TopTop
Begin typing your search above and press return to search.

പിറക്കുന്നെങ്കിൽ കരുണാകരനോ മാണിക്കോ പിറക്കണമെന്ന് പറഞ്ഞതെത്ര ശരിയാണ്!

പിറക്കുന്നെങ്കിൽ കരുണാകരനോ മാണിക്കോ പിറക്കണമെന്ന് പറഞ്ഞതെത്ര ശരിയാണ്!

പിറക്കുന്നെങ്കിൽ കെ കരുണാകരനോ കെ.എം മാണിക്കോ പിറക്കണമെന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണെന്നു നോക്കണേ. കരുണാകരൻ കെ. മുരളീധരനെ എന്നപോലെ എത്ര കരുതലോടും വാത്സല്യത്തോടും കൂടിയാണ് മാണി, ജോസ് മോനെ രാഷ്ട്രീയത്തിൽ പിച്ച വെപ്പിച്ചതും ഉന്നതങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുന്നതും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പി.ജെ കുര്യന് ലഭിച്ചില്ലെങ്കിൽ മറ്റൊരു കോൺഗ്രസ്സുകാരനോ കോൺഗ്രസ്സുകാരിക്കോ കിട്ടേണ്ടിയിരുന്ന രാജ്യസഭ സീറ്റ് വളരെ തന്ത്രപരമായി റാഞ്ചിയെടുത്ത്‌ ആ സീറ്റിലേക്ക് പുത്രനെ തന്നെ നോമിനേറ്റ് ചെയ്ത സംഭവം.

മുരളീധരന്റെ കാര്യത്തിൽ എന്നതു പോലെ തന്നെ രാഷ്ട്രീയത്തിന്റെ നാലയല്‍പ്പക്കത്തു പോലും ഇല്ലാതിരുന്ന ജോസ് കെ മാണി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പൊന്തി വന്നത് വളരെ പെട്ടെന്നായിരുന്നു. നേരാംവണ്ണം നാല് വാക്കു പറയാൻ അറിയില്ലായിരുന്നെങ്കിലും മുരളി ആദ്യ അങ്കത്തിൽ തന്നെ (കോഴിക്കോട് ലോക് സഭ മണ്ഡലത്തിൽ) വിജയം കണ്ടു. എന്നാൽ തന്റെ കന്നി അങ്കത്തിൽ (മൂവാറ്റുപുഴ ലോക് സഭ മണ്ഡലത്തിൽ) തോൽക്കാനായിരുന്നു ജോസ് മോന്റെ വിധി. മുരളി വളരെ പെട്ടെന്ന് രാഷ്ട്രീയത്തിൽ എല്ലാ അടിയും തടയും പഠിച്ച് ഇരുത്തം വന്ന ഒരു നേതാവായെങ്കിലും നമ്മുടെ ജോസ്‌മോൻ ഇപ്പോഴും അച്ഛന്റെ നിഴലിൽ തന്നെ.

കേരളാ കോൺഗ്രസിൽ വേറെ ആരും ഇല്ലാഞ്ഞിട്ടല്ല നിലവിൽ കോട്ടയം എം.പിയായ ജോസ് കെ മാണിയെ തന്നെ രാജ്യസഭയിലേക്കു മത്സരിപ്പിക്കാൻ തീരുമാനിച്ചത്. വേണമെങ്കിൽ പി.ജെ കുര്യനൊപ്പം രാജ്യസഭയിൽ നിന്നും പിരിയുന്ന ജോയി അബ്രാഹാമിന്‌ ഒരു അവസ്സരം കൂടി നൽകാമായിരുന്നു. അല്ലെങ്കിൽ പി.ജെ ജോസഫ് ഇന്നലെ പറഞ്ഞതുപോലെ പാർട്ടിക്കുവേണ്ടി ഏറെ പണിയെടുക്കുന്ന മറ്റാർക്കെങ്കിലും കൊടുക്കാമായിരുന്നു. രണ്ടും നടന്നില്ല, സീറ്റ് മകനു തന്നെ ഇരിക്കട്ടെയെന്നു മാണി പറഞ്ഞപ്പോൾ ജോസഫും കൂട്ടരും റാൻ മൂളിയെന്നു വേണം കരുതാൻ. അല്ലെങ്കിലും ലയനത്തിനു ശേഷം പി.ജെയും കൂട്ടരും മാണിയുടെ പാർട്ടിയിൽ വെറും കുടികിടപ്പുകാർ മാത്രമാണല്ലോ!

http://www.azhimukham.com/offbeat-congress-youth-fight-to-keep-old-out/

അടുത്ത തവണ ജോസ്മോന്‍ കോട്ടയത്ത് നിന്നും മത്സരിക്കുന്ന പക്ഷം തോറ്റു തുന്നം പാടുമെന്നു മാത്രമല്ല, ഒരുപക്ഷേ കെട്ടിവെച്ച കാശു പോലും കിട്ടിയില്ലയെന്നു വരാമെന്ന് മാണിക്ക് നന്നായി അറിയാം. അത്രയ്ക്കുണ്ട് കോട്ടയത്തെ കോൺഗ്രസ്സുകാർക്ക് മാണിയോടും പുത്രനോടുമുള്ള കലിപ്പ്. കോട്ടയത്തിനു പകരം വയനാട് എന്ന ഒരു ഡിമാൻഡ് ഇടയ്ക്കു രഹസ്യമായി കുഞ്ഞാലിക്കുട്ടി മുഖേന കോൺഗ്രസ് നേതൃത്വത്തിന് മുൻപിൽ വെച്ചെങ്കിലും വയനാട് പോലുള്ള ഒരു ഉറച്ച മണ്ഡലം കൈവിടാൻ അവർ ഒരുക്കമായിരുന്നില്ല. അങ്ങനെ വന്നപ്പോഴാണ് ഇടതു പാളയത്തിൽ കയറിപ്പറ്റാൻ ഒരു ശ്രമം നടത്തി നടത്തി നോക്കിയത്. കാനം രാജേന്ദ്രന്റെ സിപിഐ കടുത്ത എതിർപ്പുമായി രംഗത്ത് വന്നില്ലായിരുന്നുവെങ്കിൽ പി.ജെ ജോസഫും സംഘവും പായും തലയിണയും എടുത്തു സ്ഥലം കാലിയാക്കിയാൽ പോലും മാണിയെയും പുന്നാരമോനെയും ഇടതുമുന്നണി പേറേണ്ടി വരുമായിരുന്നു.

കോൺഗ്രസിന് അർഹതപ്പെട്ട സീറ്റെടുത്ത് മാണിക്ക് നൽകിയതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ ഉരുൾ പൊട്ടിയ കലാപം തുടരുക തന്നെയാണ്. അതിന്റെ പരിസമാപ്തി കണ്ടു തന്നെ അറിയണം. പക്ഷെ ഇപ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യം ഉമ്മൻ ചാണ്ടിക്ക് വേണ്ടി പി.ജെ കുര്യനെതിരെ ചന്ദ്രഹാസവുമായി രംഗത്ത് വന്ന കോൺഗ്രസിലെ യുവതുർക്കികൾ ജോസ് കെ മാണിക്ക് വോട്ടു ചെയ്യുമോ എന്നതാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

http://www.azhimukham.com/kerala-congress-mouthpiece-veekshanam-against-km-mani-by-antony-k-a/

http://www.azhimukham.com/newswrap-mani-not-curse-but-fortune-for-congress-in-kerala-writes-sajukomban/

http://www.azhimukham.com/newswrap-mission-km-mani-by-kanam-in-chengannur-writes-saju/


Next Story

Related Stories