്കുമ്പോള്‍ വികസനം മുടക്കി എന്നു മനസ്സിലാക്കുന്നവര്‍ ഇനിയെങ്കിലും തിരുത്തണം, നിങ്ങളുടെ നിലപാടുകള്‍ ജനവിരുദ്ധവും പഴഞ്ചനുമാണ്
മിന്നല്‍ പോലെ മറ്റൊരു പ്രളയം. അതിന്റെ പ്രഹര ശേഷി അനുഭവിച്ചവര്‍ക്ക്, സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നതുപോലെ എളുപ്പമാകില്ല അതിജീവനം. ചില പ്രദേശങ്ങള്‍ പൂര്‍ണമായി തന്നെ ഇല്ലാതായി. നിരവധി വീടുകളും 79 ജീവനുകളും. മണ്ണില്‍ മൂടിപ്പോയെന്നു കരുതുന്നവരെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും വീണ്ടെടുക്കാന്‍ നമുക്കായിട്ടില്ല.
കഴിഞ്ഞ വര്‍ഷവും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതാണ്. നൂറ്റാണ്ടിലെ ആദ്യ അനുഭവം. ഇത് രണ്ടാം അനുഭവം. വര്‍ഷാവര്‍ഷം കേരളത്തെ ഇങ്ങനെ ഓര്‍ത്തെടുക്കാന്‍ വയ്യാത്ത അനുഭവങ്ങള്‍ക്കൊണ്ട് പരിസ്ഥിതി നിറയ്ക്കുകയാണ്.

ഇനി പുതിയ തുടക്കമായിരിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ പ്രളയത്തിന് ശേഷം പറഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വികസന നയമായിരിക്കും ആവിഷ്ക്കരിക്കുകയെന്നൊക്ക പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാവും കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറച്ച് ചര്‍ച്ച ചെയ്യാന്‍ അന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. സിപിഎമ്മിന്റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചവരില്‍ പി.വി അന്‍വറുമുണ്ടായിരുന്നു, എസ്. രാജേന്ദ്രനുണ്ടായിരുന്നു. പരിസ്ഥിതി നിയമലംഘനത്തിന് അധികാര രാഷ്ട്രീയത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തുന്നയാളെയും പലപ്പോഴും കൈയേറ്റക്കാരുടെ ശബ്ദമായി അവതരിക്കാറുള്ള നേതാവിനെയുമാണ് സിപിഎം അന്ന് ചര്‍ച്ചയ്ക്ക് വിട്ടത് എന്നത് അന്ന് തന്നെ ചിലരെങ്കിലും ചൂണ്ടിക്കാണിച്ച അനൗചിത്യമായിരുന്നു. പ്രളയത്തെ എങ്ങനെ സര്‍ക്കാരും ഭരണപാര്‍ട്ടിയും കാണുന്നുവെന്നതിനെക്കുറിച്ചുള്ള സൂചനയായിരുന്നു അത്.

പക്ഷെ പിന്നീട് പണപ്പിരിവിലും ചര്‍ച്ചകളിലും ഒന്നും കേരളത്തിന്റെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളായിരുന്നില്ല നിറഞ്ഞു നിന്നത്, മറിച്ച് പരമ്പാരഗത വികസന രീതികളെക്കുറിച്ചുള്ള വായ്ത്താരികളായിരുന്നു. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട് ഇതിന്റെ ഉദാഹരണമാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറച്ചുള്ള ചില പദപ്രയോഗങ്ങള്‍ക്കപ്പുറം വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പുനരന്വേഷണങ്ങള്‍ ആ റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയില്ല.

എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്തരത്തില്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതെന്നതിന് ഇനിയും ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ഒരേ മലയുടെ രണ്ടറ്റത്തുള്ള, അത്രയൊന്നും അകലെയല്ലാത്ത രണ്ട് പ്രദേശങ്ങളാണ് പുത്തുമലയും കവളപ്പാറയുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ടാവും വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള ഭൗമ നീക്കങ്ങള്‍ ഇവിടെ ഉണ്ടായതെന്നൊക്കെയുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇനിയും നടക്കാനിരിക്കുന്നെയുള്ളൂ. എന്നാല്‍ പ്രാഥമികമായി തന്നെ ബോധ്യപെടുന്ന സംഗതി കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളില്‍ ചിലയിടങ്ങളിലെങ്കിലും സന്തുലിതാവസഥ തകര്‍ന്നിരിക്കുന്നുകൊണ്ടിരിക്കുന്നുവെന്നതാണ് അത്.

നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ്. 2010-ല്‍ മാധവ് ഗാഡ്ഗില്‍ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജയറാം രമേഷ് നിയമിച്ചതുമുതലാണ് പശ്ചിമഘട്ട സംരക്ഷണം വലിയ ചര്‍ച്ചയായത്.

ബി.ജെ. കൃഷ്ണന്‍, ഡോ. കെ.എന്‍ ഗണേഷയ്യ, ഡോ. വി.എസ് വിജയന്‍, പ്രൊഫ. റെനീ ബോര്‍ഗസ്, പ്രൊഫ. ആര്‍. സുകുമാര്‍, ഡോ. ലിജിയ നൊറോന്ഹ, വിദ്യ എസ്. നായക്, ഡോ. ഡി കെ സുബ്രഹ്മണ്യം, ഡോ. ഡോ. ആര്‍.വി വര്‍മ, ഡോ. ആര്‍.ആര്‍ നവല്‍ഗുണ്ട്, ഡോ. ജി.വി സുബ്രഹ്മണ്യം എന്നിവരായിരുന്നു ആ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

Also Read: ‘ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍’, വലിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയത് ഉരുള്‍പൊട്ടലിന് കാരണമായെന്ന് മാധവ് ഗാഡ്ഗില്‍

മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകുന്ന ഏതാണ്ട് 1500 കി മീറ്റര്‍ ദൈര്‍ഘ്യവും 210 മീറ്റര്‍ വരെ വീതിയുമുള്ള 1,29,037 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതി പഠനവിധേയമാക്കിയത്. ജൈവവൈവിധ്യം, ഭൂമിയുടെ ചെരിവ്, മഴയുടെ തോത് എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയെ വിവിധ രീതിയില്‍ വര്‍ഗീകരിച്ചു. മൂന്ന് സോണുകളായി തിരിച്ച് ഒരോ മേഖലയിലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ടായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. പരിസ്ഥിതി ലോലതയുടെ തീവ്രത കണക്കാക്കിയുള്ള മൂന്ന് സോണുകളാണ് തിരിച്ചത്. 142 താലൂക്കുകളിലെയും പ്രദേശങ്ങളെ ഇങ്ങനെ തിരിച്ചാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിലൊക്കെ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രാദേശിക ഭരണസമിതികളാണെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

പശ്ചിമഘട്ട സംരക്ഷണത്തോടും അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനോടും ഒരു വിഭാഗം നടത്തിയ പ്രതികരണം കേരളം കണ്ടതാണ്. കമ്മിറ്റി റിപ്പോര്‍ട്ട് കൃത്യമായി പഠിച്ച് അതിനോടുള്ള വിമര്‍ശനാത്മകമായ ഇടപെടലായിരുന്നില്ല അന്നുണ്ടായിരുന്നു. മറിച്ച് ക്രൈസ്തവ സഭകളും സിപിഎമ്മും നിശിതമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. പലപ്പോഴും കള്ള പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പ്. ആക്രമോത്സുക സമരമാണ് അന്നുണ്ടായത്. സഭയുടെ വോട്ട് കിട്ടുമോ എന്നു കരുതി സിപിഎമ്മും കൂടെ കൂടി. അതോടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. വികസന കാര്യത്തിലും പ്രത്യേകിച്ച് നിലപാടുകളില്ലാത്ത കോണ്‍ഗ്രസ്, ക്രൈസ്തവ സഭാ നേതൃത്വത്തിന് പിന്നില്‍ മുട്ടിലിഴഞ്ഞു. ആരാണ് കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണത്തെ എതിര്‍ക്കുന്നത് എന്ന കാര്യത്തിലായി സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അട്ടിമറിക്കാന്‍ കഴിഞ്ഞെങ്കിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഇടതുപക്ഷം അതിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അധികാരത്തിലെത്തിയതുമുതല്‍ കേരളത്തിന്റെ മുഖ്യശത്രുവായി മുഖ്യമന്ത്രി അടയാളപ്പെടുത്തിയത് പരിസ്ഥിതി പ്രവര്‍ത്തനത്തെയായിരുന്നു. പരിസ്ഥിതി തീവ്രവാദം അനുവദിക്കില്ലെന്നും അത്തരക്കാരെ ഗുണ്ടാ നിയമം ഉപയോഗിച്ച് നേരിടുമെന്നുമായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നത്. അത് മറ്റൊരു രീതിയില്‍ അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. കേരളത്തില്‍ വി.എസ് അച്യൂതാനനന്ദന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നെല്‍ത്തട നീര്‍ത്തട സംരക്ഷണം നിയമം ഉദാരീകരിച്ച് അതിനെ തീര്‍ത്തും നിഷ്ഫലമാക്കി.

ക്വാറികള്‍ പ്രവര്‍ത്തിക്കാനുള്ള ദൂര പരിധിയില്‍ ഇളവു വരുത്തിക്കൊണ്ടായിരുന്നു മറ്റൊരു 'വികസന' നീക്കം സര്‍ക്കാര്‍ നടത്തിയത്. കേരളത്തില്‍ ചെറുതും വലുതുമായി 5,600-ലധികം ക്വാറികള്‍ ആണുള്ളത്. അവ മലകള്‍ തുരന്നുകൊണ്ടേയിരിക്കുന്നു. അതിനേര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ ആയിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മലയിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടായിരിക്കുന്നു.

ശബരിമലയുടെ കാര്യത്തില്‍ അനുഭവത്തില്‍നിന്ന് പാഠം പഠിച്ച് വര്‍ഗീയ യാഥാസ്ഥിതിക ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറെടുത്തിരിക്കുന്ന ഇടതുപക്ഷം പക്ഷെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ ഉണ്ടായിട്ടും വികസന പരിസ്ഥിതി നയം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തിരുത്തുമെന്ന് പറയാത്തത് എന്തുകൊണ്ടാവും? ശബരിമല നാമജപ തീവ്രവാദികളെ പോലെ സംഘടിതരല്ല കേരളത്തിലെ മലയോരങ്ങളിലും താഴ്വരകളിലും ജീവിക്കുന്നവര്‍ എന്നതുകൊണ്ടാവുമോ?

പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറയുന്നവരെ പിന്തിരിപ്പിന്മാര്‍ എന്നാണ് അതിവികസനത്തിന്റെ നടത്തിപ്പുകാര്‍ വിശേഷിപ്പിക്കാറുള്ളത്. ലോകം വളരെ വളരെ മാറിപ്പോയെന്നും അവിടെ വികസനത്തെ സംബന്ധിച്ചുള്ള യാന്ത്രികമായ സങ്കല്‍പങ്ങള്‍ പഴകിപ്പോകുകയും അത് പ്രതിലോമകരമായി മാറിയെന്നുമുള്ള വിവരമൊന്നുമറിയാതെ മറ്റൊരു കാലത്തെ സമീപനങ്ങള്‍ യാന്ത്രികമായി ആവര്‍ത്തിക്കുന്ന റിപ്‌വാന്‍ വിങ്ക്‌ളുമാരായി മാറിയിരിക്കുന്നു നമ്മുടെ മുഖ്യധാരയിലെ പുരോഗമനവേഷമണിഞ്ഞു നടക്കുന്ന രാഷ്ട്രീയ നേതാക്കള്‍. ഗാഡ്ഗിലെന്നും പരിസ്ഥിതി സംരക്ഷണമെന്നും കേള്‍ക്കുമ്പോഴേക്കും അലറി വിളിക്കുന്ന ഇവരുടെ വികസന സങ്കല്‍പം വെറും പഴഞ്ചനും പിന്തിരിപ്പനുമാണെന്ന് ഇനിയും എങ്ങനെയാണ് അവര്‍ക്ക് ബോധ്യപ്പെടുക? പുനര്‍നിര്‍മ്മാണത്തിന്റെ കോടികളില്‍ മാത്രമായി പുതിയൊരു കേരളത്തെ ഉണ്ടാക്കാന്‍ കഴിയില്ലെന്ന രാഷ്ട്രീയം എന്നാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: ‘കരിങ്കല്ല് പൊട്ടിക്കാന്‍ ഓരോ സ്ഫോടനം നടത്തുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും’, എന്തുകൊണ്ട് നമ്മള്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു?


Next Story

Related Stories