TopTop
Begin typing your search above and press return to search.

ഈ ചിരികളില്‍ തിരിഞ്ഞു നടക്കുന്ന ചരിത്രത്തിന് ആര് സമാധാനം പറയും?

ഈ ചിരികളില്‍ തിരിഞ്ഞു നടക്കുന്ന ചരിത്രത്തിന് ആര് സമാധാനം പറയും?

നമ്മുടെ ചാനലുകളില്‍, തിയേറ്ററുകളില്‍ ആളുകളെ ചിരിപ്പിച്ച് കയ്യടി നേടുന്ന തമാശകളെ ഒന്ന് നിരീക്ഷിച്ചാല്‍ മനസിലാവുന്ന കാര്യം തൊണ്ണൂറ്റിയൊമ്പത് ശതമാനം കോമഡികളും ഓടുന്നത് റേസിസ്റ്റ്, സ്ത്രീ വിരുദ്ധ റൂട്ടുകളിലാണ് എന്നതാണ്. ജനപ്രിയ ബോധങ്ങളില്‍ അന്തര്‍ലീനമായ വംശീയ, സ്ത്രീവിരുദ്ധ വെറികളെ ഉത്തേജിപ്പിക്കുകയും അങ്ങനെ പ്രിയത സൃഷ്ടിക്കുകയും ചെയ്യാം എന്ന മാര്‍ക്കറ്റിന്റെ ഉന്നം ഇത്തരം സൃഷ്ടികളില്‍ പ്രകടമാണ്. അങ്ങനെയാണ് ദ്വയാര്‍ത്ഥ ചിരികളുടെ കയ്യടി വാങ്ങിച്ച് മായാമോഹിനി, ഹണീബി പോലുള്ള സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്നത്. അങ്ങനെയാണ് 'ഇവിടെ ഗ്യാപ്പുണ്ടോ, ഗ്യാപ്പുണ്ടെങ്കില്‍ അറിയിക്കണേ (താണ്ഡവം), ഇതില്‍ പെട്രോളും ഡീസലും പോകും (നരസിംഹം) തുടങ്ങിയ പരാമര്‍ശങ്ങളെല്ലാം കോമഡികളാണെന്നന്ന് പ്രേക്ഷകര്‍ കരുതിപ്പോരുന്നതും.

അങ്ങനെയാണ് ചാനലുകളിലെ കോമഡി സ്‌കിറ്റുകളില്‍ കറുത്തവരും ആദ്യ രാത്രിയുടെ ദ്വയാര്‍ത്ഥ കോമഡികളുമെല്ലാം എപ്പിസോഡുകളായി ആവര്‍ത്തിക്കുന്നത്. ബഡായി ബംഗ്ലാവ് അടക്കമുള്ള പല പരിപാടികളിലേയും കൗണ്ടര്‍ കമന്റുകളുടെയും ആധാരശില ഇതേ വംശീയ സ്ത്രീവിരുദ്ധ ബോധങ്ങളാണ്. തിരക്കഥാകൃത്തുക്കളുടെ ഭാവനാ ദാരിദ്ര്യം, കിടമത്സരങ്ങളുടെ കാലത്ത് വിപണി പിടിക്കാനുള്ള എളുപ്പവഴി... കാരണങ്ങളിങ്ങനെ പലതാകാമെങ്കിലും ഇത്തരം തമാശകളുടെ സാംസ്‌കാരിക സ്ഥാനം പ്രതിലോമകരമാണ് എന്നതില്‍ സംശയമില്ല.

ഈ ഗോദയില്‍ പയറ്റിത്തെളിഞ്ഞ ചിത്രങ്ങള്‍ നിരവധിയാണ്. മോഹന്‍ലാലിന്റേയും ദിലീപിന്റെയുമൊക്കെ പല സിനിമകളിലെയും ആഘോഷിക്കപ്പെട്ട കോമഡികള്‍ പലതും ഈ വകുപ്പില്‍ തന്നെ പെടുന്നവയാണ്. അവരുടെ സിനിമകളില്‍ മാത്രമെന്നല്ല, ഒട്ടുമിക്ക മലയാള സിനിമകളിലും കോമഡി എന്ന പേരില്‍ അരങ്ങേറുന്നത് ഇത്തരം ട്രാജഡികളിലാണ്. ഏറ്റവുമൊടുവില്‍ അതിന്റെ മൂര്‍ത്തരൂപങ്ങളായി ആഘോഷിക്കപ്പെടുകയാണ് ചങ്ക്‌സ് പോലുള്ള സിനിമകള്‍. പുലിമുരുകന്‍ സിനിമയിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തിന്റെയൊക്കെ അടിസ്ഥാന അസ്തിത്വം പോലും ഇത്തരം സംഭാഷണങ്ങളിലാണ്.

റേസിസ്റ്റ്, സ്ത്രീവിരുദ്ധ സ്വഭാവങ്ങള്‍ സംഭാഷണങ്ങളില്‍ മാത്രം സംഭവിക്കുന്ന ലളിത യുക്തിയല്ല. കഥാപാത്ര നിര്‍മിതികളിലടക്കം സമഗ്രതയില്‍ അത് പ്രവര്‍ത്തിക്കാറുണ്ട്. നായകന്മാരുടെ കൂടെ പലപ്പോഴും കൂട്ടാളിയായി വരുന്നവര്‍ സവര്‍ണ ശാരീരിക അളവുകളെ തൃപ്തിപ്പെടുത്താത്തവരാവും. അവരെ നിരന്തരം കളിയാക്കിയും ചവിട്ടിത്തേച്ചും കൊണ്ടാവും സിനിമയുടെ ഹാസ്യ ഘടന നിര്‍മിക്കുന്നതും നിലനില്‍ക്കുന്നതും. മോഹന്‍ലാലിന്റെ കൂടെ ശ്രീനിവാസനെ നിര്‍ത്തിയും ദിലീപിന്റെ കൂടെ ഹരിശ്രീ അശോകനെ നിര്‍ത്തിയും ജയറാമിന്റെ കൂടെ കലാഭവന്‍ മണിയെ നിര്‍ത്തിയുമൊക്കെ കീഴാള അധിക്ഷേപങ്ങളെ കോമഡികളായി ചിത്രീകരിക്കാറുണ്ട്. 'ഇരുട്ടായോണ്ട് അവരെന്നെ കണ്ടില്ലെടാ'ന്ന് പറഞ്ഞ് ചിരിക്കുന്ന ചതിക്കാത്ത ചന്തുവിലെ വിനായകനും സമ്മര്‍ ഇന്‍ ബത്ലഹേമില്‍ നിരന്തരം അടിയേറ്റ് കോമഡി കാട്ടുന്ന മോനായിയും മെക്‌സിക്കന്‍ അപാരതയിലെ നായകന്റെ ചങ്ങാതി വീടുമൊക്കെ ഒട്ടും യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നാണ് പറയാന്‍ ഉദ്ദേശിക്കുന്നത്.

തമാശകളെ തമാശകളായി മാത്രം കണ്ടു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ചരിത്രപരതയില്‍ നിന്നോ സാംസ്‌കാരികപരതയില്‍ നിന്നോ മാറിക്കൊണ്ട് ഒറ്റയ്ക്കൊരു തുരുത്തായി നില്‍ക്കുന്ന തമാശകളോ അതിന്റെ പുനരുത്പാദനങ്ങളോ ഇല്ലെന്ന് തന്നെയാണ് കരുതുന്നത്. ഏല്‍ക്കുന്നവരൊഴികെ മറ്റെല്ലാവര്‍ക്കും ആസ്വദിക്കാവുന്ന അമ്പെയ്ത്ത് മത്സരം പോലെയാണത്. അമ്മയെ കാണാന്‍ കോലാടിനെ പോലുണ്ടെന്ന ചിരിയില്‍ കൂട്ടുചേരുമ്പോഴും മാറി നിന്ന് സങ്കടപ്പെടുന്ന 'കോലാടി'ലെ കഥാപാത്രമാവാറില്ലേ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നമ്മളെല്ലാവരും?

ഇതു പോലൊരു സാധനത്തെ പ്രേമിച്ചതിനാണ് നിനക്കടിയെന്ന് പറയുന്ന ആക്ഷന്‍ ഹീറോ ബിജുമാര്‍ക്ക് കയ്യടിക്കുന്നവരില്‍ ഒരു പക്ഷേ സമാനസ്വത്വമോ സമാന ശാരീരിക പ്രകൃതിയോ ഉളളവരുമുണ്ടായേക്കാം. അതിനര്‍ത്ഥം ആ പ്രത്യേക വ്യക്തിയും പൊതുബോധത്തിന്റെ സവര്‍ണ ബോധങ്ങളോട് മാനസികമായി പൊരുത്തപ്പെടുന്നുണ്ടെന്ന് മാത്രമാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കയ്യടിക്കുന്ന സ്ത്രീകളുണ്ടാവുന്നത് തീര്‍ച്ചയായും അവരുടെ ആസ്വാദന തലം ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക ബോധം കാലാകാലങ്ങളായി ഇവിടെ നിര്‍മിക്കപ്പെട്ട പുരുഷ ചായ്വുള്ള പൊതുബോധമാണ് എന്നതിനാല്‍ മാത്രമാണ്. അല്ലാതെ പരാമര്‍ശങ്ങളുടെ ഉദാത്തത കൊണ്ടല്ല.

ഇതൊക്കെ പറയുമ്പോള്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം, സ്ത്രീവിരുദ്ധ കീഴാള വിരുദ്ധ സ്വഭാവമുള്ള സമൂഹത്തിന്റെ സൃഷ്ടികള്‍ അങ്ങനെയാവുന്നതല്ലേ, അല്ലാതെ സിനിമകളില്‍ നിന്ന് സമൂഹമുണ്ടാവുന്നതല്ലല്ലോ എന്നതാണ്. അത്തരമൊരു സമൂഹത്തില്‍ നിന്നുയര്‍ന്നു വരുന്ന കലാസൃഷ്ടി എന്ന നിലയില്‍ ഇതൊക്കെ അന്തര്‍ലീനമായിരിക്കും എന്ന വാദത്തിന് സാധുതയുണ്ട്. പക്ഷേ ആവിഷ്‌ക്കരിക്കുകയല്ല ഈ സിനിമകള്‍ ചെയ്യുന്നത്; അതിനെയൊക്കെ വാഴ്ത്തുകയും ജനകീയമാക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന നിലപാടെടുക്കുന്നു എന്നിടത്താണ് പ്രശ്‌നം. നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയെ ചോദ്യം ചെയ്യുകയും മൂല്യങ്ങളുടെ പുനരുത്പാദനം നടത്തുകയുമാണ് ഏത് കലാസൃഷ്ടിയുടെയും ലക്ഷ്യമെന്ന് പറഞ്ഞയാളിന്റെ പേര് ലെനിന്‍ എന്നാണ്.

ഇതൊരൊറ്റ വഴിയല്ല. മൂല്യങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ സിനിമയില്‍ നിന്ന് സമൂഹത്തിലേക്കും സമൂഹത്തില്‍ നിന്ന് സിനിമയിലേക്കും സാധ്യമാവുന്നുണ്ട്. നമ്മുടെ ആള്‍ക്കൂട്ടങ്ങളില്‍ 'ചാന്തുപൊട്ട്' എന്ന സംജ്ഞ കടന്നു വരുന്നതില്‍ ലാല്‍ ജോസ് ചിത്രത്തിനുള്ള പങ്ക് ഭീകരമാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നാല്‍ ചാന്തു തീര്‍ന്നാല്‍ ലിപ്സ്റ്റിക് വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നവരെന്ന ലളിതയുക്തികളിലേക്ക് തമാശകളില്‍ പൊതിഞ്ഞവതരിപ്പിക്കുകയാണ് ആ സിനിമ ചെയ്തത്. പലതിനേയും തമാശകളിലൂടെ ലഘൂകരിക്കുകയും സാമാന്യവത്ക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ കോമഡികള്‍ നിര്‍വ്വഹിക്കുന്ന സാംസ്‌കാരിക ദൗത്യം. ഉറങ്ങിക്കിടക്കുന്ന നായികയെ നോക്കി ഒറ്റ റേപ്പങ്ങ് തന്നാലുണ്ടല്ലോ എന്ന പറച്ചില്‍ എത്ര വേഗത്തിലാണ് റേപ്പ് എന്തോ നിസാര സംഗതിയാണെന്ന് നമ്മളെക്കൊണ്ട് തോന്നിക്കുന്നത്.

ഈ കോമഡികള്‍ ചരിത്രത്തെ ഒറ്റുകൊടുക്കുകയും പിറകിലേക്ക് നടത്തുകയുമാണ് ചെയ്യുന്നത്. അധികാരത്തെ ചോദ്യം ചെയ്യലുകളും അസംബന്ധങ്ങളെ കളിയാക്കലുകളുമടക്കം സാമൂഹികമായ എത്രയോ വിമോചകദൗത്യങ്ങള്‍ ഹാസ്യത്തിന് സാധിക്കുമെന്നിരിക്കെയും അത് ചെയ്യാതിരിക്കുന്നത് മാത്രമല്ല, പ്രതിലോമകരമായ ഒരു പിന്‍ നടത്തത്തിലേക്ക് ചരിത്രത്തെ കൊണ്ടു പോവുകയുമാണ് നിലവിലെ കോമഡികള്‍ ചെയ്യുന്നത്.

ലോക സിനിമയിലെ അതുല്യനായ അഭിനയ ചക്രവര്‍ത്തി ചാര്‍ലി ചാപ്ലിന്റെ ഹാസ്യം ഇവിടെ ഉദാഹരിക്കാം. തന്റെ വ്യക്തിഗത ദുരന്തങ്ങളെ ചിരിയിലൂടെ മറികടന്നുവെന്നതില്‍ മാത്രം അടയാളപ്പെടേണ്ടതല്ല ചാപ്ലിന്‍ സിനിമകളുടെ ഹാസ്യം. അധികാരത്തോട് അത് നിരന്തരമുയര്‍ത്തിയ സൂക്ഷ്മ സമരങ്ങളുടെ പേരില്‍ കൂടിയാണ് ആ ഹാസ്യം എടുത്ത് വായിക്കപ്പെടേണ്ടത്. അതിന്റെ ഏറ്റവും പ്രകടവും മൂര്‍ത്തവുമായിരുന്ന ഉദാഹരണമായിരുന്നു 'ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍'. ഫാസിസം ഒരു രാഷ്ട്രീയ വിവക്ഷയല്ലേ, അതിനെ സാംസ്‌കാരികമായി നേരിടാനാകുമോ എന്നൊക്കെ സംശയങ്ങളും ചര്‍ച്ചകളും പോലും സാംസ്‌കാരിക ലോകത്ത് ഉരുത്തിരിയും മുന്നേ തന്നേ ലോകത്ത് അങ്ങനെയൊരു സിനിമ പിറന്നിരുന്നു. ഹാസ്യം ചരിത്രത്തെ മുന്നോട്ട് നടത്തുന്നതങ്ങനെയൊക്കെയാണ്. പക്ഷേ നന്മുടെ കോമഡികള്‍ എവിടെ നില്‍ക്കുന്നുവെന്നും അവ എത്ര വലിയ ട്രാജഡികളാണെന്നും പരിശോധിക്കേണ്ട കാലം കഴിഞ്ഞെന്ന് പറയാതെ വയ്യ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories