UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

രാഹുൽ ഗാന്ധിക്ക് അടവുകൾ പിഴയ്ക്കുന്നോ?

വെറും 45 ലോക്സഭാ അംഗങ്ങളെയും വെച്ച് ഒരുപാട് വെല്ലുവിളികളെ നേരിടുന്ന രാഹുലിന് കോർപ്പറേറ്റ്-രാഷ്ട്രീയ പരസ്പര സഹായ കൂട്ടുകെട്ട് അങ്ങനെ ഒറ്റരാത്രികൊണ്ട് പൊളിക്കാൻ കഴിയുമോ?

എ.കെ വിഭാഗത്തിലുള്ള തോക്കുകൾ വാങ്ങാനുള്ള 3000 കോടി രൂപയുടെ കരാറിൽ അദാനിയെ പങ്കാളിയാക്കാനുള്ള റഷ്യൻ ആവശ്യം മോദി സർക്കാർ നിരസിച്ചെന്നും പകരം സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറീസുമായി പങ്കാളിത്തമുണ്ടാക്കാൻ റഷ്യക്കാരോട് ആവശ്യപ്പെട്ടെന്നും മാധ്യമവാർത്തകൾ പറയുന്നു. അങ്ങനെയെങ്കിൽ സർക്കാരിന് ഈ ‘ദേശീയ’ ആശങ്ക ഉണ്ടാക്കിയതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ന്യായമായും അവകാശവാദം ഉന്നയിക്കാം. ഫ്രാൻസിൽ നിന്നുള്ള റാഫേൽ വിമാനങ്ങൾ ‘പെരുപ്പിച്ച’ വിലയിൽ വാങ്ങുന്നതിനും, സുഖോയ്, ഹ്വാക്, ജാഗ്വർ എന്നീ യുദ്ധവിമാനങ്ങളുടെയെല്ലാം നിർമ്മാണത്തിൽ പങ്കാളികളായ സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ തഴഞ്ഞ് ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ 59,000 കോടി രൂപയുടെ കരാറിൽ പങ്കാളികളാക്കിയതിനും എതിരെ രാഹുൽ നിരന്തരമായി ശബ്ദമുയർത്തിയിരുന്നു. മൂന്നു വർഷം മുമ്പ് ‘കർഷക വിരുദ്ധ’ ഭൂമി ഏറ്റെടുക്കൽ ബിൽ പിൻവലിക്കാൻ രാഹുൽ, മോദിയെ നിർബന്ധിതനാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പായി ജി എസ് ടി നിയമത്തിൽ ഭേദഗതി വരുത്താനും കേന്ദ്രം നിര്‍ബന്ധിതരായി. പിഴവുനിറഞ്ഞ നികുതിനിയമം തിടുക്കത്തിൽ നടപ്പാക്കിയതിനെതിരെ രാഹുൽ ശക്തമായ ആക്രമണം നടത്തി. എന്നാലും ഒരു ചോദ്യം ഉയർന്നു, രാഹുലിന് സമയം തെരഞ്ഞെടുക്കുന്നതിൽ പിഴയ്ക്കുന്നുണ്ടോ?

ഒരു ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവെന്ന നിലയിൽ വലിയ പൊതുജന താത്പര്യത്തിന് വേണ്ടിയാകണം അദ്ദേഹം അത്തരം വിഷയങ്ങൾ ഉയർത്തേണ്ടത്. അതേസമയം തന്നെ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രധാന ലക്ഷ്യം തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും അധികാരത്തിൽ വരികയുമാണെന്നും ഓർക്കണം. തന്നെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുന്നതിലും ഒരു നേതാവെന്ന രീതിയിൽ ഉയരുന്നതിലും പുരോഗതി കാണിക്കുന്നുണ്ടെങ്കിലും രണ്ടു നിർണായക വിഷയങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ ഇപ്പോഴും ശരിയായിട്ടില്ല; പാർട്ടി സംഘടനയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നതിലും അടവ് നീക്കങ്ങൾ നടത്തുന്നതിലും. വലിയൊരു സംഘടനാ അഴിച്ചുപണി ഇല്ലാതെ തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ് കോൺഗ്രസിന് ഇതുവരെ സർക്കാരിന്റെ വ്യക്തമായ വീഴ്ച്ചകളെപ്പോലും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയാഞ്ഞത്; നോട്ടു നിരോധന കോലാഹലം, ജി എസ് ടി പ്രശ്‍നങ്ങൾ, തൊഴിലവസരങ്ങൾ ചുരുങ്ങൽ, എണ്ണവില കുതിച്ചുകയറൽ, ക്രമസമാധാന തകർച്ച അങ്ങനെ എന്തു വിഷയവും.

അടവ് പാളിച്ചകളിൽ റാഫേൽ ഏറ്റവും പുതിയതാണ്. ആക്രമണം ബിജെപിയെ പ്രതിരോധത്തിലാക്കി. പക്ഷെ അതിന്റെ സമയം പിഴച്ചുപോയി. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കാക്കുകയും മോദിക്കും അംബാനിക്കുമെതിരായ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു രാഹുലിന്. തന്റെ കൂടെനിൽക്കുന്നവരെക്കൊണ്ട് സംസാരിപ്പിച്ച്, ഉരുത്തിരിയുന്ന രാഷ്ട്രീയസാഹചര്യത്തിൽ പുറത്തുവന്നാൽ മതിയായിരുന്നു അദ്ദേഹത്തിന്. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പതിഞ്ഞ പ്രതികരണം നോക്കുമ്പോൾ അടുത്ത തെരഞ്ഞെടുപ്പുവരെ ഇതിന്റെ ചൂട് നിലനിർത്താൻ പാടാണ്. കാരണം, ബോഫോഴ്സ് അഴിമതിയെക്കാൾ വലിയതാണ് റാഫേൽ ഇടപാടിലെ അഴിമതി എന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ മുൻ ബിജെപി മന്ത്രിമാർ യശ്വന്ത് സിന്‍ഹക്കും അരുൺ ഷൂരിക്കും പ്രഗത്ഭനായ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണും വരെ ചലനങ്ങൾ ഉണ്ടാക്കാൻ അനുവദിക്കാത്ത തരത്തിൽ സൂക്ഷ്മമാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്രം.

ഈ വിഷയം നേരത്തെ കൊണ്ടുവന്നതോടെ ഏതു യുദ്ധത്തിലും നിർണായകമായ അമ്പരപ്പ് ഇല്ലാതാക്കുകയും ബിജെപിക്ക് പ്രതിരോധിക്കാൻ ധാരാളം സമയം നൽകുകയും ചെയ്‌തു. പത്തു കൊല്ലം മുമ്പ് നടന്നു എന്ന് പറയുന്ന ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട്  വാദ്രയ്ക്കും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കും എതിരായ എഫ്ഐആർ ചില സൂചനകള്‍ നൽകുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ കോൺഗ്രസ് അധ്യക്ഷൻ വലിയ പ്രചാരണം നടത്തി, കൃഷിക്കാരിൽ സ്വാധീനം നേടി. അപകടം മണത്ത മോദി ബിൽ പിൻവലിച്ചു. രാഹുലിന് ഒരു തെരഞ്ഞെടുപ്പായുധം നഷ്ടപ്പെട്ടു. ഇതുതന്നെയാണ് ജി എസ് ടിയിലും സംഭവിച്ചത്. ഇടത്തരം, ചെറുകിട വ്യാപാരികളുടെ ഇടയിൽ ഈ വിഷയത്തിൽ ഇടപെട്ട രാഹുൽ ബന്ധമുണ്ടാക്കി. പക്ഷെ മുന്നറിയിപ്പ് കിട്ടിയ മോദി ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭേദഗതികൾ വരുത്തി വ്യാപാരി സമൂഹത്തിന്റെ വിശ്വാസം തിരിച്ചുപിടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ചില നികുതി നിരക്കുകൾ കൂടി താഴേക്കു കൊണ്ടുവരാൻ പോകുന്ന സർക്കാർ കോൺഗ്രസിന് ഒരു പ്രചാരണായുധം കൂടി നഷ്ടപ്പെടുത്തും.

കൃത്യമായ സമയത്തിറക്കിയ ഒരു തന്ത്രത്തിലാണ് 1989-ൽ വി പി സിങ് ബോഫോഴ്സ് വിവാദം ഉയർത്തിയതും പ്രതിപക്ഷത്തെ ഒന്നടങ്കം തനിക്കു പിന്നാലെ അണിനിരത്തിയതും. ഇന്നിപ്പോൾ റാഫേൽ ഒരു മുഖ്യ വിഷയമാക്കാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ രാഹുലിനൊപ്പമില്ല.

അധികാര രാഷ്ട്രീയവും വ്യാപാര ഭീമന്മാരും തമ്മിലുള്ള നാഭീ-നാള ബന്ധം വെച്ചുനോക്കുമ്പോൾ മിക്ക രാഷ്ട്രീയകക്ഷികൾക്കും കോർപ്പറേറ്റു മുതലാളിമാർക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതിന് മടിയാണ്. കോർപ്പറേറ്റുകൾ ലാഭം മാത്രം നോക്കുന്നവരാണ്. പ്രത്യയശാസ്ത്ര പ്രശ്നങ്ങൾക്കൊണ്ട് അവരുമായി ബന്ധം മുറിക്കുന്നത് രാഷ്ട്രീയമായി മണ്ടത്തരമാകും. മോദിക്കും കോർപ്പറേറ്റു മുതലാളിമാർക്കുമെതിരെ വ്യക്തിപരമായ ആക്രമണം നടത്തിയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആ നീക്കം ഗുണം ചെയ്യില്ല എന്നുകണ്ട്‌ അടവ് മാറ്റി. വലിയ വ്യാപാരസ്ഥാപനങ്ങളോട് ആർഎസ്എസ് പോലും ഇപ്പോൾ നയതന്ത്രപരമായ, രാഷ്ട്രീയമായി ശരിയായ രീതിയാണ് സ്വീകരിക്കുന്നത്. ബിജെപിയുടെ പണപ്പെട്ടി നിറഞ്ഞുകവിയുന്നതിലും കാലിപ്പെട്ടിയുമായി കോൺഗ്രസിന് ജനകീയപിരിവിനായി ഇറങ്ങേണ്ടിവരുന്നതിലും അതുകൊണ്ടുതന്നെ അത്ഭുതമില്ല.

ചില വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയുടെ പേരിൽ ധീരുഭായ് അംബാനിയും അമിതാഭ് ബച്ചനും പരാതി പറഞ്ഞതിനെ തുടർന്ന് 1987-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, വി പി സിംഗിനെ ധനകാര്യ വകുപ്പിൽ നിന്നും പ്രതിരോധത്തിലേക്ക് മാറ്റി. പ്രതിരോധ വകുപ്പിൽ ബോഫോഴ്സ് ഇടപാടിലെ കോഴയ്ക്കെതിരെ സിങ് രാജീവിനെതിരെ തിരിഞ്ഞു. രാജീവ് ഗാന്ധി സിങിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. അതോടെ കോൺഗ്രസിൽ നിന്നും ലോക്സഭയിൽ നിന്നും രാജിവെച്ച വി പി സിങ് 1989-ൽ ദേശീയ മുന്നണിയെ അധികാരത്തിലെത്തിച്ചു. ബാക്കി ചരിത്രമാണ്. ഒരു വർഷത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട സിങ് പ്രധാനമന്ത്രി പദത്തിൽനിന്നും രാജിവെച്ചു. പ്രധാനമന്ത്രിയായിരുന്ന സമയത്തും സിങ് അംബാനിയുടെ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് കാലത്ത് അല്പം നാടകീയമായി, തന്റെ പോക്കറ്റിലേക്ക് ചൂണ്ടി, ബോഫോഴ്സ് കോഴ നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് നമ്പർ തന്റെ കയ്യിലുണ്ട് എന്നു പറയുമായിരുന്നു സിങ്. പക്ഷെ പിന്നീട് 2004-ൽ, രാജീവ് ഗാന്ധി കോഴ വാങ്ങിയെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്നും ബിജെപിയാണ് അത് പറഞ്ഞതെന്നും സിങ് മാറ്റിപ്പറഞ്ഞു.

ഈയാഴ്ച്ചയുടെ തുടക്കത്തില്‍ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തി, “കോൺഗ്രസ് കോർപ്പറേറ്റ് ഇന്ത്യക്ക് എതിരല്ല, ആരോഗ്യകരമായ ഒരു കോർപ്പറേറ്റ് ഇന്ത്യക്കായാണ് കോൺഗ്രസ് നിലകൊള്ളുന്നത്. രാഷ്ട്രീയ താന്തോന്നിത്തങ്ങളിലല്ല, ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ഇന്ത്യ… പക്ഷെ ഒരു കൂട്ടുകെട്ടുണ്ടെന്നു തെളിഞ്ഞാൽ, നിയമം ലംഘിച്ചു എന്ന് തെളിവുണ്ടെങ്കിൽ, എത്ര സ്വാധീനമുണ്ടെങ്കിലും കോർപ്പറേറ്റ് മേഖലയ്‌ക്കെതിരെ നടപടി എടുക്കണം”, അതല്പം കടന്ന ആഗ്രഹചിന്തയല്ലേ? വെറും 45 ലോക്സഭാ അംഗങ്ങളെയും വെച്ച് ഒരുപാട് വെല്ലുവിളികളെ നേരിടുന്ന രാഹുലിന് കോർപ്പറേറ്റ്-രാഷ്ട്രീയ പരസ്പര സഹായ കൂട്ടുകെട്ട് അങ്ങനെ ഒറ്റ രാത്രികൊണ്ട് പൊളിക്കാൻ കഴിയുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാഹുല്‍ ഗാന്ധിയുടെ മുന്‍പിലെ യഥാര്‍ത്ഥ പ്രതിസന്ധി

ബ്രാഹ്മണ രാഹുലിന്റെ ‘ഹിന്ദുയിസ’വും ഒബിസി മോദിയുടെ ‘ഹിന്ദുത്വ’യും നേര്‍ക്കുനേര്‍ വരുമ്പോള്‍

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