TopTop
Begin typing your search above and press return to search.

വാഴ്ത്തപ്പെട്ട ഉമ്മനും കുമ്മനും; കൈനഷ്ടം വന്ന് മാണിയും വെള്ളാപ്പള്ളിയും; ഇടതു തേരോട്ടം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സൂചനകള്‍

വാഴ്ത്തപ്പെട്ട ഉമ്മനും കുമ്മനും; കൈനഷ്ടം വന്ന് മാണിയും വെള്ളാപ്പള്ളിയും; ഇടതു തേരോട്ടം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സൂചനകള്‍

കഴിഞ്ഞ തവണ അപ്രതീക്ഷിത അട്ടിമറിയിലൂടെ സി.പി.എമ്മിലെ കെ.കെ.രാമചന്ദ്രന്‍ നായര്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം കണ്ണഞ്ചിക്കുന്ന വിജയത്തോടെ സി.പി.എം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉറപ്പിച്ചപ്പോള്‍ അത് എല്‍.ഡി.എഫ് സര്‍ക്കാരിന് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായി. രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കരുത്തുകാട്ടി സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കാത്തിരുന്ന യു.ഡി.എഫിനും ബി.ജെ.പിക്കും ഈ തിരിച്ചടി മറികടക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കഴിഞ്ഞ തവണ 7983 വോട്ടിന് പിടിച്ചെടുത്ത മണ്ഡലത്തിലെ ഇപ്പോഴത്തെ ഭൂരിപക്ഷം 20,956 ആണ്.

പൊലീസിന്റെ പേരില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസത്തോടെ ഏതു തരം പരിഷ്‌കാരത്തിനും അവസരം സൃഷ്ടിക്കുന്നതാണ് ചെങ്ങന്നൂര്‍ വിജയം. കെ.എം.മാണിക്ക് തെരഞ്ഞെടുപ്പ് കൈനഷ്ടമായപ്പോള്‍ കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കാനാവില്ലെന്ന് ഉറച്ച നിലപാടെടുത്തതിന്റെ പേരില്‍ സി.പി.എമ്മുമായി ഉരസാന്‍ പോലും മടിക്കാതിരുന്ന സി.പി.ഐക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചെങ്ങന്നൂര്‍ ഫലം മധുരപ്രതികാരമായി. എസ്.എന്‍.ഡി.പി യോഗത്തിന്റെ മാനസസന്തതി ബി.ഡി.ജെ.എസ് എവിടെയാണെന്ന് അവര്‍ക്കുപോലുമറിയില്ലെങ്കിലും ബി.ജെ.പിയുടെ വോട്ടുകുറവിന്റെ കാരണം തങ്ങളുടെ പിണക്കമാണെന്ന അവകാശവാദമുന്നയിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും വര്‍ദ്ധിതവീര്യത്തോടെ രംഗത്തിറങ്ങാന്‍ ചെങ്ങന്നൂര്‍ വിജയം സഹായിക്കും. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പശ്ചിമബംഗാളില്‍നിന്ന് സീറ്റ് പ്രതീക്ഷ ഇല്ല. ത്രിപുരയിലെ സീറ്റും നിലനിര്‍ത്താനാവുമോ എന്നുറപ്പില്ല. പിന്നെ, ശേഷിക്കുന്നത് കേരളമാണ്. ഇവിടെനിന്ന് പരമാവധി വിജയം നേടാന്‍ കച്ചകെട്ടിയിറങ്ങാനുള്ള ആവേശമാണ് ചെങ്ങന്നൂര്‍ ഫലം നല്‍കുന്നത്.

ഗ്രൂപ്പുപോരില്‍ തകര്‍ന്നുനില്‍ക്കുന്ന കോണ്‍ഗ്രസിന് കിട്ടിയ നല്ല ശിക്ഷയാണ് ചെങ്ങന്നൂര്‍ ഫലം. കോണ്‍ഗ്രസിന് ഇവിടെ കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ഡി.വിജയകുമാര്‍. സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാനും ബി.ജെ.പിയുടെ പി.എസ്.ശ്രീധരന്‍പിള്ളയും കളം നിറഞ്ഞ് കളിക്കാന്‍ തുടങ്ങിയശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തയ്യാറായത്. അതുതന്നെ, പ്രവര്‍ത്തകരില്‍നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാവാത്ത ഘട്ടത്തിലായിരുന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം പരമാവധി സങ്കീര്‍ണമാക്കാന്‍ നേതാക്കള്‍ മറന്നില്ല!

ഗ്രൂപ്പു പോരില്‍ നട്ടം തിരിയുന്ന ബി.ജെ.പിയുടെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. പി.എസ്.ശ്രീധരന്‍ പിള്ളയാണ് സ്ഥാനാര്‍ത്ഥിയെങ്കിലും പ്രചാരണത്തിന് മുതല്‍ക്കൂട്ടാകേണ്ടിയിരുന്ന വി.മുരളീധരന്റെ രാജ്യസഭാ എം.പി സ്ഥാനം വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതില്‍ പാര്‍ട്ടി ശ്രദ്ധിച്ചേയില്ല. മാത്രമല്ല, മുരളീധരനെ ശാസിക്കുന്ന നിലയില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇടപെടുകയുമുണ്ടായി. സുരേഷ്‌ഗോപി,അല്‍ഫോണ്‍സ് കണ്ണന്താനം എന്നിങ്ങനെ ഏറ്റവും കൂടുതല്‍ ആളെ ഇളക്കാന്‍ കഴിയുന്നവരെ വേണ്ടത്ര ഉപയോഗിക്കാനും സംസ്ഥാന നേതൃത്വം തയ്യാറായില്ല.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിക്ക് സംസ്ഥാന അദ്ധ്യക്ഷനെയാണ് നഷ്ടപ്പെട്ടതെങ്കില്‍ കോണ്‍ഗ്രസിന്റെ അണികളുടെ ആവേശമായ മുന്‍ മുഖ്യമന്ത്രിയാണ് 'വാഴ്ത്തപ്പെട്ട'ത്. കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിച്ചുനില്‍ക്കേയാണ് മിസോറാം ഗവര്‍ണറായി 'സ്ഥാനക്കയറ്റം' നല്‍കിയത്. പട നയിച്ചു നില്‍ക്കുന്ന നായകനെ പോരാട്ടത്തിനിടയില്‍ മാറ്റുമ്പോള്‍ നല്‍കുന്ന സന്ദേശം എന്താണെന്ന ചോദ്യം ഇടതു പ്രവര്‍ത്തകര്‍ ചോദിച്ചു. അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കനുകൂലമായി ബി.ജെ.പി വോട്ടുമറിക്കുകയാണെന്ന പ്രചാരണം മണ്ഡലത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റു. ക്രിസ്ത്യാനിയായ സജി ചെറിയാനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയും യു.ഡി.എഫും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്നുവെന്ന പ്രചാരണം അവസാന നിമിഷം ഉണ്ടായത് കുമ്മനത്തിന്റെ സ്ഥാനാരോഹണത്തോടെ വിശ്വസിക്കാന്‍ വലിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ തയ്യാറായി. എക്കാലത്തും യു.ഡി.എഫിന്റെ വോട്ടുബാങ്കായിരുന്ന ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തുപരിഹരിക്കാം എന്ന ഉറപ്പുകൂടി ലഭിച്ചതോടെ സ്വാഭാവികമായും അവര്‍ ഇടത്തോട്ടു തിരിഞ്ഞു. പ്രചാരണരംഗത്തായിരുന്ന ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നല്‍കിയത് വലിയ നേട്ടമായി അവതരിപ്പിച്ചെങ്കിലും അത് തിരിച്ചടിച്ചു. പതിനഞ്ചുകൊല്ലം മുമ്പ് രമേശ് ചെന്നിത്തല ഇരുന്ന തസ്തികയിലേക്ക്, ആലപ്പുഴ എം.പി കെ.സി.വേണുഗോപാല്‍ ഇപ്പോള്‍ ഇരിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തസ്തികയിലേക്ക് ഉമ്മന്‍ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത് 'ഒതുക്കലാ'ണെന്ന് പ്രചാരണത്തെ മറികടക്കാന്‍ കോണ്‍ഗ്രസിനായില്ല. ഫലം, പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ കൂട്ടത്തോടെ സജിചെറിയാന്‍ പെട്ടിയിലാക്കി.

ചെങ്ങന്നൂരിലെ നായര്‍ വോട്ടുകള്‍ യു.ഡി.എഫ് പെട്ടിയിലാണ് വീണുകൊണ്ടിരുന്നത്. മുന്നാക്ക വിഭാഗത്തിന് സംവരണം എന്ന പ്രഖ്യാപനത്തോടെ എന്‍.എസ്.എസ്സും ഇടതു സര്‍ക്കാരും തമ്മിലുള്ള ദൂരം കുറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആ തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചത് എല്‍.ഡി.എഫ് 'ശരിദൂരം' എന്ന നിലപാടിലേക്ക് എന്‍.എസ്.എസ്സിനെ കൊണ്ടുചെന്നിത്തിച്ചതും ഗുണപരമായത് സജി ചെറിയാനാണ്. ബി.ഡി.ജെ.എസ് കയ്യാലപ്പുറത്തായിരുന്നു ചെങ്ങന്നൂരില്‍, തുടക്കം മുതല്‍ തന്നെ. സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പടുത്തപ്പോള്‍ ബി.ജെ.പിക്കനുകൂലമായി നിലപാടെടുത്തെങ്കിലും മുന്നണിയോടുള്ള മധുവിധു പുളിച്ചത് സുദായത്തെ ചൊടിപ്പിച്ചു. അവരും കടാക്ഷിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയെയാണ്. ഫലത്തില്‍, ഹൈന്ദവ വോട്ട് ഏകീകരണം ഉണ്ടായില്ല. ആ വോട്ടുകള്‍ യു.ഡി.എഫ്, ബി.ജെ.പി, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് വീതിച്ചുകിട്ടി. എന്നാല്‍, യു.ഡി.എഫിന് അനുകൂലമായിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി ഇടതിനനുകൂലമായി ഒഴുകിയെത്തി.

കെ.എം.മാണിക്ക് ഇടതു സര്‍ക്കാരിന്റെ വിജിലന്‍സ് 'ക്‌ളീന്‍ ചിറ്റ്' നല്‍കിയെങ്കിലും വി.എസ്.അച്യുതാനന്ദനും സി.പി.ഐയും പ്രത്യേകിച്ച് കാനം രാജേന്ദ്രനും ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചുപോന്നത്. വോട്ടെണ്ണലില്‍ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ച ഉടന്‍ വി.എസ് അച്യുതാനന്ദന്‍ 'എവിടെപ്പോയി കെ.എം.മാണി' എന്നാണ് പരിഹസിച്ചത്. അഴിമതിക്കും ഫാസിസത്തിനുമെതിരെയുള്ള വിജയമാണിതെന്നും വി.എസ് പറയുന്നതിന്റെ അര്‍ത്ഥ വ്യാപ്തി ഏറെയാണ്. കേരള കോണ്‍ഗ്രസ് (എം) ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യു.ഡി.എഫ് ബി.ജെ.പിയുടെയും പിന്നില്‍ മൂന്നാം സ്ഥാനത്തായത് മാണിയുടെ 'ശക്തി'കൊണ്ടാണോ എന്ന ചോദ്യം ഉയരുന്നത് എല്‍.ഡി.എഫില്‍ മാത്രമാവില്ല.

മാണിക്ക് ഇനി യു.ഡി.എഫ് പ്രവേശനം ചുവന്നപരവതാനി വിരിച്ചാവില്ല. 'വരുന്നെങ്കില്‍ വന്നോ' എന്ന നിലയിലുള്ള സ്വീകരണമേ പ്രതീക്ഷിക്കാവൂ. ചെങ്ങന്നൂരിലെ ഉയര്‍ന്ന വിജയത്തോടെ ഇനി എല്‍.ഡി.എഫിന്റെ വാതില്‍ മാണിക്കായി തുറക്കില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്കറിയാമല്ലോ. ബി.ജെ.പി സംസ്ഥാനത്ത് ആശ്രയിക്കാവുന്ന അവസ്ഥയിലല്ലെന്ന് മനസ്സിലാക്കാന്‍ കെ.എം.മാണിക്കും കഴിയും. അതിനാല്‍ പഴയ അതേ അവസ്ഥയില്‍ മാണിക്ക് യു.ഡി.എഫ് അംഗമായി തുടരേണ്ടിവരും. സ്വതേ ദുര്‍ബലവും ഗ്രൂപ്പുപോരില്‍ ആടിയുലയുകയും ചെയ്തുപോരുന്ന കോണ്‍ഗ്രസ് കുറച്ചുകൂടി പരിതാപകരമാവും. ഉമ്മന്‍ചാണ്ടി വിഭാഗം ഇനി രമേശ് ചെന്നിത്തലയോട് പഴയ സഹകരണ മനോഭാവം പുലര്‍ത്താനിടയില്ല. ചെന്നിത്തല വലിയ പരാജയമെന്ന ഇതുവരെയുള്ള അവരുടെ അടക്കം പറച്ചില്‍ കൂടുതല്‍ ഉച്ചത്തിലായേക്കും. നിലവിലുള്ള കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന് ഉടന്‍ കസേര ഒഴിയേണ്ടി വരുമെന്നുറപ്പാണ്. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ വേഗത്തില്‍ നിശ്ചയിക്കാനാണ് സാദ്ധ്യത.

