TopTop
Begin typing your search above and press return to search.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്: മിടുക്കരായ ഉദ്യോഗസ്ഥരെ കിട്ടും; വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഗുണം തിരിച്ചറിയാം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്: മിടുക്കരായ ഉദ്യോഗസ്ഥരെ കിട്ടും; വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഗുണം തിരിച്ചറിയാം

സംസ്ഥാനത്ത് ഇപ്പോള്‍ ആരംഭിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ എ എസ്) വളരെ നല്ല ഒരു ആശയമാണ്. എത്രയോ മുമ്പ് പ്രയോഗത്തില്‍ വരേണ്ട ഒരു കാര്യമാണത്. ഇടതു സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇച്ഛാശക്തിയോടുകൂടി പ്രവര്‍ത്തിച്ചപ്പോഴാണ് ആ ആശയം നടപ്പിലായതെന്നു മാത്രം.

ബ്രിട്ടീഷ് ഭരണകാലത്ത് ഡെപ്യുട്ടി കളക്ടര്‍മാരായിരുന്നു സംസ്ഥാനത്ത ഭരണനിര്‍വ്വഹണത്തിന്റെ നട്ടല്ല്. സംസ്ഥാന സിവില്‍ സര്‍വ്വീസ് ആയി വ്യാഖ്യാനിക്കാവുന്ന ചട്ടക്കൂടായിരുന്നു അതിന്റേത്. അത് ചരിത്രപരമായ ഒരു സ്ഥിതിവിശേഷമാണ്. ഭരണനിര്‍വ്വഹണരംഗത്ത് പലതരത്തിലുളള മാറ്റങ്ങളുണ്ടായതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍മാരെ മാത്രം കേന്ദ്രീകരിച്ചുളള സംസ്ഥാന സിവില്‍ സര്‍വ്വീസ് എന്ന ആശയത്തിന് മാറ്റം സംഭവിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളും ഈ രീതി നേരത്തെ പിന്തുടര്‍ന്നു വരുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം സെക്രട്ടേറിയേറ്റ് തസ്തികകള്‍ കുറയ്ക്കുന്നു എന്നതാണ്. കേരളത്തിന് ഇത് തികച്ചും അനുയോജ്യമാണ്. മറ്റ് സംസ്ഥാന സെക്രട്ടറിയേറ്റുകളിലോ കേന്ദ്ര സെക്രട്ടറിയേറ്റിലോ ഇല്ലാത്ത ഒരു പ്രവണത സംസ്ഥാനത്തുണ്ട്. സെക്രട്ടറിയേറ്റില്‍ ഒരു അസിസ്റ്റ്ന്റ് ആയി വന്ന് അവിടത്തെ ഏറ്റവും മുകളിലെ ഉദ്യോഗം വരെയെത്തുന്ന സാഹചര്യമാണിവിടെയുളളത്.

എല്ലാ പ്രമോഷനുകളും സെക്രട്ടറിയേറ്റിലെ തസ്തികകള്‍ക്ക് മാത്രം ലഭിക്കുന്ന ഒരവസ്ഥയാണത്. ആ സ്ഥിതി ഇന്ത്യയിലെവിടെയും ഇല്ല. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നവരുടെ പല തരത്തിലുളള നീക്കങ്ങള്‍ കാരണം രാഷ്ട്രീയം നേതൃത്വം അതിന് ഇടം നല്‍കുകയായിരുന്നു. അതിന്റെ ഫലങ്ങള്‍ ഭരണത്തില്‍ കാണാനാകുന്നുമുണ്ട്. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ തന്നെ എല്ലാ പ്രമോഷനും ധനകാര്യം പോലുളള മറ്റ് വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസുകളും കൈയാളുന്ന സ്ഥിതി വിശേഷമായിരുന്നു. അത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. ആ സ്ഥിതിയില്‍ കെ എ എസ് വരുന്നതോടെ മാറ്റം പ്രതീക്ഷിക്കാം.

മത്സരപരീക്ഷ എഴുതി നല്ല മിടുക്കുളള ഉദ്യോഗസ്ഥരെ ഗസറ്റഡ് പദവിക്കു മുകളില്‍ ലഭിക്കുമെന്നതാണ് കെ എ എസ് കൊണ്ടുളള മറ്റൊരു ഗുണം. മെറിറ്റില്‍ നല്ല മിടുക്കികളേയും മിടുക്കരേയും ലഭിക്കും. ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ ശേഷി അങ്ങനെ നേടിയെടുക്കാനാകും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തിലുളള സര്‍വ്വീസുകള്‍ ഉണ്ട്. അതാത് സംസ്ഥാനങ്ങളുടെ ഭരണ നിര്‍വ്വഹണത്തിനു അത്തരം സര്‍വീസുകള്‍ ഗുണം ചെയ്തിട്ടുണ്ട്. കേരളത്തിന് അതിന്റെ പ്രയോജനം നേടാനായില്ല.

സംസ്ഥാന ഭരണനിര്‍വ്വഹണരംഗത്ത് നല്ല മാറ്റം ഉണ്ടാക്കാന്‍ ഈ സര്‍വ്വീസ് കൊണ്ട് ആകും. പക്ഷേ, വിജയകരമായി അത് നടത്താന്‍ സാധിക്കണമെന്നുമാത്രം. ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതും തിരഞ്ഞെടുക്കുന്നതും പരാതികള്‍ക്ക് ഇടം നല്‍കാത്തവിധത്തില്‍ നടത്തികൊണ്ട് പോകണം. അര്‍ഹരായവരെ മാത്രം തിരഞ്ഞെടുത്ത് നല്ല രീതിയില്‍ നടത്തിയാല്‍ കെ എ എസിന്റെ പ്രയോജനം സംസ്ഥാന ഭരണരംഗത്ത് നന്നായി പ്രതിഫലിക്കും. അടുത്ത 5-10 വര്‍ഷത്തിനിടയില്‍ തന്നെ കെഎഎസിന്റെ ഗുണം സംസ്ഥാനത്ത് പ്രകടമായി കാണാനാകുമെന്നാണ് കരുതുന്നത്.

ഇതിനെതിരെ ശക്തമായി നീങ്ങിക്കൊണ്ടിരുന്നത് സെക്രട്ടറിയേറ്റ് ജീവനക്കാരായിരുന്നു. ഇത്തരം പരിഷ്‌കാരങ്ങളെ എല്ലാകാലത്തും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. അത്തരം തടസങ്ങളെ മറികടന്ന് മുന്നോട്ട് പോകാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നത് വലിയ നേട്ടം തന്നെയാണ്. പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കിയത് നല്ല ഇച്ചാശക്തിയോടുകൂടി തന്നെയാണ്.

(എം വിജയനുണ്ണിയുമായി അഴിമുഖം ന്യൂസ് കോര്‍ഡിനേറ്റര്‍ യാസിര്‍ സംസാരിച്ച് തയ്യാറാക്കിയത്)


Next Story

Related Stories