TopTop
Begin typing your search above and press return to search.

ഒരിക്കല്‍ കൊടിയ പോലീസ് മര്‍ദ്ദനത്തിന്റെ ഇരയായ ആള്‍ അതേ പൊലീസിന്റെ ആത്മവീര്യത്തെ സംരക്ഷിക്കുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്

ഒരിക്കല്‍ കൊടിയ പോലീസ് മര്‍ദ്ദനത്തിന്റെ ഇരയായ ആള്‍ അതേ പൊലീസിന്റെ ആത്മവീര്യത്തെ സംരക്ഷിക്കുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്
പോലീസിന്റെ കൈകള്‍ കൊണ്ട് കൊല്ലപ്പെട്ട അനിയനുവേണ്ടി ചേട്ടന്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിനുമുന്പില്‍ നില്‍ക്കുന്ന എല്ലാ മനുഷ്യരോടുമൊപ്പം ഞാനുമുണ്ട്.

പതിവില്ലാത്തവിധം കഴിഞ്ഞ ദിവസങ്ങളില്‍ പത്തുപതിനഞ്ചോളം ആളുകള്‍ ഈ വിഷയത്തില്‍ എഴുതണം എന്നാവശ്യപ്പെട്ടു എനിക്ക് മെസേജ് അയച്ചിരുന്നു. ഇതുമായി ബന്ധമില്ലാതിരുന്ന ഒരു പോസ്റ്റില്‍ കമന്റായും ഒരാള്‍ ഈ ആവശ്യം പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ടു ശ്രീ ആര്‍ പി ശിവകുമാര്‍ ഡിസംബര്‍ 31നു ഇട്ട പോസ്റ്റ് രാത്രി കണ്ടപ്പോള്‍ത്തന്നെ ഞാനത് തിരുവന്തപുരത്തെ എന്റെ സഹപ്രവര്‍ത്തകനു അയച്ചുകൊടുത്തിരുന്നു. ജനുവരി മൂന്നിന്റെ പത്രത്തില്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തയും വന്നിരുന്നു. ഇതിനുമുന്‍പും ഈ വിഷയത്തില്‍ പല വാര്‍ത്തകളും ഞങ്ങള്‍തന്നെ കൊടുത്തിട്ടുണ്ട്.

ഇന്നിപ്പോള്‍ പക്ഷെ വിഷയം സാധാരണ മനുഷ്യര്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അധികാരത്തിന്റെ മുഷ്‌കിനും പോലീസിന്റെ ധാര്‍ഷ്ട്യത്തിനും മേലെ ജനങ്ങളുടെ ശക്തി ഉയരും എന്നാണ് എല്ലാവരുടെയും പോലെ എന്റെയും പ്രതീക്ഷ.

ഒരു കാര്യം പക്ഷെ പറയാതെ വയ്യ.

അനുജന്റെ മരണത്തില്‍ നഷ്ടപരിഹാരം കൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ കൈ കഴുകാന്‍ വയ്യ. നഷ്ടപരിഹാര രസീത് പൊക്കിക്കാട്ടിയുള്ള നില്‍പ്പ് പരിഹാസ്യമാണ്, കാരണം ഈ വിഷയത്തില്‍ ശരിയായ വിധത്തില്‍ കാര്യമായ ഒരന്വേഷണവും നടന്നിട്ടില്ല എന്ന കാര്യം ആഭ്യന്തരവകുപ്പിനു വെള്ള പൂശാന്‍ നടക്കുന്ന മഹാജനങ്ങള്‍ ഓര്‍ക്കണം. ഇതൊരു കൊലപാതകമാണെന്നും ഇതിനു പോലീസുകാരാണ് ഉത്തരവാദികളെന്നുമുള്ള പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍, അതിനു നിയമപരമായ നിലനിപ്പ്പ് ഇല്ലെങ്കിലും, അംഗീകരിച്ചാണ് ഈ നഷ്ടപരിഹാരത്തുക നല്കിയെന്നത് ഓര്‍ത്താല്‍ ഈ നിലപാടിന്റെ നീതിരാഹിത്യം മനസിലാകും. കസ്റ്റഡി മരണത്തിനു തെളിവില്ല എന്ന പോലീസ് നിലപാട് എത്രത്തോളം കെട്ടിച്ചമച്ചതാണ് കേസില്‍ ആരോപണ വിധേയനായ ഒരു പോലീസുകാരന്റെ ബന്ധുക്കള്‍ക്ക് ഈ കേസിലുള്ള താല്പര്യത്തിന്റെ വെളിച്ചത്തില്‍ അന്വേഷിച്ചാല്‍ മനസിലാകും.

