TopTop

മെഡിക്കല്‍ കോഴ, ഗ്രൂപ്പ് പോര്, കുമ്മനത്തിന്റെ പനി; ഈ പാര്‍ട്ടിയെക്കുറിച്ച് ഇനിയെന്തറിയാന്‍

മെഡിക്കല്‍ കോഴ, ഗ്രൂപ്പ് പോര്, കുമ്മനത്തിന്റെ പനി; ഈ പാര്‍ട്ടിയെക്കുറിച്ച് ഇനിയെന്തറിയാന്‍
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തെ എന്‍ഡിഎ അനുകൂല സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കേന്ദ്രതലത്തില്‍ തന്നെ പുരോഗമിക്കുന്ന ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന മെഡിക്കല്‍ കോളേജ് കോഴ വിവാദം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മാത്രമല്ല കേന്ദ്ര നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുന്നു. മുഖം രക്ഷിക്കാനെന്നോണം ആരോപണവിധേയനായ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെ പുറത്താക്കിയെങ്കിലും കേരളത്തില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. പാര്‍ലമെന്റില്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യവും കേരളത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചതും സംസ്ഥാനത്തിനകത്തും കേന്ദ്രത്തിലും കോഴ വിവാദം സൃഷ്ടിച്ചിട്ടുള്ള അങ്കലാപ്പിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.

കോര്‍ കമ്മിറ്റി യോഗം മാറ്റിവെക്കാനുണ്ടായ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സംസ്ഥാന അധ്യക്ഷന്റെ അസുഖമാണെങ്കിലും സത്യം അതല്ലെന്നതിനുള്ള തെളിവാണ് നാളെ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരാനുള്ള തീരുമാനം, പനിബാധിതനായി ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം പ്രവേശിപ്പിക്കപ്പെട്ട പ്രസിഡന്റ് ഒറ്റ ദിവസം കൊണ്ട് പനി മാറി നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നത് എത്രകണ്ട് വിശ്വസിക്കാനാകും? ഒരു പക്ഷെ പ്രസിഡന്റിന്റെ അഭാവത്തില്‍ യോഗം നടത്താനാണെങ്കില്‍ ഇന്നത്തെ കോര്‍ കമ്മിറ്റി യോഗവും അങ്ങിനെ നടത്താമായിരുന്നല്ലോ. അപ്പോള്‍ കോര്‍ കമ്മിറ്റി യോഗം ധൃതിപിടിച്ചു റദ്ദാക്കാനുണ്ടായ കാരണം പ്രസിഡന്റിന്റെ പനി ബാധയല്ല, മറിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സാവകാശം തേടലാണെന്ന് വ്യക്തം.

ചാടിക്കേറി ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത്ര സങ്കീര്‍ണവുമാണ് ഈ കോഴ വിവാദം. സംസ്ഥാന പ്രസിഡന്റിന്റെ അടുപ്പക്കാര്‍, പ്രധാനമന്ത്രിയുടെ ഓഫീസിനെ നേരിട്ട് സ്വാധീനിക്കാന്‍ ശേഷിയുള്ളവര്‍; ഇങ്ങനെ പോകുന്നു പ്രതിപട്ടികയില്‍ പെടുന്നവരെക്കുറിച്ചുള്ള വിശേഷണങ്ങള്‍. ഇത് തന്നെയാണ് ബിജെപി നേതൃത്വത്തെ ഇപ്പോള്‍ പ്രധാനമായും കുഴക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തല്‍ അനുസരിച്ച് കൊച്ചിയിലുള്ള ഒരു ഹവാല ഇടപാടുകാരന്‍ വഴിയാണ് കോഴപ്പണം ഡല്‍ഹിയില്‍ എത്തിച്ചത്. പാര്‍ട്ടി നേതാക്കളും പാര്‍ട്ടിയില്‍ ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കുന്നവരും സംസ്ഥാന അധ്യക്ഷന്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്ന ആരോപണ വിധേയരായവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റം കൂടിയാണ് ചെയ്തിരിക്കുന്നത് എന്നതും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ബിജെപിയും അതിന്റെ നേതാക്കളും ആദ്യമായൊന്നുമല്ല കോഴ വിവാദത്തില്‍ പെടുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ മുതല്‍ വലുതും ചെറുതുമായ പല നേതാക്കളും ഇതിന് മുമ്പും കോഴ വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. കേരളത്തില്‍ ചില പാര്‍ട്ടി നേതാക്കള്‍ നടത്തിവന്നിരുന്ന വോട്ട് കച്ചവടത്തെക്കുറിച്ചു പ്രതികരിച്ചതിന് കേരളത്തില്‍ മുന്‍ അധ്യക്ഷനായിരുന്ന കെ. രാമന്‍ പിള്ളക്ക് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി (കേരള ജനപക്ഷം) രൂപീകരിക്കേണ്ടിവന്ന ഗതികേടും നമുക്ക് മുന്നിലുണ്ട്. വാജ്പേയി ഭരണത്തിന് കീഴില്‍ പെട്രോള്‍ പമ്പുകള്‍ വിറ്റ് കാശാക്കിയവര്‍ മുതല്‍ ഈയടുത്ത കാലത്ത് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയതിന്റെ പേരില്‍ പിടിക്കപ്പെട്ടവരും ഈ പാര്‍ട്ടിയിലുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം അതല്ല. അത്യന്തം ഗൗരവതരമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടും ആ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്തുകൊണ്ട് ഇത്രനാളും അടയിരുന്നു എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ഇതോടൊപ്പം അതീവരഹസ്യമായി നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിയന്ത്രിക്കാനാവാത്ത വിധം കരുത്ത് പ്രാപിച്ചു കഴിഞ്ഞ ഗ്രൂപ്പ് പോരിലേക്കാണ്. ഇനിയിപ്പോള്‍ കാലാവധി തീരുന്നതിനിനു മുമ്പ് തന്നെ കുമ്മനം രാജിവെച്ചൊഴിഞ്ഞാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ പകരം ആര് എന്ന ചോദ്യവും അമിത് ഷായെയും സംഘത്തെയും വല്ലാതെ കുഴക്കുന്നുണ്ട്.

Next Story

Related Stories