TopTop

മഹത്തായ ഭാരതസംസ്‌കാരത്തില്‍ 'പാവനമായ' വൈവാഹിക ബലാത്സംഗങ്ങളെ കുറിച്ച് സ്ത്രീകള്‍ മിണ്ടിപ്പോകരുത്

മഹത്തായ ഭാരതസംസ്‌കാരത്തില്‍
വൈവാഹിക ബലാത്സംഗങ്ങള്‍ കുറ്റകരമാക്കുന്നത് രാജ്യത്തെ വിവാഹ വ്യവസ്ഥയെ ശിഥിലീകരിക്കുമെന്നു ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍!

സ്ത്രീയെ കമ്മോഡിറ്റിയായി കാണുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന് ഉടവ് വരാതിരിക്കാന്‍ ഇത്തരം ഒരു നീക്കം കൂടി ഉണ്ടായി കണ്ടതില്‍ അത്ഭുതപ്പെടാനില്ല. വിവാഹവും കുടുംബ ബന്ധങ്ങളും പവിത്രമായി കരുതി പോരുന്ന ഭാരതീയസംസ്‌കാരത്തിനു കോട്ടം തട്ടാതിരിക്കാന്‍ ഗാര്‍ഹിക പീഡനങ്ങള്‍ കണ്ടില്ലെന്ന് വെച്ചാല്‍ മതിയത്രെ! വിവാഹം എന്നത് തന്നെ അച്ഛന്റെ പ്രോപ്പര്‍ട്ടി ഭര്‍ത്താവിന്റെ പ്രോപ്പര്‍ട്ടിയാകുന്ന ഉടമ്പടിയും കരാറും ആണെന്ന് പറയാതെ പറയുന്നുണ്ട് നമ്മുടെ സാമൂഹിക വ്യവസ്ഥ. അങ്ങനെ അടിച്ചേല്‍പ്പിക്കുന്നുമുണ്ട് നമ്മുടെ പൊതുബോധം.

തന്റെ അധികാരപരിധിയില്‍ വരുന്നതെന്തും ഏതു വിധേനയും ആവോളം അനുഭവിക്കുവാന്‍ പുരുഷന് അവകാശമുണ്ടത്രേ! സ്ത്രീ ഉപഭോഗവസ്തു അല്ല, മജ്ജയും മാംസവും മനസുമുള്ള സഹജീവിയാണെന്ന് നാം ഇനിയും അംഗീകരിച്ചിട്ടില്ല തന്നെ. പ്രസവിക്കാനും വീട് നോക്കാനും വെച്ചുണ്ടാക്കാനും ഇണചേരാനുമുള്ള  യന്ത്രം മാത്രമായി പെണ്ണിനെ കാണുന്നവര്‍ ഇന്ത്യാ മഹാരാജ്യത്ത് ഏറെയാണ്. 2015ലെ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം നാല്‍പത് ശതമാനത്തോളം ഇന്ത്യന്‍ സ്ത്രീകള്‍ വൈവഹിക ബലാത്സംഗങ്ങള്‍ക്ക് ഇരയാണ്.

മുന്‍ മിസോറാം ഗവര്‍ണറും, വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. മാരീറ്റല്‍ റേപ്പ് എന്നതൊന്നില്ലത്രെ. അങ്ങനെ നിയമം വന്നാല്‍ വീട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ ജയിലിലാണുണ്ടാവുക പോലും. വീടുകള്‍ പൊലീസ് സ്‌റ്റേഷനുകള്‍ ആക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വൈവാഹിക ബലാത്കാരങ്ങളെ കുറിച്ചു മിണ്ടുക പോലുമരുതെന്നാണ് സാംസ്‌കാരിക പ്രബുദ്ധര്‍ പറഞ്ഞു വെക്കുന്നത്. ഭാരതീയ സംസ്‌കാരത്തിനു കളങ്കമേല്‍ക്കും മട്ടില്‍ സ്ത്രീകള്‍ പ്രതികരിച്ചു കൂടാ. വായ മൂടിക്കെട്ടി, അതിക്രമങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതെ സ്വന്തം കര്‍മം ചെയ്യണം.

സ്ത്രീയെ ദേവിയായും ശക്തിയായും ആരാധിക്കുന്ന നാട്ടിലാണ് ഈ വക പൊറാട്ട് നാടകങ്ങള്‍ എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക എന്നിങ്ങനെ വികസിത രാജ്യങ്ങള്‍ മാത്രമല്ല, ഉസ്‌ബെക്കിസ്ഥാനും സിംബാബ്വേയും എന്തിനേറെ നമ്മുടെ അയല്‍ രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും പോലും വൈവാഹിക ബലാത്സംഗങ്ങളെ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ കൊണ്ട് വന്നു കഴിഞ്ഞു. നമ്മള്‍ മഹത്തായ പാരമ്പര്യവും പറഞ്ഞു സ്ത്രീയെ വീണ്ടും വീണ്ടും തടവിലാക്കികൊണ്ടിരിക്കുന്നു.കേന്ദ്ര ഗവണമെന്റ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം അനുസരിച്ച് ഇന്ത്യയിലെ ജനങ്ങളുടെ നിരക്ഷരത, ദാരിദ്ര്യം, ഭൂരിപക്ഷം സ്ത്രീകളിലെയും സാമ്പത്തിക അസമത്വം, സമൂഹത്തിന്റെ പൊതു ബോധം, ഇന്ത്യന്‍ സമൂഹങ്ങളിലെ വൈവിധ്യം ഇവയൊക്കെ ഈ വിധി നടപ്പാക്കാന്‍ തടസമായി പറയുന്നു. അതൊക്കെ കൊണ്ട് വീടിനുള്ളില്‍ പീഡിപ്പിച്ചാല്‍ മിണ്ടാതിരുന്നു കൊള്ളണം എന്നാണോ പറഞ്ഞു വെക്കുന്നത്? സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളും സാമ്പത്തികവും വിദ്യാഭ്യാസവും ഉണ്ടായിരുന്നിട്ടും ലൈംഗീകപീഡനം സഹിക്കേണ്ടി വരുന്ന അനേകം ഭാര്യമാരുള്ള നാടാണ് നമ്മുടേത് എന്നത് ഒരു പച്ചപ്പരമാര്‍ത്ഥവും.

വിവാഹം കഴിപ്പിച്ചാല്‍ ഭാരം ഇറക്കിയെന്നു നെടുവീര്‍പ്പിടുന്ന രക്ഷിതാക്കളും, അവരായി അവരുടെ പാടായി എന്ന് ആശ്വാസം കൊള്ളുന്ന സമൂഹവുമാണ് നമ്മുടേത്. അടച്ചിട്ട മുറിക്കുള്ളില്‍ എന്ത് സംഭവിച്ചാലും നമുക്ക് ഒന്നുമില്ല. ഗോവിന്ദ ചാമി സൗമ്യയെ തള്ളിയിടുന്നത് കണ്ട സാക്ഷികള്‍ പറഞ്ഞ ഒരു കാര്യം ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കായി കരുതിയത് കൊണ്ടാണ് ഇടപെടാതിരുന്നതത്രെ! അതേ, അത്ര പാവനമാണ് നമ്മുടെ കുടുംബബന്ധങ്ങള്‍!

ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധം കുറ്റമാണ്. അതിപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലായാല്‍പോലും. 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ', 'Parched' എന്നീ സിനിമകള്‍ മാരിറ്റല്‍ റേപ്പിന്റെ നേര്‍ക്കാഴ്ചകളാണ്. എത്ര കുറ്റകരമാണ്, എത്ര അപമാനകരമാണ്, എത്ര വേദനാജനകമാണ് ഓരോ ഭര്‍തൃഅധിനിവേശങ്ങളും ആ പെണ്‍കുട്ടികള്‍ക്കെന്നു മനസിലാക്കാന്‍ എന്നെ സഹായിച്ചത് ഈ സിനിമകളാണ്.

ബന്ധങ്ങളില്‍ വിധേയത്വമല്ല, വിവേകപൂര്‍ണമായ ബഹുമാനമാണ് സ്ത്രീ പുരുഷന്മാര്‍ പരസ്പരം നല്‍കേണ്ടത്. പ്രണയപൂര്‍വം പെരുമാറാത്തിടത്തോളം സ്ത്രീക്ക് ലൈംഗികത ബലാത്സംഗമായി മാത്രമേ അനുഭവപ്പെടൂ. വിവാഹബന്ധം അനിവാര്യതയും സന്താനോത്പാദനത്തിനല്ലാതെയുള്ള ലൈംഗികത പാപമായും ധരിച്ചു വെച്ചിരിക്കുന്ന ഭാരതീയ സമൂഹത്തിന് ഇതൊക്കെ മനസിലാക്കാന്‍ വലിയ വിഷമമായിരിക്കും, തീര്‍ച്ച.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories