UPDATES

വിശകലനം

കുളം കലക്കി പ്രചരണം; കേരളം വിധിയുമെഴുതി; ഇനി ചങ്കിടിപ്പിന്റെ ഒരു മാസം

അഞ്ചു വര്‍ഷം കേന്ദ്രത്തിൽ ഭരണം നടത്തിയ നരേന്ദ്ര മോദിയും സംഘവും തന്നെയാണ് തുടക്കത്തിൽ തന്നെ പ്രചാരണത്തിന്റെ അജണ്ട നിർണയിച്ചത്

കെ എ ആന്റണി

കെ എ ആന്റണി

മുൻപെങ്ങുമില്ലാത്തവിധം മതവും വിശ്വാസവും വർഗീയതയും വ്യക്തിഹത്യയും ഒക്കെ നിറഞ്ഞു നിന്ന അത്യന്തം വിഷലിപ്തവും പ്രചണ്ഡവുമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ കേരളം വിധിയെഴുതി. ആ വിധിയെഴുത്ത്‌ ആർക്ക് അനുകൂലമെന്നറിയാൻ പക്ഷെ ഇനിയും ഒരു മാസം കൂടി കാത്തിരിക്കുക തന്നെ വേണം. അതുവരെ സ്ഥാനാര്‍ഥികളുടെയും മുന്നണി നേതാക്കളുടെയും ചങ്കിടിപ്പ് അവസാനിക്കില്ലെന്നുറപ്പ്.

രാവിലെ മുതൽ രേഖപ്പെടുത്തപ്പെട്ട കനത്ത പോളിങ് എല്ലാവരുടെയും പ്രതീക്ഷകൾക്ക് ചിറകു നല്‍കുന്നു എന്നതിനുള്ള തെളിവായി വേണം മുന്നണി നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതികരണങ്ങളെ കാണാൻ. എന്നാൽ പോളിങ്ങിനുശേഷം അടുത്ത രണ്ടു ദിവസങ്ങളിലെ കൂട്ടലും കിഴിക്കലും കൂടി കഴിയുമ്പോൾ ഒരു ഏകദേശ ചിത്രം ഏതാണ്ട് വ്യക്തമാകും. പക്ഷെ അപ്പോഴും അടിയൊഴുക്കുകൾ, പ്രത്യേകിച്ചും ശബരിമല വിഷയവും അതിലേറെ ഭീകരതയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ നടത്തിയ ചില പരാമർശങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ടേക്കാവുന്ന അടിയൊഴുക്കുകളും എത്ര ശക്തമായിരുന്നുവെന്നും അത് ആർക്കു അനുകൂലമാണെന്നതും അറിയാൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും.

അഞ്ചു വര്‍ഷം കേന്ദ്രത്തിൽ ഭരണം നടത്തിയ നരേന്ദ്ര മോദിയും സംഘവും തന്നെയാണ് തുടക്കത്തിൽ തന്നെ പ്രചാരണത്തിന്റെ അജണ്ട നിർണയിച്ചത്. തന്റെ സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങൾ വോട്ടായി മാറില്ലെന്ന കണക്കുകൂട്ടൽ തന്നെയായിരുന്നു കാരണം. പുൽവാമയിലെ ഭീകരാക്രമണത്തിലേക്കും അതേ തുടർന്ന് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയും ഉയർത്തിക്കാട്ടി രാജ്യസുരക്ഷ ഉറപ്പുവരുത്താൻ തനിക്കുമാത്രമേ കഴിയൂ എന്ന വാദമാണ് മോദി ഉയർത്തിയത്. അതോടൊപ്പം തന്നെ കേരളത്തിലെ ശബരിമല, ബംഗാളിലെ ദുർഗാപൂജ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് വിശ്വാസ – ആചാരങ്ങൾ സംരക്ഷിക്കപ്പെടേണമെങ്കിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന വാദവും മോദി അടക്കമുള്ള നേതാക്കൾ മുന്നോട്ടുവെച്ചു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ തങ്ങൾ ബിജെപിക്ക് ഒരു പടി കൂടി മുന്നിലാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു കോൺഗ്രസ്സും യുഡിഎഫും എന്നതിനാൽ കേരളത്തിന്റെ വികസനം ഒരു പ്രധാന ചർച്ചയായില്ല.

ഇതുമാത്രമല്ല, മൂന്നു വർഷത്തെ ഇടതു സർക്കാരിന്റെ ഭരണത്തെ വിലയിരുത്തുന്നതിന് ബിജെപിയെ പോലെ തന്നെ കോൺഗ്രസും യുഡിഎഫും ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണ് അളവുകോലാക്കിയത്. തന്മൂലം രാഹുൽ ഗാന്ധിയുടെ വരവോടെ മോദി – രാഹുൽ പോരാട്ടം എന്ന നിലയിലേക്ക് കേരളത്തിലെ പ്രചാരണത്തെ വളർത്തിയെടുക്കുന്നതിലും അവർ പരാജയപ്പെട്ടു.

മൂന്നുവർഷത്തെ ഭരണ നേട്ടങ്ങൾ നിരത്തിയും കേന്ദ്രത്തിലെ മോദി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റു നിലപാടുകൾ നിരത്തിയും തങ്ങളാണ് യഥാർത്ഥ ന്യൂനപക്ഷ സംരക്ഷകർ എന്ന വാദം ഉയർത്തിയും വോട്ടു തേടാനിറങ്ങിയ ഇടതു മുന്നണിക്കും ഒടുവിൽ സ്വയം പ്രതിരോധം തീർക്കേണ്ട അവസ്ഥയും വന്നുചേർന്നു. അപ്പോഴും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഇപ്പോഴും തുടരുന്ന കാലുമാറ്റം, ഒരു വലിയ പരിധിവരെ കേന്ദ്രത്തില്‍ ഒരു മോദി വിരുദ്ധ സർക്കാർ അധികാരത്തിൽ വരുന്നതിന് എൽഡിഎഫ് എത്രകണ്ട് ഉപകരിക്കും എന്ന് സ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് തന്നെ വേണം കരുതാൻ.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവും സഹോദരനുവേണ്ടി പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിൽ പ്രചാരണത്തിന് ഇറങ്ങിയതും രാഹുലിനെതിരെ പ്രചാരണത്തിനെത്തുമെന്നു പറഞ്ഞിരുന്ന അമേഠിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളി സ്‌മൃതി ഇറാനിയുടെ അവസാന മണിക്കൂറിലെ പിൻവാങ്ങലും മാത്രമല്ല, കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയതും കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അപമാനിക്കുന്ന തരത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസംഗിച്ചതും വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജനെ കൊലയാളിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ലഘുലേഖകളും പോസ്റ്ററുകളും ഒക്കെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഹൈലൈറ്റുകളിൽ ചിലതായിരുന്നു. കൂട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് അരങ്ങേറിയ ചില സംഭവങ്ങളും ചേർത്താൽ എല്ലാംകൊണ്ടും സംഭവബഹുലം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് കാലം എന്ന് പറയേണ്ടിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ചീറ്റിപ്പോയത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കും കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയ്ക്കും പരിക്കേറ്റെന്ന് പ്രചരിപ്പിക്കപ്പെട്ട കല്ലേറായിരുന്നു.

ഒളിക്യാമറയിൽ കുടുങ്ങിയ എം.കെ രാഘവനെതിരെയും ശ്രീമതി ടീച്ചറെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് കെ. സുധാകരനെതിരെയും കേസ്സെടുത്തപ്പോൾ രമ്യ ഹരിദാസിന്റെ കേസിൽ വിജയരാഘവനെതിരെയുള്ള നടപടി ഇലക്ഷൻ കമ്മീഷന്റെ ശാസനയിൽ മാത്രം ഒതുങ്ങി. ഒളിക്യാമറ കേസ് സിപിഎം കെട്ടിച്ചമച്ച ഒന്നാണെന്നാണ് രാഘവന്റെ വാദം. ഇതിനെതിരെ കോഴിക്കോട്ടെ വോട്ടർമാർ വിധിയെഴുതും എന്നും അദ്ദേഹം പറയുന്നു. ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത് സിപിഎം അല്ലെന്ന കാര്യം പകൽപോലെ വ്യക്തമാണെങ്കിലും രാഘവൻ കോഴ വാങ്ങി എന്നതിന് വ്യക്തമായ തെളിവില്ലാത്തതിനാൽ രാഘവന് അനുകൂലമായ ഒരു സഹതാപ തരംഗം കോഴിക്കോട് ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല. അതെന്തായാലും ഈ വിഷയത്തിൽ വോട്ടർമാർ എങ്ങനെ പ്രതികരിച്ചുവെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കേണ്ടി വരും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