ബി.ജെ.പി ത്രിപുരയിലെ മിന്നുന്ന പ്രകടനത്തിന്റെ ആവേശത്തിലാണ് അങ്കം കുറിച്ചത്. ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവദേവിനെവരെ കൊണ്ടുവന്ന് ചെങ്ങന്നൂരില്‍ പ്രചാരണത്തിനിറക്കി. ചെങ്ങന്നൂരില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ മേള നടത്തി. പി.എസ്.ശ്രീധരന്‍ പിള്ളയെ പങ്കെടുപ്പിക്കാനും തയ്യാറായി. അതോടെ, ഭരണ സംവിധാന ദുരുപയോഗത്തില്‍ ചെങ്ങന്നൂരില്‍ സി.പി.എമ്മിനെക്കാള്‍ ഒരുപിടി മുന്നിലാണ് ബി.ജെ.പിയെന്ന് നിഷ്പക്ഷ വോട്ടര്‍മാര്‍ക്ക് വിലയിരുത്താനുള്ള അവസരം നല്‍കി. കാശ്മീരിലെ കത്വയിലെ കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തോടുള്ള മനോഭാവം ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. 'കുട്ടികള്‍ ഉള്ളതിനാല്‍ ദയവായി ബി.ജെ.പിക്കാര്‍ വീട്ടില്‍ വരരുത്' എന്ന രീതിയില്‍ പോസ്റ്ററുകള്‍ കൈകൊണ്ടെഴുതി പ്രചരിപ്പിച്ചത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

വാരാപ്പുഴ കസ്റ്റഡി മരണം മുതല്‍ കെവിന്റെ കൊലപാതകംവരെ പൊലീസിന്റെ വീഴ്ചയായിരുന്നു പിന്നീടുള്ള നാളുകളില്‍ ചര്‍ച്ചയായത്. എന്നാല്‍, അതിനെയൊക്കെ മറികടക്കാന്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിഞ്ഞിരിക്കുന്നു. വികസനക്കുതിപ്പിനുള്ള അംഗീകാരം എന്ന വാദം പ്രതിപക്ഷത്തിന് അംഗീകരിക്കേണ്ടിവരും. എല്‍.ഡി.എഫ് ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരില്‍ പരിശോധിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാന സെക്രട്ടറിയോ പറഞ്ഞിട്ടില്ലെങ്കിലും ഇനി ആ അവകാശവാദം ഉയരും. അതിനെ നിഷേധിക്കാന്‍ ദയനീയമായി തോറ്റ പ്രതിപക്ഷത്തിന് കഴിയുകയുമില്ല. ഇതിനുമുമ്പ് മലപ്പുറം, വേങ്ങര എന്നീ മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ജയിക്കാന്‍ കഴിയുമായിരുന്ന മണ്ഡലത്തില്‍ സി.പി.എം സിറ്റിംഗ് സീറ്റ് കഴിഞ്ഞ തവണത്തേതിന്റെ രണ്ടര ഇരട്ടി ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുന്നത് അഭിമാനകരമായ വിജയമാണ്. സി.പി.എം കഴിഞ്ഞ തവണത്തേതിനെക്കാള്‍ പതിനയ്യായിരം വോട്ട് അധികം നേടിയാണ് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പി.സി.വിഷ്ണുനാഥിന് കിട്ടിയത് 44,897 വോട്ടാണെങ്കില്‍ ഇത്തവണ ഡി.വിജയകുമാര്‍ നേടിയത് 46,347 വോട്ടാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്കുവേണ്ടി മത്സരിച്ച പി.എസ്.ശ്രീധരന്‍പിള്ള നേടിയ 42,682 വോട്ട് ത്രിപുര ഉള്‍പ്പെടെ നഷ്ടപ്പെട്ട സി.പി.എമ്മിനോട് ഇത്തവണ മത്സരിച്ചപ്പോള്‍ 35,270 ആയി കുറഞ്ഞതിന് എന്ത് വിശദീകരണമാണ് നല്‍കുക? ബാക്കി മുന്നണികള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ മാറിയപ്പോള്‍ ശ്രീധരന്‍പിള്ള മാറിയില്ലെന്നുമാത്രമല്ല, ത്രിപുര മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രചാരണത്തിനെത്തിയിട്ടും പിന്നോട്ടുപോയതാവും വരും നാളുകളില്‍ ബി.ജെ.പിയെ വിയര്‍പ്പിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories