TopTop
Begin typing your search above and press return to search.

ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു
അട്ടപ്പാടിയിലെ അഗളിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ കേരളമുടനീളം പ്രതിഷേധം അലയടിക്കുന്നുണ്ട്. ആദിവാസി ഗോത്രമഹാ നേതാവ് കൂടിയായ എം. ഗീതാനന്ദന്‍ പ്രതികരിക്കുന്നു.

അട്ടപ്പാടിയിലുണ്ടായിരിക്കുന്ന മധുവിനെതിരെയുള്ള ഈ ആക്രമണവും കൊലപാതകവും കേരളത്തിന്റെ പൊതുപ്രശ്‌നമായി വ്യാഖ്യാനിക്കേണ്ടതില്ല. കേരളത്തിലെ യുവാക്കളുടെ സദാചാരക്കൊലകള്‍ പോലുള്ളതിനോട് ചേര്‍ത്തുവക്കുന്ന ഒന്നായിട്ട് എന്നതിന് പകരം കിഴക്കന്‍ മലയോരമേഖലകളില്‍, പ്രത്യേകിച്ചും അട്ടപ്പാടിയിലുള്ള കുടിയേറ്റങ്ങളുടെ സവിശേഷമായ ഒരു സാഹചര്യത്തില്‍ നിന്നുണ്ടായതാണിതെന്നാണ് എന്റെ മനസ്സിലാക്കല്‍. പത്രമാധ്യമങ്ങളിലുള്‍പ്പെടെ നാട്ടുകാര്‍ മധുവിനെ വളഞ്ഞുവച്ചു, മോഷണം ആരോപിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. യഥാര്‍ഥത്തില്‍ നാട്ടുകാര്‍ എന്ന് പറയുന്നവര്‍ ആരാണ്? പാലായില്‍ നിന്നും കോട്ടയത്തുനിന്നും ചങ്ങനാശേരിയില്‍ നിന്നുമൊക്കെ കുടിയേറിയവരുടെ രണ്ടാം തലമുറയാണത്. ആദിവാസികളോടുള്ള അവരുടെ ഒരു പൊതുബോധം അവരെ സമൂഹത്തിലെ ഒരു അനാവശ്യ വസ്തു എന്ന നിലയില്‍ കാണുന്നു എന്നതാണ്.

എനിക്ക് നന്നായി അറിയാവുന്ന ഊരാണ് ചെണ്ടക്കി. സെറ്റില്‍മെന്റ് ഊരാണ്. മധു ചെറിയ മനോരോഗമുള്ളതിനാല്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വഭാവമുള്ളയാളായിരുന്നു. മോഷ്ടാവ് എന്ന് ഒരു രീതിയിലും അയാളെ വിശേഷിപ്പിക്കാനാവില്ല. ഞാനയാളെ കണ്ടിട്ടുണ്ട്. മാനസികാസ്വാസ്ഥ്യങ്ങളുള്ളതുകൊണ്ടും അവിടവിടെ അലഞ്ഞ് നടക്കുന്നത് കൊണ്ടും എന്തെങ്കിലും പെറുക്കിയെടുത്തൊക്കെ കഴിഞ്ഞുപോവുന്നയാളായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ അയാളില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക് കിറ്റുകളില്‍ നിന്ന് ഒന്നും കിട്ടിയിട്ടില്ല. മോഷ്ടാവ് എന്ന നിലയില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ സദാചാര പ്രശ്‌നം ഉന്നയിച്ച് ആര്‍ക്ക് വേണമെങ്കിലും ഇത്തരം ദുര്‍ബലന്‍മാരെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന സ്ഥിതിയാണ്. ഒരാള്‍ ഗൂഡാലോചന നടത്തി പത്താളെ കൂട്ടിയാല്‍ മതി. അങ്ങനെയൊരു സാമൂഹിക മന:ശാസ്ത്രം ഇത്തരം മേഖലകളില്‍ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

സംഭവമറിഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് തോന്നിയത് മുത്തങ്ങയിലുണ്ടായ ഞങ്ങളുടെ ദുരനുഭവമാണ്. അവിടെ ഇതിന്റെ മറ്റൊരുരൂപമായിരുന്നു എന്ന് മാത്രം. ആദിവാസികള്‍ കയറുന്നു, നാട്ടുകാര്‍ അതിനെതിരെ നില്‍ക്കുന്നു. ആരാണ് ഈ നാട്ടുകാര്‍? അരനൂറ്റാണ്ടുകളായിട്ട് കേരളത്തിന്റെ തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും, മധ്യതിരുവിതാംകൂറില്‍ നിന്നും കുടിയേറി കാടുമുഴുവന്‍ വെട്ടിവെളുപ്പാക്കിയതിന് ശേഷം ആദിവാസികള്‍ കാട്ടില്‍ കുടിലുകെട്ടി താമസിക്കുന്നതിനെ അവരുടെ വിഘടനവാദമെന്നും പ്രത്യേക ആവാസമേഖലയുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഹര്‍ത്താലും മറ്റും നടത്തുന്നവരാണ്; സ്റ്റേറ്റിന്റെ പിന്തുണയും. അവിടെ ഇതേ സൈക്കോളജിയാണ് പ്രവര്‍ത്തിച്ചത്.

മറ്റൊരു കാര്യം അട്ടപ്പാടിയില്‍ ഇത് രൂക്ഷമാവുന്നതിന്റെ പ്രധാനകാര്യം ഭരണസംവിധാനത്തിലെ പൗരന്റെ അവകാശങ്ങളൊന്നും അംഗീകരിക്കപ്പെടുന്ന ലോകം അല്ലെങ്കില്‍ സിവില്‍ സൊസൈറ്റി അവിടെയില്ല എന്നതാണ്. വര്‍ഷങ്ങളായി അവിടെ നടക്കുന്ന കൊലപാതകങ്ങള്‍, ആദിവാസിക്ക് നേരെയുള്ള അക്രമങ്ങള്‍, ബലാത്സംഗം ഇതിലൊന്നും തന്നെ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടാറില്ല എന്നതാണ് വസ്തുത. 2002-ലെ കണക്കനുസരിച്ച് അന്നുവരെ 120 ആദിവാസികള്‍ കൊലചെയ്യപ്പെട്ടിട്ടും പ്രതികളൊന്നും തന്നെ പിടിക്കപ്പെട്ടിട്ടില്ല. പിടിക്കപ്പെട്ടവരുടെ പേരില്‍ തന്നെ ദുര്‍ബലമായ കുറ്റങ്ങള്‍ ചാര്‍ത്തി വിട്ടയയ്ക്കപ്പെടുന്നു. പിന്നീട് കോടതി കുറ്റവിമുക്തരാക്കുന്നു. അതാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കേസിലും അത് തന്നെയാണ് സംഭവിച്ചത്. വ്യക്തമായ തെളിവുണ്ട്. മരണകാരണം ഇവരുടെ ആക്രമണമാണെന്നത് പ്രഥമദൃഷ്ട്യാ തന്നെ പോലീസുകാര്‍ക്കറിയാം. പക്ഷെ പോലീസ് ഒന്നും ചെയ്തില്ല.

ഇന്നലെ ഉച്ചവരെ പോലീസ് സ്‌റ്റേഷന്‍ ഉപരോധമുള്‍പ്പെടെ വലിയതോതില്‍ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടത് കൊണ്ടുമാത്രമാണ് രണ്ട് പേരെയെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന പറയുന്നത് തന്നെ വലിയ തട്ടിപ്പാണ്. അറസ്റ്റ് ചെയ്യപ്പെടാതിരിക്കുക എന്ന് പറഞ്ഞാല്‍ പ്രതിയെ കുറ്റവിമുക്തനാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ പാര്‍ശ്വവല്‍കൃതരോട് ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന സംഘടിതരുടെ നീക്കമായി ഇതിനെ കണ്ടുകൊണ്ട് വലിയതോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം.

http://www.azhimukham.com/kerala-adaptation-mob-lynching-government-and-public-dont-know-tribes-actual-needs-cs-chandrika/

http://www.azhimukham.com/kerala-how-behaving-public-society-to-tribal-people-in-kerala/

http://www.azhimukham.com/kerala-a-criminal-group-killing-tribes-in-attappadi-ck-janus-accusation/

http://www.azhimukham.com/kerala-attappadi-tribal-life-infant-death-malnutrition-by-kg-balu/

Next Story

Related Stories