ഈ പോലീസ് നിലപാട് അംഗീകരിക്കാനാവാത്തതുകൊണ്ടാണ് ശ്രീജിത്ത് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്നാണ് മനസിലാകുന്നത്. സത്യത്തില്‍ ഈ ആവശ്യം സര്‍ക്കാരിന്റേതുകൂടിയാകണം; കാരണം സര്‍ക്കാരിന്റെ ഭാഗമല്ലാതുള്ള എന്നാല്‍ നിയമപരമായി സ്ഥാപിക്കപ്പെട്ട മറ്റൊരു സംവിധാനം ഇതൊരു കൊലപാതകമെന്ന് കണ്ടെത്തുകയും അത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തതാണ്. സി ബി ഐ അന്വേഷണത്തിന് സര്‍ക്കാരും സമ്മതിക്കുന്നു എന്നുവന്നാല്‍ സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനുതന്നെ തൃപ്തിയില്ല എന്നല്ലേ ഇതിനര്‍ത്ഥം? പോലീസുകാര്‍ പ്രതികളായ കേസ് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചാല്‍ പോലും പോലും സര്‍ക്കാരിന് തൃപ്തിയാകുന്നില്ല എങ്കില്‍ പിന്നെ എന്തിനാണ് ആഭ്യന്തരവകുപ്പ്, സാര്‍?

ഞാന്‍ എഴുതാതിരുന്നത് എനിക്കീ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെയോ അത് കൈകാര്യവും ചെയ്യുന്നമന്ത്രിയുടെയോ നീതിബോധത്തില്‍ വിശ്വാസമില്ലാത്തതിനാലാണ്. വിനായകന്റെയും ജിഷ്ണുവിന്റേയും വാളയാറില്‍ പെണ്‍കുട്ടികളുടെയും നിലമ്പൂരിലെ നക്‌സലൈറ്റുകളുടെയും കാര്യത്തില്‍ ഞാനത് കണ്ടതാണ്. ഒരിക്കല്‍ കൊടിയ പോലീസ് മര്‍ദ്ദനത്തിന്റെ ഇരയായ ആള്‍ ആ സംവിധാനത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ പോലീസിനെ നീതിയുടെ വഴിക്കു നടത്താനുള്ള ശ്രമം നടത്താതെ അവരുടെ ആത്മവീര്യത്തെ സംരക്ഷിക്കുന്ന പണിക്കിറങ്ങുന്ന വിചിത്രമായ കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

http://www.azhimukham.com/trending-something-to-say-the-people-who-asks-what-media-do-in-sreejiths-struggle/

പട്ടാളത്തിന്റെ ആത്മവീര്യത്തെക്കുറിച്ച സംസാരിക്കുന്ന പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്; അതിന്റെ ആവശ്യവുമുണ്ട്; കാരണം അവര്‍ നേരിടുന്നത് ശത്രുവിനെയാണ്. പക്ഷെ പോലീസിന്റെ ആത്മവീര്യത്തെക്കുറിച്ച് സംസാരിക്കുന്ന ആഭ്യന്തരമന്ത്രിയില്‍ എനിക്ക് വിശ്വാസമില്ല. അവരിടപെടുന്ന ജനങ്ങള്‍ അവരുടെ ശത്രുക്കളല്ല. അവരോട് ജനാധിപത്യപരമായും നിയമവിധേയമായും പെരുമാറാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. പോലീസിന്റെ ആത്മവീര്യം സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ നിയമം നടപ്പാക്കുന്ന ജനസേവകര്‍ എന്ന നിലയിലാകണം. അതില്‍ വീഴ്ച വരുമ്പോള്‍ ശക്തമായ തിരുത്തലുണ്ടാകണം; തിരുത്തിയില്ലെങ്കില്‍ അവര്‍ക്കു പോലീസില്‍ ഇടമില്ല എന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ ആഭ്യന്തരമന്ത്രിയ്ക്കു ഉത്തരവാദിത്തമുണ്ട്.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനാണ് പോലീസ് വകുപ്പിന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മന്ത്രിയെ വയ്ക്കുന്നത്. പോലീസ് മന്ത്രി എന്നാല്‍ പോലീസുകാര്‍ക്കുവേണ്ടിയുള്ള മന്ത്രിയല്ല എന്നും ജനങ്ങള്‍ക്കു നീതിനല്‍കാനുള്ള ഉപകരണമായി അതിനെ മാറ്റാനുള്ള ഉത്തരവാദിത്തമുള്ള ആള്‍ എന്നുമാണ് ഞാന്‍ മനസിലാക്കുക. ഇന്നലെ ശ്രീ രമേശ് ചെന്നിത്തലയ്ക്ക് അത് മനസ്സിലായിക്കാണും. ഇനിയത് ശ്രീ പിണറായി വിജയനും മനസിലാകും എന്നാണ് എന്റെ പ്രതീക്ഷ.

സര്‍ക്കാര്‍ ഖജനാവില്‌നിന്നും പണം കൊടുത്തും സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തും കൈ കഴുകേണ്ടതല്ല കൊല്ലപ്പെട്ട അനുജന് നീതിലഭിക്കാന്‍ ചേട്ടന്‍ നടത്തുന്ന സമരം.

കേരളത്തിലെ ഏറ്റവും പരാജയയപ്പെട്ട ഒരു വകുപ്പിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമായി ഈ ജനകീയ പ്രതിഷേധത്തെ ഞാന്‍ കാണുന്നു. സമരത്തോടൊപ്പം നില്‍ക്കുന്നു.

(കെ ജെ ജേക്കബ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories