Top

'പുതപ്പ് കിട്ടിയപ്പോൾ ആ അമ്മമ്മയുടെ മുഖത്ത് കണ്ട ചിരിയാണ് ഞാനീ വർഷം കണ്ട ഏറ്റവും മനോഹരമായ കാഴ്ച'

കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറി വലിയ മഴയൊന്നൂല്ലല്ലോ എന്ന ചോദ്യവുമായാണ് നാലാം തീയതി രാത്രി കൊച്ചിയിൽ നിന്ന് വീട്ടിലെത്തിയത്.

വൈകാതെ മഴ ആരംഭിച്ചു. ക്രമേണ ശക്തികൂടി. രാത്രിക്ക് നല്ല തണുപ്പായിരുന്നു. സുഖമായി പുതച്ചുമൂടിയുറങ്ങുമ്പോൾ വിചാരിച്ചില്ല ഉറക്കമില്ലാത്ത രാത്രികളാകും ഇനിയുള്ളതെന്ന്. തിങ്കളാഴ്ച രാവിലെ ആയപ്പോഴേക്കും മഴ രൗദ്രഭാവം കൈവരിച്ചിരുന്നു. ഞായറാഴ്ച രാത്രിയിലെ മഴ തോർന്നിട്ടേയില്ല. വീട്ടിലേയും ചുറ്റുവട്ടങ്ങളിലേയും കുട്ടികളുമൊന്നിച്ചുള്ള പതിവുള്ള വൈകിട്ടു നടത്തം അന്നു തോടിൻകര വരെ മാത്രമാക്കി ചുരുക്കി. വെള്ളം കലങ്ങി മറിഞ്ഞ് ശക്തിയായൊഴുകുന്നു. തണുപ്പും കനത്ത മഴയും സഹിക്കാനാകാതെ തിരിച്ചു വന്നു. തുള്ളിക്ക് പല കുടമാണ് പേമാരി. പിന്നീട് രണ്ടു ദിവസവും മഴ തോർന്നില്ല. പാടത്തും തോട്ടിലും വെള്ളം നിറയുന്നത് കാണാൻ നാട്ടുകാരെത്തി. ആദ്യം കൗതുകമായിരുന്നു. പലരും സെൽഫിയെടുത്തു. വൈകാതെ ചെറുതായി വെള്ളം കയറിത്തുടങ്ങി.

തോടു കഴിഞ്ഞാൽ പാടമാണ് മീനങ്ങാടി പുറക്കാടിയിലെ എന്റെ വീടിനടുത്ത്. വ്യാഴാഴ്ച പുലർന്നതോടെ മഴക്കാഴ്ച ഒട്ടുംതന്നെ ശുഭകരമല്ലാതായി. പുലരുംമുമ്പെ അയൽക്കാരായ രജനിയേച്ചിയുടേയും സദുവേട്ടന്റെയും വീട്ടിലെ പശുത്തൊഴുത്തിൽ വെള്ളം കയറി. പശുക്കളെ അമ്പലക്കുന്നിലേക്ക് മാറ്റിക്കെട്ടി. വളരെ പെട്ടെന്ന് വെള്ളം അടുക്കളപ്പുറം കടന്ന് സിറ്റൗട്ട് വരെയെത്തി. വെള്ളം ഉയർന്നു തുടങ്ങി. എല്ലാരും ചേർന്ന് സാധനങ്ങൾ ഒരു വിധം ഉയർത്തിയൊരുക്കി വച്ചു കഴിഞ്ഞപ്പോഴേക്കും വെള്ളം സ്വിച്ച് ബോർഡുയരത്തിൽ വരെയെത്തി. പിന്നാലെ ശങ്കരേട്ടന്റേയും പ്രിയയുടേയും വീട്ടിൽ, റെനീഷേട്ടന്റേയും ഷൈനിയുടേയും വീട്ടിൽ. ആ നിരയിലെ സകല വീടുകളിലും വൈകിട്ട് നാലു മണിയാകുമ്പോഴേക്കും വെള്ളം കയറി. തുടയൊപ്പം വെള്ളത്തിൽ. പിന്നെ കഴുത്തൊപ്പം. പറ്റാവുന്നയത്ര വളർത്തുമൃഗങ്ങളെ ഞങ്ങൾ ഉയരത്തിലുള്ള എന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. രണ്ടു കുടുംബങ്ങൾ എന്റെ വീട്ടിൽ താഴെ നിലയിൽ വെള്ളം കയറിയിട്ടില്ലാത്തതിനാൽ അവിടേക്ക് മാറി. തുണിത്തരങ്ങളും അവശ്യരേഖകളും മറ്റും മുകൾ നിലയിലേക്ക് മാറ്റി. മഴ ആ രീതിയിൽ പെയ്താൽ എന്റെ വീട്ടിലും വെള്ളം കയറുമെന്ന് ഉറപ്പായിരുന്നു. ഞാനും അനിയത്തി നിത്യയും സാധനങ്ങൾ പായ്ക്കു ചെയ്തു തുടങ്ങി. അപ്പോഴാണ് ഞങ്ങൾക്ക് പ്രിയപ്പെട്ട സുഭാഷേട്ടന് അസുഖം മൂർച്ഛിച്ചുവെന്നും വെന്റിലേറ്ററിലുമാണെന്ന വിവരം കിട്ടുന്നത്. കയറി വന്നുക്കൊണ്ടിരിക്കുന്ന വെള്ളം, കറൻറില്ല, എല്ലാ വഴികളും ബ്ലോക്ക്, വീട്ടില്‍ പ്രായമായവർ, പിള്ളേരുടെ ആശങ്ക, വീട്ടിലും വെള്ളം കയറിയാൽ ക്യാംപിലേക്ക് മാറാനുള്ള തയാറെടുപ്പ്, ആശുപത്രിയിലേക്ക് പോയ സനുവിന്റെ വഴി നീളെ വെള്ളം കയറിയതുകൊണ്ടു നീണ്ടുനീണ്ടു പോകുന്ന യാത്ര, ആശുപത്രിയിൽ നിന്നും കൃത്യമായ വിവരം കിട്ടാതെയുള്ള കാത്തിരിപ്പ് , തകരാറിലാകുന്ന നെറ്റ് വർക്ക്, ടി.വിയിലെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തകൾ, ബന്ധുക്കളും കൂട്ടുകാരും വെള്ളപ്പൊക്കം കൊണ്ടും മണ്ണിടിച്ചിൽ ഭീഷണി കൊണ്ടും വീടൊഴിഞ്ഞ് ക്യാംപിലേക്കു മാറുന്നതായുള്ള വിവരങ്ങൾ... വല്ലാത്ത രാത്രിയായിരുന്നു, ആരും ഉറങ്ങിയില്ല, റോഡിൽ ഇടതടവില്ലാതെ നാട്ടുകാർ പോകുന്ന ഒച്ചകൾ, നിലയ്ക്കാത്ത മഴ...

