TopTop
Begin typing your search above and press return to search.

'നീതിയില്ലെങ്കില്‍ നീ തീയാവുക' എന്നതില്‍ സവര്‍ണ സ്ത്രീ ഇരട്ടത്താപ്പിന്റെ കേരള മാതൃകകള്‍

നീതിയില്ലെങ്കില്‍ നീ തീയാവുക എന്നതില്‍ സവര്‍ണ സ്ത്രീ ഇരട്ടത്താപ്പിന്റെ കേരള മാതൃകകള്‍

അതായത് ഉത്തമാ... ഈ അമേരിക്കൻ മൂന്നാംകിട കച്ചവട സിനിമകളിലെ പോലെ കരാട്ടെയും കാണിച്ചു ടോം ക്രൂസിനെ വെല്ലുവിളിച്ചു കൊണ്ട് വെടിവെപ്പും സ്റ്റണ്ടുകളും നടത്തുന്ന സ്ത്രീകൾക്ക് മാത്രമല്ല ധൈര്യവും പോരാട്ടവും ഒക്കെ അറിയാവുന്നത്. ഭക്തിയുള്ള, മതാചാരങ്ങൾ പാലിച്ച് പർദ്ദയും കന്യാസ്ത്രീ വസ്‌ത്രവും ഒക്കെ ഇട്ട്, നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 'അടിച്ചമർത്തപ്പെട്ട സ്ത്രീകള്‍', അവർക്കു നല്ല ഭേഷായി നീതിക്കും ന്യായത്തിനും വേണ്ടി പോരാടാനും, ഏതറ്റം വരെ പോകാനും കഴിവുണ്ട്. അതിന് അവരെ നയിക്കുന്നതിൽ ഒരു പ്രധാന പങ്ക് അവരുടെയുള്ളിലെ വിശ്യ്വാസം കൂടിയാണ്. അതായത് വിശ്വസിക്കുന്ന ശക്തി നീതിക്കൊപ്പം ആയിരിക്കും എന്നുള്ള, ഭക്തി നൽകുന്ന വിശ്വാസം.

നേരത്തെ പറഞ്ഞ മാതിരി അമേരിക്കൻ സിനിമകളും അത് കണ്ടു കോപ്പിയടിച്ചു നിര്‍മിക്കുന്ന ഇന്ത്യൻ സിനിമകളും കാണിക്കുന്ന, ബൈക്ക് ഓടിക്കുന്ന- 'ജീൻസും ഹൈ ഹീൽസും ഇട്ടു പയ്യന്മാരെ ട്യൂൺ ചെയ്യുന്ന' - സ്ത്രീകൾക്ക് മാത്രമല്ല പോരാട്ടവും പ്രതിഷേധവും ഒക്കെ അറിയാവുന്നത്. സ്ത്രീകളിലെ ഒരു വിഭാഗം എന്നല്ലാതെ സമൂഹത്തിലെ പലതരം സ്ത്രീകളെയും അവരുടെ ജീവിതത്തെയും അവർ പ്രതിനിധാനം ചെയ്യുന്നുമില്ല.

സിനിമകളിൽ കാണിക്കുന്ന സ്ത്രീ സങ്കൽപ്പങ്ങളെ തകർത്തെറിയുന്ന കഥാപാത്രങ്ങളോടല്ല, അത്തരം കഥാപാത്രങ്ങൾ, ന്യൂയോർക്കിലും ഡൽഹിയിലും മറ്റു നഗരങ്ങളിലും താമസിക്കുന്ന, വെളുത്ത, സമ്പത്തുള്ള സ്ത്രീകൾ മാത്രമാകുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. കന്യാസ്ത്രീകളിൽ വരെ നിങ്ങളുടെ മുൻധാരണകൾ തിരുത്തി എഴുതുന്നവർ ഉണ്ടെങ്കിൽ ഇത്രയും കാലം തൊഴിലാളികളെയും പാവപ്പെട്ടവരെയും മർദ്ദിത വിഭാഗത്തിൽ പെടുത്തി സഹതാപം കാംഷിക്കുന്നവരായി ചിത്രീകരിച്ച സ്ത്രീകളിൽ നിങ്ങൾ ഇപ്പറഞ്ഞതുപോലത്തെ സ്ത്രീകൾ അനേകമനേകം കണുകില്ലേ? ഉറപ്പായും. സമാധാനകാംക്ഷിയെന്നും എല്ലാം സഹിക്കുന്നവളെന്നുമുള്ള പുരാതന സ്ത്രീ സങ്കൽപ്പങ്ങളെ തകർത്തെറിയുവാൻ കഴിയുന്നത് ചില പ്രത്യേക സ്ത്രീകൾക്ക് മാത്രമല്ല എന്നര്‍ത്ഥം.

ഇനി, തോക്കിന്റെ മാവോയിസ്റ്റ് ബന്ധം

നീതി ലഭിച്ചില്ലെങ്കിൽ നീ 'തീ'യാവുക എന്ന സങ്കൽപ്പത്തിൽ നിങ്ങളുടെ ചിന്തകളിൽ വരുന്ന സ്ത്രീകൾ ആരാണ്? നീതിക്കു വേണ്ടി തീയാകാൻ പറഞ്ഞു തോക്കേന്തിയ പതിനായിരക്കണക്കിന് ആദിവാസി സ്ത്രീകൾ ഉള്ള നാട്ടിൽ അവരുടെ പോരാട്ടങ്ങളെ മാവോയിസ്റ്റ് എന്ന് ചാപ്പകുത്തി കൊന്നു തള്ളുമ്പോൾ, നിർദാക്ഷിണ്യം അടിച്ചമർത്തുമ്പോൾ നിങ്ങൾ #METOOURBANNAXAL ടാഗ് ഇട്ടു രസിക്കുകയായിരുന്നു. നീതിക്കു വേണ്ടി കാട്ടു തീയായി ജ്വലിച്ചുയർന്ന ഫൂലൻ ദേവിമാരുടെ നാട്ടിൽ എത്ര ഫൂലൻ ദേവിമാരെ നിങ്ങൾ പഠിക്കുകയും, വായിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്? ഭരണഘടനയിലും നിയമ വ്യവസ്ഥിതിയിലും വിശ്വാസമർപ്പിച്ചു കൊണ്ട് പോരാടുന്ന സ്ത്രീകളെ തോക്കേന്തിയ വയലൻസുമായി കൂട്ടിച്ചേർത്തു കാണുന്നത് സങ്കല്പങ്ങളിലെ പോരാടുന്ന സ്ത്രീ അത് മാത്രം ആയതു കൊണ്ടാണ്.

ഐഷ പോറ്റി, സി.കെ ആശ, ഇ.എസ് ബിജിമോൾ, ഗീത ഗോപി, മേഴ്‌സിക്കുട്ടിയമ്മ, പ്രതിഭ യു, ശൈലജ ടീച്ചർ, വീണ ജോർജ് തുടങ്ങിയവർ നമ്മുടെ ബഹുമാനപ്പെട്ട എംഎൽഎമാരാണ്. വിപ്ലവ പാർട്ടികളിലെ ടിക്കറ്റ് വഴി ഉയർന്നു വന്ന സ്ത്രീ നേതാക്കൾ. ഇവർ കൂടാതെയാണ് രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക രംഗത്ത് മുന്നേറിയ, ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്ന, കഴിവുള്ള സ്ത്രീകൾ. ആക്ടിവിസ്റ്റുകളിലെ ഇടതുപക്ഷ, തീവ്ര ഇടതുപക്ഷ വിഭാഗം വേറെ. ഫെമിനിസം ക്ലാസ്സുകളിലും സ്ത്രീ പോരാട്ടങ്ങളിലും മൂവ്മെന്റുകളിലും എന്നും മുൻപന്തിയിൽ നിന്ന് ക്ലാസ്സുകളും പ്രഭാഷണ പരമ്പരകളും ചാനൽ ചർച്ചകളും മറ്റും നയിക്കുന്നവർ ഇവരാണ്. നമ്മുടെ സമൂഹത്തിലെ ദളിത് - മുസ്ലിം - മുക്കുവ സ്ത്രീകളുൾപ്പടെ വരുന്ന എല്ലാ വിഭാഗം സ്ത്രീകളെയും പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുന്നവർ. സ്വന്തം നേതാക്കളിൽ ഒരു പുരുഷന് നേരെ ലൈംഗിക പീഡന ആരോപണം ഉണ്ടായിട്ട് അത് ഇത്രയും കാലം പോലീസിൽ അന്വേഷണത്തിന് നൽകാത്തതിലോ, ആ സ്ത്രീക്ക് പിന്തുണയായി മാർച്ചുകളും മീറ്റിങ്ങുകളും പത്രസമ്മേളനങ്ങളും, എന്തിന്, ഒരു വാക്ക് പോലും പറയാൻ ഇവരിൽ മിക്ക സ്ത്രീകൾക്കും ഇപ്പോഴും സാധിച്ചിട്ടില്ല. ആരോപണ വിധേയനു കൂട്ടായി നിൽക്കുന്ന മറ്റു പുരുഷ സഹപ്രവർത്തകരെ ഇവർ ദിലീപിനെ പിന്തുണച്ച മോഹൻലാലിനെ പോലെയല്ലാതെ വളരെപ്പെട്ടെന്ന് നീതിയുടെ കാവൽക്കാരായി കാണുന്ന അത്ഭുത പ്രതിഭാസമാണ് കണ്ടുവരുന്നത്. അന്നദാതാവായ സ്വന്തം സഭയ്ക്കും സഭാ നേതൃത്വത്തിനും ബിഷപ്പിനും എതിരെ വിശ്വാസം മുറുകെ പിടിച്ച് ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി സമരം ചെയ്യുന്ന ഈ കന്യാസ്ത്രീകൾ ഈ 'നേതാക്കൾ'ക്ക് ഹാദിയയ്ക്ക് ശേഷം ലഭിച്ച മറ്റൊരു പ്രഹരമാണ്.

ഏറ്റവുമധികം വേദികളും അവസരങ്ങളും അധികാരവും ലഭിച്ച നിങ്ങൾ പുലർത്തി വരുന്ന മൗനം സഹായിക്കുന്നത് നിങ്ങളുടെ സമുദായങ്ങളിലെയും സംഘടനകളിലെയും പുരുഷന്മാരെയാണ്. അത് വഴി ലഭിക്കുന്ന അധികാരം അവർ കടല കൊറിക്കാനല്ല ഉപയോഗിക്കുന്നത്. തങ്ങളെ എതിർക്കുന്ന മറ്റു സമുദായങ്ങളിലെയും സംഘടനകളിലെയും പുരുഷന്മാരെ അടിച്ചമർത്തുന്നതിനും കൊലപ്പെടുത്തുന്നതിനും വേണ്ടിയാണ്. ഇന്നാട്ടിലെ ജയിലുകളിൽ ഒരു തെറ്റും ചെയ്യാതെ ശിക്ഷയനുഭവിക്കുന്ന കൊല്ലപ്പെട്ട മുസ്ലിം - ദളിത് -ആദിവാസി വിഭാഗങ്ങളിലെ ജനങ്ങളുടെ ചോരയ്ക്ക് നിങ്ങളുടെ പുരുഷന്മാരുടെ പീഡനങ്ങൾക്ക് നേരെ പോലും മൗനം അവലംബിക്കുന്ന നിങ്ങളും ഉത്തരവാദികളാണ്.

സവർണ സ്ത്രീ എന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന മൂലധനം തന്നെയാണ് ഇനിയും പാർട്ടി വിളിച്ചാൽ പോകും എന്ന് പറയുന്ന സഖാവ് സി.കെ ജാനുവിന്, ജീവിതത്തിൽ ലഭിക്കേണ്ടിയിരുന്ന അധികാരം ലഭിക്കാത്തതിനും നിങ്ങളിൽ പലർക്കും എളുപ്പത്തിൽ ലഭിക്കുന്നതിനും കാരണം. എല്ലാ സ്ത്രീകളുടെയും മുഖമാണെന്ന് അവകാശപ്പെടുന്ന നിങ്ങൾ യഥാർത്ഥത്തിൽ ഏറ്റവുമധികം അടിച്ചമർത്തപ്പെട്ട സ്ത്രീ വിഭാഗമാണ്. ഇനിയുള്ള ചാനൽ ചർച്ചകളിലും പുസ്തകമെഴുത്തിലും പ്രസംഗങ്ങളിലും മാർച്ചുകളിലും നിങ്ങൾ തന്നെ മുന്നിൽ വരും. കാരണം, അങ്ങനെയാവേണ്ടത് നിങ്ങളെക്കാളുപരി നിങ്ങളുടെ പുരുഷന്മാരുടെ ആവശ്യമാണ്. എന്ത് നീതികേടു കാണിച്ചാലും നിങ്ങൾ പിന്തുണയ്ക്കുന്ന നിങ്ങളുടെ പുരുഷന്മാരുടെ. തങ്ങളെ എതിർക്കുന്ന പുരുഷന്മാരെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനും കൊലപ്പെടുത്താനുമൊക്കെ നിങ്ങളുടെ ഈ പിന്തുണയും മറ്റുള്ളവർക്ക് വേണ്ടിയുള്ള ഫെമിനിസം ക്ലാസ്സുകളും അവർക്ക് ആവശ്യമാണ്; അധികാരം നിലനിർത്താൻ.

ദളിത് - മുസ്ലിം - ആദിവാസി - മുക്കുവ- ഒബിസി സ്ത്രീകളുടെ മീറ്റിംഗുകളിലും അവരെ സംബന്ധിക്കുന്ന കാര്യങ്ങളിലും അവർ നയിക്കുന്ന മുന്നേറ്റങ്ങളിലും തങ്ങൾക്കും കൂൾ ആയി നേതാക്കൾ ആകാമെന്നും പത്തു പേരുൾപ്പെടുന്ന സംഘത്തിൽ അവരിൽ രണ്ടു പേരെ എടുത്താൽ മതിയെന്നുമൊക്കെ നിങ്ങൾ ചിന്തിക്കുമ്പോൾ പ്രതിഷേധം മുൻപെന്നത്തേക്കാളും അധികരിക്കുക തന്നെ ചെയ്യും. കാരണം വ്യക്തിപരമായി നിങ്ങൾ എന്ത് നീതികേടിനും പിന്തുണയ്ക്കുന്ന പുരുഷ വിഭാഗം, എതിർ ചേരിയിൽ നിർത്തുന്ന, അധികാരമില്ലാത്ത, വളഞ്ഞിട്ട് ആക്രമിച്ചും കൊലപ്പെടുത്തിയും ഇല്ലായ്മ ചെയ്തും ഭ്രഷ്ട് കൽപിച്ചും തകർക്കുന്നവരില്‍ എതിർ ചേരിയിൽ പെട്ട പുരുഷനുമുണ്ട്. നിങ്ങളുടെ മൗനം ഇരട്ടത്താപ്പ് എന്നതിനുമപ്പുറം തന്റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കും എന്ന തിരിച്ചറിവുള്ള പുരുഷനു വേണ്ടിയാണ്.

Also Read: കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

പി.ശശി എംഎൽഎക്കെതിരെ കേരള രാഷ്ട്രീയത്തിലെ അധികാരം കയ്യാളുന്ന സ്ത്രീകൾ പോലും ഒരു വാക്ക് പോലും ഉരിയാടാനാകാതെ നിലകൊള്ളുമ്പോൾ മധുവിന്റെയും അഭിമന്യുവിന്റെയും കെവിന്റെയും വിനായകന്റെയും ശ്രീജിത്തിന്റെയും ഓഖിയിൽ പുരുഷന്മാരെ നഷ്ടപെട്ടവരുടെയും കോളനികളിൽ അധിവസിക്കുന്നവരുടെയും ഭക്ഷണം കഴിച്ചതിന് കൊല്ലപ്പെടുന്ന മുസ്ലിം കുടുംബത്തിലെയും സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതിൽ നിന്ന് അവർ അയോഗ്യരാവുകയാണ്. തങ്ങളുടെ നേരെ ഉയരുന്ന ആരോപണങ്ങൾക്ക് നിയമത്തിന്റെ സഹായം തേടാതെ കമ്മിറ്റി കൂടി റിപ്പോർട്ട് തയ്യാറാക്കാം എന്ന വാദഗതികൾക്ക് നേരെ മൗനം ആചരിക്കുന്നതിനോടൊപ്പം ആ കമ്മിറ്റികളിലും അംഗമാകുന്ന വിചിത്രമായ ആചാരങ്ങൾ പാലിക്കുന്നവരാണ് നിങ്ങൾ. ഇരയോടൊപ്പം നിൽക്കുക എന്ന സാമാന്യ മര്യാദ പോലും തങ്ങളുടെ മൗനത്താൽ തച്ചുടക്കുന്നവർ. നിങ്ങളുടെ ഈ മൗനം ലൈംഗികാതിക്രമ കേസുകളിൽ ആരോപണ വിധേയനായ പുരുഷന് നൽകുന്ന സമയത്തെ പറ്റി ഏറ്റവുമധികം ബോധമുള്ളവരാണ് നിങ്ങൾ. പണവും സ്വാധീനവും പത്തേക്കറു മുതൽ കോടിക്കണക്കിനു രൂപ വരെ ചിലവഴിക്കാൻ ശേഷിയുള്ള നിങ്ങളുടെ പുരുഷ കേസരികളെ സംരക്ഷിക്കുക വഴി നിങ്ങൾ മറ്റു സ്ത്രീകൾക്ക് ഉത്തമ മാതൃകകൾ ആകുകയാണ്; എന്താകരുത് എന്നുള്ള ഉത്തമ മാതൃക.

നിങ്ങളുടെ ഈ ഇരട്ടത്താപ്പുകൾ പൊതുജനത്തിന് ആവുവോളം കണ്ടു രസിക്കാം എന്നുള്ളതാണ് സോഷ്യൽ മീഡിയയും മറ്റുമുള്ള ഈ ഡിജിറ്റൽ യുഗം നൽകുന്ന ഗുണം. സ്വന്തം സ്ത്രീകളുടെ കൂടെ ചേർന്ന് ആക്രമിക്കാനും ഒറ്റപ്പെടുത്താനും വരുന്ന നിങ്ങളുടെ പുരുഷന്മാരുടെ തനിനിറം മനസ്സിലാക്കാനും അത്തരം അവസരങ്ങളിൽ പോലും നിങ്ങൾ അവരെ സംരക്ഷിക്കുന്ന രീതികൾ കാണാനും അറിയാനും സോഷ്യൽ മീഡിയ നൽകുന്ന അവസരങ്ങൾ അനന്തമാണ്. ഹാദിയായും കന്യാസ്ത്രീകളും ദളിത് - ബഹുജൻ സ്ത്രീകളും നയിക്കുന്ന പോരാട്ടങ്ങൾ സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ അനിവാര്യമായ ഒരു പൊളിച്ചെഴുത്തലിനു നേരെയാണ് വിരൽ ചൂണ്ടുന്നത്. മർദ്ദിത ജന വിഭാഗങ്ങളുടെ അധികാരത്തിനായുള്ള പോരാട്ടത്തിൽ നിങ്ങളുടെ ഈ ഇരട്ടത്താപ്പുകൾ അവർക്ക് കൂടുതൽ പ്രചോദനം നൽകും എന്നുള്ളതിൽ സംശയമൊന്നുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-protesting-nun-against-bishop-and-patriarchy-making-history-in-women-movement-writes-kr-dhanya/


Next Story

Related Stories