TopTop
Begin typing your search above and press return to search.

ഞാൻ ആണോ പെണ്ണോ ട്രാന്‍സ്ജെന്‍ഡറോ? ശാസ്ത്രം പറയുന്നതിങ്ങനെ...

ഞാൻ ആണോ പെണ്ണോ ട്രാന്‍സ്ജെന്‍ഡറോ? ശാസ്ത്രം പറയുന്നതിങ്ങനെ...

എന്റെ അമ്മയ്ക്ക് മൂന്നു സഹോദരിമാരാണ്. മക്കളിൽ ആണുങ്ങളില്ലാത്തതിനാൽ ആദ്യത്തെ പേരക്കുട്ടി ആണാണ് എന്ന് കേട്ടതോടെ എന്റെ അപ്പൂപ്പൻ ഓടി ആശുപത്രിയിൽ എത്തി. എത്തിയ പാടെ എന്റെ തുണി പൊക്കി നോക്കി. കണ്ണാടി എടുക്കാത്തതിനാൽ കുനിഞ്ഞു സൂക്ഷിച്ചു നോക്കിയതും ഞാൻ ശൂ... എന്ന് ഒരൊറ്റ മുള്ളൽ. അപ്പൂപ്പന്റെ മുഖത്ത് പോലീസുകാരുടെ ജലപീരങ്കി പോലെ ടം എന്ന് കൊണ്ട്. ഹ ഹ ഹ...

എനിക്ക് ചിരി ഒന്നും വരുന്നില്ല. കല്യാണം കഴിഞ്ഞ ഉടനെ എന്റെ അമ്മ എന്റെ ഭാര്യയോട് പറയുന്ന കഥകളുടെ ഒരു സാമ്പിൾ ആണത്. 'കക്ക കക്ക' എന്ന് കഴുതപ്പുലിയെ പോലെ ചിരിക്കാൻ ഭാര്യക്ക് പറ്റുകയും, അതോടെ ഗൗരവത്തോടെ ബഹുമാനം ആർജ്ജിക്കണം എന്ന എന്റെ അദമ്യമായ ആഗ്രഹത്തിന് പൂർണ്ണവിരാമമാകുകയും ചെയ്തു.

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, സ്വവർഗരതി മാരക പാപം തന്നെയാണ് എന്നാണ് ലോകത്തിലെ പ്രധാന മതങ്ങളായ ക്രിസ്തുമതവും മറ്റും പറയുന്നത്. പണ്ട് മിഡിൽ ഈസ്റ്റിൽ ഉണ്ടായിരുന്ന ഗൊമോറ എന്ന നഗരത്തിൽ, ചിലർ ഓറൽ സെക്സ് ചെയ്തു. സൊദോം എന്ന നഗരത്തിൽ ചിലർ ആനൽ സെക്സും ചെയ്തു. രണ്ടു പട്ടണങ്ങളെയും മൊത്തം തീയും ഗന്ധകവും ഇറക്കി, മുച്ചാലും നശിപ്പിച്ചു കളഞ്ഞു യഹോവ. ഇതിനെ പിന്തുടർന്ന പാശ്ചാത്യ നിയമങ്ങളാണ് നമ്മുടെ ആർട്ടിക്കിൾ 377-ന്റെ മുൻഗാമികൾ.

ചരിത്രം തുടങ്ങുമ്പോൾ തന്നെ സാദാ ആൺ - പെൺ നിർവചനങ്ങളിൽ പെടാത്ത ആളുകൾ ഉണ്ടായിരുന്നു. ഗ്രീക്ക്, റോമൻ ചരിത്രങ്ങളിൽ ഇവരെ ധാരാളമായി കാണാം. മഹാഭാരതത്തിലെ ശിഖണ്ഡി എന്ന ഹീറോ കഥാപാത്രത്തെ ഓർക്കുക.

മറ്റ് വ്യത്യസ്തതകളെയും, വന്ന വിദേശികളെയും ഒക്കെ ഓരോ ജാതികളായി സമന്വയിപ്പിച്ച ഇന്ത്യൻ സംസ്കാരം പക്ഷെ, ഇവരെ കല്ലെറിഞ്ഞു കൊല്ലുകയൊന്നും ചെയ്തില്ല. ഹിജഡ സംസ്കാരത്തിന്റെ ഭാഗമാക്കി വികലമെങ്കിലും ഒരു ചെറിയ റോൾ കൊടുത്ത് സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിർത്തി.

ആർട്ടിക്കിൾ 377 അല്ലെങ്കിൽ തന്നെ സെക്സിൽ സർവസാധാരണവും നിരുപദ്രവുമായ ഓറൽ സെക്സിനെയും ക്രിമിനൽവത്ക്കരിക്കുന്നതാണ്; ഗുദ രതി എന്ന ആനൽ സെക്സിനെയും. (ഇത് പൂർണമായും സുരക്ഷിതം എന്ന് പറയാൻ പറ്റില്ല. അത് പക്ഷെ വേറെ വിഷയം)

പക്ഷേ ഇവിടെ കാതലായ വിഷയം, ഈ നിയമം ആൺ - പെൺ വകഭേദങ്ങളുടെ കാര്യത്തിൽ ചില വ്യത്യസ്തതകളുള്ള, ഒരു ശതമാനത്തിനും അഞ്ചു ശതമാനത്തിനും ഇടയ്ക്ക് വരുന്ന ആളുകളെ ഒരു സൈഡാക്കി, പീഡിപ്പിക്കാൻ ഉപയോഗിച്ച് പോന്നു എന്നുള്ളതാണ്. ഇവിടെ രതി അല്ല പ്രധാന വിഷയം; തീരെ അല്ല.

ഒരു കാലത്ത്, ശാസ്ത്രജ്ഞന്മാർ, നമ്മുടെ മസ്തിഷ്കം ഒന്നും എഴുതാത്ത ഒരു സ്ലേറ്റ് ആണെന്ന് വിശ്വസിച്ചു. അതായത്, ജനിക്കുമ്പോൾ ഒന്നുമില്ല അതിൽ. പിന്നെ സമൂഹം എഴുതി ചേർക്കുന്നതാണ് എല്ലാം. ഇപ്പോഴും തീവ്ര ലിബറലിസ്റ്റുകൾ ഇതിന്റെ വക്താക്കളാണ്.

അതായത് നമ്മൾ ഒരു കുട്ടിയെ പെണ്ണായി വളർത്തുന്നു. അപ്പൊ അവൾ മനസ്സിൽ പെണ്ണായി ഇരിക്കും! സിംപിൾ.

Also Read: Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

ഞാൻ എം.എസ് കഴിഞ്ഞ് കോഴിക്കോട് പ്ലാസ്റ്റിക് സർജറി റെസിഡന്റ് ആയി ജോലി ചെയ്യുമ്പോൾ, ലോകപ്രശസ്ത, കുട്ടികളുടെ സർജൻ ആയ കാർത്തികേയ വർമ്മ സാറിന്റെ ഒരു പ്രഭാഷണം കേട്ടു. ജനിതകപരമായി നമ്മൾ ഒരു കോശത്തിൽ നിന്നാണ് ഗർഭപാത്രത്തിൽ വികസിച്ചു വരുന്നത്. അന്നേ നമ്മൾ ആണാകുമോ പെണ്ണാകുമോ എന്ന് ഏതാണ്ട് എഴുതി ചേർത്തിട്ടുണ്ട്. രണ്ട് എക്സ് ക്രോമോസോം ഉണ്ടെങ്കിൽ പെണ്ണ്, ഒരു എക്സും ഒരു വൈയും ആണെങ്കിൽ ആണ്.

എന്നാൽ ചില രോഗാവസ്ഥകളിൽ, ജനിക്കുമ്പോൾ ലൈംഗികാവയവം ആണും അല്ല, പെണ്ണും അല്ല എന്ന സ്ഥിതിയിൽ ആയിരിക്കും. ഇങ്ങനത്തെ അവസ്ഥകളിൽ: "എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്ത് പെണ്ണാക്കും. അതാണല്ലോ എളുപ്പം. ലിംഗവും വൃഷ്ണവും എടുത്തു കളഞ്ഞാൽ ഭാവിയിലും ആൺ ആവില്ല. പെണ്ണായി വളർത്തിയാൽ പെണ്ണായി ജീവിച്ചോളും. അതാണ് അന്നത്തെ ശാസ്ത്രം."

എന്നാൽ ഇങ്ങനെ ചെയ്തവരിൽ പിന്നീട് വളരെയധികം പഠനങ്ങൾ നടക്കുകയുണ്ടായി. അന്ന് ശസ്ത്രക്രിയ ചെയ്തവരിൽ പലരും ഇന്ന് മുപ്പതും നാല്പതും വയസ്സുകാരായി. ആൺ ജനിതകം ഉള്ള പിള്ളേരെ പെണ്ണുങ്ങളായി വളർത്തീട്ട് ഒരു ചുക്കും ശരിയായില്ല.

പലരും രണ്ടു വയസ്സായപ്പോ തന്നെ പാവാടയും ബ്ലൌസും ഒക്കെ ഊരി എറിഞ്ഞ് ട്രൗസർ എടുത്തിട്ടു. നീട്ടി വളർത്തിയ മുടി സ്വയം കണ്ടിച്ചു കളഞ്ഞു. പാവയെയും മറ്റും എടുത്തെറിഞ്ഞു. "ഞാൻ ആണാണ്" എന്ന് പ്രഖ്യാപിച്ചു. പിന്നെ വളർന്നപ്പോഴോ, ആകർഷണം പെണ്ണുങ്ങളോടാണ്.

അന്നത്തെ ഒന്നും എഴുതാത്ത സ്ലേറ്റ് ഒരു മണ്ടത്തരം ആയിരുന്നു എന്ന് വർമ്മ സർ ഊന്നി പറയുകയുണ്ടായി.

Also Read: ചരിത്രവിധി: സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല; വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുക -സുപ്രീംകോടതി

പിന്നീട്, വളരെയധികം തെളിവുകൾ ഉണ്ട്. ജനിതകപരമായി പെണ്ണായ എലികളിൽ ഭ്രൂണാവസ്ഥയിൽ, ലിംഗം ഉണ്ടായിക്കഴിഞ്ഞും ആൺ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ കൊടുത്താൽ, ആണ്‍ എലികളെ പോലെ തന്നെ പെരുമാറും. ഒരു പുസ്തകം എഴുതാനുള്ള അത്രയും കാര്യങ്ങൾ ഉണ്ട്. അതീവ ലളിതമായി പറഞ്ഞാൽ:

*ഒരു കോശമായി തുടങ്ങുന്ന ഒരു മനുഷ്യനിൽ ജനിതക സെക്സ് ഉണ്ട്. അത് ആണ്, അഥവാ പെണ്ണ് എന്ന നിലയിലാണ്. എന്നാൽ ഇത് ഒരു continuum ആണ് താനും. കൂടുതൽ വിശദീകരിക്കുന്നില്ല.

*ഭ്രൂണത്തിൽ എട്ട് ആഴ്ച ആകുമ്പോൾ ആണുങ്ങളിൽ വൃഷ്ണവും പെണ്ണുങ്ങളിൽ ഓവറിയും ഉണ്ടാവും. വൃഷണം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കും. ഓവറി ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഒക്കെയും.

*ടെസ്റ്റോസ്റ്റിറോൺ ആൺ ലിംഗം, ആണ്‍ ശരീരം എന്നിവ ഉണ്ടാക്കും. ഇതേ ടെസ്റ്റോസ്റ്റിറോണ്‍, പിന്നീട് കൗമാരത്തിൽ ആണുങ്ങളെ ആണുങ്ങൾ ആക്കും.

*ടെസ്റ്റോസ്റ്റിറോൺ വന്നില്ലെങ്കിൽ ശരീരം ഓട്ടോമാറ്റിക് ആയി പെണ്ണിന്റെ ആയി മാറും.

*ടെസ്റ്റോസ്റ്റിറോൺ ഉണ്ടായി വരുന്ന മസ്തിഷ്കത്തെ ബാധിക്കും.

*മസ്തിഷ്ക മാറ്റങ്ങൾ കാരണം, ഏകദേശം രണ്ടു വയസ്സാകുമ്പോൾ ഞാൻ ആണാണോ പെണ്ണാണോ എന്നുള്ള ബോധം ഉണ്ടാകും. ഇതാണ് ജെന്‍ഡര്‍ ഐഡന്റിറ്റി. ഇതും ശരീര സെക്സും തമ്മിൽ പൊരുത്തം ഇല്ലാതെ വരുന്നതാണ് ട്രാൻസ്ജന്‍ഡറുകളുടെ പ്രത്യേകതക്ക് കാരണം. പീഡിപ്പിച്ചോ ചികിത്സിച്ചോ ഇത് മാറ്റാൻ പറ്റില്ല. ആരെയെങ്കിലും കുറ്റം പറയണം എങ്കിൽ ദൈവത്തെ തന്നെ പറയേണ്ടി വരും. (ആ രീതിയിൽ ചിന്തിക്കുന്നവർക്ക്)

വേറൊരു മസ്തിഷ്ക പ്രത്യേകതയാണ് കൗമാരം ആകുമ്പോൾ ആരോടാണ് ആകർഷണം തോന്നുക എന്നത്. സാധാരണ എതിർലിംഗത്തോടാണ്. എന്നാൽ അങ്ങനെ ആകണം എന്നില്ല. എന്റെ ജെൻഡർ ഐഡന്റിറ്റി ആണ് തന്നെ ആയിരിക്കാം. എന്നാൽ സെക്സ് ഓറിയന്റെഷന്‍ ആണുങ്ങളോട് തന്നെ ആവാം (സ്വവർഗ പ്രണയം).

Also Read: ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്: എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കറിയാം; എതിര്‍ത്താല്‍ പോരാടാനും

ചുരുക്കത്തിൽ ഇങ്ങനെ പറയാം. വളരെയധികം പേർ വലതു കൈയന്മാരായി ജനിക്കുമ്പോൾ ചിലർ ഇടതു കൈയന്മാർ ആയി ജനിക്കുന്നു. ഏകദേശം ഇതുപോലെയാണ് സെക്സ് മൈനോരിറ്റികൾ. അവർ ജനിച്ചതേ അങ്ങനെയാണ്; അവർക്ക് ജീവിക്കാൻ അവകാശവും ഉണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/transgender-activist-sheethal-shyam-speaks-about-on-new-film-aabhaasam-interview-by-anu-chandra/

https://www.azhimukham.com/7th-kerala-queer-pride-queerala-sexuality-caste-identity-transgender-vaikhari-aryat/

https://www.azhimukham.com/moral-policing-attack-against-transgenders-police-torture/

https://www.azhimukham.com/offbeat-support-lgbt-community-stop-gender-inequality-by-ajmal/

https://www.azhimukham.com/kerala-recent-transgender-issues-and-supreme-court-order-what-is-the-reality/

https://www.azhimukham.com/explainer-what-is-section-377-and-what-is-the-supreme-court-verdict/

https://www.azhimukham.com/seema-vineeth-transgender-bridal-make-up-artist-life-profession-story-unnikrishnan-azhimukham/

https://www.azhimukham.com/vayicho-kamisid-pakistani-transgender-model-pakistan-life/

https://www.azhimukham.com/offbeat-religious-fundamentalists-oppose-supreme-court-verdict-homosexuality-section377/


Next Story

Related Stories