പുലർച്ചെ ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് മഴ നിന്നു. വീട്ടുമുറ്റത്തേക്ക് കയറാൻ കാത്തിരുന്ന വെള്ളം താണു തുടങ്ങി. നേരിയ ആശ്വാസം തോന്നിത്തുടങ്ങുംമുമ്പെ, വീടുകളിൽ കയറിയ വെള്ളമൊഴിഞ്ഞു തുടങ്ങുംമുമ്പെ, സുഭാഷേട്ടൻ മരിച്ചെന്ന വിവരമെത്തി. വഴി നീളെയുള്ള തടസങ്ങളിൽ കുടുങ്ങി മൃതദേഹം എപ്പോഴെത്തുമെന്ന ആശങ്ക വെള്ളത്തിനേക്കാളും മുകളിലുയർന്നു നിന്നു. പിന്നീട് നടന്നതൊക്കെയും ആർക്കും ഓർക്കാൻ കൂടിയിഷ്ടമല്ല. ശനിയാഴ്ച വെള്ളം കുറച്ചു കൂടി താഴ്ന്നു. സുഭാഷേട്ടന്റെ സംസ്കാരം നടന്നു. വീട് വൃത്തിയാക്കലുകൾ തുടങ്ങി, നാട്ടുകാർ ഒന്നായി. വയനാട്ടിൽ തുടരുന്ന റെഡ് അലർട്ട് പിന്നേയും പിന്നേയും ഭയപ്പെടുത്തി. മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടൽ എല്ലാവരേയും പേടിയുടെ അങ്ങേത്തലക്കലെത്തിച്ചു. എല്ലാവരും നിർജീവരായി. ഡിപ്രഷനിലേക്കെത്തുന്ന മാനസികാവസ്ഥയിലായി ഞാൻ. ഞാൻ മാത്രമല്ല, ഞങ്ങളെല്ലാവരും. മടുപ്പ്, ഭയം, നിസ്സഹായത, അനിശ്ചിതത്വം. ഇങ്ങനെയിരുന്നാൽ പറ്റില്ലെന്ന തിരിച്ചറിവ് ഇടയ്ക്കിടെയുണ്ടാകുന്നത് മാത്രമായിരുന്നു, ബോധമുണ്ട് എന്നതിന് തെളിവ്. നേരെ അടുത്തുള്ള ക്യാംപിൽ എത്തി. അവശ്യസാധനങ്ങളുടെ ദൗർലഭ്യം അവിടെ ദൃശ്യമായിരുന്നു. കൈയ്യിലുണ്ടായിരുന്ന പൈസയ്ക്ക് മുഴുവൻ സാധനങ്ങൾ വാങ്ങി നൽകി. കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് കലക്ഷൻ സെന്ററുകൾ സജീവമല്ലായിരുന്നു. പക്ഷെ കൈയ്മെയ് മറന്ന് വൊളന്റിയർമാർ ഓടി നടന്നു. ഫേസ്ബുക്കിൽ നോക്കുമ്പോഴും വിഭവ സമാഹരണ വാർത്തകൾ അധികമൊന്നും കാണുന്നില്ല. അതിനിടയിലാണ് തിരുവനന്തപുരം കലക്ടറുടെ ഫേസ്ബുക്ക് ലൈവ് പ്രത്യക്ഷ പ്പെടുന്നത്. ഒരു വർഷത്തിനിപ്പുറം മനുഷ്യർക്ക് ഇങ്ങനെയാകാൻ സാധിക്കുമോയെന്നോർത്ത് അന്തം വിട്ടു നിൽക്കാൻ സമയമില്ലായിരുന്നു. മഴത്തണുപ്പിൽ നിന്ന് രക്ഷപെടുത്താൻ നൈറ്റിക്കുള്ളിലേക്ക് കുഞ്ഞു വാവയെ മുറുകെ ചേർക്കുന്ന ഒരു ചേച്ചിയായിരുന്നു, ഒരു തോർത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ച് തണുപ്പകറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു അമ്മമ്മയായിരുന്നു മനസിൽ. പറ്റാവുന്നയത്രയും പേരോട് സഹായങ്ങൾ വേണമെന്ന് പറഞ്ഞു. എന്നെ അമ്പരപ്പിച്ചു കൊണ്ട് കൂട്ടുകാർ അവരെക്കൊണ്ടാകുന്ന സഹായങ്ങളെത്തിച്ചു തുടങ്ങി. പുതപ്പുകളും സ്വെറ്ററുകളും അവശ്യവസ്തുക്കളും വാങ്ങി വീണ്ടും ക്യാംപിലെത്തി, ഏൽപ്പിച്ചു. പുതപ്പ് കിട്ടിയപ്പോൾ ആ അമ്മമ്മയുടെ മുഖത്ത് കണ്ട ചിരിയാണ് ഞാനീ വർഷം കണ്ട ഏറ്റവും മനോഹരമായ കാഴ്ച.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: ‘കപട ഉള്‍ക്കരുത്ത് നേടി അതിജീവിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല’, മലയാളികളോട് പ്രമുഖ മന:ശാസ്ത്രജ്ഞന്‍ ഡോ. സി.കെ ജോണിന് പറയാനുള്ളത്

Next Story

Related Stories