TopTop
Begin typing your search above and press return to search.

ഓട്ടമത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്കെത്താന്‍ ഹാഫ് മാരത്തണ്‍ ഓടേണ്ടി വരുന്ന പ്രിവിലേജില്ലാത്ത ജനത

ഓട്ടമത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്കെത്താന്‍ ഹാഫ് മാരത്തണ്‍ ഓടേണ്ടി വരുന്ന പ്രിവിലേജില്ലാത്ത ജനത
Privilege /pr?v?l?d?/- a special right, advantage, or immunity granted or available only to a particular perosn or group identified such as race, class, gender, sexual orientation, language, geographical location, ability, religion etc.

ഈയടുത്ത കാലത്തായി പ്രിവിലേജിനെപ്പറ്റി സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ പ്രിവിലേജിനെ നോക്കിക്കാണുന്ന മേല്‍ക്കൊടുത്ത ഡെഫനിഷനില്‍ പറഞ്ഞതിനൊപ്പം ജാതിയും കൂടി ചേര്‍ത്താലേ ഇന്ത്യയിലെ ചില കൂട്ടരുടെ പ്രിവിലേജ് നമുക്ക് മനസ്സിലാവൂ. പ്രിവിലേജ് എന്ന പദത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ഒരു പദം മലയാളത്തില്‍ കണ്ടില്ല എന്നത് തന്നെ ഒരു സൂചകമാണ്.

ഇന്ത്യയില്‍ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് സവര്‍ണര്‍ക്കുള്ള പ്രിവിലേജ്. തങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ താണ്ടി വന്നാല്‍ മാത്രം പോരാ സവര്‍ണര്‍ക്കുള്ള പ്രിവിലേജിനെയും തരണം ചെയ്താലേ പിന്നോക്കക്കാര്‍ക്ക് ജീവിതം ഒരറ്റം മുട്ടുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സവര്‍ണരുമായുള്ള നൂറ് മീറ്റര്‍ ഓട്ടപ്പന്തയത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്കെത്താന്‍ ഹാഫ് മാരത്തണ്‍ ഓടിയെത്തേണ്ട നിലയിലാണ് പ്രിവിലേജില്ലാത്ത ഒരു വിഭാഗം ജനത മത്സരിക്കുന്നത്. അങ്ങനെയൊരു കഠിന മത്സരത്തില്‍ ജയിക്കുന്ന അപൂര്‍വ പ്രതിഭകളെപ്പോലും റെഡ് കാര്‍ഡ് വീശി അയോഗ്യരാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന റഫറിമാരും ഈ നാട്ടില്‍ തന്നെയുണ്ട്. പല ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് മുന്നില്‍ നിരന്ന് കിടപ്പുണ്ട്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ധിഷണാശാലികളില്‍ ഒരാളായ ഡോ. ബി.ആര്‍ അംബേദ്ക്കറിനെ സമൂഹം നോക്കിക്കണ്ട രീതി തന്നെയെടുക്കാം. അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തിനും അര നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍സമൂഹം അംബേദ്കറിന്റെ മഹത്വം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുള്ളത്. കേരളത്തിലാണെങ്കില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനെ സമൂഹം നോക്കിക്കണ്ട രീതിയും വ്യത്യസ്തമല്ലെന്ന് കാണാം.

പലപ്പോഴും നമ്മള്‍ തിരിച്ചറിയാത്ത ഒന്നാണ് പ്രിവിലേജിന്റെ രാഷ്ട്രീയം, വായുവിനെപ്പോലെ അത് എപ്പോഴും ചുറ്റും ഉള്ളതുകൊണ്ട് നമ്മള്‍ അതിന്റെ എക്‌സിസ്റ്റന്‍സ് വകവെച്ചു കൊടുക്കുന്നില്ല. ഒരു നിമിഷമെങ്കിലും നിലയില്ലാവെള്ളത്തില്‍ മുങ്ങിയവര്‍ക്കേ, ശ്വാസം മുട്ടിയവര്‍ക്കേ ചുറ്റുമുണ്ടായിരുന്ന വായുവിന്റെ പ്രാധാന്യം മനസ്സിലാവൂ എന്നത് പോലെ പ്രിവിലേജ് ഇല്ലാതാവുമ്പോഴേ അതിന്റെ ഇംപാക്ട് ഒരാള്‍ക്ക് മനസ്സിലാവൂ. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പ്രിവിലേജ് വിഭാഗങ്ങളില്‍ പെടുന്ന സവര്‍ണ ജനതയോ, പുരുഷനോ, ഒന്നും തന്നെ അവര്‍ണ വിഭാഗങ്ങളുടെയോ, സ്ത്രീകളുടെയോ പ്രശ്‌നങ്ങളും അവര്‍ സമൂഹത്തില്‍ നേരിടുന്ന പ്രതിസന്ധികളും മനസ്സിലാക്കിക്കൊള്ളണമെന്നില്ല.

ഇത്രയും പറഞത് നമ്മുടെ ഏഷ്യന്‍ ചാമ്പ്യന്‍ ആയ പി.യു ചിത്രയുടെ കാര്യം സൂചിപ്പിക്കാനായാണ്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന, ദരിദ്ര കുടുംബത്തില്‍ ജനിച്ച് നമ്മുടെ സിസ്റ്റം നല്‍കുന്ന തുച്ഛമായ സപ്പോര്‍ട്ടും വെച്ചാണ് ആ കുട്ടി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്. പലപ്പോഴും ദേശീയ ഗെയിംസിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ദിവസങ്ങളോളം നിന്നുകൊണ്ട് യാത്രചെയ്യാന്‍ വിധിക്കപ്പെട്ട നമ്മുടെ കായിക താരങ്ങള്‍ക്കിടയില്‍ നിന്നും ഇത്തരമൊരു നേട്ടം കൈവരിക്കുക എന്നത് വലിയൊരു കാര്യമാണ്. ആമിര്‍ ഖാന്റെ ദങ്കല്‍ എന്ന സിനിമയില്‍, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ താരത്തിന്റെ കോച്ച് കൂടിയായ അച്ഛന്‍ കഥാപാത്രത്തെ സ്റ്റേഡിയത്തിലേക്ക് കടത്താതിരിക്കുന്നുണ്ട് അധികാരികള്‍. അതൊക്കെയും സിനിമയില്‍ മാത്രമാണെന്ന് വിചാരിച്ചെങ്കില്‍ നമുക്ക് തെറ്റി.ഏഷ്യന്‍  അത്ലറ്റിക്സ്  ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ചിത്രയ്ക്കും അതേ അനുഭവമാണുണ്ടായിരുന്നത്, ചിത്രയുടെ കോച്ചിന് ഒഫീഷ്യല്‍ കോച്ചുമാര്‍ക്കുള്ള പെര്‍മിഷന്‍ കൊടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഭുവനേശ്വറില്‍ വെച്ച് നടന്ന ഒരു മത്സരത്തിനിടയ്ക്കാണ് മാനേജ്‌മെന്റ് ഇങ്ങനെ ചെയ്തതെന്നത് ചിത്രയോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നതാണ്. എന്നിട്ടും എല്ലാം സഹിച്ച് അവസാന നിമിഷത്തിലെ കുതിപ്പ് വഴി സ്വര്‍ണം നേടാന്‍ ആ മിടുക്കിക്ക് കഴിഞ്ഞു.

ഏഷ്യന്‍  ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ പ്രകടനം വഴി നേരിട്ട് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ ചിത്രയെ, പ്രകടനം പോരാ എന്നും മെഡല്‍ നേടാന്‍ സാധ്യതയില്ല എന്നും പറഞ്ഞ് അവിടേക്കയക്കേണ്ട എന്ന് ദേശീയ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്രേ. ലോകചാമ്പ്യന്‍ഷിപ്പില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വല്ല സാധ്യതകളും ഉണ്ടെങ്കില്‍ അത് ദീര്‍ഘദൂര ഓട്ടത്തിനാണ് എന്നുപോലും മനസ്സിലാക്കാന്‍ വയ്യാത്ത ആളുകളാണ് ദേശീയ ടീമിനെ മാനേജ് ചെയ്യാന്‍ ഇരിക്കുന്നത് എന്നത് തന്നെ ഒരു ദുരന്തമാണ്. ആ കമ്മറ്റിയില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുമുള്ള ആളുകളാണ് എന്നറിയുമ്പോഴാണ് ചിത്ര നേരിടുന്ന അവഗണനയുടെ ആഴം മനസ്സിലാവുക.

നമ്മുടെ നാട്ടില്‍ ജാതിക്കും നിറത്തിനും സാമ്പത്തിക സ്ഥിതിക്കും എന്നുവേണ്ടാ ഏത് സംസ്ഥാനത്ത്/ജില്ലയില്‍/ഏരിയയില്‍ ആണ് ജീവിക്കുന്നത് എന്നതിന് പോലും പ്രിവിലേജ് ഉണ്ട്, ഈ കാര്യം മനസില്‍ വെച്ചാല്‍ ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തഴയാന്‍ അധികാരികള്‍ക്ക് ഒരു തടസവുമുണ്ടാവാതിരുന്നത് എന്ത്‌കൊണ്ട് എന്ന് മനസിലാക്കാന്‍ ആര്‍ക്കും ഏറെ പണിപ്പെടേണ്ടിവരില്ല. പ്രിവിലേജില്ലാത്തവര്‍ ഏഷ്യന്‍ ചാമ്പ്യന്‍ ആയാല്‍ പോലും തഴയപ്പെടുന്ന ഈ നാട്ടില്‍ സംവരണം ഇല്ലായിരുന്നുവെങ്കില്‍ പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ എന്താകുമായിരുന്നെന്ന് സംവരണവിരുദ്ധര്‍ക്ക് ചിന്തിക്കാവുന്നതാണ്.

പാലക്കാട് ജില്ലയിലെ മുണ്ടൂരിലുള്ള ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ നിന്നും ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ പേടകത്തിലേക്ക് ഓടിക്കയറിയ ചിത്ര കൈവരിച്ചത് ലോകോത്തര നേട്ടമാണ്. അതിനെ അംഗീകരിക്കാത്ത നാഷണല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് നടപടി ശക്തമായ പ്രതിഷേധം അര്‍ഹിക്കുന്ന ഒന്നാണ്. ഒരു പി.ടി ഉഷയെപ്പോലെയോ ഷൈനി വിത്സനെപ്പോലെയോ അതിലുമുയരെയോ എത്തേണ്ട പ്രതിഭയാണ് പി.യു ചിത്ര. ആ യുവതാരത്തിന് വലിയ പിന്തുണ ആവശ്യമുണ്ട്.

Next Story

Related Stories