Top

മെഡിക്കല്‍ കോഴ: പിടിക്കപ്പെട്ട ബിജെപിയും പിടിക്കപ്പെടാത്ത ബിജെപിയും

മെഡിക്കല്‍ കോഴ: പിടിക്കപ്പെട്ട ബിജെപിയും പിടിക്കപ്പെടാത്ത ബിജെപിയും
ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളേജ് കോഴ വിവാദം സംബിന്ധിച്ച് പലതരം അന്വേഷണങ്ങളാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. സിബിഐ അന്വേഷണം മുതല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിയോഗിച്ച ശ്രീശന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ചുള്ള കേന്ദ്ര അന്വേഷണവും ഇതില്‍പെടും. അന്വേഷണങ്ങള്‍ മുറപോലെ നടക്കട്ടെ. നമുക്കറിയേണ്ടത് ഈ അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്ത് സംഭവിക്കും എന്നതാണ്.

കോഴ കൈപ്പറ്റിയെന്ന് പറയപ്പെടുന്ന ആര്‍എസ് വിനോദിനെ ഇതിനകം തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ പേരില്‍ രണ്ടുപേരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ഹവാല വഴി വിനോദ് ഡല്‍ഹിയില്‍ എത്തിച്ച പണം അവിടെ കൈപ്പറ്റിയെന്ന് പറയപ്പെടുന്ന പിഎംഒ ഓഫീസിലെ അടുപ്പക്കാരന്‍ സതീഷ് നായരെക്കുറിച്ച് പാര്‍ട്ടിയുടെ സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങള്‍ ഇപ്പോഴും തികഞ്ഞ മൗനത്തിലാണ്.

ഇതിനിടെ സതീഷ് നായര്‍ യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ കാണിച്ച് ഇയാള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും ആളാണെന്ന ഒരു മുടന്തന്‍ ന്യായം ഉയര്‍ത്താന്‍ ചില ബിജെപി സംസ്ഥാന നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും അതില്‍ നിന്നും അവരിപ്പോള്‍ പിന്‍വലിഞ്ഞ സ്ഥിതിയാണ്. സതീഷ് നായരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അയാള്‍ ഐബിയുടെ നിരീക്ഷണത്തിലാണെന്നും ഒരു പത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്തായാലും കുമ്മനവുമായി ചങ്ങാത്തം നടിച്ച് പിഎംഒയില്‍ (പ്രധാനമന്ത്രിയുടെ ഓഫീസ്) കയറിപ്പറ്റിയ ഈ ഇടനിലക്കാരന്‍ ഒടുവില്‍ കുടുങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ അപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കിയാവുന്നു, വിനോദിനും സതീഷിനുമൊക്കെ കുമ്മനവുമായി ഇത്ര ഗാഢമായ ബന്ധം സ്ഥാപിക്കാന്‍ ഇടനില നിന്നവര്‍ ആരെന്ന് കണ്ടെത്തേണ്ടതില്ലേ? വിനോദ് വഴിയുള്ള ഈ പണപ്പിരിവും ഹവാല ഇടപാടും ബിജെപിയില്‍ തുടങ്ങിയിട്ട് കാലമെത്രയായെന്നും ഇതുവരെ എത്ര ഇടപാടുകള്‍ നടന്നു എന്നും വെളിവാക്കപ്പെടേണ്ടതില്ലേ?

അമിത് ഷായും സംഘവും ചേര്‍ന്ന് കേരള ബിജെപിയെ ഒരു അഴിമതിമുക്ത പാര്‍ട്ടിയാക്കി മാറ്റാന്‍ പോകുന്നുവെന്ന മട്ടിലാണ് ചില പത്രങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഇത്തരം കുംഭകോണങ്ങള്‍ കേന്ദ്ര തലത്തിലും ഇതര സംസ്ഥാനങ്ങളിലും ഇരു ചെവിയറിയാതെ നടത്തിപ്പോരുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി എന്നത് അത്ര രഹസ്യമായ കാര്യമൊന്നുമല്ല. അതുകൊണ്ടുതന്നെ പിടിക്കപ്പെടുമ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന പതിവ് തന്ത്രം തന്നെ ഈ കേസിലും പ്രതീക്ഷിച്ചാല്‍ മതിയാകും.

എന്നാല്‍ മെഡിക്കല്‍ കോഴയ്ക്ക് പിന്നാലെ മറ്റ് കോഴ കേസുകളും വ്യാജ പിരിവ് കേസുകളും സംബന്ധിച്ച ആരോപണങ്ങളാണ് അനുദിനം പുറത്തു വരുന്നത്. ഈ ആരോപണങ്ങളിലും പാര്‍ട്ടി അന്വേഷണം നടത്തുമോ എന്ന് വ്യക്തമല്ലെങ്കിലും ബിജെപിയുടെ ജീര്‍ണ മുഖം ഇതിലൂടെ വ്യക്തമാകുന്നുണ്ട്. കേന്ദ്രത്തില്‍ ഭരണവും സംസ്ഥാനത്ത് പേരിനൊരു എംഎല്‍എയും ഉള്ളപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഒരു പത്ത് എംഎല്‍എയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം ചോദിച്ചു കേട്ടു. കേന്ദ്രത്തില്‍ ഭരണവും കേരളത്തില്‍ എംഎല്‍എമാരും ഇല്ലാതിരുന്ന കാലത്തും ഇവര്‍ ഇങ്ങയൊക്കെ തന്നെയായിരുന്നു. ഇടനിലക്കാരന്റെ വേഷം പണ്ടും എടുത്തണിഞ്ഞിട്ടുണ്ട്, ചില നേതാക്കളും പ്രവര്‍ത്തകരും.

Next Story

Related Stories