TopTop

താടിയും മുടിയും നീട്ടിയ ഒരാള്‍ക്ക് കേരളത്തിലൂടെ ബൈക്കോടിച്ചു പോകാമോ? പറ്റില്ലെന്നാണ് ശ്യാം ബാലകൃഷ്ണനോട് കേരള പോലീസ് പറഞ്ഞത്, മാവോയിസ്റ്റ് ആണത്രേ!

താടിയും മുടിയും നീട്ടിയ ഒരാള്‍ക്ക് കേരളത്തിലൂടെ ബൈക്കോടിച്ചു പോകാമോ? പറ്റില്ലെന്നാണ് ശ്യാം ബാലകൃഷ്ണനോട് കേരള പോലീസ് പറഞ്ഞത്, മാവോയിസ്റ്റ് ആണത്രേ!
താടിയും മുടിയും നീട്ടി വളർത്തിയ ഒരു യുവാവിന് കേരളത്തിലെ ഏതെങ്കിലും ഗ്രാമങ്ങളിലൂടെ ആരെയും ഭയപ്പെടാതെ ഒറ്റയ്ക്ക് ബൈക്കോടിച്ചു പോകാൻ ആകുമോ എന്നൊരു ചോദ്യത്തിന്റെ ഉത്തരമാണ് ശ്യാം ബാലകൃഷ്ണൻ. വഴിയിൽ കാണുന്ന പോലീസുകാർക്ക് അത്തരമൊരാൾ മാവോയിസ്ററ് ആണെന്ന് സംശയം തോന്നാം. അയാളെ പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോയി വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്താം. അന്യായ തടങ്കലിൽ വയ്ക്കാം. പിറ്റേന്ന് പുലരും വരെ അയാളുടെ വീട്ടിൽ റെയ്ഡ് നടത്താം. അയാളുടെ ജീവിത പങ്കാളിയേയും വീട്ടിൽ വന്ന ആളുകളെയും ഏറ്റവും അവഹേളനപരമായി ചോദ്യം ചെയ്യാം. മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത് അവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫയലുകൾ മുഴുവൻ തുറന്നു കാണിക്കാൻ ആവശ്യപ്പെടാം. അങ്ങനെയുള്ള ഫയലുകളിൽ ഒന്നിൽ അരുന്ധതി റോയിയുടെ ലേഖനവും മറ്റൊന്നിൽ രാജ്യത്തെ വർധിച്ചുവരുന്ന കർഷക ആത്മഹത്യകളുടെ വിവരങ്ങളും കണ്ടാൽ നീ മാവോയിസ്റ്റു തന്നെയല്ലേടാ എന്ന് ചോദിക്കാം. അല്ലെങ്കിലെന്തിനാടാ കർഷക ആത്മഹത്യകളിൽ നിനക്ക് ഇത്ര താത്പര്യം എന്ന് ആക്രോശിക്കാം.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഇങ്ങനെയൊക്കെ ചെയ്യുന്നത് പോലീസിന്റെ തികച്ചും ന്യായമായ അവകാശങ്ങളായി കാണുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ. പോലീസിന് ആരുടെ മേലും മെക്കിട്ടു കേറാനുള്ള അവകാശം സംരക്ഷിക്കാനാണ് 2015 മെയ് 22 മുതൽ പോയ വാരം വരെ കേരളസർക്കാർ ഹൈക്കോടതിയിൽ കടുത്ത ഒരു നിയമ പോരാട്ടം നടത്തിയത്.

ഒരു മുൻ ഹൈക്കോടതി ജഡ്ജിയുടെ മകനും പൂർണമായ അർത്ഥത്തിൽ അഹിംസാവാദിയും ഏകലോക സർവകലാശാല എന്നൊരു സങ്കല്പവുമായി വയനാടൻ കുന്നുകൾ കയറി അവിടെ ജൈവകൃഷിയും വായനയും ചെറിയ തോതിലുള്ള സാമൂഹിക ഇടപെടലുകളുമായി കഴിഞ്ഞിരുന്ന ആളുമായ ശ്യാം ബാലകൃഷ്ണനെ മാവോയിസ്റ്റ് എന്ന് പറഞ്ഞാക്ഷേപിച്ച് പോലീസ് പിടിച്ചു കൊണ്ടുപോയതിലെ ഭരണവർഗ ധാർഷ്ട്യവും വ്യക്തിയുടെ മൗലികാവകാശങ്ങളിൽ അധികാരസ്ഥാപനങ്ങൾ നടത്തുന്ന കൈകടത്തലും ബോധ്യപ്പെട്ടാണ് ജഡ്ജി എ മുഹമ്മദ് മുഷ്താഖ് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ശ്യാം ചോദിച്ചതും ഒരു ലക്ഷം രൂപയായിരുന്നു. അതിൽ കൂടുതൽ അദ്ദേഹത്തിന് ചോദിക്കാമായിരുന്നു എന്നും സർക്കാരിന്റെ പണം അടിച്ചു മാറ്റൽ അല്ല ലക്‌ഷ്യം എന്നതുകൊണ്ടാണ് ശ്യാം അങ്ങനെ ചെയ്യാഞ്ഞത് എന്നും വിധിയിൽ സിംഗിൾ ജഡ്ജി എടുത്തു പറഞ്ഞിരുന്നു. നഷ്ടപരിഹാരമായി കൂടുതൽ പണം ചോദിക്കാന്‍ ശ്യാമിന് മുന്നിൽ വഴികൾ ഇനിയും അടഞ്ഞിട്ടില്ലെന്നും കോടതി ഓർമിപ്പിച്ചിരുന്നു.

എന്നാൽ ആ മര്യാദയൊന്നും ലോക്നാഥ് ബെഹ്റയുടെ പോലീസിന്റെ മനുഷ്യ വിരുദ്ധതകൾക്ക് ചൂട്ടു പിടിക്കുന്ന പിണറായി വിജയൻ സർക്കാരിന് ഉണ്ടായിരുന്നില്ല. വിധിക്കെതിരെ കടുത്ത നിയമ പോരാട്ടം തന്നെ നടത്തി.

Also Read: ബലാത്സംഗ ഇരകളോട് കേരളം ചെയ്യുന്നത്; നഷ്ടപരിഹാര കുടിശിക 2 കോടി, പുതിയ കേസുകളില്‍ വിധിയായത് 1 കോടി, ബജറ്റില്‍ അനുവദിച്ചത് 3000 രൂപ

പറയാൻ പോലീസിനുണ്ടായിരുന്ന ന്യായം ഇതായിരുന്നു: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ പറ്റില്ല. ശ്യാമിനെ പിടിച്ചത് പോലീസല്ല. അയാളെ മാവോയിസ്റ്റായി സംശയിച്ചതും പിടിച്ചു വച്ചതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും വയനാട്ടിൽ നിറവിൽപുഴയിലെ നാട്ടുകാരാണ്. നാട്ടുകാരിൽ നിന്ന് അയാളെ രക്ഷിച്ചു സുരക്ഷിതനായി വീട്ടിൽ എത്തിക്കുകയാണ് തങ്ങൾ ചെയ്തത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ശ്യാമിന് കൊടുത്താൽ പോലീസിന്റെ മനോവീര്യം തകരും. രണ്ടു മാസത്തിനകം കൊടുത്തു തീർക്കേണ്ട നഷ്ടപരിഹാരം നാളിതുവരെ വൈകിപ്പിച്ചാണ് സർക്കാർ അപ്പീൽ യുദ്ധം നടത്തിയത്.

അറസ്റ്റോ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കലോ ഉണ്ടായിട്ടില്ല എന്നും അതിനാൽ തന്നെ നഷ്ടപരിഹാരം കൊടുക്കില്ലെന്നുമുള്ള സർക്കാരിന്റെ വാദമാണ് ഈ മാസം എട്ടാം തീയതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജഡ്ജി എ കെ ജയശങ്കരൻ നമ്പ്യാരും ചേർന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. അന്യായമായി ശ്യാമിനെ കസ്റ്റഡിയിൽ എടുത്തു എന്നത് കോടതിക്ക് ബോധ്യപ്പെട്ടു. നഷ്ടപരിഹാരം ഉടൻ കൊടുക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

തുടർച്ചയായ കസ്റ്റഡി മരണങ്ങളുടെ വിവാദങ്ങൾക്കിടയിൽ തലയൂരാനാകാതെ വിഷമിക്കുന്ന സർക്കാർ ഈ വിഷയത്തിൽ ഇനി സുപ്രീം കോടതിയിൽ അപ്പീൽ പോകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിധിച്ച തുക അടിയന്തരമായി ഇരയ്ക്കു നൽകാനുള്ള നടപടികളും ഉണ്ടായിട്ടില്ല. സർക്കാർ കാര്യം മുറപോലെ എന്നുള്ള മട്ടിലുള്ള താമസമാണോ അതോ പോലീസിന്റെ വീര്യം കാക്കാൻ അപ്പീൽ പോകാനുള്ള തയ്യാറെടുപ്പാണോ എന്നറിയില്ല.

എന്തായാലൂം സംഗതി സംസ്ഥാന സർക്കാരിനും പോലീസിനും അങ്ങേയറ്റം ലജ്ജാകരമാണ്. പോലീസ് വാഴ്ചകളെയും അവർ പറയുന്ന നുണകളെയും അവരുടെ അമിതാധികാര താത്പര്യങ്ങളെയും സംരക്ഷിക്കുകയും മറുവശത്തു പൗരൻ പറയുന്നത് അവിശ്വസിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ഇവിടെ അനുവർത്തിക്കുന്നത്.

മാവോയിസ്റ്റോ മാവോവാദികളുടെ വീക്ഷണങ്ങളോട് അനുഭവമുള്ള ആളോ അല്ല ശ്യാം ബാലകൃഷ്ണൻ. താടിയും മുടിയും നീട്ടി വളർത്തി എന്നതൊരു കുറ്റം ആണെങ്കിൽ അത് മാത്രമാണ് അയാളുടെ കുറ്റം. മാവോയിസത്തിലോ മറ്റേതെങ്കിലും ആശയസംഹിതയിലോ വിശ്വസിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരാൾ കുറ്റം ചെയ്യുന്നില്ല എന്നും അങ്ങനെ ഉള്ളവരുടെ അറസ്‌റ്റ് ഉണ്ടാകരുത് എന്നും ഈ കേസിൽ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സമാനമായ വിധികളും നിരീക്ഷണങ്ങളും സുപ്രീം കോടതിയുടേതായുമുണ്ട്.

കേരളാ പോലീസിനെ സംബന്ധിച്ചിടത്തോളം താടിയും നീണ്ട മുടിയും കാലങ്ങളായി അലർജിയാണ്. കലാലയങ്ങൾക്കു മുൻപിലും പൊതു ഇടങ്ങളിലും നിരവധി ചെറുപ്പക്കാരെ പിടിച്ചു നിർത്തി പരസ്യമായി മുടി വെട്ടി വിവാദം വിളിച്ചു വരുത്തിയ പരിതാപകരമായ നിരവധി സംഭവങ്ങൾ കേരളാ പോലീസിന്റെ ചരിത്രത്തിൽ കാണാം. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിനായകന്‍ എന്ന ദളിത്‌ യുവാവിന്റെ വീട്ടുകാരെ വിളിച്ചു വരുത്തി നീട്ടി വളര്‍ത്തിയ മുടി വെട്ടിപ്പിച്ചതും പിന്നാലെ വിനായകന്‍ ആത്മഹത്യ ചെയ്തതും കേരളം ഞെട്ടലോടെ അറിഞ്ഞ സംഭവമാണ്. മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവെ'ന്നുമായിരുന്നു പിതാവിനോട് പോലീസ് പറഞ്ഞത്. തൊട്ടടുത്ത ദിവസം വിനായകന്‍ ആത്മഹത്യ ചെയ്തു.

നിരവിൽപുഴയിലെ ജനങ്ങൾക്കിടയിൽ ശ്യാം ബാലകൃഷ്ണൻ പരിചിതനാണ്. 2014 മെയ് 20-ന്‌ പോലീസ് പറയുന്നത് പോലെ അയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയോ കയ്യേറ്റത്തിന് മുതിരുകയോ ചെയ്തിട്ടില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്ന മൊഴി. പോലീസിന് അനുകൂലമായ യാതൊരു തെളിവും കോടതിയിൽ എത്തിയിട്ടുമില്ല. ഒന്നോർത്താൽ ബൈക്കിൽ വരുന്ന മാവോയിസ്റ്റുകളെക്കുറിച്ച് പോലീസോ അതിന്റെ തണ്ടർബോൾട്ടോ മുൻപ് പറഞ്ഞിട്ടുമില്ല. അതുവരെ കാട്ടിൽ നിന്നും നടന്നിറങ്ങി വരുന്ന മാവോയിസ്റ്റുകളെ ആയിരുന്നു പോലീസ് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് പരിചയം. നേരിട്ട് കടയിൽ പോയി അരി വാങ്ങുന്ന സ്വഭാവം മാവോയിസ്റ്റുകൾക്ക് ഇല്ല. തൊട്ടടുത്ത ആദിവാസി കോളനിയിൽ പോയി ആർക്കെങ്കിലും അഞ്ഞൂറ് രൂപ കൊടുത്ത് പോയി അരി വാങ്ങി വരാൻ കല്പിക്കും. അരിയും വാങ്ങി കാട്ടിൽ കയറി പോയതിനു ശേഷമായിരിക്കും വിവരം പോലീസിനും മാതൃഭൂമിയുടെ കാളികാവ് ലേഖകനും കിട്ടുക. കേരളത്തിലെ മാവോവേട്ട വാർത്തകളുടെ പ്രഭവസ്ഥാനം കാളികാവാണ്. ശ്യാമിൻ്റെ അറസ്റ്റിനൊക്കെ ശേഷമാണ് മാവോകൾ റിസോർട്ടുകളിൽ കയറി പണം ആവശ്യപ്പെടാനും ആ സമയത്തു വന്നെത്തുന്ന പോലീസുകാർ അവരെ സാഹസികമായി വെടിവച്ചു കൊല്ലാനും തുടങ്ങിയത്.

Also Read: വനിതകളുടെ ജയില്‍ ചാട്ടം ആഘോഷിക്കുന്നവരോട്; ജയില്‍ എന്നാല്‍ ചപ്പാത്തിയോ ചിക്കന്‍ കറിയോ അല്ല

വൈകിട്ട് നാലരയോടെ നിരവിൽപുഴ അങ്ങാടിയിലേക്ക് ബൈക്കിൽ വരികയായിരുന്ന ശ്യാമിനെ പെട്രോളിംഗ് നടത്തിയിരുന്ന തണ്ടർ ബോൾട്ടുകാരാണ് പിടികൂടിയത്. രഹസ്യ വിവരം കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞ് ദേഹപരിശോധന നടത്തി. പോലീസുകാർ മുന്നിലും പിന്നിലും അവരുടെ വണ്ടികൾ ഓടിച്ച് ശ്യാമിനെ ടൌൺ മധ്യത്തിൽ എത്തിച്ചു. അവിടെ നിന്നും ഡിവൈഎസ്പിയും ഇരുപതോളം പോലീസുകാരും ചേർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ വച്ച് വിവസ്ത്രനാക്കി പരിശോധിച്ചു. തുടർന്ന് ശ്യാമിൻ്റെ വീട്ടിൽ നടന്ന റെയ്ഡ് ആണ് പിറ്റേന്ന് പുലർച്ചെ വരെ നീണ്ടത്. ജീവിതപങ്കാളിയെയും വീട്ടില്‍ വിരുന്നു വന്ന രണ്ടു പേരെയും അത്യന്തം അവഹേളനപരമായ ചോദ്യം ചെയ്തു. ലാപ്ടോപ്പ് കസ്റ്റഡിയിൽ എടുത്തത് കൂടാതെ ഇ-മെയിലിന്റെ അടക്കം പാസ്സ്‌വേർഡ് ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയം മാവോയിസം അല്ലെന്നും ജിയോ പൊളിറ്റിക്സ് ആണെന്നും ശ്യാം വിളിച്ചു പറയുന്നുണ്ടായിരുന്നു. പോലീസിനെന്ത് ജിയോ പൊളിറ്റിക്സ്. അവരുടെ താത്പര്യം ലാപ്റ്റോപ്പിൽ കണ്ട അരു ന്ധധതി റോയിയുടെ ലേഖനത്തിലും കർഷക ആത്മഹത്യകളുടെ വിവരങ്ങളിലുമായിരുന്നു. മാവോയിസ്റ്റ് അല്ലെങ്കിൽ ഇതൊക്കെ എന്തിനു സൂക്ഷിക്കുന്നു എന്നായിരുന്നു മില്യൺ ഡോളർ ചോദ്യം.

ഇതാണ് പോലീസ്. ഇത് തന്നെയാണ് പോലീസ്. സംശയം തോന്നുന്നവരെ വെടിവച്ചു കൊല്ലുന്നതിലും ഉരുട്ടി കൊല്ലുന്നതിലും അഭിമാനിക്കുന്ന ഒരു സർക്കാരിന്റെ പോലീസ്. കൃത്യമായ അന്വേഷണവും തെളിവ് ശേഖരണവും അവയുടെ അടിസ്ഥാനത്തിലുള്ള ശിക്ഷ ഉറപ്പാക്കലും അമിതാധികാര ശക്തികൾക്ക് പറഞ്ഞിട്ടില്ല. അതുകൊണ്ടവർ തുച്ഛമായ നഷ്ടപരിഹാരം കൊടുക്കാതെ കോടതികളിൽ നിന്നും കോടതികളിലേക്ക് പോകും. നഷ്ടപരിഹാര തുകയുടെ പലയിരട്ടി കോടതി വ്യവഹാര ചെലവുകൾക്കായി പൊതുഖജനാവിൽ നിന്നും ചെലവാക്കും. കൂടുതൽ ശ്യാം ബാലകൃഷ്ണന്മാർ ഉണ്ടായിക്കൊണ്ടിരിക്കും.
കുത്തിക്കൊല്ലണോ വെട്ടിക്കൊല്ലണോ വെടിവച്ചു കൊല്ലണോ എന്ന മണിമുഴക്കങ്ങൾക്കിടയിൽ ഏക നവലോകവും അതിന്റെ അഹിംസയിൽ അധിഷ്ഠിതമായ കാല്പനിക സ്വപ്നങ്ങളും ചവിട്ടി അരയ്ക്കപ്പെടും.

Azhimukham Read: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു, വാഹന വില്‍പനയില്‍ തുടര്‍ച്ചയായ എട്ടാം മാസവും വന്‍ ഇടിവ്, ജനത്തിന്റെ കൈയില്‍ പണമില്ല

Next Story

Related Stories