TopTop
Begin typing your search above and press return to search.

പുത്തരിക്കണ്ടത്ത് അമിത് ഷാ'ജി' ഭീഷണി വേണ്ടെന്നു വച്ചു; പകരം ബിജെപിയുടെ വികസനമന്ത്രം

പുത്തരിക്കണ്ടത്ത് അമിത് ഷാജി ഭീഷണി വേണ്ടെന്നു വച്ചു; പകരം ബിജെപിയുടെ വികസനമന്ത്രം

ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നാരംഭിച്ച ബിജെപിയുടെ ജനരക്ഷാ യാത്ര ഇന്നലെ തിരുവനന്തപുരം പുത്തിരികണ്ടം മൈതാനത്ത് സമാപിച്ചു. യാത്ര പയ്യന്നൂരില്‍ വെച്ച് ഫ്ളാഗ് ഓഫ് ചെയ്ത ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ യാത്ര അവസാനിപ്പിക്കാനും എത്തിയത് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്നുവെന്നാണ് ഇത് സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നത്തെ മലയാള മനോരമ പത്രം ഒരു കാര്യം എടുത്തു പറയുന്നുണ്ട്. അത് യാത്രയ്ക്കൊപ്പം പട്ടത്തുവെച്ച് ചേരും എന്ന് പറഞ്ഞിരുന്ന അമിത് ഷാ അവിടെ എത്താതിരുന്നപ്പോള്‍ നേതാക്കള്‍ക്കും അണികള്‍ക്കും ഉണ്ടായ അങ്കലാപ്പിനെക്കുറിച്ചാണ്. പട്ടത്തു കാണാത്ത ഷായെ പാളയം രക്തസാക്ഷി മണ്ഡപത്തിനടത്തു കാണാമെന്ന പ്രതീക്ഷയും തെറ്റി.

എന്നാല്‍ യാത്രയുടെ മൂന്നാം നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മ നാടായ പിണറായിയിലുടെ കടന്നു പോയ യാത്രയില്‍ പങ്കെടുക്കാതെ കുമ്മനത്തെയും കൂട്ടുനടപ്പുകാരെയും പറ്റിച്ചതുപോലെ ഷാ ഇന്നലെ ചെയ്തില്ല. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടും അണികള്‍ക്കിടയില്‍ ആവേശം വിതറിക്കൊണ്ടും ദേശീയ അധ്യക്ഷന്‍ യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷനില്‍ പ്രത്യക്ഷപ്പെടുകയും തുടര്‍ന്നങ്ങോട്ട് പുത്തരിക്കണ്ടം മൈതാനം വരെ യാത്ര നയിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത പറയുന്നത്. യാത്രയുടെ സമാപന ചടങ്ങിനെത്തിച്ചേരാന്‍ കഴിയാതെ പോയ സംഘപരിവാര്‍ പ്രവര്‍ത്തകരെപോലും കോള്മയിര്‌കൊള്ളിക്കുന്ന പ്രസ്തുത വാര്‍ത്തയുടെ തുടക്കം ഇങ്ങനെ: 'മഴക്കാര്‍ മൂടിയ മാനത്തിനു താഴെ മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ അധ്യക്ഷനെ സ്വീകരിച്ചത്. ആരവങ്ങളുടെ നടുവിലേക്ക് പ്രവര്‍ത്തകരെയും നേതാക്കളെയും അഭിവാദ്യം ചെയ്തു തുറന്ന ജീപ്പിലാണ് അമിത് ഷാ എത്തിയത്. പാളയം സ്പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ പുത്തരിക്കണ്ടം മൈതാനത്തെ സമാപന വേദി വരെ പദയാത്രയുടെ മുന്‍നിരയില്‍ അക്ഷരാര്‍ഥത്തില്‍ അമിത് ഷാ നായകനായി'.

എത്ര മനോഹരമായ ഇന്‍ട്രോ! ഓരോ വാക്കിലും ആവേശം തുടിച്ചു നില്‍ക്കുന്ന ഈ തുടക്കത്തിന് ശേഷമാണ് റിപ്പോര്‍ട്ട്, മുന്‍പ് നിശ്ചയിച്ചുറപ്പിച്ചിരുന്ന പ്രകാരം പട്ടത്ത് എത്തേണ്ടിയിരുന്ന ദേശീയ അധ്യക്ഷനെ അവിടെ കാണാതെ വന്നപ്പോള്‍ ഉണ്ടായ അങ്കലാപ്പിനെക്കുറിച്ചു വിവരിക്കുന്നത്. എന്തായാലും അമിത് ഷാ ഇന്നലെ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും വേണ്ടി കരുതി വെച്ച സസ്‌പെന്‍സ് ഗംഭീരമായി എന്ന് പറയാതെ നിവര്‍ത്തിയില്ല. മോദിയുടെ ഗുജറാത്ത് റാലിയില്‍ പങ്കെടുത്ത്, കേരള യാത്രയ്ക്ക് സമാപനം കുറിക്കാന്‍ എത്തിച്ചേര്‍ന്ന അമിത് ഷായുടെ പ്രസംഗം ലൈവ് ആയി കേള്‍ക്കാന്‍ ഏറെ താല്പര്യം ഉണ്ടായിരുന്നതിനാല്‍ എല്ലാ ചാനലുകളും മാറ്റിമാറ്റി വെച്ചുനോക്കി. മലയാള ചാനലുകള്‍ പോകട്ടെ യാത്രയുടെ പയ്യന്നൂരിലെ ഉത്ഘാടനവും അമിത് ഷായുടെയും സംഘത്തിന്റെയും പിലാത്തറ വരെയുള്ള റോഡ് ഷോയും ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ടൈംസ് നൗ പോലും ഇന്നലെ അമിത് ഷായെ കൈവെടിഞ്ഞു. എന്നാല്‍ ന്യൂസ് എക്‌സ് കൈവിട്ടില്ല. അവര്‍ ലൈവ് ആയി തന്നെ കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്കിടെ പരസ്യം കയറ്റാന്‍ അവര്‍ കാണിക്കുന്ന അമിതാവേശം കണ്ടപ്പോഴായാണ് 'ജനം' ചാനലിന്റെ കാര്യം ഓര്‍മ വന്നത്. വെച്ച് നോക്കി. ഊഹം തെറ്റിയില്ല. അവിടെ സംഗതി ലൈവ് തന്നെ.

തലേ ദിവസത്തെ ഗുജറാത്തു റാലിയില്‍ പങ്കെടുത്തതുകൊണ്ടുള്ള ക്ഷീണമോ അതോ മകന്‍ കുംഭകോണ കേസില്‍ പെട്ടതിനെ ചൊല്ലിയുള്ള മനോവിഷമമോ ഇനിയതുമല്ലെങ്കില്‍ യാത്രയുടെ ശോഭ തുടക്കത്തില്‍ തന്നെ കെട്ടുപോയതിലുള്ള വിഷാദമോ എന്നറിയില്ല, പ്രതീക്ഷിച്ചത്ര മൂര്‍ച്ച ഉണ്ടായിരുന്നില്ല ഇന്നലെ ഷായുടെ വാക്കുകള്‍ക്ക്. എന്നിട്ടും പതിവ് ഗീര്‍വാണങ്ങളും വീരവാദവും അല്പം ഭീഷണിയുമൊക്കെ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു വലിയ പരിഭവവും. സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടു കയ്യില്‍ കിട്ടിയിട്ടും ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുന്ന കാര്യം പിണറായി എന്തുകൊണ്ട് കുറച്ചുകൂടി നേരത്തെ പറഞ്ഞില്ല എന്നതായിരുന്നു അത്. ശരിയാണ്, ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ യാത്രയുടെ ആരംഭം മുതല്‍ കോണ്‍ഗ്രസിനെതിരെ കൂടി കത്തിക്കയറാമായിരുന്നല്ലോ !

ആശയ പ്രചാരണത്തിന്റെ പേരില്‍ സംഘപരിവാരികള്‍ക്കു ജീവന്‍ നഷ്ടമാകുന്നു എന്നതായിരുന്നു ഷായുടെ മുഖ്യ ആക്ഷേപം. ഇന്ത്യാ മഹാരാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രമാണത്രെ. (ശരിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ കൊലപാതങ്ങളും അക്രമങ്ങളുമൊക്കെ സംഘപരിവാര്‍ കുത്തകയാണല്ലോ). കേരളത്തില്‍ സിപിഎം അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് തങ്ങളുടെ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു കൊന്നൊടുക്കുന്നതെന്നും അക്രമത്തിലൂടെ തങ്ങളെ തടഞ്ഞു നിറുത്താനാവില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു. ബലിദാനികളുടെ ത്യാഗം വെറുതെയാവില്ലെന്നും ക്രൂരതയിലൂടെ ബിജെപിയെ നേരിടാനുള്ള ശ്രമം നടക്കില്ലെന്നും പറഞ്ഞ അമിത് ഷാ വികസനത്തിലൂടെ തങ്ങളെ നേരിടാനാണ് സിപിഎമ്മിനെ വെല്ലുവിളിച്ചത്. (ബിജെപിയുടെ വികസന നയം എന്താണെന്ന് നോട്ടു നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയുമൊക്കെ കണ്ടു കഴിഞ്ഞതാണല്ലോ).

കോണ്‍ഗ്രസിനെയും വെറുതെ വിട്ടില്ല അമിത് ഷാ. എവിടെയൊക്കെ കോണ്‍ഗ്രസ് അധികാരത്തിലുണ്ടോ അവിടെയൊക്കെ അഴിമതി മാത്രമേയുള്ളു എന്നാണ് ഷായുടെ വാദം. എന്തായാലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ മുഴക്കിയതുപോലെ സംഘികളെ തൊട്ടു കളിച്ചാല്‍ സിപിഎമ്മുകാരുടെ വീട്ടില്‍ കയറി കണ്ണ് തുരന്നെടുക്കും എന്നോ കുത്തി പൊട്ടിക്കും എന്നുള്ള ഭീഷണിയൊന്നും ഷായില്‍ നിന്നും ഉണ്ടായില്ലെന്നത് ഭാഗ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories