TopTop
Begin typing your search above and press return to search.

മധ്യവര്‍ഗ താല്പര്യങ്ങള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് സ്വസ്ഥത വല്ലാതെ നഷ്ടപ്പെട്ടുപോകുന്നത്?

മധ്യവര്‍ഗ താല്പര്യങ്ങള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് സ്വസ്ഥത വല്ലാതെ നഷ്ടപ്പെട്ടുപോകുന്നത്?

അമിതമായി മധ്യവര്‍ഗവത്ക്കരിക്കപ്പെട്ട ഇടങ്ങളിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സംഭവഗതികള്‍. നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ തീരദേശ പരിപാല നിയമത്തിന്റെ ലംഘനം നടന്നുവെന്നും അതിനാല്‍ തന്നെ പൊളിച്ചു നീക്കണമെന്നും രാജ്യത്തെ പരമോന്നത കോടതി കണ്ടെത്തിയതാണ് മരടിലെ വിവാദവിഷയമായ അഞ്ച് ഫ്‌ളാററുകള്‍. വിധിയുടെ പശ്ചാത്തലത്തില്‍ അന്തേവാസികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടായത്. സംസ്ഥാനത്തെ ഒട്ടുമിക്ക മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുടിയിറക്കപ്പെടേണ്ട ഫ്‌ളാറ്റുകളിലെ അന്തേവാസികള്‍ക്ക് പിന്തുണയുമായെത്തി. വ്യവഹാരങ്ങളിലൂടെ നിര്‍മാണം ക്രമപ്പെടുത്തി എടുക്കാമെന്ന പ്രതീക്ഷ പൊലിയുകയും പൊളിച്ച് നീക്കേണ്ട സാഹചര്യത്തിലേക്ക് എത്തുകയും ചെയ്തതോടെ നേരത്തെ തന്നെ ഫ്‌ളാറ്റുകള്‍ കൈമാറിയതാണെന്ന വാദവുമായി ബില്‍ഡര്‍മാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്.

350ല്‍ പരം കുടുംബങ്ങള്‍ ആഡംബര ഫ്‌ളാറ്റ് പൊളിച്ച് നീക്കുന്നതിലൂടെ ഭവനരഹിതരായി തീരുമെന്നും ഇതുവഴി സംജാതമാകുന്ന മാനുഷിക പ്രശ്‌നം സര്‍ക്കാരും സമൂഹവും ഏറ്റെടുക്കണമെന്നും വിവിധ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. അപൂര്‍വം ചിലരാകട്ടെ കോടതി വിധി അപ്പാടെ നടപ്പിലാക്കണമെന്നും. സുപ്രിം കോടതി അന്ത്യശാസനം കൊടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ക്ക് അടിയന്തരമായി പൊളിക്കല്‍ നടപടികള്‍ നടത്തണം. അതേസമയം, അന്തേവാസികളുടെ പ്രതിഷേധം കണക്കിലെടുക്കേണ്ടതുമുണ്ട്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ച് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഇതില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാനായി നിയമപരമായുള്ള സാധ്യതകള്‍ ആരായുന്നതിനും സര്‍വകക്ഷി സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നലെ ഫ്‌ളാറ്റിലെ അന്തേവാസികള്‍ നടത്തിവന്ന സത്യഗ്രഹ സമരം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു.

കുടിയൊഴിപ്പിക്കലും പാര്‍പ്പിടത്തിനായുള്ള സമരവും കേരളത്തെ സംബന്ധിച്ചിടത്തോളം പുത്തരിയൊന്നുമല്ല. എന്നാല്‍ മധ്യവര്‍ഗം/ഉപരിമധ്യവര്‍ഗം ഇത്തരമൊരു അവസ്ഥയിലേക്ക് എത്തുന്നത് പക്ഷെ ആദ്യമായിട്ടാണെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ മരടിലെ ഇരകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍പൊരിക്കലും, ഒരിടത്തും ലഭിക്കാത്ത ദൃശ്യത സാധ്യമായി. സമ്പന്നരുടെ ജീവിതപ്രശ്‌നങ്ങളെ വേണ്ടത്ര അഭിസംബോധന ചെയ്യാതെ പോകുന്നതാണ് സാമൂഹ്യജീവിതം ഇത്രമേല്‍ കലുഷിതമാകാന്‍ കാരണമെന്ന് ഒരു പ്രമുഖ നടന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞതോര്‍മ്മവരുന്നു. വ്യക്തിപരമായ വിമോചനം മാത്രം പ്രദാനം ചെയ്യുന്ന ഒരു തത്വചിന്തകന്റെ ആരാധകനായിരുന്നു ആ നടന്‍. സമ്പന്നരുടേയും ഉന്നതരുടേയും പ്രശ്‌നങ്ങളോട് മാത്രമല്ലേ, ഇത്തരം ചിന്തകരൊക്കെ സംവദിക്കുന്നതെന്നതെന്ന അഭിമുഖകാരന്റെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു നടന്‍ അക്കാര്യം പറഞ്ഞത്. സാധാരണക്കാരുടെ പൊള്ളുന്ന ജീവിതം പങ്കുവെയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ നടന് പക്ഷെ അത്തരക്കാരുടെ തീപിടിച്ച ജീവിതത്തേക്കാള്‍ പരിഹരിക്കേണ്ട പ്രശ്‌നമായി തോന്നിയത് താനും കൂടി പങ്കുപറ്റുന്ന ഉന്നത ജീവിതങ്ങളുടെ സ്വത്വപ്രതിസന്ധിയും ഉദ്വിഗ്നിതകളുമായിരുന്നു. അത് തുറന്നു പറഞ്ഞ നടന്റെ സത്യസന്ധതയെ അംഗീകരിക്കുമ്പോഴും അദ്ദേഹം പങ്കുവെച്ച ആശയതലം ദഹിക്കാതെ പോകുന്നു.

ആ ചലച്ചിത്രകാരന്റെ ഗണത്തില്‍ വരുന്നവരും സമൂഹത്തിന്റെ വെണ്ണപ്പാളിയില്‍ ജീവിക്കുന്നവരും മോടിയോടെ കാലങ്ങളായി പാര്‍ത്ത് വരുന്നതാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍. അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയം പറയുന്ന സിപിഎം പോലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുതല്‍ വലതും ഇടതും ഉള്ളവരൊക്കെ അനുതാപ പ്രകടനങ്ങളുമായി മരടിലെ ഫ്‌ളാറ്റുകളിലേക്ക് പ്രവഹിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഫ്‌ളാറ്റിലെത്തുന്നു, കെട്ടിപ്പിടിക്കുന്നു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധാര്‍മ്മികരോഷം കൊള്ളുന്നു. എല്ലാ കാലത്തും ചെയ്യാറുള്ളതുപോലെ അന്യോന്യം കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം, ഉദ്യോഗസ്ഥ നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന ഭരണപാര്‍ട്ടിക്കാര്‍, എല്ലാവരേയും കുറ്റപ്പെടുത്താനാകുന്നതില്‍ സുഖം ആസ്വദിച്ച് ബിജെപി....ഇങ്ങനെ ചിത്രതരമാണവിടെ കാഴ്ചകള്‍. എല്ലാവര്‍ക്കും മരടിലെ ഫ്‌ളാറ്റില്‍ കഴിയുന്ന 'പാവങ്ങളെ' കുറിച്ച് ഓര്‍ത്ത് വല്ലാത്ത വേവലാതി. ഏതെങ്കിലും തരത്തിലെ ഭിന്നനിലപാട് പ്രകടമായത് വി.എസ്. അച്യുതാനന്ദന്റേയും സിപിഐയുടേയും വാക്കുകളില്‍. ഭിന്നിക്കുവാനായി ഒന്നിക്കുന്ന അവരാകട്ടെ സമകാലീക രാഷ്ട്രീയ ഇടത്തില്‍ ദുര്‍ബലായിക്കൊണ്ടിരിക്കുന്ന ധാരയെ പ്രതിനിധാനം ചെയ്യുന്നവരും.

ഈ അനുതാപ നാടകങ്ങളുടെ എല്ലാം മീതെ ഒരു വലിയ ചോദ്യം ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. മധ്യവര്‍ഗ/ഉപരിമധ്യവര്‍ഗ താല്പര്യങ്ങള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വല്ലാതെ വേവലാതിപ്പെടുന്നത് എന്തുകൊണ്ടാണ്? അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനമെന്ന് അറിയപ്പെടുന്ന സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരം വേവലാതികള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്തുകൊണ്ട്? മരടിലെ ഫ്‌ളാറ്റു പൊളിക്കാനുള്ള ഉത്തരവ് വന്നതിനുശേഷം നമ്മുടെ മുഖ്യധാര പ്രസ്ഥാനങ്ങളുടെ അതിവേഗത്തിലുള്ള ഇടപെടല്‍ അമിത മധ്യവര്‍ഗ കേന്ദ്രീകരണത്തിന്റെ മറ്റൊരു മുഖം കൂടി നമുക്ക് നല്‍കുന്നുണ്ട്. കിടപ്പാടം നഷ്ടപ്പെടുന്നവരോടുള്ള അനുതാപം ഏത് തരത്തില്‍ നോക്കിയാലും ഉന്നതമായ കാര്യം തന്നെ. അത് ആര്‍ജ്ജവത്തോടെ പ്രകടിപ്പിക്കപ്പെട്ടുവെന്നതും നല്ല കാര്യം. പക്ഷെ അത് മധ്യവര്‍ഗ ഉപരിമധ്യവര്‍ഗ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ മാത്രം വല്ലാതെ വേവലാതിയായി തീരുന്നത് എന്തുകൊണ്ട്?

സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടിലെ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കേണ്ടി വന്നിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഫ്‌ളാറ്റുകളില്‍ എന്തായാലും സമൂഹത്തിന്റെ കീഴെ തട്ടില്‍ നിന്നുള്ള ആരും ജീവിക്കാന്‍ ഇടയുണ്ടാകുമെന്ന് തോന്നുന്നില്ല. മാധ്യമങ്ങളില്‍ തെളിയുന്ന ചിത്രങ്ങള്‍ അത്തരക്കാരുടേതാരുടേതുമല്ല. കണ്ടിടത്തോളം അവരുടെ ഭാഷയും ഭാഷണവും അതല്ല. സാധാരണനിലയില്‍ ഉടപ്പുലയുന്ന പണിയ്‌ക്കൊന്നും പോകാനിടയില്ലാത്തവരാണ് കുറെ ദിവസങ്ങളായി സമരരംഗത്ത് നിലകൊള്ളുന്നത്.

ഒരു ദിവസം ഉണ്ടുണരുമ്പോള്‍ കിടപ്പാടം നഷ്ടമാകുന്നത് തീര്‍ശ്ചയായും ദുഖകരം തന്നെ. ഇവിടത്തെ കാര്യം അതല്ല. സുദീര്‍ഘമായ വ്യവഹാരങ്ങള്‍ക്കുശേഷമാണ് സുപ്രിം കോടതി ഉത്തരവ് വന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ തീരുമാനമെന്നും തങ്ങളെ കേട്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ അതിന് തയാറാകാതെ പോയി എന്നുമൊക്കെയാണ് അന്തേവാസികളുടെ നിലപാട്. വില്‍പ്പന വേളയില്‍ കോടതി വ്യവഹാരത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന നിലപാടാണ് നിര്‍മാതാക്കളുടേതായി പുറത്ത് വന്നിട്ടുള്ളത്. സുപ്രിം കോതിയില്‍ തിരുത്തല്‍ ഹര്‍ജിയുമായി ഫ്‌ളാറ്റിലെ താമസക്കാര്‍ മുന്നോട്ട് പോകുകയാണ്. ഹൈക്കോടതിയില്‍ മറ്റൊരു വ്യവഹാരത്തിനുമുള്ള നടപടികളും അവര്‍ കൈക്കൊണ്ടിട്ടുണ്ട്. സുപ്രിം കോടതിയിലെ വ്യവഹാരം നടക്കുന്ന സമയത്ത് തന്നെ ഇടപെട്ട് അന്തേവാസികള്‍ക്ക് നീതിപീഠത്തെ തങ്ങളുടെ ഭാഗം അറിയിക്കാമായിരുന്നു. അതുണ്ടാവാതെ പോയത്, ഒരു വേള ഏതെങ്കിലും തരത്തില്‍ ബില്‍ഡര്‍മാര്‍ നിര്‍മാണം ക്രമപ്പെടുത്തിയെടുക്കുമെന്ന പ്രതീക്ഷയിലാവണം. അല്ലാതെ ഇത്തരം വ്യവഹാരത്തെ കുറിച്ച് അറിയാതെയാവില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോടതി ഉത്തരവിന്റെ തലനാരിഴ കീറി പരിശോധിക്കുന്ന കേരളീയ സമൂഹം മറ്റേത് പ്രശ്‌നത്തേക്കാളും ഉപരിയായി ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നത്തെ കണക്കിലെടുക്കുന്നു. ഫ്‌ളാറ്റിന് താല്‍ക്കാലിക നമ്പര്‍ ആണ് നല്‍കിയതെന്നതടക്കം ഫ്‌ളാററുടമകളുടെ വാദത്തെ ദുര്‍ബലമാക്കുന്ന പല വിവരങ്ങളും പുറത്ത് വരുന്നു. ബില്‍ഡര്‍മാരുടെ കളിക്ക് ഒത്താശ ചെയ്ത തദ്ദേശ സ്ഥാപന അധികൃതരും കൈകഴുകാനുള്ള ശ്രമത്തില്‍ തന്നെ. ബില്‍ഡര്‍മാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള ഈ കളികള്‍ മരടില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇവിടെ കളി കൈയില്‍ നില്‍ക്കാതെ പോയപ്പോള്‍ എല്ലാവരും കൈകഴുകാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം.

എന്തായാലും ബില്‍ഡര്‍മാരുടേയും മറ്റും സുന്ദരമോഹനവാഗ്ദാനങ്ങള്‍ക്ക് അടിപ്പെട്ട് വേണ്ടത്ര അവധാനതയോടെ തീരുമാനങ്ങളെടുക്കാതെ ഇരകളായി തീരുന്ന ആളുകളുടെ ശ്രേണിയിലേക്ക് കയറിയിരിക്കുകയാണ് മരടിലെ ഈ ഫ്‌ളാറ്റ് നിവാസികളും. ഈ നിര്‍മാതാക്കളില്‍ പലരുമാവട്ടെ, സര്‍ക്കാര്‍ പദ്ധതികള്‍ വരെ ഏറ്റെടുത്ത് സ്വൈര്യമായി തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. രാഷ്ട്രീയക്കാരെ വിളിച്ചിരുത്തി തലനാരിഴ കീറി വിചാരണ ചെയ്യുന്ന മാധ്യമങ്ങളും പക്ഷെ നിര്‍മാതാക്കളോട് അപ്രകാരം ചെയ്യാനൊരുമ്പെട്ട് കാണുന്നില്ല. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അവയൊക്കെ എത്രമാത്രം യാഥാര്‍ഥ്യമാകുമെന്ന് കണ്ടുതന്നെ അറിയണം. ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുത്ത് നടപ്പാക്കാതെ കഴിയുന്നത്ര പരിശോധിച്ച് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരുകള്‍ക്ക് എല്ലാകാലത്തും താല്പര്യം. മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സമൂഹത്തിലെ എല്ലാ സ്ഥാപനങ്ങളിലും ശക്തമായി ഇടപെട്ട് തങ്ങളുടെ താല്പര്യം നടത്തിയെടുക്കാന്‍ വലിയ ശേഷിയുള്ളവരാണ് ബില്‍ഡര്‍മാരുടെ സംഘങ്ങള്‍.

കോടതി ഉത്തരവിനെ തുടര്‍ന്ന് പാര്‍പ്പിടം ഇല്ലാതാകുന്നവരുടെ അവസ്ഥ തികഞ്ഞ മാനുഷിക പരിഗണനകള്‍ അര്‍ഹിക്കുന്നതാണ്. അവരോട് അനുതാപം കാണിക്കുന്നവരുടെ വിശാലമായ മാനുഷിക പരിഗണനകള്‍ ആദരണീയവും ആകുന്നു. തര്‍ക്കമൊന്നുമില്ല. മുന്‍പ് ഇടതും വലതും സര്‍ക്കാരുകളുടെ കാലത്ത് കുടിയൊഴിപ്പിക്കലുകള്‍ നടന്നിട്ടുണ്ട്. അവയില്‍ പലതും നിഷ്ഠൂരങ്ങളായിരുന്നു. ജീവിക്കാനായി ഒരു തുണ്ടുഭൂമിയില്‍ കുടില്‍കെട്ടിയ ആദിവാസികളെ മുതല്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വരെയൊക്കെ ഒരു മാനുഷിക പരിഗണനകളും കൂടാതെ ഓരോ കാലത്തും ഭരണകൂടങ്ങള്‍ സാധാരണക്കാരെ കൈകാര്യം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

ഒരു തരം പരിഗണനകളും ഇല്ലാതെ രാത്രിയില്‍ പതിവുപ്രാര്‍ഥനകള്‍ക്കു മധ്യെ നില്‍ക്കുന്ന അശരണരെ മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിച്ചത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ മനസ്സാക്ഷിയുള്ളവര്‍ക്കൊക്കെ നല്‍കിയതാണ്. അവിടെ പതിറ്റാണ്ടുകള്‍ക്കുശേഷവും കുടിയൊഴിപ്പിക്കല്‍ അവശേഷിപ്പിച്ച പ്രശ്‌നങ്ങള്‍ പരിഹൃതമായിട്ടില്ല. സമാനമായ ചിത്രങ്ങളാണ് മുത്തങ്ങയും ചെങ്ങറയും അരിപ്പയും ഒക്കെ നമുക്ക് നല്‍കിയത്. പല ഇടങ്ങളിലും ഇപ്പോഴും സമരം തുടരുകയാണ്. അവിടങ്ങളിലൊക്കെ ഇരകളായി തീര്‍ന്നത് അപ്പാടെതന്നെ സമൂഹത്തിന്റെ കീഴേ ശ്രേണിയില്‍ പെട്ടവരായിരുന്നു. പട്ടിണിപ്പാവങ്ങള്‍ അവര്‍ മാത്രമായിരുന്നു. ചെങ്ങറയിലും മുത്തങ്ങയിലും മൂലമ്പള്ളിയിലുമൊന്നും ഇതേ തീവ്രതയോടെ നമ്മുടെ നേതാക്കളും പൗരപ്രമുഖരും എത്താതെ പോയത് എന്തുകൊണ്ടാണ്? തന്നെയുമല്ല അവിടെയൊക്കെ അനുതാപവുമായി എത്തിയവരേയും സഹായം എത്തിച്ചവരേയും തീവ്ര ഇടതുപക്ഷക്കാരെന്നും വികസന വിരോധികളെന്നുമടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് ശരവ്യമാക്കാനും അതത് കാലത്ത് അധികാരത്തിലിരുന്നവര്‍ മടിച്ചിരുന്നില്ല.

മരടിന്റെ കാര്യത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇത്രമേല്‍ വേവലാതി ഉണ്ടാകുന്നതെന്തുകൊണ്ടാണ്? മധ്യവര്‍ഗത്തോടുള്ള മിതമല്ലാത്ത താത്പര്യമാണതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാന്‍ സാധിക്കും. മധ്യവര്‍ഗ താല്പര്യങ്ങള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ മാത്രം ഇവരുടെ സ്വസ്ഥത വല്ലാതെ നഷ്ടപ്പെട്ടുപോകുന്നത് എന്തുകൊണ്ടാണ്? ഭരണ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും പൊതുസമൂഹവും വല്ലാതെ വേവലാതിപ്പെടുന്നത് എന്തേ? ചര്‍ച്ചകള്‍ക്കിടയില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളെ പ്രായേണ അദൃശ്യരായി തീരുന്നത് എന്തുകൊണ്ടാണ്? എല്ലാം തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് റിയല്‍ എസ്റ്റേറ്റ് കളികളുടെ പിന്നാമ്പുറങ്ങളിലേക്ക് സമൂഹത്തിന്റെ കാഴ്ചയെ കൊണ്ടുപോകുന്നില്ല.

കേരളീയ ധാര്‍മ്മികതയുടെ മഹിതമാതൃകയായി പലരും ഉയര്‍ത്തിക്കാട്ടാറുള്ള വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരക്കാരെ ഏത് തരത്തിലാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാം. അക്കാലത്ത് വി.എസിന്റെ തന്നെ നാവില്‍ നിന്നും വന്ന വാക്കുകള്‍ മറക്കാവുന്നതല്ല. തീര്‍ത്തും സാധാരണക്കാര്‍ കിടപ്പാടത്തിനായി സമരം ചെയ്തപ്പോഴത്തെ അവസ്ഥയായിരുന്നു ഇത്. അന്ന് ഭരണകര്‍ത്താക്കളില്‍ ആരും നിയമോപദേശം തേടി ഇത്തരത്തില്‍ വ്യാകുലപ്പെട്ടിരുന്നതായി ഓര്‍മ്മയില്‍ വരുന്നില്ല. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികളെ അന്തസംഘര്‍ഷം നേരിടുന്നതിന് പ്രാപ്തരാക്കാനായി മനശാസ്ത്ര കൗണ്‍സലര്‍മാരേയും നിയോഗിച്ചില്ല. ഇക്കാര്യങ്ങളൊക്കെ മരടില്‍ ചെയ്തത് നല്ലതു തന്നെ. പക്ഷെ ഈ വിധ ചിന്തകളൊന്നും മൂലമ്പള്ളിയിലും അരിപ്പയിലും ചെങ്ങറയിലുമൊന്നും ഉണ്ടായില്ലെന്നത് ഇരുത്തിചിന്തിപ്പിക്കേണ്ട കാര്യമാണ്.

Read More: കൂടം കൊണ്ട് വീടിടിച്ച് നിരത്തുമ്പോള്‍ ജനലില്‍ പിടിച്ച് അലമുറയിടുന്ന ആ സ്ത്രീയുടെ ചിത്രം കേരളം മറന്നോ? മൂലമ്പള്ളിയില്‍ നിന്നും മരട് ഫ്‌ളാറ്റില്‍ എത്തുമ്പോള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories