TopTop

നാലുമണി; അത്ര ലഘുവല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് കഴുകന്മാരോട് ഘടികാരം പറയുമായിരിക്കാം

നാലുമണി; അത്ര ലഘുവല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് കഴുകന്മാരോട് ഘടികാരം പറയുമായിരിക്കാം
കൂറുമാറ്റ നിരോധന നിയമം എന്ന ഒന്ന് രാജ്യത്ത് നിലവിലുണ്ട് എന്നാണ് കേള്‍വി. അത് പ്രകാരം ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ഒരാള്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ, മറുകണ്ടം ചാടുകയോ ചെയ്താല്‍ അയാള്‍ തത്സ്ഥാനത്ത് തുടരുന്നതിന്  അയോഗ്യനായി മാറും. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ കഴിഞ്ഞ കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ 222-ല്‍ 104 എംഎല്‍എമാരെ മാത്രം ലഭിച്ച  ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറിന്‍റെ നടപടി 'ഫ്ലോറി'ല്‍ തകരും എന്ന ശുഭാപതി വിശ്വാസം  പൊതുവില്‍ ജനാധിപത്യ വിശ്വാസികള്‍ ഒക്കെയും പങ്കുവയ്ക്കുന്നത്.

മാജിക് നമ്പര്‍

അതായത് കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും ചേര്‍ന്ന് ഉണ്ടാക്കിയ പോസ്റ്റ്‌ പോള്‍ അലയന്‍സ് പ്രകാരം അവര്‍ക്ക് 116 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഒരു സ്വതന്ത്രന്റെ ഉള്‍പ്പെടെ ബാക്കി 105 മാത്രമേ ബിജെപിക്കുള്ളൂ. അപ്പോള്‍ അവര്‍ക്ക് എങ്ങനെ ഭുരിപക്ഷം തെളിയിക്കാനാവും? ബാക്കി രണ്ട് സ്വതന്ത്രര്‍ കൂടി ബിജെപിയോടോപ്പം ചേര്‍ന്നാലും എണ്ണം തികയില്ല. പിന്നെയും വേണം അഞ്ച്. അത് എവിടെനിന്നും ഉണ്ടാക്കും?

ഉത്തരം വ്യക്തമല്ലേ. ഒന്നുകില്‍ കോണ്‍ഗ്രസില്‍ നിന്ന്, അല്ലെങ്കില്‍ ജെഡിഎസില്‍ നിന്ന്: വേറെ ആളില്ലല്ലോ. അതാവട്ടെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ഏതാണ്ട് അസാധ്യം തന്നെയാണ്, കാരണം മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കിലേ ടി നിയമത്തെ മറികടക്കാനാവൂ. അത് അത്ര എളുപ്പമല്ല. പിന്നെയുള്ള ഒരു വഴി മറുപക്ഷത്തുള്ള കുറേ പേര്‍ രാജി വയ്ക്കുക എന്നതാണ്. അതോടെ ശേഷിക്കുന്ന സഭയില്‍ ആകെ അംഗസംഖ്യ 210 ആയി എന്ന് വയ്ക്കുക. അപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 106 മതി. എന്നാല്‍ ഒരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ജനവിധി തേടി ജയിച്ച് രണ്ടാം നാള്‍ മറുകണ്ടം ചാടി വേറെ ചിഹ്നത്തില്‍ അതേ ജനങ്ങളോട് വോട്ട് ചോദിക്കുക എന്ന സാഹസത്തിന് സാധാരണ ആരും മുതിരില്ല എന്നതാണ് ആ സാധ്യതയെ എഴുതിത്തള്ളുന്നവരുടെ യുക്തി. മൂന്നാമത് ഒരു സാധ്യത ഇല്ലെന്നും.

അങ്ങനെ കരുതിയിരിക്കെയാണ് പ്രസ്തുത വിഷയത്തില്‍ കൂലങ്കഷമായ പല ചര്‍ച്ചകളും കേട്ടുകഴിഞ്ഞ് സായിദ് അബി എന്ന ഫേസ്ബുക്ക് ആക്ടിവിസ്ടും ഇടത് അനുഭാവിയുമായ എഴുത്തുകാരന്‍ ചില കാര്യങ്ങള്‍ വായനയില്‍ കൊണ്ടുവന്നത്. അയാള്‍ അത് കൊണ്ടുവരുന്നത് തന്നെ ഇങ്ങനെ ഒരു മുഖവുരയോടെയും. “ഈ അടുത്ത കാലത്തായി അപൂര്‍വ്വമായി മാത്രമാണ് മുഴുവനും വായിക്കേണ്ട എഴുത്തുകള്‍ കാണാറുള്ളത്. നസീല്‍ എഴുതിയത് വായിച്ച് തീര്‍ത്തപ്പോള്‍ മൂന്ന് ചോദ്യങ്ങളാണ് ഗൗരവപൂര്‍വ്വം ഉയര്‍ന്ന് വന്നത്.”

അതായത് ഈ കുറിപ്പ് ഇനിയങ്ങോട്ട് നസീലിനും സൈദിനും കടപ്പെട്ടിരിക്കുന്നു ഓരോ വരിയിലും. സയീദിന്‍റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ-കൂറുമാറ്റ നിരോധന നിയമം: ഉവ്വോ, തന്നേ, ഉണ്ടോ...

സമീപ കാലത്ത് തന്നെയാണ് 21 സീറ്റ് മാത്രം കിട്ടിയ ബിജെപി പോസ്റ്റ്‌ പോള്‍ അലയന്‍സ് ഉണ്ടാക്കി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുന്നത്. 60-ല്‍ 28 സീറ്റ് നേടിയ (അവിടെയും 19 സീറ്റ് നഷ്ടപ്പെട്ടു) സിംഗിള്‍ ലാര്‍ജെസ്റ്റ് പാര്‍ട്ടി അന്ന് അവിടെ കോണ്‍ഗ്രസാണ്. അവരെ പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചില്ല. കാരണം അവര്‍ അവകാശമുന്നയിച്ചില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ മറുപക്ഷത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നാഗാ പീപ്പിള്‍ ഫ്രണ്ടിനും നാഷണല്‍ പിപ്പിള്‍സ്‌ പാര്‍ട്ടിക്കും ഉള്ള നാലുവീതത്തോടൊപ്പം ഒരു സ്വതന്ത്രനെ കൂടി ചേര്‍ത്തു. എന്നാല്‍  ഒന്ന് പിന്നെയും ബാക്കിവരുന്ന മാജിക് നമ്പരായി. അത് എങ്ങനെ ഒപ്പിച്ചു?

മണിപ്പൂര്‍ മന്ത്രിസഭ എന്‍ ബിറന്‍ സിങ്ങിന്റെ നേതൃത്വത്തില്‍  സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍. അയാള്‍ക്ക് അന്ന് നിര്‍ണ്ണായകമായ ആ മാജിക് നമ്പരായത് കോണ്‍ഗ്രസ് എംഎല്‍എ ശ്യാം കുമാര്‍ സിംഗ്. അയാള്‍ അന്നുമുതല്‍ എംഎല്‍എ അല്ല, മന്ത്രിയാണ്. പുള്ളി ഇപ്പോഴും അതെ. കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കുകയും ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് കൊടുക്കുകയും ചെയ്തു. ഇതുവരെ നടപടിയൊന്നുമില്ല. എന്നാല്‍ ഇതിനിടെ ശ്യാം കുമാര്‍ സിംഗിനെ പിന്തുടര്‍ന്ന് പിന്നെയും എഴുപേര്‍ കൂടി മറുകണ്ടം ചാടി. അവര്‍ക്കെതിരെയും കേസും പരാതി കൊടുക്കലും ഒക്കെ കോണ്‍ഗ്രസ് മുറയ്ക്ക് നടത്തുന്നുണ്ടാവാം. പക്ഷെ നടപടിയൊന്നുമില്ല. ബിറന്‍ സിങ്ങിന്റെ മന്ത്രിസഭ ഒരുകൊല്ലം പിന്നിടുകയും ചെയ്തു. ബിറന്‍ സിങ്ങിന് മണിപ്പൂരില്‍ ആവുന്നത് യെദിയൂരപ്പയ്ക്ക് കര്‍ണ്ണാടകയില്‍ ആവില്ലേ? അപ്പോള്‍ ഇങ്ങനെ മൂന്നാമത് ഒരു സാധ്യതയുമില്ലേ?

എന്താ തെളിവ്?

സയീദ്‌ അബിയല്ല, അയാളുടെ ഒരു ഫെയ്സ് ബുക്ക് പോസ്ടല്ല ഈ പറഞ്ഞ വസ്തുതകളുടെയൊക്കെ ഏക ആധാരവും.

ഇന്ത്യ ടുഡേയുടെ  ഈ ലിങ്ക് നോക്കുക: Manipur: Defecting Congress MLA Shyam Kumar made minister in maiden BJP govt, issued showcause notice; ഇതില്‍നിന്നും രണ്ട് കാര്യങ്ങള്‍ എങ്കിലും വ്യക്തമാകും. ശ്യാം കുമാര്‍ തിരഞ്ഞെടുപ്പ് ജയിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്, അയാള്‍ ബിജെപി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അയാള്‍ക്ക് എതിരേ നടപടി ഉണ്ടായോ?

ടൈംസ് ഓഫ് ഇന്ത്യയുടെ ഈ ലിങ്ക് പരിശോധിച്ചാല്‍ അങ്ങനെയൊന്ന് കഴിഞ്ഞ മാസം വരെ ഉണ്ടായിട്ടില്ല എന്നും ഉറപ്പിക്കാം: Ban on male vendors in Manipur's Ima Keithel. ഇമ കൈതെല്‍ അഥവാ മദേഴ്സ് മാര്‍ക്കറ്റില്‍ പുരുഷ കച്ചവടക്കാരുടെ സാന്നിധ്യം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന നിയമം നിലവില്‍ വന്നു എന്ന കാര്യം ശ്യാം കുമാര്‍ സിംഗ്  പത്രക്കാരെ വിളിച്ച് അറിയിക്കുന്നത് നഗര വികസനം ഉള്‍പ്പെടുന്ന MAHUD വകുപ്പ് മന്ത്രിയെന്ന നിലയിലാണ്. അതായത് ഈ കഴിഞ്ഞ മാസം വരെയും അയാള്‍ക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായതായി അറിവില്ല.

അപ്പോള്‍ ശ്യാം കുമാര്‍ സിംഗ് എന്ന കോണ്‍ഗ്രസ് എംഎല്‍എ മണിപ്പൂരില്‍ ബിജെപി സര്‍ക്കാരില്‍ ഒരുവര്‍ഷമായി മന്ത്രിയായി പ്രവര്‍ത്തിക്കുന്നു. കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളിടത്തോളം ഈ ജാതി കളി നടക്കില്ല എന്ന് നമ്മളും.

എന്താണ് വസ്തുത?

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്ന് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല എന്നത് ഉറപ്പായതോടെ പല സാധ്യതകളും ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ അഭ്യൂഹങ്ങളെയൊക്കെ അവസാനിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ഒരു അതിവേഗ നീക്കം നടത്തി. അന്തിമഫലം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുവാന്‍ പോലും കാത്തുനില്‍ക്കാതെ അവര്‍ തങ്ങളുടെ പകുതി സീറ്റ് മാത്രം നേടിയ ജനതാ ദള്ളിന് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഒരുപക്ഷേ ബിജെപി പ്രതീക്ഷിച്ചതിലും വേഗത്തില്‍. കാരണം 111 എന്ന മാന്ത്രിക സംഖ്യയിലേയ്ക്ക് വിരലില്‍ എണ്ണാവുന്ന ദൂരം, മൂന്നു സ്വതന്ത്രരെ 'പര്‍ച്ചേസ്' ചെയ്താല്‍ ഒരു കയ്യില്‍ വിരലെണ്ണി എടുക്കാവുന്ന ദൂരം മാത്രമുള്ളപ്പോള്‍ അവര്‍ക്ക് കോണ്‍ഗ്രസ് നടത്തിയ പോലെ ഒരു നീക്കം സാധ്യമായിരുന്നില്ല എന്നും കരുതാവുന്നതാണ്.

എന്തായാലും ബിജെപിയുടെ പ്രതീക്ഷകള്‍, കണക്ക് കൂട്ടലുകള്‍ തിരഞ്ഞെടുപ്പ് ഫലം അമ്പേ തെറ്റിച്ചുകളഞ്ഞു എന്ന് പറയാതെ വയ്യ. പറഞ്ഞുവരുന്നത് 40-ല്‍ പരം സീറ്റുകള്‍ നഷ്ടമായ ഭരണകക്ഷിയായ കോണ്‍ഗ്രസ് 78-ലേക്ക് ചുരുങ്ങിയത് വിജയമാണ് എന്ന വിചിത്ര ഗണിതമല്ല, മറിച്ച് അത്തരം ഒരു അവസ്ഥ ഉണ്ടാവുകയും അതിനെ മണിക്കൂറുകള്‍ക്കുള്ളില്‍ ജനതാ ദള്ളിന് നിരുപാധിക പിന്തുണ നല്‍കി അവര്‍ അതിജീവിക്കുകയും ചെയ്യുന്ന ഒരു സാധ്യത അവരുടെ കണക്കുകൂട്ടലുകളില്‍ വന്നില്ല എന്നതാണ് ആ പ്രതീക്ഷ തെറ്റല്‍.

എന്നാല്‍ ബിജെപിയെ ഒരു രാഷ്ട്രീയ കക്ഷിയിലുപരി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ ശക്തിയായി കാണുന്നവര്‍ക്ക് അത് വലിയ ആവേശമായി തീരുകയും ചെയ്തു, അവിടെയാണ് ഗവര്‍ണ്ണര്‍ പതിനെട്ടാമത്തെ അടവായ  പൂഴിക്കടക്കനുമായി വരുന്നത്. പോസ്റ്റ്‌ പോള്‍ അലയന്‍സ് ശരിയല്ല എന്ന് അവര്‍ക്ക് ധാര്‍മ്മികമായി (ബിജെപിക്ക് എന്ത് ധാര്‍മ്മികത) പറയാനാവില്ല. നിയമപരമായും അത് നിലനില്‍ക്കില്ല. അപ്പോള്‍ പിന്നെ ആദ്യം അവകാശമുന്നയിക്കുന്നവരെ വിളിക്കുക. കോണ്‍ഗ്രസ് - ദള്‍ അലയന്‍സ് അവകാശവാദം ഉന്നയിക്കാന്‍ എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ് കാണാന്‍ വിസമ്മതിക്കുക. എങ്കില്‍ അത് വന്നിട്ട് കാണാം, എണ്ണിയ വോട്ടും കിട്ടിയ സീറ്റും പിന്നെ അലിഞ്ഞ് പോകില്ലല്ലോ എന്ന് കരുതി കാത്തവര്‍ക്ക് പക്ഷെ തെറ്റി. ഏറ്റവും വലിയ ഒറ്റ കക്ഷി എന്നും പറഞ്ഞ് ബിജെപി വന്നു. സംഘി ഗവര്‍ണ്ണര്‍ സ്വീകരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ദിവസവും തീരുമാനിച്ചു.

പക്ഷെ ഇവിടെ ഒരുകാര്യം പിന്നെയും ബാക്കിയാവുന്നുണ്ട്. അത് ഈ പറഞ്ഞ കൂറുമാറ്റ നിയമം ഒരു പരിചയായി നിലനില്‍ക്കുമെന്ന് ഇതുവരെ പറഞ്ഞുവന്നത് വച്ച് ആത്മവിശ്വാസം പുലര്‍ത്തിയിട്ടുകാര്യമില്ല എന്നതാണ്.

ആരോട് ചോദിക്കാന്‍...

കര്‍ണ്ണാടകത്തില്‍ തൂക്കുമന്ത്രിസഭയാണ് സാധ്യത എന്ന് കണ്ടതുമുതല്‍ ഇങ്ങ് കേരളത്തില്‍ ഉള്‍പ്പെടെ ഭരണഘടനയുടെയും തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെയും രാഷ്ട്രീയ തന്ത്രങ്ങളുടെയും ഉള്‍പ്പെടെ സകല സാധ്യതകളുടെയും തലനാരിഴ കീറിയുള്ള ചര്‍ച്ചകളും പരിശോധനകളും നടന്നു. എല്ലാം കൂറുമാറ്റ നിരോധന നിയമത്തിന്റെ ബലത്തില്‍; മൂന്നില്‍ രണ്ടൊന്നും പോവില്ല, രാജിവച്ച് പോകുന്നവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയ മുഖവും ഉണ്ടാവില്ല. അപ്പോള്‍ കാശുവാങ്ങി രാഷ്ട്രീയ ആത്മഹത്യചെയ്യുക എന്ന വഴിയേ ഉള്ളു. അതിന് ഒരുപാടുപേരൊരോന്നും തയാറാവില്ല എന്ന ശുഭാപ്തിവിശ്വാസത്തില്‍ എല്ലാം ഒതുങ്ങി.

കര്‍ണ്ണാടകയില്‍ ആ യുക്തിതന്നെ പുലരണം എന്നാണ് സ്വാഭാവികമായും ആഗ്രഹം, ഫ്ലോറില്‍ ബിജെപി പരാജയപ്പെടണം എന്ന്. പക്ഷെ അത് കുറുമാറ്റ നിരോധന നിയമത്തിന്‍റെ ബലത്തില്‍ നടക്കുമെങ്കില്‍ എങ്ങനെ ഒരു ശ്യാം കുമാര്‍ സിംഗ്? അയാള്‍ക്ക് ഒരു വര്‍ഷത്തില്‍ പരം സമയം മന്ത്രിയായി തുടരാമെങ്കില്‍, അയാള്‍ വെട്ടിയ വഴിയില്‍ പിന്നെയും കുറേ പേര്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് ഭരണപക്ഷത്തെ പിന്താങ്ങുന്നുവെങ്കില്‍ പിന്നെ എന്ത് കൂറുമാറ്റ നിരോധന നിയമവും വിപ്പുമാണ്?

അപ്പോള്‍ കര്‍ണ്ണാടകയിലും ഇങ്ങനെ ഒരു സാധ്യതയുണ്ട്. അത് പക്ഷെ ഞാന്‍ കണ്ട സൈബര്‍, ചാനല്‍ ചര്‍ച്ചകളില്‍ ഒന്നും ആരും ഉയര്‍ത്തിക്കണ്ടില്ല. ഇത്ര സമീപസ്ഥമായ ഒരു ഭൂതകാലത്തെ ഇത്രപെട്ടന്ന് നമ്മള്‍ എല്ലാവരും മറന്നതുകൊണ്ടാണോ, ആയിരുന്നോ അത് ?

നാലാം തുണും മുന്നാം സാധ്യതയും

ഇതിന്റെ മറുപടിയും സയിദിന്റെ പോസ്റ്റിലുണ്ട്. മൂന്നാമത് ഒരു സാധ്യതയും ഉണ്ട്. അത് നാലാം തൂണോടു കൂടി പുര്‍ണ്ണമാകുന്ന ഒറ്റിക്കൊടുക്കപ്പെടലിന്റെ ഭരണഘടനാ ചരിത്രമാവും പറയുക എന്ന് തോന്നുന്നു.

ബിറന്‍ സിംഗ് മാധ്യമ ലോകവുമായി അടുത്ത ബന്ധമുള്ള ആളാണത്രേ. അതുകൊണ്ട് വാര്‍ത്തകള്‍ അത്ര പെട്ടന്നൊന്നും ഫ്ലാഷ് ന്യൂസുമാവില്ല, 'വൈറലു'മാവില്ല! അതാവാം നമ്മുടെ ചാനല്‍ മുറികളില്‍ മണിപ്പൂര്‍ സര്‍ക്കാരും ശ്യാം കുമാര്‍ സിംഗ് എന്ന കോണ്‍ഗ്രസ് എംഎല്‍എ ആയ ബിജെപി മന്ത്രിയും ആരുടെയും വാദങ്ങളില്‍ ഇടം പിടിക്കാതിരുന്നത്. അതായത് ചാനലുകളും അതില്‍ പിടിയുള്ള അധികാരവും ഉണ്ടെങ്കില്‍ നമ്മുടെ രാഷ്ട്രീയ സാക്ഷരത എന്നത് വളരെ ലളിതമായി, നിസ്സാരമായ കാലത്തിനുള്ളില്‍ നിരക്ഷരവത്ക്കരിക്കാവുന്നതാണ് എന്ന്.

കൂറുമാറ്റ നിരോധന നിയമം എന്ന ഒന്നുണ്ട് എന്ന് നാം ഇപ്പോഴും കരുതുന്നു. ശ്യാം കുമാര്‍ സിംഗ് ഇന്നും മന്ത്രിയാണ് എന്ന് നമുക്കറിയാം. അയാളെ കോണ്‍ഗ്രസ് പുറത്താക്കിയെന്നും കൂറുമാറ്റ നിരോധനപ്രകാരം അയാള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് അവര്‍ പല നിലകളില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും അറിയാം. ഒന്നും ഈ ഒരു കൊല്ലത്തിനുള്ളില്‍ ഉണ്ടായിട്ടില്ലെന്നും.

ഒരാള്‍ കൂറുമാറിയോ ഇല്ലയോ എന്നതില്‍ ഒരു തീരുമാനമാകാന്‍ പത്തിരുപത് കൊല്ലമെടുക്കുമെങ്കില്‍ പിന്നെ സുപ്രീംകോടതി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഫ്ലോറില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നൊക്കെ ജനാധിപത്യത്തിന്‍റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്‍കിയ അന്ത്യശാസനം വല്ലാത്ത ഒരു ശാസനം തന്നെ. ഒരുദിവസം പൊടുന്നനെ നിശബ്ദമാകുന്ന, അതായത് അന്നുമുതല്‍ എകപക്ഷീയമായി മാത്രം കാണുകയും ശബ്ടിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ എന്നത് അത്ര വിദൂരവും അജ്ഞേയവുമായ സാധ്യതയൊന്നുമല്ല എന്ന് അറിയുമ്പോള്‍ പ്രത്യേകിച്ചും.

ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കുമ്പോള്‍ നാലുമണിയിലേക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അത്ര ലളിതമായി കൊത്തിക്കൊണ്ട് പറക്കാവുന്നത്ര ലഘുവല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് കഴുകന്മാരോട് ഘടികാരം പറയുമായിരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories