TopTop
Begin typing your search above and press return to search.

കൊടുവള്ളിയില്‍ കോടിയേരി പിടിച്ച പുലിവാല്‍; ലീഗും ബിജെപിയും ഒന്നു കണ്ണാടി നോക്കണം

കൊടുവള്ളിയില്‍ കോടിയേരി പിടിച്ച പുലിവാല്‍; ലീഗും ബിജെപിയും ഒന്നു കണ്ണാടി നോക്കണം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊടുവള്ളിയിലെ കാര്‍ യാത്ര വിവാദമായതോടെ മന്ത്രി തോമസ് ചാണ്ടി, നിലമ്പൂരിലെ ഇടതു സ്വതന്ത്ര എംഎല്‍എ പി.വി അന്‍വര്‍ വിഷയങ്ങള്‍ക്കൊപ്പം ഭരണ മുന്നണിയെ അടിക്കാന്‍ പ്രതിപക്ഷത്തിന് മറ്റൊരു വടി കൂടി ലഭിച്ചിരിക്കുന്നു.

ഇടതു മുന്നണി കേരളത്തില്‍ നടത്തിവരുന്ന 'ജന ജാഗ്രത ജാഥ'യുടെ വടക്കന്‍ പര്യടനത്തിനിടയില്‍ ജാഥാ ക്യാപ്റ്റന്‍ കൂടിയായ കോടിയേരി, കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയായ കാരാട്ട് ഫൈസല്‍ എന്ന ബിസിനസുകാരന്റെ മിനി കൂപ്പറില്‍ സഞ്ചരിച്ചാണ് വിവാദത്തിനു തിരികൊളുത്തിയത്. കാര്‍ ആരുടേതാണെന്ന് അറിയില്ലായിരുന്നുവെന്നും കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് തുറന്ന കാര്‍ ഇല്ലായിരുന്നുവെന്നും സംഘാടകര് കൊണ്ടുവന്ന കാറില്‍ കയറുകയാണുണ്ടയതെന്നും വെറും അഞ്ചു മിനിറ്റു മാത്രമാണ് പ്രസ്തുത കാറില്‍ സഞ്ചരിച്ചതെന്നുമാണ് ഇത് സംബന്ധിച്ച് കോടിയേരി നല്‍കുന്ന വിശദീകരണം. യാത്ര വിവാദമായതോടെ ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടോയെന്നു പാര്‍ട്ടി അന്വേഷിക്കും എന്നുകൂടി കോടിയേരി കൂട്ടിച്ചേര്‍ത്തു . ഇന്നലെ മുതലക്കുളത്തു നടന്ന സമാപന സമ്മേളനത്തില്‍ എന്തുകൊണ്ടോ കോടിയേരി വിവാദത്തെക്കുറിച്ചു ഒന്നുമേ സംസാരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കോടിയേരിയുടെ കാര്‍ യാത്ര വിവാദമായത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജി അത് ഏറ്റുപിടിക്കുകയും ചെയ്തതോടു കൂടിയാണ്. ഇതോടെ ജന ജാഗ്രത ജാഥ, ധനജാഗ്രത ജാഥയായി മാറിയെന്നും അടുത്ത കാലത്ത് സിപിഎം പിന്തുടരുന്ന ചങ്ങാത്ത മുതലാളിത്ത സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ് കോടിയേരിയുടെ കൊടുവള്ളിയിലെ കാര്‍ യാത്ര എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

കള്ളക്കടത്തിനെക്കുറിച്ചും ഹവാല പണമിടപാടിനെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ ബിജെപിക്കും മുസ്ലിം ലീഗിനുമൊക്കെ എന്തവകാശം എന്ന് ചോദിക്കുന്നവരുമുണ്ട്. മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ കോഴയായി ലഭിച്ച പണം കൊച്ചിയിലെ ഒരു ഹവാല ഇടപാടുകാരന്‍ വഴിയാണ് ഡല്‍ഹിക്കു അയച്ചതെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ബിജെപി നേതാക്കള്‍ ആദ്യം സമ്മതിച്ചതും ഒരു യുവമോര്‍ച്ച നേതാവ് കള്ളനോട്ട് അച്ചടിക്കേസില്‍ അറസ്‌റ്റിലായതുമൊക്കെയാണ് ബിജെപിക്കെതിരെ ഇത്തരക്കാര്‍ നിരത്തുന്ന ആക്ഷേപം. മുസ്ലിം ലീഗിന്റെ കാര്യത്തിലാവട്ടെ, കോടിയേരി സഞ്ചരിച്ച കാറിന്റെ ഉടമ അടുത്ത കാലം വരെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നതും കോഫേപോസ ചുമത്തപ്പെട്ട ഒരു മുതിര്‍ന്ന നേതാവിനെ ലീഗ് മുന്‍പ് എംഎല്‍എയും മന്ത്രിയുമൊക്കെ ആക്കിയിട്ടുണ്ടെന്നതുമാണ് പ്രധാന ആക്ഷേപം. മുംബൈ കേന്ദ്രീകരിച്ചു കള്ളക്കടത്തു നടത്തി ജയിലിലായ ഒരാളെ മുസ്ലിം ലീഗ് തങ്ങളുടെ പാര്‍ട്ടി ഭാരവാഹിക്കിയ കഥ എന്തുകൊണ്ടോ ആരും ഉന്നയിച്ചു കണ്ടില്ല.

സത്യത്തില്‍ ലീഗും ബിജെപിയും എന്ത് ചെയ്തു, ചെയ്തില്ല എന്നതല്ല ഇവിടുത്തെ വിഷയം. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ ഉന്നതനായ ഒരു നേതാവ് കള്ളക്കടത്തു കേസില്‍ പ്രതിയായ ആളുടെ വാഹനത്തില്‍ യാത്ര ചെയ്യുക വഴി പാര്‍ട്ടിക്ക് അവമതിപ്പു വരുത്തിവെച്ചോ ഇല്ലയോ എന്നതാണ്. വാഹനം ആരുടേതാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന കോടിയേരിയുടെ വാദം അംഗീകരിച്ചാല്‍ തന്നെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ എന്തുകൊണ്ട് ഇക്കാര്യം കോടിയേരിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്ന ചോദ്യം ബാക്കി നില്‍ക്കും. അവരുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ ഉടമ സ്വര്‍ണ കടത്തു കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപെട്ടതാണെന്നും അയാള്‍ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സര്‍വോപരി ടിയാന്‍ നിലവില്‍ കൊടുവള്ളി നഗരസഭയില്‍ ഇടതു പക്ഷത്തിന്റെ കൗണ്‍സിലര്‍ ആണെന്നും ഒക്കെ വാദിക്കുന്നവരുണ്ട്. ഒരു പക്ഷെ ഇതേ വാദം തന്നെയാവും സിപിഎം പ്രാദേശിക നേതൃത്വത്തിനും ഉള്ളത്.

ഇതാദ്യമായല്ല, കോടിയേരി വിവാദത്തില്‍ പെടുന്നത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കോടിയേരിയുടെ പേരില്‍ കുടുംബാംഗങ്ങള്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ പൂജ നടത്തിയെന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിലെ ബാലകൃഷ്ണന്‍ എന്ന അദ്ധ്യാപകന്‍ തന്റെ പേരിലാണ് പ്രസ്തുത പൂജ നടത്തിയതെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. അധികം വൈകാതെ തന്നെ ആ വിവാദം കെട്ടടങ്ങി. 2014-ല്‍ കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ് കോടിയേരി ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ മഹാ പ്രസാദമൂട്ട് നടത്തിയെന്ന വാര്‍ത്തയും വിവാദമായി. ബിനോയ്ക്കുവേണ്ടി പ്രസ്തുത ചടങ്ങിനുള്ള പണം അടച്ചത് കൊച്ചിയിലെ ഒരു വ്യവസായിയുടെ മകനാണെന്നും അന്ന് വാര്‍ത്ത പരന്നിരുന്നു. ഈ അടുത്ത കാലത്തായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഏലസ് ധരിക്കുന്നുണ്ടെന്ന വാര്‍ത്ത കോളിളക്കം സൃഷ്ടിച്ചതും. എന്നാല്‍ ഇത് ഗ്ലുക്കോസ്സ് മോണിറ്റര്‍ ആണെന്ന് കോടിയേരി വെളിപ്പെടുത്തിയതോടെ ആ വിവാദവും കെട്ടടങ്ങുകയായിരുന്നു. ഇപ്പോള്‍ കൊടുവള്ളിയിലെ വിവാദ കാര്‍ യാത്രയാണ് കോടിയേരിയുടെ ഉറക്കം കെടുത്തുന്നത്.

ഇനി കൊടുവള്ളി എന്ന കോഴിക്കോടന്‍ ടൗണിനെ കുറിച്ച് പറയുമ്പോള്‍ കൊടുവള്ളിക്ക് പണ്ടുമുതല്‍ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത് ആ കൊച്ചു മലയോര ടൗണിലെ സ്വര്‍ണക്കടകളുടെ പെരുപ്പമാണ്. മാഹിയിലെ വിദേശ മദ്യ ഷോപ്പുകള്‍ പോലെയാണ് കൊടുവള്ളിയില്‍ സ്വര്‍ണ കടകളുടെ എണ്ണം. ഇപ്പോള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ കരിപ്പൂര്‍ വിമാനത്താവളവുമായോ സ്വര്‍ണ കള്ളക്കടത്തുമായോ ആദ്യ കാലത്ത് കൊടുവള്ളിയിലെ സ്വര്‍ണ കടകള്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പഴയ സ്വര്‍ണം വാങ്ങി പുതിയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്പന നടത്തുന്ന കഥകളായിരുന്നു ഇവയില്‍ ഏറെയും. വയനാട്ടില്‍ നിന്നും, കോഴിക്കോട്, പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും സാധാരണക്കാര്‍ വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിയിരുന്നത് കൊടുവള്ളിയിലെ കടകളില്‍ നിന്നുമായിരുന്നു.

പണ്ടുകാലത്ത് സ്വര്‍ണം കള്ളക്കടത്തിന്റെ ഹബ്ബായി അറിയപ്പെട്ടിരുന്നത് കാസര്‍കോഡാണ്. അന്നൊക്കെ കടല്‍ മാര്‍ഗമായിരുന്നു സ്വര്‍ണക്കടത്ത്. എന്നാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമായതോടെ കൊടുവള്ളിയിലേക്കും കടത്തുസ്വര്‍ണം ഒഴുകി തുടങ്ങി. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കൊടുവള്ളിയിലെത്തിച്ച് ഉരുപ്പടികളാക്കി മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു പതിവ്. ഇങ്ങനെ ഉരുപ്പടിയാക്കി മാറ്റിയ സ്വര്‍ണം അപ്പോഴും പ്രധാനമായി കൊണ്ട് പോയിരുന്നത് കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്കായിരുന്നു.

കുഴല്‍പ്പണത്തിന്റെ ആവിര്‍ഭാവത്തോടെ വടകരയിയിലെ നാദാപുരം പോലെ തന്നെ കൊടുവള്ളിയും ഒരു പ്രധാന കേന്ദ്രമായി മാറി. ബാംഗ്ലൂരില്‍ നിന്നും വയനാട് ചുരം വഴിയാണ് കുഴല്‍പ്പണത്തിന്റെ വരവ് എന്നതുകൊണ്ടും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇതെത്തിക്കാന്‍ കൊടുവള്ളി ഒരു സുരക്ഷിത ഇടത്താവളം ആണെന്ന് കണ്ടതിനാലുമാണ് ഇങ്ങനെ സംഭവിച്ചത്. ഈ ഹവാല ഇടപാടിന് രാഷ്ട്രീയ സംരക്ഷണവും ലഭിച്ചിരുന്നു എന്നത് ലീഗിന് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാകുന്നുണ്ട്. കോടിയേരിയുടെ വിവാദ കാര്‍ യാത്ര ഇപ്പോള്‍ കൊടുവള്ളിയുടെ ഹവാല, സ്വര്‍ണം കള്ളക്കടത്ത് ബന്ധത്തിലേക്ക് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories