Top

നിരാഹാരം കിടന്ന് സുധാകരനങ്ങനെ കേമനാവണ്ടെന്ന് ചെന്നിത്തല തീരുമാനിച്ചത് എന്തിനാവും?

നിരാഹാരം കിടന്ന് സുധാകരനങ്ങനെ കേമനാവണ്ടെന്ന് ചെന്നിത്തല തീരുമാനിച്ചത് എന്തിനാവും?
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിൽ  കൊലയ്ക്കു നിർദ്ദേശം നൽകിയവരടക്കം  മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, കേസ് സിബിഐക്കു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ സുധാകരനും  തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ യൂത്ത് കോൺഗ്രസ് നേതാക്കളും നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം  അവസാനിപ്പിക്കാൻ  സംസ്ഥാന കോൺഗ്രസ് നേതൃത്വം  തീരുമാനിച്ചിരിക്കുന്നു. സമരം ഇന്നലെത്തന്നെ അവസാനിപ്പിക്കാനായിരുന്നു നിർദ്ദേശമെങ്കിലും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഇന്ന് ഹൈക്കോടതിയെ  സമീപിക്കുന്ന സാഹചര്യത്തിൽ  വൈകിട്ട്  മൂന്നു മണിക്ക് നിരാഹാര സമരം അവസാനിപ്പിക്കാമെന്നാണ് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത് .

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്കു വിടുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ സുധാകരന്റെയും യൂത്ത് കോൺഗ്രസ് നേതാക്കളുടെയും നിരാഹാര സമരം അവസാനിപ്പിക്കാൻ, എന്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും തീരുമാനിച്ചുവെന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു. അതും കണ്ണൂരിൽ സുധാകരൻ നടത്തിവന്ന സമരത്തിന് ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ള യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണയേറി വരുന്ന സാഹചര്യം ഉണ്ടായിട്ടും.
തിരുവന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യക്കോസും സി.ആർ മഹേഷും കണ്ണൂരിൽ കെ. സുധാകരനും നടത്തിവന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിരുന്നു.  രണ്ടിടത്തെയും നിരാഹാരസമരം പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച ചെന്നിത്തല പറഞ്ഞത്  സമരം യുഡിഎഫ് ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് കണ്ണൂരിലെയും തിരുവന്തപുരത്തെയും നിരാഹാരസമരം അവസാനിപ്പിക്കുന്നതെന്നാണ്. മാർച്ച് മൂന്നിന് യുഡിഎഫ് നിയോജകമണ്ഡലാടിസ്ഥാനത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കുമെന്നും വരുംദിവസങ്ങളിൽ നിയമസഭയിൽ  പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് ചെന്നിത്തല അറിയിച്ചത്. ഏതന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന് നിയമമന്ത്രി എ കെ ബാലൻ കണ്ണൂരിൽ നടന്ന സമാധാന യോഗത്തിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്നലെത്തന്നെ സമരം അവസാനിപ്പിച്ചെങ്കിലും തന്റെ നിരാഹാരം ഒരു ദിവസം കൂടി നീട്ടാനുള്ള സുധാകരന്റെ തീരുമാനത്തിൽ നിന്നും വ്യക്തമാകുന്നത് ഇക്കാര്യത്തിൽ അദ്ദേഹത്തിനുള്ള അതൃപ്തി തന്നെയാണ്. ഇവിടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചയുടൻ തന്നെ എന്തുകൊണ്ടാണ് കണ്ണൂരിലെയും തിരുവനന്തപുരത്തെയും നിരാഹാരസമരങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചുവെന്ന ചോദ്യം പ്രസക്തമാകുന്നത്. സർക്കാരിൽ നിന്നും സിബിഐ അന്വേഷണം സംബന്ധിച്ച് ഉറപ്പു ലഭിക്കാതെ സമരം പിൻവലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സുധാകരൻ. എന്നാല്‍ നിരാഹാര സമരങ്ങൾ അവസാനിപ്പിക്കാനുള്ള ചെന്നിത്തലയുടെയും കൂട്ടരുടെയും തീരുമാനത്തിന് പിന്നിൽ സുധാകരൻ അത്ര വലിയ കേമനാകേണ്ട എന്ന ഒരു ദുഷ്ചിന്തയില്ലേയെന്ന് സുധാകരനും അനുയായികളും സംശയിക്കുന്നുണ്ടെങ്കിൽ അതിനവരെ കുറ്റം പറയാനാവില്ല.

http://www.azhimukham.com/kerala-shuhaib-murder-father-friends-remembering-dilna/

കണ്ണൂരിൽ ആദ്യം നിരാഹാരം ഇരുന്നത് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയായിരുന്നു. ഇരുപത്തിനാലു മണിക്കൂർ നിരാഹാരമായിരുന്നു അത്. പ്രസ്തുത നിരാഹാരം അവസാനിപ്പിച്ചതിനു ശേഷമാണ് സുധാകരൻ നിരാഹാരം പ്രഖ്യാപിച്ചതും സമരം സ്വന്തം നിലയ്ക്ക് ഏറ്റെടുത്തതും. സുധാകരൻ കണ്ണൂരിൽ സമരം തുടങ്ങിയ ഉടൻ തന്നെ സെക്രട്ടറിയേറ്റിനു മുൻപിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ നിരാഹാരം ഇരുത്തിയത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതിനു പിന്നില്‍ കോൺഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് വൈരം തന്നെയാണ് കാരണമെന്ന ആക്ഷേപവും ഉയർന്നിരുന്നു. വിശാല ഐ ഗ്രൂപ്പിലാണെങ്കിലും അടുത്തകാലത്തായി ചെന്നിത്തലയ്ക്കും കൂട്ടർക്കും സുധാകരനോട് അത്ര തൃപ്തി പോരെന്ന സൂചനകൾ ശക്തമാണ്. കണ്ണൂരിലാണെങ്കിൽ സുധാകരന് പാർട്ടിയിൽ തന്നെ ശത്രുക്കൾ കൂടിവരികയുമാണ്. ഒരു കാലത്ത് 'എ'യും 'ഐ'യും ഗ്രൂപ്പുകൾ മാത്രമുണ്ടായിരുന്നിടത്ത് ഇന്നിപ്പോൾ കെ.സി വേണുഗോപാൽ വക ഒരു മൂന്നാം ഗ്രൂപ്പു കൂടിയുണ്ട്. കുറച്ചുകാലമായി അത്ര സജീവമല്ലാതിരുന്ന സുധാകരൻ പെട്ടെന്ന് സജീവമായതും നിരാഹാര സമരത്തിലൂടെ ദിവസവും വാർത്തകളിൽ ഇടംപിടിക്കുന്നതും പാർട്ടി നേതൃത്വത്തിന് അത്രകണ്ട് ദഹിക്കുന്നില്ലായെന്നത് തുടക്കം മുതലേ ഏതാണ്ട് പ്രകടമായിരുന്നു. ഈ അതൃപ്തിയുടെ പരിണിതഫലമായി സുധാകരന്റെ സമരം അവസാനിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ  കാണുന്നതിൽ  തെറ്റില്ലെന്നു തോന്നുന്നു.

http://www.azhimukham.com/kerala-murder-of-shuhaib-and-political-violence-in-kannur/

Next Story

Related Stories