TopTop
Begin typing your search above and press return to search.

മിനി കൂപ്പറില്‍ കയറി എങ്ങോട്ട് പോകുന്നു ജാഗ്രതകള്‍?

മിനി കൂപ്പറില്‍ കയറി എങ്ങോട്ട് പോകുന്നു ജാഗ്രതകള്‍?
സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ ഒരു പ്രതിയുടെ വാഹനം നാട് ഭരിക്കുന്ന സര്‍ക്കാരിനെ നയിക്കുന്ന നാട്ടിലെ പ്രമുഖ രാഷ്ട്രീയ സംഘടന നടത്തുന്ന മാര്‍ച്ചില്‍ കടന്നുകൂടിയത് ഗുരുതരമായ വീഴ്ച തന്നെയാണ്. അത് പാര്‍ട്ടി സെക്രട്ടറിയുടെ വ്യക്തിഗത വീഴ്ചയല്ല, മറിച്ച് പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വന്‍ അവധാനത കുറവ് തന്നെയാണ്. അത് അന്വേഷിക്കുകയും പാര്‍ട്ടി തലത്തില്‍ നടപടി എടുക്കുകയും ചെയ്തില്ലെങ്കില്‍ അത് പിന്നീട് സെക്രട്ടറിയുടെയും പാര്‍ട്ടിക്ക് മൊത്തത്തിലും ഉണ്ടായ പിഴയായി വിലയിരുത്തപ്പെടും എന്ന് മാത്രം. മിനി കൂപ്പര്‍ വിവാദത്തില്‍ ഇത്രയേ ഉള്ളു കാര്യം. മറിച്ച് അതിലേക്ക് കമ്യുണിസ്റ്റ് പാര്‍ട്ടി, ആഡംബര കാര്‍ വൈരുദ്ധ്യമൊക്കെ വലിച്ചിഴയ്ക്കപ്പെടുന്നത് കാല്‍പനിക ആദര്‍ശവാദത്തില്‍ നിന്നും അതിന്റെ കുടപ്പിറപ്പായ ലീനിയര്‍ യുക്തിയില്‍ നിന്നും മാത്രമാണ്.

എന്തൊക്കെയാണ് ഞാന്‍ ആദ്യം ഉന്നയിച്ച പ്രശ്നത്തിന് പുറമേ  ഇവിടെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയവും ആദര്‍ശപരവുമായ പ്രതിസന്ധികള്‍? ഒന്ന് ആഡംബര ഭ്രമം കമ്യുണിസ്റ്റുകാര്‍ക്ക് പാടില്ല. രണ്ട്, പഴയ കമ്യുണിസ്റ്റുകാര്‍ ലളിത ജീവിതം നയിച്ചിരുന്നതിനാല്‍ അവര്‍ ജനകീയരായി, ഇപ്പോഴുള്ളവര്‍ അങ്ങനെയല്ല, അതുകൊണ്ട് പാര്‍ട്ടിക്ക് ജനകീയ അടിത്തറ നഷ്ടപ്പെട്ടു. ഇതൊക്കെ ഉന്നയിക്കുന്നവരില്‍ മുതലാളിത്തത്തിന്റെ  നവ ഉദാരവല്‍ക്കരണത്തില്‍ ഊന്നിയ വികസന സങ്കല്പത്തിന്റെ വക്താക്കളായ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വലത് രാഷ്ട്രിയ സംഘടനകളും വലത് മാധ്യമ വക്താക്കളും പെടും എന്നതാണ് ഏറ്റവും വലിയ തമാശ.

ഒപ്പം എന്താണീ ആഡംബരം, എന്താണ് ലളിത ജീവിതം തുടങ്ങിയ ചോദ്യങ്ങളോടുള്ള അടിമുടി രേഖീയമായ ലളിതയുക്തികളില്‍ ഊന്നിയ സമീപനവും അതിനെ ചുറ്റിപ്പറ്റി നിര്‍മ്മിക്കപ്പെടുന്ന 'യഥാര്‍ത്ഥ കമ്യൂണിസ്റ്റ്' ലേബല്‍ ഒട്ടിച്ച ധൈഷണിക പാപ്പരത്തങ്ങളും കൂടിയാകുമ്പോള്‍ ഒരു ശരാശരി മല്ലു അന്തി ചര്‍ച്ചയുടെ അനുസാരികള്‍ പൂര്‍ത്തിയാവുന്നു. പിന്നെ നാല്, അഞ്ച് എന്നിങ്ങനെ ചോദ്യങ്ങള്‍ പട്ടിക പെടുത്തുകയേ വേണ്ടൂ.

എന്താണ് ആഡംബരം?

അല്ല, എന്താണീ ആഡംബരം? അയുക്തികമായി വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനെ ആഡംബരമെന്ന് പറയാം. ഒരു കല്യാണത്തിനായി ഒമ്പത് കോടി (പ്രാസമായി എടുത്താല്‍ മതി ഒമ്പത്, കോടികള്‍ ചിലവിട്ട് എന്നര്‍ത്ഥം) ചിലവിട്ട് സെറ്റ് ഇടുക, ചടങ്ങ് കഴിഞ്ഞ് പൊളിച്ചുകളയുക എന്നതിനെ ഒരു ആഡംബരമായി കണക്കാക്കാം. പക്ഷെ ഒരു കണ്‍സ്യൂമര്‍ ഗുഡിനെ അതേ ഉല്പന്നത്തിന്റെ വിപണിയിലുള്ള  മറ്റ് മാതൃകകളുമായി തട്ടിച്ച് നോക്കി വില വ്യത്യാസം കൊണ്ട് മാത്രം ഒന്ന് ആഡംബരം എന്ന് വിലയിരുത്തുന്നത് യുക്തിഹീനമായ ഒരു
പരിപാടിയാണ്. ഉദാഹരണമായി മൊബൈല്‍ ഫോണ്‍ എടുക്കുക. ആയിരം രൂപയ്ക്കും ഫോണ്‍ കിട്ടും, അന്‍പതിനായിരത്തിനും മുകളിലേയ്ക്ക് പോകുന്നതുമുണ്ട്. ഈ മൊബൈല്‍ ഫോണ്‍ ഒരു ആഡംബരമായിരുന്ന കാലമുണ്ട്. ഇപ്പോള്‍ ആയിരം രൂപയ്ക്ക് കിട്ടുന്ന ഫോണുമായി തട്ടിച്ച് നോക്കുമ്പോള്‍ പതിനായിരത്തിന്റെ ഫോണ്‍ പത്തിരട്ടി വരുന്ന ഒരു ആഡംബരമാണ്. പക്ഷേ അത് നമ്മള്‍ അങ്ങനെയാണോ എടുക്കുക?

നമ്മുടെ ആവശ്യം, സാമ്പത്തിക സ്ഥിതി, അതിനുള്ളില്‍ ലഭ്യമാകുന്ന പരമാവധി സാധ്യതകള്‍, സൌകര്യങ്ങള്‍ മുതല്‍ സുരക്ഷ വരെ പരിഗണിച്ചാണ് നമ്മള്‍ ഒരു ഉപഭോഗ സാധനം വാങ്ങാനുള്ള തീരുമാനത്തില്‍ എത്തുന്നത്. കാറ് വാങ്ങാന്‍ തീരുമാനിച്ച ഒരാള്‍ എയര്‍ ബാഗ് ഉള്‍പ്പെടെയുള്ള  സുരക്ഷാ ക്രമീകരണങ്ങളുടെ ഇല്ലായ്മ, വലിപ്പ കുറവ് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി പരിമിതികള്‍ ഉള്ള ഒരു ആള്‍ട്ടോ വാങ്ങാന്‍ തീരുമാനിക്കുന്നത് ലാളിത്യം എന്ന ആദര്‍ശത്തോടുള്ള ആഭിമുഖ്യം കൊണ്ടല്ല, അത് ഒരു കൊമ്പ്രമൈസാണ്. 'ആഡംബര' വിഭാഗത്തില്‍ പെടുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യുമര്‍ ഗുഡ്സിന് അത്രയും വില ഉണ്ടാകുന്നത് അവ നല്‍കുന്ന സൌകര്യങ്ങളും സുരക്ഷയും മുതല്‍ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ അത് ഉണ്ടാക്കിയെടുത്ത ജനപ്രിയതയും റിലയബിലിറ്റിയും വരെ ആസ്പദമാക്കിയാണ്. അത് നമ്മള്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള ഒരു അയുക്തികമായ ധൂര്‍ത്തല്ല, ആ നിലയ്ക്ക്  ഒരു ആഡംബരവുമല്ല. എല്ലാവര്‍ക്കും അത് താങ്ങാനാവില്ല എന്നതുകൊണ്ട് അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കപ്പെടുന്നു എന്ന് മാത്രം.

സമൂഹത്തിലെ ഒരു നല്ല ശതമാനം മനുഷ്യര്‍ക്കും നാലുനേരം ആഹാരം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന അത്ര വിദൂരമൊന്നുമല്ലാത്ത ഭൂതകാലം നമുക്കുണ്ട്. അന്ന് അതിന്റെ ഇരയായ മനുഷ്യര്‍ ഭക്ഷണത്തെ വരെ ഒരു ആഡംബരമായാവാം കണ്ടിരുന്നത്. നാലുനേരം കഴിക്കുന്നതും പള്ളിക്കുടത്തില്‍ പോകുന്നതുമൊക്കെ ആഡംബരമാണ്, രണ്ട് നേരം തരുന്നുണ്ടല്ലോ തമ്പുരാന്‍, അത് തന്നെ പുണ്യം എന്ന് അവന്‍ ആശ്വസിച്ചിട്ടുമുണ്ടാവാം. അതുകൊണ്ട് അവ ഇന്ന്  കേവല അര്‍ത്ഥത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവയായി ആരെങ്കിലും പറയുമോ? അമിത ഭക്ഷണം ഒരു ആരോഗ്യ പ്രശ്നമാകുന്ന പശ്ചാത്തലത്തില്‍ പോലും?കമ്യൂണിസവും ലളിത ജീവിതവും 

നന്മയുള്ള എല്ലാറ്റിലും ലാളിത്യവും ഉണ്ടാകും എന്ന തരത്തിലുള്ള ഒരു ന്യൂനവല്‍ക്കരണം നമ്മുടെ ആദര്‍ശ ചിന്തകളില്‍ രൂഡമൂലമായത് ഗാന്ധി എന്ന പൊളിറ്റിക്കല്‍ ബ്രാന്‍ഡിന് ലഭിച്ച അഭൂതപൂര്‍വമായ ജനപ്രിയത വഴിയാണ്. ലാളിത്യം എന്ന് പറഞ്ഞാല്‍ അത് ബ്രേവിറ്റി, അനാവശ്യ ആയാസങ്ങളുടെ ഒഴിവാക്കല്‍ എന്ന അര്‍ത്ഥത്തിലൊന്നുമല്ല, സരോജിനി നായിഡു പണ്ട് കളിയാക്കിയ ആ കൊസറ്റ്ലി ബ്രാന്‍ഡ്, അതേ ലാളിത്യ മാതൃക തന്നെ.

പണ്ട് സ്കൂളില്‍, ലെനിനെ പരിചയപ്പെടുത്തുന്ന ഒരു പാഠം ഉണ്ടായിരുന്നത് ഇപ്പോള്‍ ഓര്‍മ്മവരുന്നു. റഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഒരു കര്‍ഷകന്‍ എന്തോ ആവശ്യത്തിന് ലെനിനെ കാണാന്‍ എത്തുന്നു. പുള്ളിക്ക് സന്ദര്‍ശനാനുമതി കിട്ടി ലെനിന്‍ ഇരിക്കുന്ന മുറിയിലേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം തകര പാത്രത്തില്‍ കഞ്ഞി കുടിക്കുകയാണ്. കര്‍ഷകന്‍ തന്റെ മാറാപ്പില്‍ നിന്നും കുറച്ച് ഉണക്കിയ മാംസം എടുത്ത് തങ്ങളുടെ 'ദരിദ്ര'നായകന് നീട്ടുന്നു. പുള്ളി അത് സ്വീകരിച്ച് അത്താഴം (ആണെന്ന് തോന്നുന്നു) പോഷക സമ്പുഷ്ടമാക്കുന്നു.

രാജ്യം പട്ടിണി കിടക്കുമ്പോള്‍ കുടെ പട്ടിണി കിടക്കുന്നവനാണ് യഥാര്‍ത്ഥ ഭരണാധികാരി എന്ന അതേ ഐറ്റം നമ്പര്‍ തന്നെ. രാജ്യം പകര്‍ച്ചവ്യാധിയില്‍ പെടുമ്പോള്‍ അയാളും അത് എങ്ങനെയെങ്കിലും സംഘടിപ്പിക്കും. രാജ്യം നരകിച്ച് ചത്ത് തീരുമ്പോള്‍ അയാളും ചാവും. എത്ര മനോഹരമായ രാഷ്ട്ര മീമാംസയും ഭരണ സങ്കല്പവും! ഭരണകര്‍ത്താവ് ഭരിക്കപ്പെടുന്നവര്‍ക്കൊപ്പം പട്ടിണികിടന്നു മരിക്കുകയല്ല, അതിന് പരിഹാരം കാണുകയാണ് വേണ്ടത്. അതിന് അയാള്‍ക്ക് വേണ്ടത് ഊര്‍ജമാണ്. രാജ്യം പട്ടിണി കിടക്കുമ്പോള്‍ അത്താഴം കഴിച്ച ഭരണാധികാരി പിറ്റേന്ന് ആ ഊര്‍ജമുപയോഗിച്ച് ആ പ്രശ്നത്തിന് പരിഹാരം തേടുന്നതാണ് രാഷ്ട്രീയമെന്ന കുടിപ്പള്ളിക്കുടം ലെവലിലെ രാഷ്ട്രീയ ബോധം പോലും ഇത്തരം അതികാല്‍പനിക ആദര്‍ശവാദങ്ങള്‍ തിന്ന് തീര്‍ക്കുകയാണ്.

എവിടുന്നു വന്നു ഈ കമ്യൂണിസ്റ്റ് ലാളിത്യ ദര്‍ശനം?

From each according to his ability, to each according to his need (or needs) എന്ന മുദ്രാവാക്യം ഉയര്‍ന്നുവരുന്നത് പത്തൊമ്പതാം നുറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ആവണം. മാര്‍ക്സ് ആണ് അത് ഉയര്‍ത്തിയത്. എന്നാല്‍ ഇതിലെ ക്ഷമത, ആവശ്യം എന്ന ഈ ദ്വന്ദ്വം പിന്നീട് തോന്നിയ പടി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് വേണം മനസിലാക്കാന്‍. ഇതിലെ ക്ഷമതയോ ആവശ്യമോ സാര്‍വ്വകാലികമായ മാനദണ്ഡങ്ങള്‍ ഉള്ളവയല്ല, അവ മാറിക്കൊണ്ടിരിക്കും. ഉള്ളവനില്‍ നിന്ന് എടുത്ത് ഇല്ലാത്തവന് കൊടുക്കുന്ന റോബിന്‍ ഹുഡ് മാതൃകയോ, ഇല്ലായ്മ ആദര്‍ശവല്‍ക്കരിക്കപ്പെടുകയും അതുമായുള്ള സഹജീവനം 'കര്‍മ്മ'മായി തീരുകയും ചെയ്യുന്ന ഭാരതീയ ലാളിത്യ മാതൃക ഗാന്ധിയുടേതാണ്; അത് കമ്യൂണിസ്റ്റോ, മാര്‍ക്സിസ്റ്റോ, സോഷ്യലിസ്റ്റ് പോലുമോ അല്ല.

റസ്കിന്റെ 'അണ്‍ ടു ദിസ്‌ ലാസ്റ്റ്' എന്ന ഗ്രന്ഥം ഗാന്ധിയെ അടിമുടി സ്വാധീനിച്ച പുസ്തകമായൊക്കെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ അതിലുപരി ഭൂമിയില്‍ അതായത് ഇഹത്തില്‍ അനുഭവിക്കുന്ന അനീതികള്‍ക്കൊക്കെയും സ്വര്‍ഗ്ഗത്തില്‍ അതായത് പരത്തില്‍ പരിഹാരം ഉണ്ടാകുമെന്ന, ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെ പുള്ളി ഏറ്റവും പരീക്ഷിക്കുന്നു എന്ന ആധുനിക പൂര്‍വ്വ  ആത്മീയ ദര്‍ശനം തന്നെയാണ് അദ്ദേഹത്തെ നയിച്ചത്. ലാളിത്യം എന്നത് അവസാനത്തെ മനുഷ്യനിലേക്കും നീതി, വിഭവ വിതരണം എത്തണം എന്ന ആദര്‍ശത്തിന്റെ പ്രയോഗ തലത്തിലുള്ള ഒരു കോമ്പ്രമൈസ് ആണ്. ലാളിത്യം ആദര്‍ശമാകുമ്പോള്‍ പരാതിപ്പെടേണ്ട കാര്യമില്ല. രണ്ട് നേരം ഭക്ഷണമേ ഉള്ളു എങ്കില്‍ അതും ഒരു ആദര്‍ശമാണ്. അത് മുറുകെ പിടിച്ച് കര്‍മ്മം തുടരുകയാണ് വേണ്ടത്. ഫ്യൂഡല്‍ വ്യവസ്ഥ പോലും പണിയെടുക്കാന്‍ വേണ്ടത്ര മിനിമം അതിജീവന വിഭവം തൊഴിലാളിക്ക് നല്‍കിയിരുന്നു താനും; ഇല്ലെങ്കില്‍ സിസ്റ്റം തകരില്ലേ!

തുല്യത എന്ന ആശയത്തെ ഗാന്ധി എങ്ങനെ നേരിട്ടിരുന്നു എന്നത് നാരായണ ഗുരുവിന്റെ ഒരു ചോദ്യത്തിന് നല്‍കിയത് എന്ന് പറയപ്പെടുന്ന 'മരത്തിലെ ഇലകള്‍' ഒരുപോലെയല്ലല്ലോ എന്ന താരതമ്യത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. അതായത് ഇഹത്തിലെ അസമത്വങ്ങള്‍ക്ക് ഒരു പരിഹാരമായി ആത്മീയ അധികാരത്തിന്റെ പക്ഷം കണ്ട ഏറ്റവും വലിയ ഒരു ജൈവ ബുദ്ധിജീവി മുന്നോട്ട് വച്ച ഒരു പരിഹാരമാണ് ലാളിത്യം. അതിന് ആശയ തലത്തിലോ പ്രവര്‍ത്തി തലത്തിലോ കമ്യൂണിസവുമായി ഒരു സമാന്തരവുമില്ല. ഗാന്ധിയും ഗാന്ധിയന്‍ ലാളിത്യവും അടിമുടി ഒരു ആധുനിക വിരുദ്ധ ആദര്‍ശമാണെങ്കില്‍ കമ്യൂണിസം അതല്ല. കമ്യൂണിസം ഒരു മോഡേണ്‍ ആശയമാണെന്ന് രണ്ടായിരത്തി പതിനേഴില്‍ ലേഖനം എഴുതി വാദിക്കേണ്ട ഗതികേട്!മിനി കൂപ്പറില്‍ കയറി എങ്ങോട്ട് പോകുന്നു ജാഗ്രതകള്‍?

അടിസ്ഥാനപരമായി പൌര സമൂഹത്തിന്റെ ഗതികേട് നിലനില്‍ക്കുന്നത് ജാഗ്രതാ മാര്‍ച്ച്, അത് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ നമ്മെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതിലാണ്. സംഘപരിവാര്‍ രാഷ്ട്രിയത്തിന്റെ അപകടങ്ങളെ കുറിച്ച് ജനത്തെ ജാഗ്രതപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒരു മാര്‍ച്ച് ഏതാനും മൈല്‍ ആണെങ്കില്‍ പോലും ഒരു സ്വര്‍ണ്ണക്കടത്തുകാരന്റെ വാഹനത്തിലാണ് മുമ്പോട്ട്‌ പോയത് എന്നത് ഒരു വന്‍ ജാഗ്രത കുറവ് തന്നെയാണ്. കേരളം വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ഒരു സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നാണ് ഇത് സംഭവിച്ചത് എന്നതും നിസ്സാരമല്ല. ഇത് ഒരു പ്രാദേശിക വീഴ്ചയായി സ്വാഭാവികവത്ക്കരിക്കാനാണെങ്കില്‍ പിന്നെ ജാഗ്രതാ നിര്‍ദ്ദേശം ആര്‍ക്കാണ് എന്നത് പുനര്‍നിര്‍വചിക്കേണ്ടി വരും.

ജനങ്ങളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ജാഗ്രത പാര്‍ട്ടി ഘടകങ്ങളില്‍ ഉണ്ട് എന്ന് ഉറപ്പുവരുത്താനാവുന്നില്ലെങ്കില്‍ പിന്നെ ജനരക്ഷാ യാത്രയും ജനജാഗ്രതാ യാത്രയും തമ്മില്‍ കള്ളത്തരവും അബദ്ധവും ചേരുന്ന ഒരു അനുപാതത്തിലെ ഏറ്റക്കുറച്ചിലുകള്‍ (അതും പ്രധാനമാണെങ്കില്‍ കൂടി) മാത്രമായി തീരും. അതുണ്ടാക്കുന്ന അപകടം ചെറുതേ അല്ല. അങ്ങനെയിരിക്കെയാണ് ഈ സംഭവം നടന്ന പശ്ചാത്തലം ഇതിലും വലിയ ഒരു അപകടത്തിലേക്ക് നമ്മുടെ രാഷ്ട്രീയ ബോധത്തെ നയിക്കുവാനുള്ള അരങ്ങൊരുക്കുന്നു എന്നത്.

ഒരു ആധുനിക പ്രത്യയശാസ്ത്രമായ കമ്യൂണിസത്തിന്റെ പൊട്ടന്‍സി ടെസ്റ്റായി ആധുനികതാവിരുദ്ധനായ ഗാന്ധിയുടെ ലാളിത്യ മാതൃക മാറുന്നത് മറ്റൊരു അപകടമാണ്. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയാതെ വരുന്നതിന്റെ കാരണം പാര്‍ട്ടി പ്രാദേശിക ഘടകം വരുത്തിയ ഈ 'ക്രിമിനല്‍' തന്നെയായ ജാഗ്രത കുറവും. കാരായി റസാഖ് പേരില്‍ വന്ന കാരായി കാരണം, ചെയ്യുന്ന കച്ചവടം കാരണം താനും ഫൈസലും 'സ്വര്‍ണ്ണ കള്ളക്കടത്തു'കാര്‍ ആകുന്നില്ല എന്നൊക്കെ വികാരം കൊള്ളുന്നത് മനസിലാക്കാം. പക്ഷെ കള്ളക്കടത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഫൈസലിന്റെ വണ്ടി ജനജാഗ്രതാ യാത്രയില്‍ എങ്ങനെ വന്നു എന്ന ചോദ്യം വൈകാരിക വിക്ഷോഭം കൊണ്ട് ഒഴിവാക്കാന്‍ പറ്റില്ല. അതിന് യുക്തിഭദ്രമായ ഉത്തരം വേണം. കാരായി ഫൈസല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ആ നാട്ടില്‍ ആരും നാളിതുവരെ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞിട്ടും കാര്യമില്ല. അങ്ങനെ വരുമ്പോഴാണ് പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകര്‍ന്നു, നാട്ടില്‍ എന്ത് നടക്കുന്നു എന്ന് പത്രം വായിച്ചോ, ടിവി കണ്ടോ മാത്രം  അറിയാന്‍ കഴിയുന്നവരായി പാര്‍ട്ടി പ്രവര്‍ത്തകരും മാറി എന്ന വിമര്‍ശനവും ഒടുവില്‍ സാധൂകരിക്കപ്പെടുന്നത്.

എന്നുവച്ചാല്‍ ചുരുക്കത്തില്‍ നമ്മള്‍ ഇത് എങ്ങോട്ടാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories