Top

സംഭവമല്ല, കഥയാണ് വൈറസ്; അതിമാനുഷരുടേതല്ല, അതിജീവനത്തിന്റേത്

സംഭവമല്ല, കഥയാണ് വൈറസ്; അതിമാനുഷരുടേതല്ല, അതിജീവനത്തിന്റേത്
1. സ്‌പോയ്‌ലര്‍ അലര്‍ട്ട്: സിനിമയിലെ കഥയെ കുറിച്ചും നരേഷനേ കുറിച്ചും സൂചനകളുണ്ട്. അതുകൊണ്ട് കഥ അറിഞ്ഞാല്‍ സിനിമാസ്വാദനം നഷ്ടപ്പെടുന്നവര്‍ ദയവായി വായിക്കരുത്.

2. നിരൂപണം അല്ല ആസ്വാദനം ആണ്. സിനിമയുടെ പിന്നിലും മുന്നിലും ജോലി ചെയ്തിട്ടുള്ള പലരും പരിചയക്കാരാണ്. അതുകൊണ്ട് ഫിലം പ്രമോഷനാണ് ഇത് എന്ന് വിചാരിക്കുന്നവര്‍ വായിക്കേണ്ടതേ ഇല്ല.

സംഭവമല്ല, കഥയാണ് വൈറസ്; അതിമാനുഷരുടേതല്ല, അതിജീവനത്തിന്റേത്

ആരാണ് ഹീറോ?

മഹാമാരികളുടേയും മഹാദുരന്തങ്ങളുടേയും കാലത്ത് ഒരു സമൂഹത്തെ ഒരതിമാനുഷന്‍ ഒറ്റയ്ക്ക് തോളേറ്റുന്നത് ഫാന്റസികളിലും സൂപ്പര്‍ ഹീറോ വ്യാമോഹങ്ങളിലും മാത്രമാണ്.

തുഴഞ്ഞ് വന്നവര്‍, തുണവന്നവര്‍, ഒറ്റയ്‌ക്കൊറ്റയ്ക്കിരുട്ടില്‍ ഭൂമിയും ലോകവും ഇല്ലാതായെന്ന് സ്വയം അസ്തമിച്ചപ്പോള്‍ തെളിച്ച വെളിച്ചം, വിളിച്ച ശബ്ദം... അറിയുന്നവര്‍, അറിയാത്തവര്‍.

കാത്തിരുന്നവര്‍ക്ക് അതീജീവിച്ച ഒരോരുത്തരും ഹീറോകളാണ്. ആണുങ്ങളെ കുറിക്കുന്ന വാക്കല്ല ഇവിടെ ഹീറോ എന്നത്. ആശങ്കളുടെ കാലത്ത് മനുഷ്യരായി നിന്ന എല്ലാവരുമാണ്, ആണുങ്ങള്‍, പെണ്ണുങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം, കുഞ്ഞുങ്ങള്‍. സധൈര്യം മാത്രം എന്തിനേയും നേരിട്ടവരൊന്നുമല്ല, ഇവര്‍. പേടിച്ചവര്‍, കരഞ്ഞവര്‍, സങ്കടപ്പെട്ടവര്‍, സമനിലതെറ്റിയവര്‍... എന്നിട്ടും ഒരുമിച്ച് നിന്ന് ആശങ്കകളുടെ കാലത്തെ അതിജീവിച്ചവര്‍.

***
വൈറസിന്റെ അടിസ്ഥാന കഥ കേരളത്തിനറിയാം. നിപാ കാലത്ത് കോഴിക്കോട് ജീവിച്ചിരുന്നയാളെന്ന നിലയില്‍ ഒരു ദിവസം കൊണ്ട് ശൂന്യമായ നഗരവും നിരത്തും കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. ആശങ്കകളും അഭ്യൂഹങ്ങളും ഏതുവഴിയിലും വ്യാധിയേക്കാള്‍ മാരകമായി പടര്‍ന്നു; മരണവൈറസിനേക്കാള്‍ അപകടകാരിയായി. ആ കാലമാണ് സിനിമയില്‍.

റ്റി.വി/ഓണ്‍ലൈന്‍ സീരീസുകളിലെ കള്‍ട്ടായ ഫാര്‍ഗോ-യുടെ ആപ്തവാക്യം, This is based on a true story. At the request of the survivors, the names have been changed. Out of respect for the dead, the rest has been told exactly as it occurred എന്നാണ്. പക്ഷേ സംഭവിച്ച് അതേ പടി പറയുക എന്നത് ഒരു ക്രൈം സ്റ്റോറിയിലെന്നപോലെ ഡിസാസ്റ്റര്‍ സ്റ്റോറിയില്‍ എളുപ്പമല്ല. ദുരന്തത്തിന്റെ കഥ മനുഷ്യരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം അതിജീവിവനത്തിന്റെ പ്രത്യാശ പകരുന്നിടത്താണ് ആഷിഖ് അബു തന്റെ സിനിമയെ വിഭാവനം ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ അത് നിപ വൈറസ് പലതരത്തില്‍ ജീവിതത്തെ ബാധിച്ചരുടെ കഥയാണ്. ഒരു ജനതയെ പ്രതിനിധീകരിക്കുന്ന മനുഷ്യരുടെ കഥ. അതായിരിക്കുമ്പോഴും നിപ ബാധിച്ച കാലത്തിന്റെ ഡോക്യുമെന്റേഷനല്ല ഈ സിനിമ. അന്ന് സംഭവിച്ചത് അതേ പടി പകര്‍ത്തുകയല്ല. അതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് തന്റെ രാഷ്ട്രീയത്തിലേയ്ക്ക് സിനിമയെ പകര്‍ത്തുകയാണ് ചെയ്യുന്നത്.

***
രോഗം വില്ലനാണെങ്കില്‍ ഡോക്ടറാകില്ലേ ഹീറോ? എന്നാല്‍ ഡോക്ടറാണെങ്കിലും പൊതുവേ സെലിബ്രേറ്റ് ചെയ്യപ്പെടാത്ത ഒരു ഡോക്ടറിവിടെയുണ്ട്. സാമാന്യം സമഭാവനയോടെ, പരസ്പരബഹുമാനത്തോടെ പെരുമാറുന്ന ഭര്‍ത്താവിന് പോലും, റിയല്‍ ഡോക്ടറാരാണവര്‍ എന്നൊരു ക്രൈസിസില്‍ തോന്നുന്നില്ല. ക്രൈസിസില്‍ രോഗികളെ നോക്കുന്ന ഡോക്ടറല്ലേ ഡോക്ടറാകൂ? രോഗികളും രോഗവുമായി ബന്ധപ്പെട്ട ആര്‍ക്കും അവരൊരു ശരി ഡോക്ടറായി തോന്നുന്നില്ല. ധൃതിയില്‍ പോണ അവരെ ചൂണ്ടി, പിന്നെ നേരെ എമര്‍ജെന്‍സിയിലേക്കല്ലേ പോക്ക് എന്ന പരിഹാസത്തിലാണ് ഇന്‍ട്രൊഡക്ഷന്‍ തന്നെ. (ആ ഒറ്റ സീനില്‍ ഒ.പി കളക്ഷന്‍ ഏജന്റായി നിലമ്പൂര്‍ ആയിഷ എന്ന ഉജ്ജ്വല നടി ഒരു മെഡിക്കല്‍ കോളേജിന്റെ അന്തരീക്ഷത്തെ എളുപ്പത്തിലാവാഹിക്കാന്‍ പോന്നതാക്കി) ആ ഡോക്ടറാണ് നമ്മുടെ ഹീറോ. രോഗം കണ്ടുപിടിക്കുന്നയാളല്ല, ചികിത്സിക്കുന്ന ആളുമല്ല. പിന്നെ? എപിഡമിയോളജി എന്നൊന്നുണ്ട്. പൊതുവേ സിനിമയോ ജേര്‍ണലിസമോ ഒന്നും സംസാരിക്കാത്തത്. രോഗത്തിന് കാരണമായ സംഭവങ്ങളെന്ത്, രോഗിയുടെ സാമൂഹ്യ സാഹചര്യമെന്ത്, രോഗി ഇടപെടുന്ന മേഖലയെന്ത് എന്നൊക്കെ മനസിലാക്കി എങ്ങനെ രോഗത്തിന്റെ വിതരണം തടയാം, രോഗത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാം എന്ന് കണ്ട് പിടിക്കുന്ന വിദ്യ. കമ്മ്യൂണിറ്റി ഹെല്‍ത്ത്, സോഷ്യല്‍ മെഡിസിന്‍ എന്നൊന്നും മലയാള സിനിമയില്‍ കാണാറില്ല. അതിവിടെ ആദ്യമാണെന്ന് തോന്നുന്നു സാധ്യമാകുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. അന്നുവാണ് വൈറസിലെ ഹീറോ. പാര്‍വ്വതിയില്‍ ഭദ്രം.

***

സഖറിയ എനിക്ക് ഹീറോ ആണ്. അവനോട് ചേര്‍ന്ന് നില്‍ക്കുന്ന മനുഷ്യര്‍ക്ക് മുഴുവന്‍ അവനോട് സ്‌നേഹമാണ്. ജോലി പോയി കുറച്ച് കാലം ധാരാളം മലയാളികളെ പോലെ അവനും ഗള്‍ഫില്‍ ഒരു വഴിയുമറിയാതെ നിന്നിട്ടുണ്ടാകാം. പക്ഷേ നാട്ടിലെത്തിയ അവന്‍ ഉത്സാഹവാനാണ്. അവന്റുമ്മയ്ക്കും പെങ്ങള്‍ക്കും ഉപ്പയ്ക്കും അനിയനുമെല്ലാമവന്‍ ഹീറോയാണ്. മരം കേറി പഴം തിന്ന്, മുയലിനെ വളര്‍ത്തി, മരത്തിന്റേയും പൂവിന്റേയും പൂമ്പാറ്റയുടെയും വവ്വാലിന്റേയും പടമെടുത്ത് ഇന്‍സ്റ്റാഗ്രാമിലിട്ട് രസിക്കുന്ന ഒരു മനുഷ്യന്‍. പ്രകൃതിയേയും ലോകത്തിനേയും സഹജീവികളേയും സ്‌നേഹിക്കുന്നവന്‍. പക്ഷേ അവനായി പോയി രോഗത്തിന്റെ കേന്ദ്രം. അവന്റെ ചുറ്റും സ്‌നേഹം പ്രവഹിച്ചത് പോലെ വൈറസ് വന്നുപോയി. അവനൊന്നും ചെയ്യാനില്ല. എന്റെ മോനാണെല്ലേ എല്ലാവര്‍ക്കും രോഗം കൊടുത്തതെന്ന ജമീലുമ്മാന്റെ -സാവിത്രി ശ്രീധരന്‍- തേങ്ങല്‍ നമ്മളെ ബാധിക്കുന്നത് സ്‌നേഹം മാത്രം വിതരണം ചെയ്ത ഒരുവനോടുള്ള ലോകത്തിന്റെ ക്രൂരതയോര്‍ത്താണ്. അവന്റെ കാമുകി ഉഗ്രനാണ്. അവളുടെ സങ്കടം അവളുടെ സ്‌നേഹം കുറച്ച് നേരത്തേ പരസ്യമാക്കിയില്ലല്ലോ എന്നതാണ്. സഖറിയയെ കുറിച്ച് പറയാന്‍ അവള്‍ക്ക് ഉപ്പയുടെയും ഉമ്മയുടെയും സാന്നിധ്യം തടസമല്ല. മനുഷ്യര്‍ക്ക് ഒന്നില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ളതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്ന് മറ്റ് സാധാരണ മനുഷ്യരേയും പോലെ അവള്‍ക്കറിയാം. ഗള്‍ഫില്‍ ജോലിയില്ലാതെ കുറച്ച് കാലം നിന്ന് വന്ന സഖറിയയുടെ കടങ്ങളെ കുറിച്ചും അവള്‍ക്കറിയാം. അതൊന്നും സ്‌നേഹത്തിന് ഒരു തടസമല്ലെന്നും.

അവള്‍ രോഗബാധിതയല്ലെങ്കിലും നിപയുടെ ഇരയാണ്, അതിജീവിച്ചവളും. ഹീറോകളില്‍ ഒരാള്‍.

***
കളക്ടറുടെ ബംഗ്ലാവിലെ ഒരു ഫോണ്‍കോളില്‍ ആരംഭിക്കുന്ന പ്രീ ടൈറ്റില്‍ സീനില്‍ നമുക്കറിയാം മഹാമാരി വരുന്നുണ്ടെന്ന്. പക്ഷേ, അതിന് മുമ്പ് കുറച്ച് മനുഷ്യരെ പരിചയപ്പെടണം. അതുകൊണ്ടാണ് മെഡിക്കല്‍ പി.ജിക്കാരുടെ ജീവിതം കോഴിക്കോടിനെ തൊട്ടാരംഭിക്കുന്നത്. കോഴിക്കോടിന്റെ ഏരിയല്‍ ഷോട്ടും ടര്‍ഫ് കോര്‍ട്ട് ഫുട്‌ബോളും. നമ്മളെ പോലുള്ളവരാണ് ഡോക്ടര്‍മാര്‍ എന്നുള്ളതിന് ഫുട്‌ബോള്‍ പാസിന്റെ പരസ്പരധാരണയുണ്ട് കോഴിക്കോടിന്. അവരുടെ നിത്യജീവിതത്തിലേയ്ക്ക്, ഒരു സാധാരണ ദിവസം മെഡിക്കല്‍ കോളേജിലെ എമര്‍ജെന്‍സിയില്‍ സംഭവിക്കാറുള്ള കാര്യങ്ങളിലേയ്ക്ക് സിനിമ വിടരുകയാണ്. മനസില്‍ പതിയുന്ന ആ ദൃശ്യങ്ങള്‍ ഭാവിയിലേയ്ക്കുള്ള റഫറന്‍സ് പോയന്റുകളാണ്. പ്രേക്ഷകര്‍ക്ക് സങ്കീര്‍ണ്ണതകളൊന്നുമില്ലാതെ ഗ്രഹിച്ചെടുക്കാവുന്ന സാഹചര്യങ്ങളിലേക്കുള്ള ചൂണ്ടുപലക. പിജി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അവരുടെ സൗഹൃദം, ജോലി. അതില്‍ നിന്ന് നേരെ നമ്മള്‍ ഒരു പനിയുടെ വിറയലിലേക്ക് പ്രവേശിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് അറിയുന്നതിന് മുമ്പ്, ലോകം അറിയുന്നതിന് മുമ്പ് കണ്ടിരിക്കുന്ന നമുക്കെല്ലാം അറിയാം, ഇതാണ്, ഇതാണ് അത് -മഹാവ്യാധി.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു കഴിഞ്ഞു, നാലാമത്തെയാള്‍ അതേ രോഗലക്ഷണങ്ങളുമായി ആശുപത്രി കിടക്കയില്‍. വേവലാതിയോടെ ആശുപത്രിയിലെത്തുന്ന എക്സൈസ് മന്ത്രി, അകമ്പടി വാഹനങ്ങളില്‍ ഭ്രമിച്ച്, ചുറ്റുമുള്ള അനുയായികളോട് കല്പിച്ച്, ഉദ്യോഗസ്ഥരോട് കയര്‍ത്ത് രോഗമിപ്പോള്‍ ഭേദമാക്കി തരണം എന്ന് ആജ്ഞാപിക്കുന്ന നമ്മുടെ സിനിമകളിലെ രാഷ്ട്രീയക്കാരനല്ല. സെന്തില്‍ കൃഷ്ണ അവതരിപ്പിക്കുന്ന സി.പി ഭാസ്‌കരന്‍ എന്ന രാഷ്ട്രീയക്കാരനെ, മന്ത്രിയെ ജീവിതത്തിലും നമ്മള്‍ അപൂര്‍വ്വമായേ കാണൂ. പരിഹാരമാണ് വേണ്ടത് അദ്ദേഹത്തിന്. സ്വന്തം മനുഷ്യരാണ് എന്ന കരുതലോടെയാണ് ഒരോ വാക്കും. തന്റെ വോട്ടര്‍മാരാണ്, തന്റെ മനുഷ്യര്‍ എന്ന ഉത്കണ്ഠയുള്ളയാള്‍. രോഗനിര്‍ണ്ണയത്തിന്റെ വേഗം കൂട്ടുന്നതില്‍ അദ്ദേഹത്തിന്റെ തിടുക്കം കൂടിയുണ്ട്. താന്‍ ആദ്യം വോട്ട് ചോദിച്ച് പോയ വീടാണ് ജമീലാത്തയുടെത് എന്നത് മാത്രമല്ല, താന്‍ കൂടിയാണ് അവരെന്ന ബോധ്യം. ആ ഉത്കണ്ഠയും കരുതലും കൈവിട്ട് പോകുന്നില്ല. രോഗത്തെ കുറിച്ച് ലോകം അറിയുന്നതോടെ കാര്യങ്ങള്‍ മാറും. ഒരു ശവസംസ്‌കാരം പോലും പ്രശ്‌നമാകും. അപ്പോള്‍ തന്റെ വോട്ടര്‍മാരുടെ മതവിശ്വാസം തനിക്ക് പ്രധാനമാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്, ഭാസ്‌കരന്‍ മന്ത്രി. അത് വാശിയല്ല. കണ്‍സേണ്‍ ആണ്.

ഒരു സമൂഹം വിവിധ മനുഷ്യരുടെ പ്രതിനിധികളാണ്. അവിടെ പരസ്പരം സഹായിക്കുന്ന മനുഷ്യരുടെ ഒരു കൂട്ടമുണ്ട്. ആശുപത്രികളിലൊക്കെ ഒരേ പോലെ നിസ്വരും നിസാരരുമായി കഴിയുമ്പോള്‍ പരസ്പരം തുണയ്ക്കുന്നവര്‍. പരസ്പരം അറിയാത്തവരെങ്കിലും ഒരു വൈറസ് ബാധകൊണ്ട് ബന്ധിതരാകുന്നത് അവരാണ്. മരണശേഷം അവരുടെ മൃതദേഹങ്ങള്‍ പൊതുപ്രശ്‌നമാണ്. സ്വകാര്യപ്രശ്‌നവുമാണ്. മരിച്ച കൂട്ടുകാരിയുടെ മൃതദേഹത്തെ പുണര്‍ന്ന് കരയാനെങ്കിലും ആയില്ലെങ്കില്‍ താനെന്തിന് നാട്ടിലേക്ക് വന്നുവെന്ന നിസഹായനായ ഒരു മനുഷ്യന്റെ സര്‍വ്വതും തളര്‍ന്നുള്ള നില്‍പ്പുണ്ട്. ദുബായിലെത്തുന്ന ഭാര്യയേയും കുഞ്ഞിനേയും കാത്തിരുന്നയാള്‍. പ്രേമത്തിലെ ഗിരിരാജന്‍ കോഴിയുടെ കോമഡിയില്‍ നിന്നും വരത്തനിലെ ജോസി ബേബിയുടെ വില്ലത്തരത്തില്‍ നിന്നും വൈറസിലെ സന്ദീപിലേയ്ക്ക് വന്ന് അയാള്‍ ഒറ്റയ്ക്ക് നില്‍പ്പുണ്ട്- ഷറഫുദ്ദീന്‍; നമ്മളെ ഉലച്ചുകൊണ്ട്. സന്ദീപിന് തിരികെ ജീവനോടെ വേണമായിരുന്നു സിസ്റ്റര്‍ അഖിലയെ. അയാളെ കെട്ടിപ്പിടിക്കാന്‍ തോന്നി. അയാള്‍ക്കവകാശമില്ലാത്ത ആ മൃതദേഹം പൊതുശ്മശാനത്തിലെരിഞ്ഞു. പക്ഷേ നാലുപേര്‍ മരിച്ച ദു:ഖത്തില്‍ നില്‍ക്കുന്ന കുടുംബത്തോട് നിങ്ങളുടെ മതവിശ്വാസത്തിനെതിരായി മൃതദേഹം ദഹിപ്പിക്കണമെന്ന് അവിടത്തെ ജനപ്രതിനിധിക്ക് പറയാനാവില്ല. ആര്‍ക്കും പറയാനാവില്ല. ആരോഗ്യപ്രവര്‍ത്തര്‍ക്കൊഴികെ. ശരി-തെറ്റ്, നന്മ-തിന്മ, യാഥാസ്ഥിതികത്വം-ലിബറല്‍ ചിന്ത, മതനിരപേക്ഷത-മതമൗലികത്വം എന്നിങ്ങനെ എളുപ്പത്തില്‍ കളം തിരിച്ച് ബൈനറി പ്രഖ്യാപിക്കാവുന്ന ലോകവും ജിവിതവുമല്ല നമ്മുടേത്. അവിടെയാണ് രാഷ്ട്രീയം ശരിയായി പ്രവര്‍ത്തിക്കേണ്ടത്.

ആരോഗ്യപ്രവര്‍ത്തകയും രാഷ്ട്രീയപ്രവര്‍ത്തകയും ഒരുപോലെ ആകേണ്ടി വരുന്ന മന്ത്രിയുടെ പ്രസക്തിയിവിടെയാണ്. അവിടെയാണ് മറ്റൊരു മാര്‍ഗ്ഗം ആലോചിക്കുന്നത്. അവിടെ പുതിയ സാധ്യതകള്‍ തെളിയുന്നുണ്ട്. ആരോഗ്യറിസ്‌കില്ലെങ്കില്‍ പിന്നെയിത്രയും ആലോചിച്ച് സമയം പാഴാക്കുന്നതെന്തിന് എന്ന് ആ മന്ത്രി ഈ കാലഘട്ടത്തില്‍ താന്‍ ചേര്‍ത്ത് പിടിച്ച ടീമിനോട് ലേശം കര്‍ക്കശമായി അന്വേഷിക്കുന്നുണ്ട്. അതിയാഥാസ്ഥിതികത്വം ഒന്നുമല്ല മനുഷ്യരുടേയത്. പകച്ച് നില്‍ക്കുന്ന മനുഷ്യരുടെ വിശ്വാസങ്ങളാണ്. അവിടെയൊക്കെയൊരു നാടിന്റെ ജീവിതം കൂടിയുണ്ട്. അതിനോടാക്കെ സഹകരിക്കാന്‍ നിറഞ്ഞ മനസോടെ വരുന്ന മതവും മനുഷ്യരുണ്ട്. അതുകൊണ്ട് തന്നെ ലോകത്തെ കുറിച്ചുള്ള ചിരപരിചത്വം കൊണ്ട് മരണത്തെ ഊഹിച്ചെടുത്ത, സലാം നീട്ടിച്ചൊല്ലി ഇതുവരെയുള്ള ജീവിതത്തിന് നന്ദി പറഞ്ഞ് പിരിഞ്ഞ റസാഖിന്റെ ഖബറക്കം ഉള്ളുപൊള്ളിക്കുന്ന നിര്‍ണ്ണായക ഘട്ടമായിരുന്നു.

മൃതദേഹ സംസ്‌കരണം പ്രധാനമായ നാടാണ്. അവിടെയാണ് ഐവര്‍മഠമൊക്കെ വരുന്നത്. ഒരു നാടിന്റെ ഭാഗമായ ആളുകളാണ്. എല്ലാവരേയും കള്ളിയിലേക്ക് ഒതുക്കി യഥാസ്ഥിതികതലേയ്ക്ക് തള്ളിയിടാനാകില്ല.

ഒരു സര്‍ക്കാര്‍ പ്രതിനിധി ഹീറോ ആകുന്നത് ശബ്ദമുയര്‍ത്തുമ്പോഴോ ഉത്തരവുകള്‍ നല്‍കുമ്പോഴുമോ അല്ല, എന്നെ സംബന്ധിച്ച്. കാര്യങ്ങളെ കുറിച്ച് ഉത്തമബോധ്യത്തോടെ, പ്രതിബന്ധതയോടെ ജോലിയെടുക്കുന്ന ഒരു ടീമിനെ സൃഷ്ടിക്കുമ്പോഴാണ്; ആ ടീം ജാഗ്രതയോടെ ജോലി ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം ആത്മവിശ്വാസം നല്‍കി നില്‍ക്കുമ്പോഴാണ്. കല്ലുപോലെ ഇളകാതെ നില്‍ക്കല്‍ മാത്രമല്ല, കാറ്റുപോലെ ഇളകുന്നത് കൂടിയാണ് ജനപ്രതിനിധിയെ മനുഷ്യര്‍ക്കൊപ്പം നിര്‍ത്തുന്നത്. മനുഷ്യരാകുന്നിടത്തു നിന്നാണ് അവര്‍ക്കൊപ്പമുള്ള തീരുമാനങ്ങള്‍ വരുന്നത്. ആധുനിക കാലത്ത് കേരളം കണ്ട മഹാമാരികളിലൊന്നിനെ കുറിച്ചുള്ള സിനിമ, അതിന്റെ അതിജീവനത്തിന്റെ ഫിക്ഷന്‍, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലൂന്നാതിരുന്നതിന് ആദ്യം സംവിധായകനോടും എഴുത്തുകാരോടും നന്ദി. ഫിക്ഷനിലെ ഭരണകൂട പ്രൊപഗാണ്ട പോലെ ചരിത്രത്തില്‍ അപകടമായ ഒന്നുമില്ല. രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറം സിനിമ കാണുന്നവര്‍ക്ക്, നിശബ്ദമെങ്കെിലും നിശ്ചയദാര്‍ഢ്യത്തോടെ, ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കൂട്ടിരിക്കുന്ന, അവരുടെ പ്രവര്‍ത്തികള്‍ക്ക് പിന്തുണ നല്‍കുന്ന ഭരണകൂട പ്രതിനിധി-ഉന്നതമായ ജനാധിപത്യത്തിന്റെ മാതൃകയായി മനസിലാകും. മറിച്ച് എയര്‍ഫോഴ്സ് വണ്‍-ഓടിക്കുന്ന അമേരിക്കല്‍ പ്രസിഡന്റിന്റെ മാതൃകയിലേയ്ക്ക് മന്ത്രിയെ കൊണ്ടുപോയിരുന്നുവെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലായിരുന്നു; മെക്‌സിക്കന്‍ അപാരതയ്ക്ക് കൈയ്യടിച്ചവരുടെ അളവില്ലാത്ത പിന്തുണ കൊണ്ട് രാഷ്ട്രീയവും സിനിമയും മുന്നോട്ട് പോകില്ലല്ലോ.

റ്റീച്ചര്‍ എന്ന് വിളിക്കപ്പെടുന്ന ആരോഗ്യമന്ത്രി സി.കെ പ്രമീള ഒരിക്കലേ ശബ്ദമുയര്‍ത്തി സംസാരിക്കുന്നുള്ളൂ. ഒരിക്കലേ അസ്വസ്ഥയാകുന്നൂള്ളൂ. അത് രോഗത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ നമ്മളിനി തലകുനിച്ചിരിക്കില്ല എന്ന ഉറപ്പാണ്. അതിന് വേണ്ട മറുപടി കൂടി കരുതണം എന്ന രാഷ്ട്രീയ വ്യക്തതയും.

പക്ഷേ ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്, രേവതിയുടെ ശബ്ദത്തെ ഭാഗ്യലക്ഷ്മിയില്‍ കൊണ്ട് കെട്ടിയതില്‍. പരിമിതമാക്കിയതില്‍. തുറസിന് പകരം അടയ്ക്കല്‍ ആക്കിയതില്‍. ചില ഉറപ്പുകള്‍ക്ക് പകരം ആര്‍ദ്രതയാക്കിയതില്‍. അത് ചോര്‍ത്തിക്കളയും ചിലതെന്ന നിരാശ.

***

ഈ പറഞ്ഞതൊന്നുമല്ല സിനിമ. രാജീവ് രവിയുടെ വിഷ്വന്‍ ഡിറക്ഷനിലും മൊഹ്‌സീന്‍-സുഹാസ്-ഷറഫു ടീമിന്റെ എഴുത്തിലും കൂടി ആഷിഖ് എന്ന സംവിധായന്‍ കൈയ്യൊതുക്കത്തോടെ ഒരു രോഗാവസ്ഥയുടെ കാലത്തെ നോക്കി കാണുകയാണ്. അതിന് കോഴിക്കോട് നഗരവും അവിടെത്തെ മെഡിക്കല്‍ കോളേജുമുണ്ട്. രോഗികളുണ്ട്. ശ്രീനാഥ് ഭാസി, ലുക്മാന്‍, ഉണ്ണിമായ, ബേസില്‍ ജോസഫ് തുടങ്ങിവര്‍ അവതരിപ്പിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുണ്ട്. അംബിക റാവുവിന്റെ നേതൃത്വത്തിലുള്ള നഴ്‌സിങ് സംഘമുണ്ട്. ശ്രീകാന്ത് മുരളിയുടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുണ്ട്. സജിത് മഠത്തിലിന്റെ സീനിയര്‍ ഡോക്ടറുണ്ട്. ജോജു അവതരിപ്പിക്കുന്ന - സ്ഥിരപ്പെടുത്താനായി സമരം തുടരുന്ന - കരാര്‍ അറ്റന്ററുണ്ട്. ഇവര്‍ക്കിടയിലേയ്ക്ക് രോഗികളെത്തുന്നു. അത് പിന്നെ വെട്ടുകിളി പ്രകാശന്‍ അവതരിപ്പിക്കുന്ന ആംബുലന്‍സ് ഡ്രൈവറിലേക്കും ഇന്ദ്രജിത്തിന്റെ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറിലേക്കും രോഗികളിലേക്കും ബന്ധുക്കളിലേക്കും മറ്റും വളരും.

ആക്‌സിഡന്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ലോകാരോഗ്യസംഘടന മാരക രോഗങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഒന്ന് നമ്മുടെ ഇടയിലേയ്‌ക്കെത്തുമെന്ന് ആരുമറിഞ്ഞില്ല. അതിന്റെ പകപ്പാണ് ആദ്യം. ബേബി മെമ്മോറിയലിലെ ഡോ. സലിം നിപയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്, മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വൈറോളജിസ്റ്റ് ഡോ. സുരേഷ് രാജന്‍ സ്ഥിരീകരിക്കുന്നതോടെ പിന്നെയത് ഒന്നിന് പുറകെ ഒന്നായ സംഭവങ്ങളുടെ തുടര്‍ച്ചയായി. ഒന്നില്‍ നിന്ന് നൂറും നൂറില്‍ നിന്ന് ആയിരവുമായി തൊടുക്കുന്ന അസ്ത്രങ്ങള്‍ പോലെ വൈറസുകളും അവരുടെ വിതരണ കാലവും എത്രത്തോളം രോഗികളുണ്ടാകാമെന്നതും അതിന്റെ നിയന്ത്രണത്തിനായി നാമെന്ത് ചെയ്യുമെന്നതും മറ്റുമുള്ള നിയന്ത്രണമില്ലാത്ത ഭയം. രേവതിയും പൂര്‍ണ്ണിമയും ടോവിനോയും കുഞ്ചാക്കോയും ചേരുന്ന കോര്‍ ടീമിന്റെ ഈ ആകുലതകള്‍ക്കിടയില്‍ സിനിമ സഞ്ചരിച്ച് പോകുന്ന വഴികളുണ്ട്. അത് നാടിന്റെ ജീവിതമാണ്. അവിടത്തെ സഞ്ചാരങ്ങള്‍. അവിടത്തെ രാഷ്ട്രീയം.

ഏതു ദുരന്തത്തിലും വര്‍ഗ്ഗീയതയുടെ നഞ്ച് കലക്കാനായി നില്‍ക്കുന്നവരെ നമ്മള്‍ പ്രളയത്തിലും നിപയിലും എല്ലാം കണ്ടു. കേരളത്തില്‍ നമ്മള്‍ നിത്യം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അത് ആഭ്യന്തരമായും ദേശീയമായും ഉത്പാദിപ്പിക്കപ്പെടും. ലോകത്തെ ഏറ്റവും മാരകമായ രോഗം വന്ന് പടിവാതിലില്‍ നില്‍ക്കുമ്പോഴും നമ്മള്‍ ജാഗ്രതാപൂര്‍വ്വം കാണേണ്ട മറ്റൊരു വിപത്തുണ്ട് എന്ന് ധൈര്യപൂര്‍വ്വം മറയില്ലാതെ പറയുന്നുണ്ട് സിനിമ. മലപ്പുറം, ദുബായ് എന്നൊക്കെ കേട്ടാല്‍ വര്‍ഗ്ഗീയതയാല്‍ പൂരിതമാകുന്ന അന്ത:രംഗങ്ങളുടെ നഗ്നതാപ്രദര്‍ശനമുണ്ട്, ഇവിടെ. ഭീകരവാദമെന്ന് എളുപ്പത്തില്‍ ക്രിയചെയ്ത് പ്രശ്‌നപരിഹാരത്തിലേയ്ക്ക് നീങ്ങുന്ന നഗ്നവര്‍ഗ്ഗീയത. അത് മറികടക്കുന്നത് നാടിന്റെ ഞരമ്പുകളില്‍ കൈകോര്‍ത്ത് പിടിക്കുന്ന ജീവിതം പകരം വച്ചുകൊണ്ടാണ്. പരസ്പരം കൈകോര്‍ക്കുന്ന മനുഷ്യന്റെ സ്വാഭാവിക നന്മയുടെ തുടര്‍ച്ചയാണ് രോഗബാധപോലും. ആരും സൃഷ്ടിക്കുന്നതല്ല രോഗം, അത് വന്ന് ഭവിച്ചതാണ്. ആരും പകര്‍ത്തിയതല്ല, നന്മ ചെയ്യുന്ന മനുഷ്യര്‍ക്ക്, പരസ്പരം സഹായിക്കുന്ന മനുഷ്യര്‍ക്ക് ഒരു ഘട്ടത്തില്‍ വന്നുപോയതാണ്. കൂട്ടത്തില്‍ അത്ര നന്മയില്ലാത്തവരായി ലോകം കാണുന്ന മനുഷ്യര്‍ പോലും ജീവിതത്തില്‍ പാവങ്ങളും ഒറ്റപ്പെട്ടവരുമാണ്.

അഥവാ നിപയെന്ന രോഗബാധയുടെ പശ്ചാത്തലത്തില്‍ അതിനേക്കാള്‍ മാരകമായി സമൂഹത്തെ ബാധിക്കുന്ന ഒരു രോഗത്തിലാണ് സിനിമ ഊന്നുന്നത്. ജൈവികമായി പ്രവര്‍ത്തിക്കുന്ന ഒരു നാടാണ് അതിന്റെ പ്രതിവിധി. പരിഹാരങ്ങള്‍ പുറത്തുനിന്നല്ല, അകത്ത് നിന്നാണ് രൂപപ്പെടുന്നത്. ഒന്നായി നിന്നു വേണം നേരിടാന്‍ എന്ന് അന്ന് ഈ നാട് പരസ്പരം പറഞ്ഞു. ആശങ്കപ്പെടേണ്ട, അതിജീവിക്കും നന്മളെന്ന് ഉറക്കെ പറഞ്ഞു. ഉള്ളില്‍ കരയുമ്പോഴും ചിരി പുറത്ത് കാണിക്കാന്‍ മറന്നില്ല.

സിനിമ പറയാന്‍ ശ്രമിക്കുന്നത് അതാണ്. അത് രോഗത്തെ ശാസ്ത്രീയമായി നേരിട്ടതിന്റെ വിശദാംശങ്ങളില്‍ ഊന്നുന്നതല്ല, അതില്‍ ഇടപെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാത്രമല്ല, ഡോക്ടര്‍മാരുടെ നിരന്തരോത്സാഹമോ വൈദഗ്ദ്ധ്യമോ നോണ്‍ മെഡിക്കല്‍ സ്റ്റാഫിന്റെ നാം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യേണ്ട പ്രതിജ്ഞാബദ്ധതയോ മാത്രമല്ല, പറയുന്നത്.

***

വൈറസ് ഇക്കാലത്തിന്റെ ഒരു മികച്ച സൃഷ്ടിയാണ്. നോണ്‍ ലീനിയര്‍ കഥ പറച്ചിലിലൂടെ രോഗത്തിനും ജീവിതത്തിനിമിടയിലൂടെ സിനിമ മനോഹമായി സഞ്ചരിക്കുന്നുണ്ട്. പ്രത്യേകിച്ചും സക്കറിയ (സഖറിയ), അഞ്ജലി-വിഷ്ണുമാര്‍ (ദര്‍ശന രാജേന്ദ്രന്‍, ആസിഫ് അലി) ഉണ്ണികൃഷ്ണന്‍ (സൗബിന്‍) സിസ്റ്റര്‍ അഖില (റിമ കല്ലിങ്കല്‍) എന്നിവരുടെ രോഗപൂര്‍വ്വ ജീവിതത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും. സഞ്ജു ശ്രീധരന്‍ പതിവ് പോലെ സുന്ദരമായി എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാജീവ് രവിയുടെ (ഷൈജു ഖാലിദിന്റേയും) ക്യാമറയല്ല, പ്രേക്ഷരുടെ കണ്ണുകളാണ്. ആദ്യ ഷോട്ട് മുതല്‍ സങ്കീര്‍ണ്ണമായ രോഗത്തിലൂടെയും അതുള്‍ക്കൊള്ളുന്ന മനുഷ്യരിലൂടെയും അവരുടെ വ്യത്യസ്തമായ ജീവിതങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് മറവില്ലാതെ സഞ്ചരിക്കാനുള്ള തെളിഞ്ഞ ഉപാധിയാണ് ആ ക്യാമറ. സെറ്റ്, ശബ്ദം, മ്യൂസിക്ക് എന്നിങ്ങനെ സിനിമയ്ക്ക് വേണ്ട ചേരുവകള്‍ വൈറസില്‍ ചേര്‍ന്ന് തന്നെ കിടപ്പുണ്ട്. രണ്ടരമണിക്കൂറില്‍ വന്ന് പോകുന്നത് നൂറുകണക്കിന് കഥാപാത്രങ്ങളായതിനാല്‍ അവ മികവോടെ തെളിഞ്ഞ് കിടക്കാന്‍ താരസാന്നിധ്യങ്ങള്‍ ഉപകാരപ്പെടുന്നുണ്ട്. സഖറിയയുടെ സഹോദരന്‍ യാഹിയ ആയെത്തുന്ന ഷെബിന്‍ ബെന്‍സണ്‍, സുധീഷ് അവതരിപ്പിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍, അറ്റന്‍ഡര്‍ ബാബുവിന്റെ ഭാര്യയായി എത്തുന്ന രമ്യ നമ്പീശന്‍, ഡോ. അന്നുവിന്റെ ഭര്‍ത്താവ് ഡോക്ടറാകുന്ന ജിനു ജോസഫ് എന്നിങ്ങനെ ചെറുതാണെങ്കിലും പ്രധാനപ്പെട്ട കുറേ മുഖങ്ങളുണ്ട്.

എന്നുടെ ശബ്ദം നീ വേറിട്ട് കേട്ടുവോ എന്ന് ഒരാള്‍ക്കൂട്ടത്തില്‍ നിന്ന് ചോദിക്കും പോലെ നമ്മളോട് ഈ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ചോദിക്കുന്നുണ്ട്. വേറിട്ട് കേട്ട ശബ്ദങ്ങളാണ് അധികവും. ഉഗ്രന്‍ ഹോംവര്‍ക്കും അതില്‍ നിന്ന് പണിതുണ്ടാക്കിയ സ്‌ക്രിപ്റ്റുമാണ് ഇതിന്റെ വിജയം. ഭീതിയും രോഗത്തിന് മീതെയുള്ള വൈദ്യശാസ്ത്രത്തിന്റെ മേല്‍കൈയ്യും നമ്മളറിയും. ഒരു ആപദ്ഘട്ടത്തില്‍ മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കേണ്ട രാഷ്ട്രീയക്കാരെ നമ്മള്‍ കാണും. ആരോഗ്യസംവിധാനത്തിന് പിന്തുണ നല്‍കുന്ന സര്‍ക്കാരിനെ കാണും. ഭരണകൂടം എങ്ങനെയാണ് ഒരു ഇടപെടുന്നത് എന്ന് കാണും. മരുന്നുകള്‍ക്കപ്പുറം ഡോക്ടര്‍മാര്‍ സഞ്ചരിക്കുന്ന വഴികളറിയും. രോഗത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് അതിനെ കീഴ്‌പെടുത്താമെന്നറിയും. വിശ്വാസികളല്ലെങ്കിലും മനുഷ്യരുടെ പ്രാര്‍ത്ഥനക്കൊപ്പം ചേരും. അവരുടെ ജീവിതം നമ്മുടേതുമാകും. അങ്ങനെയൊക്കെയാണ് നമ്മളതിജീവിച്ചത്, അതിജീവിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories