TopTop

മോദി 2.0-ന്റെ കാലത്ത് കേരളത്തിലെ മുസ്ലിങ്ങൾക്കുണ്ടാവേണ്ട തിരിച്ചറിവുകള്‍

മോദി 2.0-ന്റെ കാലത്ത് കേരളത്തിലെ മുസ്ലിങ്ങൾക്കുണ്ടാവേണ്ട തിരിച്ചറിവുകള്‍
മുസ്ലിങ്ങൾ എന്നൊരു ജനവിഭാഗത്തിന് ഈ മണ്ണിൽ മറ്റുള്ളവരെ പോലെ അവകാശങ്ങളുണ്ടെന്ന അടിസ്ഥാന സങ്കൽപം തന്നെ ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്, ആഗോള തലത്തിലും ഇന്ത്യയിലും. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നടമാടുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും വംശീയ വിദ്വേഷങ്ങളും ഭീകരമാംവിധം കൂടുകയാണ്. നരേന്ദ്ര മോദി സർക്കാർ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ വംശീയത അതിന്റെ എല്ലാ അധികാരത്തോടെയും പ്രയോഗവത്ക്കരിക്കപ്പെടുമെന്ന ഭീതിയുണ്ട്. ഇതിനെ മുസ്ലിം സമുദായം എങ്ങനെ നേരിടണമെന്നത് ഗഹന ചിന്ത അർഹിക്കുന്ന കാര്യമാണ്. സമുദായത്തിന് ഏറ്റവുമധികം വിഭവ ശേഷിയും അധികാരവുമുള്ള കേരളത്തിൽ നിന്നാണ് ഇതിന് തുടക്കമിടേണ്ടതും.

ഈയവസരത്തിലും എന്താണ് മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളെന്നോ ആരെയാണ് പ്രതിരോധിക്കേണ്ടതെന്നോ അറിയാതെ അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയാണ് സമുദായം. സഹസ്രാബ്ദങ്ങളെ അതിജീവിച്ച ചൂഷണ വ്യവസ്ഥിതിയായ സവർണ രാഷ്ട്രീയമാണ് ഇന്ത്യൻ മുസ്ലിം നേരിടേണ്ടത്. ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള ബ്രാഹ്മണിസത്തിന്റെ വേഷപ്പകർച്ച അത്ഭുതാവഹമാണ്. ജനാധിപത്യത്തിന്റെതായ എല്ലാ സാധ്യതകളിലും ആധിപത്യം സ്ഥാപിച്ച് അതുപയോഗിച്ചാണ് ബ്രാഹ്മണിസം അതിന്റെ അജണ്ടകൾ നടപ്പിലാക്കുന്നത്. ചാണക ശാസ്ത്രവും വൻ വിഡ്ഡിത്തങ്ങളും തള്ളി വിടുന്നവർ തന്നെയാണ് അഡോബി ഫോട്ടോഷോപ്, വാട്ട്സ്ആപ് എന്നീ രണ്ട് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഇന്ത്യൻ പൊതുബോധം പിടിച്ചടക്കിയത്. ഏറ്റവും പ്രാകൃത ഗോത്ര സ്വഭാവം പേറുന്ന ഗോ രക്ഷാ ഗുണ്ടകളും ആധുനിക സൗകര്യങ്ങളുടെ ഏറ്റവും എഫിഷ്യന്റായ ഉപയോഗം നടത്തുന്ന ബിജെപി ഐ ടി സെല്ലും എങ്ങനെ പരസ്പരപൂരകങ്ങളാവുന്നു എന്ന് മനസ്സിലാക്കാതെ ഈ പ്രതിഭാസത്തെ വിലയിരുത്താനാവില്ല.

സവർണ രാഷ്ട്രീയത്തിന്റെ ഏറ്റവും അടിസ്ഥാനം അതിന്റെ അസമത്വമാണ്. മനുഷ്യനെ വ്യത്യസ്ത തട്ടുകളിലാക്കി കൊടിയ വിവേചനത്തിനും അക്രമത്തിനും പാത്രമാക്കുന്ന ഹിംസാത്മക പ്രത്യയശാസ്ത്രമാണത്. അതിൽ ജന്മം കൊണ്ട് തന്നെ ചിലർക്ക് മഹത്വമാർജിക്കാനും വേറെ ചിലർക്ക് അധമരാവാനും പറ്റും. ഇതിന് കടകവിരുദ്ധമാണ് ഇസ്ലാമിന്റെ സമീപനം. പരിധിയും പരിമിതികളും ബാധകമല്ലാത്ത അല്ലാഹുവിന്റെ മുമ്പിൽ ഇതെല്ലാം ബാധകമായ മനുഷ്യരെല്ലാം സമൻമാരും തുല്യരുമാണെന്നത് അതിന്റെ അടിസ്ഥാന തത്വമായ 'തൌഹീദ്' അഥവാ ഏക ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട സങ്കൽപമാണ്. അതിൽ ജൻമം കൊണ്ടല്ല, കർമം കൊണ്ടേ ശ്രേഷ്ഠത കൈവരിക്കാനാവൂ.

സവർണ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയെന്ന് പറയുമ്പോൾ അതിന്റെ അസമത്വത്തിലൂന്നിയ ലോക വീക്ഷണത്തിന് ബദൽ വെക്കുകയാണ് വേണ്ടത്. ആ ബദൽ സമത്വത്തിലൂന്നിയ ലോക വീക്ഷണമാണ്. ജനാധിപത്യവും ഇസ്ലാമും യോജിക്കുന്ന ഏറ്റവും വലിയ പോയന്റും ഇതാണ്. ലോകത്തെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയായി പലപ്പോഴും കരുതപ്പെടുന്ന പ്രവാചകൻ മുഹമ്മദും ഇതര മതസ്ഥരും ചേർന്നുണ്ടാക്കിയ കരാറിൽ എല്ലാ കൂട്ടരേയും ചേർത്ത് 'ഉമ്മത്ത്' എന്ന ഒറ്റപ്പദം കൊണ്ട് വിശേഷിപ്പിച്ചതും ഖുർആനിലുടനീളം 'ആദം സന്തതികളേ' എന്ന് സംബോധന ചെയ്യുന്നതുമൊക്കെ ഈ ലോക വീക്ഷണത്തിന്റെ ഭാഗമാണ്.

സ്വത്വ രാഷ്ട്രീയമെന്നാൽ കേവലം ഉപരിപ്ലവമായ ചിഹ്നങ്ങളും അടയാളങ്ങളും ഉയർത്തിപ്പിടിക്കുന്നത് മാത്രമാണെന്ന വികലവും അപകടകരവുമായ ധാരണ ഇന്ന് മുസ്ലിം സമുദായത്തിൽ വേരോടിക്കഴിഞ്ഞു. ഇതിനെ പൊളിച്ചെഴുതേണ്ടതുണ്ട്. മുസ്ലിം സ്വത്വമെന്നാൽ ഈ ചിഹ്നങ്ങളും അടയാളങ്ങളും മാത്രമല്ല. അതിലപ്പുറം ഇസ്ലാമും ഖുർആനും മുന്നോട്ട് വെക്കുന്നതും പ്രവാചകൻ കാണിച്ചു തന്നതുമായ ചില അടിസ്ഥാന മൂല്യങ്ങളും ആശയങ്ങളുമാണ്. സമത്വം, സ്നേഹം, കാരുണ്യം എല്ലാം അതിൽ പരമ പ്രധാനമാണ്.

ഈ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ ലോക വീക്ഷണമാണ് സവർണ രാഷ്ട്രീയത്തേയും അതിന്റെ കറ കളഞ്ഞ പ്രായോഗിക ഉദാഹരണമായ സംഘ്പരിവാറിനേയും നേരിടാനുള്ള ഏറ്റവും വലിയ ആയുധം. ഇവിടെ രണ്ടു കാര്യം വളരെ പ്രസക്തമാണ്. ഒന്നാമതായി ഈ ലോകവീക്ഷണം മുസ്ലീങ്ങൾ സ്വീകരിച്ചിട്ടുണ്ടോ അഥവാ സമുദായത്തിനകത്ത് നടപ്പിലാക്കിയിട്ടുണ്ടോ എന്നതാണ്. രണ്ടാമത്തെ കാര്യം ഇത് പൊതു സമൂഹത്തിന് പരിചയപ്പെടുത്താനുള്ള പ്രായോഗിക ശേഷി അവരാർജിച്ചിട്ടുണ്ടോ എന്നതാണ്. ഇത് രണ്ടും സാധ്യമാകാത്തിടത്തോളം സംഘ്പരിവാറിനെതിരായ അവരുടെ പോരാട്ടം വിജയിക്കാൻ പോവുന്നില്ല. സംഘ്പരിവാറിനേക്കാൾ 'ഭേദം' എന്നത് കൊണ്ട് മാത്രം ആ പോരാട്ടം വിജയിക്കുമെന്ന് കരുതുന്നതാണ് ഏറ്റവും വലിയ വിഡ്ഡിത്തം.

സമത്വത്തിന്റെ ഏറ്റവും വലിയ പ്രയോഗവത്ക്കരണമാണ് പ്രാതിനിധ്യം. മുസ്ലിങ്ങൾ നിരന്തരം അതിനാവശ്യപ്പെടുമ്പോഴും സമുദായത്തിനകത്തെ സ്ഥിതി പരമ ദയനീയമാണെന്ന് കാണാം. മുസ്ലിം സമുദായ സംഘടനകളിലും സ്ഥാപനങ്ങളിലും സമത്വത്തിലധിഷ്ഠിതമായ പ്രാതിനിധ്യമോ അതുറപ്പ് വരുത്തുന്ന ജനാധിപത്യമോ ഇല്ലെന്നതാണ് വസ്തുത. അപവാദങ്ങൾ അപവാദങ്ങൾ മാത്രമായി തുടരുന്നു. സമുദായത്തിലെ 50 ശതമാനം വരുന്ന സ്ത്രീകൾ വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലുമെല്ലാം കഴിവ് തെളിയിക്കുന്നുണ്ടെങ്കിലും സംഘടനാ / സ്ഥാപന നേതൃത്വങ്ങളിൽ പ്രാതിനിധ്യം പരമ ദയനീയമാണ്. കേരളത്തിലെ നൂറു കണക്കിനായ പള്ളികളെ നിയന്ത്രിക്കുന്ന കമ്മിറ്റികളിൽ പെണ്ണുങ്ങളുടെ സാന്നിധ്യം രണ്ടു മൂന്നെണ്ണത്തിൽ ഒതുങ്ങുന്നു. 70 ശതമാനം പെൺകുട്ടികൾ പഠിക്കുന്ന എംഇഎസ് കോളേജുകളെ നിയന്ത്രിക്കുന്ന എംഇഎസിന്റെ സംസ്ഥാന കമ്മിറ്റിയിൽ ഒറ്റ പെണ്ണുമില്ല. ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ സംഘടനയായ മുസ്ലിം ലീഗിന്റെ കാര്യമായിരിക്കും ഏറ്റവും ദയനീയം. ജനാധിപത്യവും സുതാര്യതയും ഇല്ലാത്ത ഫ്യൂഡൽ, പൌരോഹിത്യ ഘടനയിലാണ് സംഘടനകളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പുകൾ കൂടുതലും. സാമ്പത്തിക അസമത്വമാണെങ്കിൽ സമുദായത്തിനകത്ത് ഭീകരമായി വർദ്ധിക്കുന്നു. യഥാർത്ഥത്തിൽ അതല്ല ഏറ്റവും വലിയ പ്രശ്നം. ഈ അതി സമ്പന്നർ ഒരു പടി കൂടി കടന്ന് സമുദായ സംഘടനകളേയും സ്ഥാപനങ്ങളേയും വലിയ തോതിൽ വിലക്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അവരുടെ കയ്യേറ്റങ്ങളോ മോദി സ്തുതിയോ സമുദായത്തിനകത്ത് ചർച്ച പോലുമാവുന്നില്ല. സംഘടനകൾക്കിടയിലെ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ പോലും ഈ അതിസമ്പന്നരുടെ തീർപ്പുകൾക്ക് വിധേയമാവുന്ന പ്രവണത കൂടി വരുന്നു. അഴിമതിയും അനിസ്ലാമിക രീതിയും ഉപയോഗിച്ച് കോടികൾ കൊയ്യുന്ന ഇവർ അതിലൊരു ചെറിയ വിഹിതം 'ജീവ കാരുണ്യ' പ്രവർത്തനങ്ങൾക്കും 'സംഭാവനകൾ'ക്കും നീക്കി വെച്ച് തന്ത്രപരമായി സമുദായത്തെ വിലക്കെടുക്കുന്നു. ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ നല്ല കാലങ്ങളിലെല്ലാം അതിനെ നയിച്ചിരുന്ന ബൌദ്ധിക നേതൃത്വത്തിന്റെ മികവ് കാണാം. അതിസമ്പന്നർ നിയന്ത്രിച്ച ഒരു നല്ല കാലം ഒരിക്കലുമതിന് ഉണ്ടായിട്ടില്ല. സംഘ്പരിവാറിന്റെ കോർപറേറ്റ്വത്ക്കരണത്തെ എതിർക്കുന്ന സമുദായത്തിനകത്ത് കോർപറേറ്റ്വത്ക്കരണം ഭീകരമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഈ കാപട്യങ്ങളും ഇരട്ടത്താപ്പുകളും മറച്ച് വെച്ച് സംഘ്പരിവാറിനെതിരിൽ ഇതേ മുദ്രാവാക്യങ്ങളുയർത്തുമ്പോൾ അത് ചീറ്റിപ്പോവുന്നത് സ്വാഭാവികം മാത്രമാണ്.

സമുദായത്തിന് പുറത്താണെങ്കിൽ ഇതിലേറെ വെല്ലുവിളികളാണ് മുസ്ലിം സമുദായം നേരിടുന്നത്. ഈ രാജ്യത്തിന്റെ ഘടനാപരമായ ഒരു തലത്തിലും അവരുടെ പ്രാധാന്യം വേണ്ട രീതിയിൽ ഇല്ല. മാധ്യമ രംഗം, ജുഡീഷ്യറി, ബ്യൂറോക്രസി തുടങ്ങിയ മേഖലകളിലെല്ലാം സംഘ്പരിവാർ വലിയ തോതിൽ ആധിപത്യം നേടുമ്പോൾ മുസ്ലിം സമുദായം തീർത്തും നാമമാത്രമായ പ്രാതിനിധ്യവും പങ്കാളിത്തവുമായി കഴിയുന്നു. അവരുടെ പ്രശ്നങ്ങൾ സത്യസന്ധമായോ നീതിപൂർവ്വകമായോ അവതരിപ്പിക്കപ്പെടാതെ പോവുകയും പലപ്പോഴും അങ്ങേയറ്റം പ്രതികൂലമായ ഭാഷ്യം സ്വീകാര്യത നേടുകയും ചെയ്യുന്നത് ഇതിന്റെ ബാക്കി പത്രം. ഈ മേഖലകളിലെല്ലാം അവർ പുറന്തള്ളപ്പെട്ട് പോയതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. അതേ സമയം ഇന്ന് മനസ്സ് വെച്ചാൽ കേരളത്തിലെങ്കിലും അതിൽ മാറ്റം കൊണ്ട് വരാനുള്ള വിഭവശേഷി സമുദായത്തിനുണ്ട്. അത് മനസ്സിലാക്കി പ്രവർത്തിക്കുന്നതിനനുസരിച്ചായിരിക്കും സംഘ്പരിവാറിനെതിരായ മുസ്ലിങ്ങളുടെ പ്രതിരോധത്തിന്റെ ഭാവി.

സമുദായത്തിനകത്തും പുറത്തും കറകളഞ്ഞ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയവും ലോകവീക്ഷണവും അവതരിപ്പിക്കാനും അതിന്റെ വക്താക്കളായി മാറാനും മുസ്ലിങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. അവരുടെ സംഘടനകളും സ്ഥാപനങ്ങളും സമത്വമെന്ന ആശയം അടിസ്ഥാനമാക്കി ജനാധിപത്യവും സുതാര്യതയും കർശനമായി പാലിക്കുന്ന പ്രവർത്തന ശൈലിയിലേക്ക് മാറേണ്ടതുണ്ട്. അതിന് ഈ സംഘടനകളുടെയും കൂട്ടായ്മകളുടേയും ശൈലിയിൽ ഉടച്ചു മാർക്കൽ അനിവാര്യമാണ്. പ്രവാചകൻ ഒരാശയവും വെറുതെ പറയുകയായിരുന്നില്ല ചെയ്തത്, അത് നടപ്പിൽ വരുത്തി മാതൃക കാണിക്കുകയായിരുന്നു. സ്വന്തം വ്യക്തിജീവിതത്തിനകത്തും സമുദായത്തിനകത്തും നടപ്പിലാക്കാത്ത ഒരു കാര്യവും നബി മറ്റുള്ളവരോട് ആവശ്യപ്പെട്ടിട്ടുമില്ലായിരുന്നു.

സമുദായം അതിന്റെ വിഭവശേഷി ഉപയോഗിക്കുന്നതിൽ വലിയ തോതിലുള്ള പുനർവിചിന്തനം അനിവാര്യമാണ്. സമുദായം ഏറെ ശ്രദ്ധയൂന്നിയ പല ഘടകങ്ങളും ഇന്ന് തീർത്തും അപ്രസക്തമോ കാലഹരണപ്പെട്ടതോ ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഗൾഫ് കുടിയേറ്റം ഒരു കാലത്ത് പട്ടിണി മാറ്റാൻ അനിവാര്യമായിരുന്നു എന്നത് വാസ്തവം. ചെറിയ രീതിയിലെങ്കിലും 'ലവൽ പ്ലേയിംഗ് ഫീൽഡ്' ഒരുക്കി സവർണർ കയ്യടക്കി വെച്ച ചില മേഖലകളിലെങ്കിലും കടന്ന് ചെല്ലാൻ സമുദായത്തെ പ്രാപ്തമാക്കിയതും ഗൾഫ് പണമാണ് എന്നതും ശരി. പക്ഷേ ഇന്നത്തെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തിൽ ഗൾഫ് കുടിയേറ്റം സമുദായം ശക്തമായി നിരുത്സാഹപ്പെടുത്തേണ്ടതാണ്. പകരം നാട്ടിലെ വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്ക് ഊന്നൽ നൽകണം. ഗൾഫ് പണത്തിൽ നിന്ന് ലഭിച്ച വിഭവശേഷി ഗുണപരമായി തിരിച്ചു വിടുന്നതിലെ പരാജയം കൂടിയാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണം. ഈ മണ്ണ് പൂർണമായും തങ്ങളുടേത് കൂടിയാണെന്ന അവകാശ ബോധവും അതിനെ ചോദ്യം ചെയ്യുമ്പോൾ പ്രതിരോധമൊരുക്കേണ്ടത് ഇതേ മണ്ണിലുള്ള ബ്യൂറോക്രസിയും ജുഡീഷ്യറിയും മാധ്യമങ്ങളും ഉപയോഗിച്ചാവണമെന്നും ഉള്ള തിരിച്ചറിവ് പരമപ്രധാനമാണ്.

Also Read: ‘വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല’, ‘എന്റെ കൂട്’ രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്

ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളിലും മുസ്ലിങ്ങൾ അടക്കമുള്ള അവർണരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനുതകുന്ന പ്രായോഗിക നടപടികൾ ആവിഷ്കരിക്കണം. ഇന്ന് കേരളത്തിലെ ഏറ്റവും പ്രബലമായൊരു സമുദായമാണ് മുസ്ലിങ്ങൾ. ജനസംഖ്യയുടെ 27 ശതമാനം വരുന്ന അവർ ഏറ്റവും സമ്പന്നമായ ഒരു വിഭാഗം കൂടിയാണ്. രാഷ്ട്രീയ മേഖലയിലും അവർ നിർണായക സ്വാധീനം ചെലുത്തുന്നു. ശരാശരി മുപ്പതിൽ അധികം എംഎൽഎമാരും 2 മുതൽ 6 വരെ മന്ത്രി സ്ഥാനങ്ങളും അവർക്ക് ലഭിക്കുന്നു. ഇതിൽ ഭൂരിഭാഗവും മുസ്ലിം സാമുദായിക രാഷ്ട്രീയം പറയുന്ന പാർട്ടിയിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്. പള്ളികൾ തൊട്ട് മെഡിക്കൽ കോളേജുകൾ വരെയുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങളും നൂറു കണക്കിന് കോടി രൂപയുടെ ആസ്തിയും നിയന്ത്രിക്കുന്ന സാമുദായിക സംഘടനകൾ കേരളത്തിൽ സജീവ സാന്നിധ്യമറിയിക്കുന്നു. വിവിധ തുറകളിൽ ഇത്ര ശക്തമായ സ്വാധീന ശേഷിയുള്ള ഒരു സമുദായം വേറെ ചില മേഖലകളിൽ തീർത്തും പിന്നോക്കമായിപ്പോവുന്നു എന്നത് പരിശോധിക്കണം. ബ്യൂറോക്രസിയിലും സിവിൽ സർവീസിലും ജുഡീഷ്യറിയാലും മാധ്യമരംഗത്തും ഇപ്പോഴും ദയനീയ പ്രാതിനിധ്യം തുടരുന്നത് വിലയിരുത്തണം.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഉന്നത ഉദ്യോഗ തസ്തികകളിലെ മുസ്ലിം പ്രാതിനിധ്യം 10.3 ശതമാനവും താഴ്ന്ന തസ്തികകളിലെ പ്രാതിനിധ്യം 10.4 ശതമാനവും മാത്രമാണ്. അതായത് ജനസംഖ്യാ പ്രാതിനിധ്യത്തിന്റെ പകുതിയിലും എത്രയോ താഴെയാണെന്നർത്ഥം. കേരളത്തിലെ തന്നെ സിവിൽ സർവീസ് മേഖലയിലെ ഏറ്റവും പുതിയ കണക്ക് എടുക്കുകയാണെങ്കിൽ നിലവിൽ 5 ശതമാനം പോലുമില്ല മുസ്ലിം പ്രാതിനിധ്യം. കേരള മുസ്ലിങ്ങളേക്കാൾ സാമ്പത്തിക, രാഷ്ട്രീയ ശേഷി കുറഞ്ഞ പല സംസ്ഥാനങ്ങളിലും ഇതിനേക്കാൾ എത്രയോ ഭേദമാണെന്നതാണ് മറ്റൊരു കാര്യം. ഇതോടൊപ്പം പരിഗണിക്കേണ്ട വസ്തുതയാണ് കടുത്ത മത്സരമുള്ള മെഡിക്കൽ പ്രവേശന രംഗത്ത് മുസ്ലിങ്ങൾ അടുത്ത കാലത്തായി കൈവരിച്ച വമ്പിച്ച നേട്ടങ്ങൾ. സിവിൽ സർവീസിലും ജുഡീഷ്യറിയിലുമെല്ലാം പ്രാതിനിധ്യം കുറയാൻ കാരണം കഴിവില്ലായ്മയല്ല, താത്പര്യവും മാർഗ്ഗോപദേശവും ഇല്ലാത്തതാണെന്ന് ചുരുക്കം.

തീർച്ചയായും ചരിത്രപരമായ ഒരുപാട് കാരണങ്ങൾ അതിനുണ്ട്. പക്ഷേ ആ കാരണങ്ങളിൽ പലതും ഇന്നില്ല, അല്ലെങ്കിൽ പലതിനേയും മറികടക്കാനുള്ള ശേഷി സമുദായം ആർജിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ആ ശേഷി ഉപയോഗപ്പെടുത്താനുള്ള മനസ്സും രാഷ്ട്രീയ ബോധവുമാണ് വേണ്ടത്.

മുഖ്യധാരാ മാധ്യമ രംഗത്ത് മുസ്ലിം, ദളിത് പ്രാതിനിധ്യം കുറവാണ്. സവർണ സ്വാധീനം ഏറ്റവും ശക്തവുമാണ് ഈ മേഖലയിൽ, മാധ്യമവും മീഡിയാ വണ്ണും പോലുള്ള ശ്രദ്ധേയമായ അപവാദങ്ങൾ ഉണ്ടെങ്കിലും. പക്ഷേ സോഷ്യൽ മീഡിയയിൽ ഇതല്ല സ്ഥിതി. മുസ്ലിം, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്നു. സംവരണം പോലുള്ള വിഷയങ്ങളിലെ സോഷ്യൽ മീഡിയാ ചർച്ചകളിൽ ഇക്കാര്യം വളരെ പ്രകടമാണ്. മുഖ്യധാരാ മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ മറികടക്കാൻ സോഷ്യൽ മീഡിയയിലെ മുസ്ലിം, ദളിത്, അവർണ ഇടപെടലുകൾ സഹായിച്ചിട്ടുണ്ടെന്നത് ഈ മേഖല നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാവും. വമ്പിച്ച മൂലധന ശേഷി ഉണ്ടായിട്ടും എന്തുകൊണ്ട് മുഖ്യധാരാ മാധ്യമ രംഗത്ത് ഈ സ്വാധീനം ഇല്ലാതെ പോവുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്.

പറഞ്ഞു വരുന്നത് മുസ്ലിം സമുദായത്തിന്റെ ചിന്തകളിലും അതിന്റെ ഫലമായി രൂപപ്പെട്ട് വരുന്ന മുൻഗണനാ ക്രമങ്ങളിലും അടിസ്ഥാനപരമായ ചില മാറ്റങ്ങൾ അനിവാര്യമാണെന്നാണ്. സമുദായത്തിന്റെ ചർച്ചകളും ചിന്തയും തിരിച്ചുവിടാനായി ബോധപൂർവ്വം പടച്ചു വിടുന്ന വൈകാരിക വിഷയങ്ങളെ അവഗണിക്കാൻ പഠിക്കണം. മുത്വലാഖും ബഹുഭാര്യത്തവും വഴി ഒരാളും രക്ഷപ്പെട്ടതായി അറിവില്ല, കഷ്ടപ്പെട്ട കഥകളേ ഉള്ളൂ. ഈ 'അവകാശങ്ങൾക്കായി' പോരാടുന്നതിന്റെ പകുതി ഊർജം സംവരണ അട്ടിമറികൾക്കും ഉന്നത സർവ്വകലാശാലകളിലെ സീറ്റ് നിഷേധത്തിനുമെതിരെ ചിലവഴിച്ചാൽ മുസ്ലിം, ദളിത് വിഭാഗങ്ങളിൽ പെട്ട ഒരുപാട് പേർ രക്ഷപ്പെടും. പ്രവാചക നിന്ദയെയും മതനിന്ദയെയുമൊക്കെ പ്രവാചകന്റെ അതേ ശൈലിയിൽ അവഗണിക്കാൻ പഠിച്ചാൽ മനസ്സമാധാനം മാത്രമല്ല, പ്രവാചകനെ പോലെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് സമയവും കിട്ടും. ആയിരത്തിലൊരുത്തന് പോലീസിൽ താടി വെക്കാൻ വേണ്ടി പോരാടുന്ന സമയം കൊണ്ട് പത്ത് പേരെ ഐപിഎസ്സുകാരാക്കാൻ നോക്കിയാൽ സെൻകുമാർമാരുടെ വിഷത്തിന്റെ തോതെങ്കിലും കുറയ്ക്കാം. ഖുർആനും പ്രവാചക മാതൃകയ്ക്കും നാട്ടിലെ നിയമത്തിനും എതിരായ രീതിയിൽ കൂട്ട ബാങ്ക് വിളിച്ച് ശബ്ദമലിനീകരണം കൂട്ടുന്നതും ജനങ്ങളെ വെറുപ്പിക്കുന്നതുമെല്ലാമാണ് ന്യൂനപക്ഷാവകാശമെന്ന് വരുത്തുന്നത് സംഘ്പരിവാറിന്റെ മാത്രം ആവശ്യമാണെന്ന് തിരിച്ചറിയണം.

സർക്കാർ സർവീസിൽ പ്രാതിനിധ്യം എന്നത് അവകാശവും അനിവാര്യതയുമായി കാണാനുള്ള രാഷ്ട്രീയ ബോധം കാണിക്കണം. സംവരണം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നടപടികളും പ്രചാരണങ്ങളും സജീവമാവുകയാണ്. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രതിരോധ നടപടികൾ ആവിഷ്കരിക്കാനും പോരാട്ടങ്ങൾ ആസൂത്രണം ചെയ്യാനും സമുദായ സംഘടനകൾക്ക് സാധിക്കണം. സോഷ്യൽ മീഡിയയിൽ സംവരണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. മുസ്ലിങ്ങൾ, ദളിതർ, ഇതര മതേതര വിശ്വാസികൾ തുടങ്ങി വലിയൊരു വിഭാഗം ശക്തമായ വാദങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾക്ക് ഒരിക്കലും സാധിക്കാതിരുന്ന കാര്യമാണ് സോഷ്യൽ മീഡിയ വഴി അവസരം കിട്ടിയപ്പോൾ ഇവർ ചെയ്യുന്നത്. ഇതിന്റെ തുടർ നടപടികൾ ഏറ്റെടുക്കേണ്ട ബാധ്യത മുസ്ലിം സംഘടനകളുടേത് കൂടിയാണ്. ക്രിയാത്മകമായ ഇടപെടലിലൂടെ മുസ്ലിം മനസ്സിന്റെ മുൻഗണനാ ക്രമം മാറ്റാനും മുസ്ലിം, ദളിത് പ്രാതിനിധ്യങ്ങൾ വർദ്ധിക്കുന്ന രീതിയിലേക്ക് എത്തിക്കാനും കഴിയണം. ഇന്നുള്ള പിടിവള്ളികൾ പലതും നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ അടിയന്തിര പ്രാധാന്യത്തോടെ ഇതേറ്റെടുക്കുകയാണ് വേണ്ടത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എണ്ണത്തിൽ വളരെ കുറവായ കാലത്ത് തുടങ്ങിയ മുസ്ലിം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്നത്തെ പ്രസക്തി പുനർവിചിന്തനം അർഹിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗം കുട്ടികൾ മാത്രം പഠിക്കുന്ന വിശാലമല്ലാത്ത ലോക വീക്ഷണം പേറുന്ന ഒരു തലമുറയെ പടച്ചു വിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി വമ്പിച്ച വിഭവശേഷി തുലയ്ക്കുന്നതിന് പകരം തങ്ങളുടെ കൂടി നികുതി പണം ചിലവഴിച്ചുള്ള പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾക്ക് ശക്തി പകരാൻ നോക്കണം. മദ്രസ വിദ്യാഭ്യാസവും കാലികമായ മാറ്റം ആവശ്യപ്പെടുന്ന ഒന്നാണ്.

ഇപ്പറഞ്ഞതിന്റെ അർത്ഥം പ്രതീകാത്മക സമരങ്ങൾക്കോ മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കോ പ്രസക്തിയില്ലെന്നല്ല. തീർച്ചയായും ഭരണഘടന അനുവദിക്കുന്ന ഏറ്റവും ചെറിയ അവകാശങ്ങൾക്ക് വേണ്ടി പോലും പോരാടണം. പക്ഷേ ഒരു സമുദായത്തിന്റെ ചിന്തയും ഊർജവും ചിലവഴിക്കപ്പെടുന്നത് എന്തിനാണെന്ന ഓഡിറ്റിംഗ് വേണം. കാലത്തിന്റേതായ സവിശേഷതകളും സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും ഉൾക്കൊള്ളണം. അങ്ങനെയാവുമ്പോഴേ സമുദായത്തിന്റെ വമ്പിച്ച വിഭവശേഷിയുടെ ഉപയോഗം കാര്യക്ഷമമാവുകയുള്ളൂ.

എന്തെന്ന് പോലും പ്രഖ്യാപിക്കപ്പെടാത്ത ഏക സിവിൽ കോഡിനെതിരെ ഉണ്ടായ ഐക്യത്തിന്റെ പത്തിലൊന്നെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലുണ്ടാവണം. അവകാശങ്ങളെക്കുറിച്ച് വാചാലരാവുമ്പോൾ ഉത്തരവാദിത്തത്തെക്കുറിച്ചും അൽപം ആലോചനയാവാം. സമസ്ത മേഖലകളിലും പ്രാതിനിധ്യം ആവശ്യപ്പെടുമ്പോൾ സമുദായത്തിനകത്ത് സമാന അവകാശങ്ങളും പ്രാതിനിധ്യവും സ്ത്രീകൾക്ക് നൽകാൻ ശ്രമിക്കാം.. മുസ്ലിം-ദളിത് ഐക്യം ചർച്ച ചെയ്യുമ്പോൾ സമുദായത്തിന്റെ കയ്യിലുള്ള സ്ഥാപനങ്ങളിലെ ദളിത് പ്രാതിനിധ്യത്തെ കുറിച്ചും ചർച്ചയാവാം.

കേരള മുസ്ലിങ്ങളുടെ ചരിത്രത്തിൽ നിർണായക ഘടകമായിരുന്നു മുസ്ലിം സംഘടനകളുടെ ഇടപെടലുകൾ. ഒരു പാട് വിമർശനങ്ങൾ സാധൂകരിക്കപ്പെടുമ്പോഴും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസ സങ്കൽപങ്ങളെ വ്യാഖ്യാനിക്കാനും ജനാധിപത്യത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിലും അവർ വഹിച്ച പങ്ക് ഗുണപരമായിരുന്നു. നിർഭാഗ്യവശാൽ ഇതിന് വേണ്ട രീതിയിലുള്ള തുടർച്ചയില്ലാതാവുകയും സമുദായത്തിന്റെ മുൻഗണനാക്രമത്തിൽ അപകടകരമായ മാറ്റങ്ങൾ ദൃശ്യമാവുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലുടനീളം നിരീക്ഷിക്കാവുന്ന ഒരു കാര്യം അടിച്ചമർത്തലിനും പാർശ്വവത്ക്കരണത്തിനും വിധേയമായപ്പോഴെല്ലാം തീവ്ര, ജീർണ ആശയങ്ങൾക്ക് കിട്ടിയ സ്വീകാര്യതയാണ്. അതുകൊണ്ട് തീവ്ര, ജീർണ ആശയങ്ങളെ നേരിടുകയെന്ന് പറയുമ്പോൾ ഈ പാർശ്വവത്ക്കരണവും അരക്ഷിതത്വ ബോധവും ഇല്ലായ്മ ചെയ്യൽ കൂടിയാണ്.

ഇന്ന് മുസ്ലിം സമുദായം അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോൾ സമുദായത്തിനകത്തെ ജനാധിപത്യം ശക്തിപ്പെടുത്താനും പുറത്തെ ജനാധിപത്യ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും അവരെ പ്രാപ്തരാക്കണം. അകത്തും പുറത്തുമായി നടക്കേണ്ട ഈ ജനാധിപത്യ പ്രതിരോധത്തിനും പോരാട്ടത്തിനും സമുദായത്തെ സജ്ജമാക്കിയാൽ കേരളത്തിലെ മുസ്ലിം സമുദായം മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിങ്ങൾക്ക് മാത്രമല്ല ഇതര സമുദായങ്ങൾക്ക് വരെ മാതൃകയാവാൻ പറ്റും. ദേശീയ തലത്തിൽ 60 ശതമാനത്തോളം ഹിന്ദുക്കൾ ബിജെപി സഖ്യത്തിന് വോട്ട് ചെയ്തപ്പോൾ കേരളത്തിൽ അതിന്റെ പകുതി പോലും പിന്തുണച്ചിട്ടില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ മുസ്ലിങ്ങൾ പതിറ്റാണ്ടുകളായി ജീവിച്ചു കാണിച്ച ജൈവിക ഇസ്ലാമിനും അതിലൊരു പങ്കുണ്ട്. ആ ജൈവികത കൂടുതൽ സജീവമാക്കാനുള്ള ശ്രമം മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുകയും വേണം. ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ വഴിയേ കേരള മുസ്ലിങ്ങൾക്കും പോവേണ്ടി വരും. ഇതിനെല്ലാം അടിസ്ഥാനമാവേണ്ടത് കാലികമായി തങ്ങളുടെ മതപ്രമാണങ്ങളേയും വിശ്വാസ രീതികളെയും പുനർവായിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളാണ്. മറ്റൊരുപാട് പുനർവിചിന്തനങ്ങളും ഗുണപരമായ രാഷ്ട്രീയ നീക്കങ്ങളും സമുദായം നടത്തുമ്പോഴും അവഗണിക്കപ്പെടുന്നതും സുപ്രധാനമായ ഈയൊരു വശം തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Azhimukham Special: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

Next Story

Related Stories