TopTop

അതെ; ശോഭായാത്രകള്‍ ആര്‍എസ്എസ് റിക്രൂട്ട്മെന്റ് റാലികള്‍ തന്നെയാണ്

അതെ; ശോഭായാത്രകള്‍ ആര്‍എസ്എസ്  റിക്രൂട്ട്മെന്റ് റാലികള്‍ തന്നെയാണ്
ശോഭായാത്രകള്‍ക്ക് പൂര്‍വാധികം ശക്തി കൈവന്നിരിക്കുകയാണ്. മനസ്സില്‍ കള്ളം മൊട്ടിട്ടു തുടങ്ങിയിട്ടില്ലാത്ത കുട്ടികളെ അവരുടെ നിഷ്‌കളങ്ക ബാല്യത്തില്‍ നിന്നും അകറ്റി മഹാനീചമായ ഒരു പ്രസ്ഥാനത്തിലേക്ക് പ്രത്യയശാസ്ത്രപരമായും വ്യക്തിപരമായും അടുപ്പിക്കുന്നതിനായി ഹിന്ദുത്വചിന്താകേന്ദ്രങ്ങള്‍ വളരെക്കാലം മുമ്പേ ആസൂത്രണം ചെയ്ത ഒരു വലിയ ഗൂഢാലോചനയുടെ ഫലമാണ്, വളരെ നിരുപദ്രവകരം എന്ന് നമുക്കിടയില്‍ത്തന്നെയുള്ള പലരും കരുതുന്ന ശോഭായാത്ര എന്ന കെണി. ശോഭായാത്രയിലെ രാധാകൃഷ്ണവേഷങ്ങളാണ്, രാജ്യത്തുടനീളം പടര്‍ന്നുകിടക്കുന്ന ശാഖ എന്ന ആര്‍എസ്എസ് സംഘത്തിലേക്കുള്ള ആദ്യചവിട്ടുപടി. വിദ്വേഷം മാത്രം വിതയ്ക്കുന്ന ഉപദേശങ്ങള്‍ക്കൊപ്പം സ്വന്തം രാജ്യത്തിന്റെ മഹിമയെക്കുറിച്ചും അതിന്റെ അഖണ്ഡശക്തിയെക്കുറിച്ചു ള്ള സ്തുതിപാടലുകളും, ഹിന്ദുക്കളല്ലാത്ത മറ്റെല്ലാവരും ശത്രുക്കളാണ് എന്ന പാഠവുമൊക്കെയാണ് രാധാകൃഷ്ണബാല്യങ്ങള്‍ക്ക് ആദ്യം തന്നെ ലഭിക്കുന്നത്. നമ്മുടെയൊക്കെ പിതാവും മാതാവും ആയ രാജ്യത്തെ സംരക്ഷിക്കലാണ് ഒരോ ഭാരതീയന്റെയും പ്രഥമമായ കര്‍ത്തവ്യം എന്നൊക്കെയുള്ള പാഠങ്ങള്‍ പലപ്പോഴും ഒരേ രാജ്യത്ത് തന്നെ താമസിക്കുന്ന മറ്റു സമുദായക്കാര്‍ക്കെതിരായോ അയല്‍രാജ്യങ്ങള്‍ക്കെതിരായോ ഒക്കെ ഉള്ള ഉഗ്രവിഷംചീറ്റലുകളായി മാറുകയാണ്. അത്തരം പാഠങ്ങള്‍ കേട്ട് പഠിക്കുന്ന കുട്ടികളാണ് പലപ്പോഴും പിന്നീട് ശാഖകളിലേക്കും അതുപോലുള്ള സംഘിപ്രസ്ഥാനങ്ങളിലേക്കുമൊക്കെ എത്തിച്ചേരുന്നത്. ആണ്‍കുട്ടികളാണെങ്കില്‍ അവര്‍ രാജ്യരക്ഷയ്ക്കുള്ള ഭടന്മാരാകാന്‍ സ്വയം പരിശീലനം നേടി ഇറങ്ങിപ്പുറപ്പെടേണ്ടവരാണ് എന്നും പെണ്‍കുട്ടികള്‍ വീരപുത്രന്മാരെ പ്രസവിക്കുവാനായി മാത്രം ജീവിച്ചിരിക്കേണ്ടവരുമാണ് എന്നുമൊക്കെയുള്ള അബദ്ധധാരണകളാണ് എട്ടുംപൊട്ടും തിരിയാത്ത കുട്ടികളോട് ഈ വിഷജന്തുക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാസി ജര്‍മനിയിലെയും ഫാഷിസ്റ്റ് ഇറ്റലിയിലെയും ഫ്രാങ്കോയിസ്റ്റ് സ്‌പെയിനിലെയും ഒക്കെ അവസ്ഥ ഇതുതന്നെയായിരുന്നു എന്നത് ചരിത്രരേഖകള്‍ നമ്മോട് പറയുന്നുണ്ട്.

2009ലെ ഒരു സംഭവം വിവരിക്കാം
'എനിക്ക് പട്ടാളത്തില്‍ ചേര്‍ന്ന് പാകിസ്ഥാനോട് യുദ്ധം ചെയ്യണം'- ദംഗപയ്യ എന്ന 15-കാരന്റേതാണ് ഈ വാക്കുകള്‍.
പട്ടാളത്തില്‍ ചേരാന്‍ പറ്റിയില്ലെങ്കിലോ എന്ന മറുചോദ്യത്തിന് പയ്യന്‍ പറഞ്ഞ മറുപടി എന്താണെന്നറിയാമോ?
'എന്നാല്‍ ഞാന്‍ ബജ്രംഗ് ദളില്‍ ചേര്‍ന്ന് ഈ രാജ്യത്തെ രക്ഷിക്കും' എന്നായിരുന്നു ആ മറുപടി. ആരില്‍ നിന്നാണ് രക്ഷിക്കുക എന്ന ചോദിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞത് 'തീവ്രവാദികളില്‍ നിന്നും, ദേശദ്രോഹികളില്‍ നിന്നും പാശ്ചാത്യസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നവരില്‍ നിന്നും' എന്നാണ്.

പതിനഞ്ചുവയസ്സുള്ള, മേഘാലയയില്‍ നിന്നുള്ള ഈ കുട്ടി, ദക്ഷിണ കന്നഡ ജില്ലയില്‍ ആര്‍എസ്എസ്. നടത്തുന്ന സ്‌കൂളില്‍ അഞ്ചാംവയസ്സ് തൊട്ട് പഠിക്കുകയാണ്. അങ്ങനെ ഓരോ വര്‍ഷവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിച്ചിറങ്ങുന്നു. കായികപരിശീലനവും സംഘിപ്രത്യയശാസ്ത്രത്തിലുള്ള പരിശീലനവും തങ്ങള്‍ പറയുന്നതിനും തങ്ങള്‍ക്കറിയാവുന്നതിനും അപ്പുറത്തുള്ള എല്ലാറ്റിനെയും വെറുക്കാനും ഉള്ള പരിശീലനവും എല്ലാം പത്ത് പതിനഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസകാലയളവില്‍ ആ കുട്ടികള്‍ക്ക് ലഭിക്കുന്നു. ഇങ്ങനെ പരിശീലനം ലഭിച്ച കുട്ടികളാണ് നാളത്തെ ഗുജറാത്ത് കലാപത്തിനും പള്ളി തകര്‍ക്കലിനും ഒക്കെ മുന്നിട്ടിറങ്ങുന്നതും നേതൃത്വത്തെ യാതൊരു മറുചോദ്യവുമില്ലാതെ അനുസരിക്കുന്നതും എതിര്‍ശബ്ദങ്ങളെ മുഴുവന്‍ അരിഞ്ഞുതള്ളുന്നതും.

അത്തരത്തിലുള്ള ഒരു പുതിയ തലമുറയുടെ സൃഷ്ടിയാണ് ആര്‍എസ്എസ്. എക്കാലത്തും വിഭാവനം ചെയ്തിരുന്നത്. അതിന്റെ ആസൂത്രണമാണ് അവരുടെ ബൗദ്ധികകേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. പത്രദൃശ്യമാധ്യമങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളും എല്ലാം അതിനായി അവര്‍ വളരെ വിദഗ്ദ്ധമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാലഗോകുലം എന്നത് ഇത്തരത്തില്‍ കുട്ടികളെ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ചെയ്യാനുള്ള ഒരു ഏജന്‍സിയല്ലാതെ മറ്റൊന്നുമല്ല; ശോഭായാത്ര എന്നത് ആ ഏജന്‍സി നടത്തുന്ന ആര്‍എസ്എസ് റിക്രൂട്‌മെന്റ് റാലിയുമാണ്.ലോകത്തെല്ലായിടത്തും ഫാഷിസ്റ്റുകള്‍ കുട്ടികളെ വളരെ 'കാര്യമായി'ത്തന്നെ പരിഗണിച്ചിരുന്നു. കുട്ടികളെ എങ്ങനെ വേണമെങ്കിലും തങ്ങളുടെ ഉപകരണമാക്കി മാറ്റിയെടുക്കാമെന്ന തിരിച്ചറിവും അതുപയോഗിച്ച് നേടാവുന്ന വംശശുദ്ധിയുള്ള രാഷ്ടനിര്‍മാണം തുടങ്ങിയ തീവ്രവലതു രാഷ്ട്രീയലക്ഷ്യങ്ങളും ആയിരുന്നു കുട്ടികളോടുള്ള ഈ പരിഗണനകള്‍ക്ക് പിന്നില്‍ വളരെ കാര്യമായി പ്രവര്‍ത്തിച്ചിരുന്നത്. ഫാഷിസ്റ്റ് നേതാക്കള്‍ കുട്ടികളെ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ തങ്ങള്‍ക്കുതകുന്ന രീതിയില്‍ വാര്‍ത്തെടുക്കുന്നതിനുള്ള പരിപാടികള്‍ ആരംഭിക്കുന്നു. ജര്‍മനിയിലെ ഹിറ്റ്ലര്‍ യൂത്ത്, ഇറ്റലിയിലെ സമാനമായ പ്രസ്ഥാനങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇത്തരം ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ ധാരാളമായി കുട്ടികളെയും ചെറുപ്പക്കാരെയും ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം പ്രസ്ഥാനങ്ങളിലെത്തിച്ചേരുന്ന യുവാക്കള്‍ക്ക്, രാജ്യത്ത് വസിക്കുന്ന മറ്റുള്ളവര്‍ക്ക് നിഷേധിക്കപ്പെട്ട പല ആനുകൂല്യങ്ങളും നല്‍കിയിരുന്നു. അവര്‍ക്ക് വിനോദത്തിനായി ധാരാളം പരിപാടികളുണ്ടായിരുന്നു; അവര്‍ മാത്രമാണ് തങ്ങളുടെ രാഷ്ട്രത്തിന്റെ ഒരേയൊരു സംരക്ഷകര്‍ എന്ന രീതിയിലാണ് അവരെ ധരിപ്പിച്ചിരുന്നത്. കൃത്യമായും ലിംഗപക്ഷപാതിത്വം പ്രകടമാക്കിക്കൊണ്ട് ആണ്‍കുട്ടികളെ മാത്രം തിരഞ്ഞെടുത്ത് ഇത്തരത്തില്‍ വാര്‍ത്തെടുക്കുന്നതില്‍ ഈ പ്രസ്ഥാനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു; അതേ സമയം ഇത്തരം ഭരണകൂടങ്ങള്‍ നിലനിന്നിടങ്ങളിലെല്ലാം പെണ്‍കുട്ടികളെ പരിശീലിപ്പിച്ചത് രാഷ്ട്രരക്ഷയ്ക്കായി എത്രവേണമെങ്കിലും വീരപുത്രന്മാരെ പ്രസവിച്ചോളാനായിരുന്നു. അച്ഛനമ്മമാര്‍, പള്ളികള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെയെല്ലാം അധികാരങ്ങള്‍ക്ക് മുകളിലായിരുന്നു യുവാക്കള്‍ക്ക് അധികാരം നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ, മറ്റെല്ലാതരത്തിലുമുള്ള എല്ലാ ബൌദ്ധികകേന്ദ്രങ്ങളെയും ധിക്കരിക്കാനും, മറ്റുള്ളവരെയെല്ലാം ശത്രുക്കളായി കാണുന്ന തരത്തിലുള്ള, ദേശഭക്തിമാത്രം ജീവിതത്തിന്റെ ലക്ഷ്യമായി മനസ്സിലാക്കുകയും ചെയ്യുന്ന, തങ്ങളുടെ നേതാവിനുവേണ്ടി ചോദ്യമേതുമില്ലാതെ ജീവന്‍ പോലും കളയാന്‍ തയ്യാറായിട്ടുള്ളതുമായ ഒരു യുവനിരയെ അണിയിച്ചൊരുക്കാന്‍ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നു. രാഷ്ട്രത്തിന്റെ ഭാഗധേയം കുടികൊള്ളുന്നത് കൃത്യമായും യുവാക്കളില്‍ മാത്രമാണ്, മുതിര്‍ന്നവരിലല്ല എന്ന ഫാഷിസ്റ്റ് പാഠം കൃത്യമായി പഠിച്ചതിന്റെ ഗര്‍വും ഹുങ്കുമായിരുന്നു ഈ യുവതയെ മുന്നോട്ട് നയിച്ചിരുന്നതും.

ഹിറ്റ്‌ലര്‍ യൂത്ത്
കുട്ടികളെയും ചെറുപ്പക്കാരെയും, പരിശുദ്ധമായ നാസി ജര്‍മനി കെട്ടിപ്പടുക്കുക എന്ന തന്റെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള കരുക്കളാക്കി മാറ്റുന്നതിനായി അഡോള്‍ഫ് ഹിറ്റ്ലര്‍ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ഹിറ്റ്ലര്‍ യൂത്ത്. ചെറുപ്പക്കാര്‍ക്കായി ആരംഭിച്ച പ്രസ്ഥാനങ്ങളില്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു യുവപ്രസ്ഥാനം ലോകത്ത് വേറെയില്ല എന്നതാണ് വാസ്തവം. ഈ പ്രസ്ഥാനത്തിലൂടെ ജര്‍മനിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിനോദകേന്ദ്രങ്ങളിലും തൊഴില്‍കേന്ദ്രങ്ങളിലും നാസികള്‍ക്ക് പിടിമുറുക്കാന്‍ സാധിച്ചു. ഹിറ്റ്ലര്‍ യൂത്ത് എന്ന പ്രസ്ഥാനത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ജര്‍മനിയിലെ 95 ശതമാനം വരുന്ന യുവാക്കളും അതിന്റെ പ്രവര്‍ത്തകരായിയരുന്നു എന്നതാണ് ഏറ്റവും വിചിത്രമായ സത്യം. ഹിറ്റ്‌ലര്‍ യൂത്ത് എന്ന പ്രസ്ഥാനത്തില്‍ അംഗമല്ലാത്ത യുവാക്കള്‍ക്ക് രാജ്യത്ത് വിദ്യാഭ്യാസമുള്‍പ്പെടെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന അവസ്ഥയായിരുന്നു."പത്തുവയസ്സാകുന്നതിനോടടുപ്പിച്ചാണ് ഞങ്ങളുടെ വിവിധ സംഘടനകളിലേക്ക് ആൺകുട്ടികളും പെൺകുട്ടികളും എത്തിച്ചേരുന്നത്, അവരിൽ മിക്കവർക്കും ജീവിതത്തിൽ അപ്പോഴാണ് ആദ്യമായി ശുദ്ധവായു ശ്വസിക്കാനാവുന്നതും. അവിടെ നാലു വർഷം ചെലവഴിച്ച ശേഷം അവർ ഹിറ്റ്ലർ യൂത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു. അവിടെയും അവർ നാല് വർഷം ചെലവഴിക്കുന്നു... എന്നിട്ടും അവർ പൂർണമായ അർത്ഥത്തിലുള്ള നാഷണലിസ്റ്റ് സോഷ്യലിസ്റ്റുകളായി മാറുന്നില്ലെങ്കിൽ അവരെ തൊഴിൽസേവനം ചെയ്യുന്നതിലേക്കായി അയയ്ക്കുന്നു. അവിടെ അഞ്ചാറ്മാസം ചെലവഴിക്കുന്നതോടുകൂടി അവർ ഇതിലേക്ക് പരുവപ്പെട്ടുവരുന്നു... എന്നിട്ടും അവരിൽ വല്ല വർഗബോധമോ സാമൂഹ്യസ്ഥിതിയെ സംബന്ധിച്ച ബോധമോ ഒക്കെ ബാക്കിയാകുകയാണെങ്കിൽ, അക്കാര്യം ജർമൻ സായുധസേന കൈകാര്യം ചെയ്തുകൊള്ളും." 1938ല്‍ ഹിറ്റ്‌ലര്‍ യൂത്ത് പ്രസ്ഥാനത്തെക്കുറിച്ച് അഡോള്‍ഫ് ഹിറ്റ്‌ലര്‍ നടത്തിയ പ്രസ്താവനയാണിത്. യുവാക്കള്‍ ചെയ്യേണ്ടത് എന്താണെന്നത് സംബന്ധിച്ചും അവരെ എന്തിനായിട്ടാണ് സജ്ജമാക്കേണ്ടത് എന്നതിനെ സംബന്ധിച്ചും ഉള്ള നിലപാട് കൃത്യമായി വ്യക്തമാക്കുന്ന ഒരു പ്രസ്താവനയാണിത്. ഇത് തന്നെയാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെയെല്ലാം നിലപാട്.

ബാലഗോകുലം തൊട്ട് ഭാരതീയ വിദ്യാനികേതന്‍, തപസ്യ തുടങ്ങിയവ വഴി ഭാരതീയ വിചാരകേന്ദ്രം വരെ നീളുന്ന, ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും സ്വാധീനിക്കാനാവുന്ന, അനേകമനേകം ഫാഷിസ്റ്റ് കൂട്ടായ്മകളുടെ സങ്കേതത്തെയാണല്ലോ പൊതുവേ സംഘപരിവാര്‍ എന്ന് വിളിക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ വളരെ നിഷ്‌കളങ്കം എന്ന് തോന്നിക്കാവുന്ന രാധാകൃഷ്ണവേഷം കെട്ടലുകളിലൂടെ നമ്മുടെ പ്രിയപ്പെട്ട കുട്ടികള്‍ ശോഭായാത്രകളുടെ ഭാഗമായി മാറുമ്പോള്‍, പിന്നീട് അവര്‍ ബാലഗോകുലത്തിലെത്തുമ്പോള്‍ അത് ഹിറ്റ്‌ലര്‍ യൂത്ത് പോലെയുള്ള ഒരു വലിയ ഫാഷിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുകയാണ്. ആ കവാടം കടന്നുകഴിഞ്ഞാല്‍ പിന്നെ കുട്ടിയുടെ വയസ്സ് കൂടുന്നതിനനുസരിച്ച്, രുചികള്‍ മാറുന്നതിനനുസരിച്ച് അതിനുതകുന്ന സംഘിപ്രസ്ഥാനങ്ങള്‍ മനംമയക്കുന്ന കെട്ടുകാഴ്ചകളുമായി വഴിനീളെ വാരിക്കുഴികളുമായി കാത്തുകിടപ്പുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മളൊരിക്കലും കാണാതിരിക്കരുത്. നമ്മുടെ പ്രിയപ്പെട്ട കുട്ടികള്‍ ആ കവാടത്തിലൂടെ കടക്കാതിരിക്കാന്‍ നമ്മള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വിമത ശബ്ദങ്ങളെ വച്ചുപൊറുപ്പിക്കാനാവാത്ത, തങ്ങള്‍ക്ക് വഴിമുടക്കികളാണെന്ന് തോന്നുന്നവരെ കൊന്നൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത, ജനാധിപത്യത്തിന് പുല്ലുവില പോലും കല്‍പിക്കാത്ത, മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു സംഘത്തിലേക്ക് നമ്മുടെ കുട്ടികള്‍ വീണുകഴിഞ്ഞാല്‍ പിന്നെ എന്തായിരിക്കും ഇന്ത്യയുടെ ഭാവി?

ഗാന്ധിയുടെയും കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും ധബോല്‍ക്കാറിന്റെയും ഇപ്പോഴവസാനമായി ഗൗരിയുടെയും നെഞ്ചിന്‍കൂട് തകര്‍ത്ത തോക്കുകളുടെയോ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങള്‍ പറയുന്ന നാവുകളെ അരിഞ്ഞുതള്ളുന്ന കത്തികളുടെയോ ഉടമകളായി മാറുന്ന, ചിന്താശേഷിയില്ലാത്ത, കാര്യങ്ങളുടെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാനാവാത്ത, ആരുടെയോ കൈകളിലെ ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകളായി നമ്മുടെ മക്കള്‍ പരിണമിക്കുക എന്നത് വളരെ ദു:ഖകരം തന്നെയാണ്. അവരങ്ങനെ ആയി മാറാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ വീട്ടിലിരുന്ന് പുസ്തകം വായിക്കുകയോ അപ്പുറത്തും ഇപ്പുറത്തുമുള്ള കുട്ടികളുമായി ചേര്‍ന്ന് കളിക്കുകയോ അത്യാവശ്യം അടിപിടി കൂടുകയും പിണങ്ങുകയും ഇണങ്ങുകയും ഒക്കെ ചെയ്‌തോട്ടെ. ബാലഗോകുലം എന്ന ബ്ലൂ വെയില്‍ ഗെയിമിലേക്ക് അവരെ ഒരിക്കലും തള്ളിവിടാതിരിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories