TopTop
Begin typing your search above and press return to search.

വെടിയേറ്റ്‌ വീണ ഗൌരി; സംഘി ഭാരതത്തിന്റെ ഭൂപടം

വെടിയേറ്റ്‌ വീണ ഗൌരി; സംഘി ഭാരതത്തിന്റെ ഭൂപടം

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ പല മനുഷ്യര്‍ പലയിടങ്ങളില്‍ ഇരുന്ന് ഒരേ സമയം പങ്കുവച്ച ആശങ്ക ഇതായിരുന്നു.

"ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൌരി ലങ്കേഷ്... ഇനി ആര്?"

മതേതര ജനാധിപത്യവാദികളുടെ മുഴുവന്‍ ഉള്ളില്‍ നിന്ന് ഇത്തരമൊരു ആധി സ്പോണ്ടേനിയസായി, ഏതാണ്ട് ഒരേ ഭാഷയില്‍ ഉണ്ടായതിന് സ്വാഭാവികമായും കാരണമുണ്ട്. ഈ ലിസ്റ്റിലെ രണ്ടും മൂന്നും പേര്‍ രണ്ട് വര്‍ഷം മുമ്പ് 2015-ലാണ് കൊല്ലപ്പെട്ടത്. അതും ഏതാനും മാസങ്ങള്‍ക്കിടയില്‍. അതെത്തുടര്‍ന്ന് ദേശവ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ഫാസിസത്തിനെതിരായ മഹാ സംഗമങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി പല സാംസ്കാരിക നായകരും സാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങള്‍ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ മടക്കി നല്‍കുകയും ചെയ്തിരുന്നു.

ഇന്നലെ 2017 സെപ്തംബര്‍. ദാ, വീണ്ടും ഒരു വിമത ശബ്ദം കൂടി വെടിയുണ്ട തുളഞ്ഞ് നിശബ്ദമാക്കപ്പെട്ടിരിക്കുന്നു. ഇനി എത്ര അവാര്‍ഡുണ്ട് മടക്കി കൊടുക്കാന്‍? ഏത് പ്രതിഷേധോത്സവമുണ്ട് സംഘടിപ്പിക്കാന്‍ എന്നാണ് അവര്‍ ചോദിക്കാതെ ചോദിക്കുന്നത്. ശരിയാണ്, ആക്രമണങ്ങള്‍ ട്രെന്‍ഡും പ്രതിഷേധം ക്ളീഷേയുമായിരിക്കുന്നു.

ഭയമെന്ന ഭാഷ

ഇന്ന് മനുഷ്യര്‍ക്ക് തമ്മില്‍ വിനിമയം ചെയ്യാന്‍ ഭയം എന്ന ഒറ്റ ഭാഷ മാത്രമായിരിക്കുന്നു. അതാവട്ടെ ഒരു വ്യക്തിഗത ഭയമല്ല, ഭയക്കേണ്ടതുണ്ട് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആര്‍ക്കും മനസിലാകുന്നില്ല എന്നതില്‍ നിന്നും ഉണ്ടാകുന്ന, ഭയക്കേണ്ടുന്ന സാമൂഹ്യ അപകടങ്ങള്‍ പോലും വല്ലാതെ സ്വാഭാവികവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവും അത് ഉണ്ടാക്കുന്ന ഭാഷാ ബന്ധിയും വിനിമയ ബന്ധിയുമായ നിസ്സഹായതയും ഉത്പാദിപ്പിക്കുന്ന ഒന്നാണ്.

ഈ കഴിഞ്ഞ മാസം പ്രിയ കവി സച്ചിദാനന്ദന്‍ മാഷുമായി ഒരു 'ഇരുത്തം' തരപ്പെട്ടിരുന്നു; അതിന് കാരണമായ പശ്ചാത്തലം സന്തോഷകരമായ ഒന്ന് ആയിരുന്നില്ല എങ്കില്‍ കൂടി. പ്രഥമ 'ഹരിയോര്‍മ്മ' പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൌസില്‍ ആയിരുന്നു അദ്ദേഹത്തിന് താമസം ഒരുക്കിയത്. അവിടെവച്ചായിരുന്നു കുടിക്കാഴ്ചയും.

ഹരിയെ സൈബര്‍ ലോകം പുര്‍ണ്ണമായും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു. ആദ്യകാല ബ്ലോഗറും കവിയും ചിത്രകാരനും ആയിരുന്നു അവന്‍. പരസ്യം ആയിരുന്നു പ്രവര്‍ത്തി മേഖല. ക്യാന്‍സര്‍ എന്ന ബയോളജിക്കല്‍ ഡിസീസ് അവനെ കൊണ്ടുപോയി.

അവന്റെ പേരിലുള്ള ആദ്യ പുരസ്കാരം സ്വീകരിക്കാനായി എത്തിയ സച്ചി മാഷ്‌ തങ്ങിയത് ആശ്രാമം ഗസ്റ്റ് ഹൌസില്‍ ആയത് സ്വാഭാവികമായിരിക്കാം. അതിനടുത്ത് അശ്വതി എന്ന ഒരു ബാറുണ്ട് എന്നതിലും. അവിടെ തുടങ്ങുന്ന എത്രയോ മദ്യപാന സദസ്സുകളില്‍ വിഷയങ്ങള്‍ സംഗീതവും സിനിമയും രാഷട്രീയവും കലയുമൊക്കെയായി കറങ്ങിത്തിരിഞ്ഞ് കവിതയില്‍ എത്തിയിട്ടുണ്ട് എന്നതിലും യാദൃശ്ചികതയുണ്ടാവാം. എന്നാല്‍ അവന്റെ പേരിലെ ആദ്യ പുരസ്കാരം സ്വീകരിക്കാനായി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് എത്തിയ സച്ചി മാഷും ഞാനും ആദ്യമായി കൂടിക്കാണുന്നത് ആ ഗസ്റ്റ് ഹൌസില്‍ വച്ചാണ് എന്നതിലും അത് തന്നെ ആരോപിക്കാനാകുമോ?

ഈ ഗസ്റ്റ് ഹൌസിന്റെ വിജനമായ പൂമുഖ പടിയിലിരുന്ന് കവിതയും കഥയും നോവലും ചര്‍ച്ച ചെയ്തിട്ടുള്ള എത്ര വര്‍ഷങ്ങള്‍... ആശാന്‍ തൊട്ട് വൈലോപ്പിള്ളി, ഇടശ്ശേരി വഴി ആറ്റൂര്‍, സച്ചി, അയ്യപ്പപണിക്കര്‍, കെ ജി എസ്, ബാലചന്ദ്രന്‍, അയ്യപ്പന്‍ വഴി പി. രാമന്‍ എന്നിങ്ങനെ കവിതയും പി കെ ബി, വി കെ എന്‍, തകഴി, ബഷീര്‍, കാക്കനാടന്‍, വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, മേതില്‍, കെ.പി നിര്‍മ്മല്‍ കുമാര്‍ എന്നിങ്ങനെ ഗദ്യ സാഹിത്യവും ഇടയ്ക്ക് വിക്ടര്‍ ലീനസ്സും പട്ടത്തുവിളയും ഒക്കെ കടന്നുവരുന്ന എത്രയെത്ര രാത്രികള്‍. (അന്നൊന്നും വിക്ടര്‍ ലീനസ്സിനെയും പട്ടത്തുവിളയെയും എനിക്ക് വായിക്കാനായിട്ടില്ല. ഇവരുടെ പുസ്തകങ്ങള്‍ അത്ര എളുപ്പം ലഭ്യവുമല്ല. എന്നാല്‍ ലവന്‍ വായിച്ചിട്ടുണ്ട്. അന്ന് തോന്നിയ അസൂയ...)

മറൊരു ജ്ഞാന വൃക്ഷം

ചര്‍ച്ചകള്‍ അധികവും തര്‍ക്കങ്ങളാവുക സ്വാഭാവികം. സച്ചി മാഷിന്റെ മാതൃഭൂമിയില്‍ വന്ന ഈ കവിത നന്നായില്ല, എന്ന നിലയ്ക്കായിരുന്നു ചര്‍ച്ചകള്‍ അധികവും. കാരണം അദ്ദേഹത്തെ പോലൊരു കവി ഞങ്ങളുടെ കാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത്, ദാ ഒരു കവി എന്ന നിലയ്ക്ക് അല്ലല്ലോ. സച്ചി മാഷിന്റെ ഒരു ഉഗ്രന്‍ കവിത എന്നത് വാര്‍ത്തയോ ആശ്ചര്യമോ അല്ല. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളിലും തിരഞ്ഞെടുപ്പ് നടത്താനാകും എന്നതായിരുന്നു, അതിനെയും വിമര്‍ശനാത്മകമായി സമീപിക്കാനാകണമെന്നതായിരുന്നു ഞങ്ങള്‍ അവരവര്‍ക്ക് കല്‍പ്പിച്ച വെല്ലുവിളി.

കവിതയെ വിട്ട് കഥ, നോവലിനെ എടുത്താല്‍ ഇതുപോലെ ആവേശത്തോടെ സമീപിച്ചതും അതുകൊണ്ട് തന്നെ വളരെ വിമര്‍ശനാത്മകമായി പല വേദികളില്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് തലനാരിഴ കീറി പരിശോധിച്ചതുമായ ഗദ്യകാരനായിരുന്നു ആനന്ദ്. ഗോവര്‍ദ്ധനന്റെ യാത്രകള്‍ ഒക്കെ വായിച്ച് നില്‍ക്കുന്ന സമയം. തമ്മില്‍ തര്‍ക്കങ്ങളില്ലാത്തതിനാല്‍ അക്കാലത്ത് വന്ന ലേഖനങ്ങളും സുഹൃത്തുക്കളില്‍ തന്നെ ചിലര്‍ പറഞ്ഞ അഭിപ്രായങ്ങളും വച്ചാണ് തര്‍ക്കം. അന്ന് അവന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. "അളിയാ, തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്ന ഓളമില്ലെങ്കില്‍ തലച്ചോര്‍ ഒരു കുളം പോലെയാകും".

സമീപ കാലത്ത് ഞങ്ങള്‍ കണ്ടപ്പോഴും അശ്വതി ബാറുണ്ടായിരുന്നു. അവിടെ തുടങ്ങി ഒടുക്കം ഗസ്റ്റ് ഹൌസിന്റെ വരാന്തയിലേയ്ക്ക് നീണ്ട ചര്‍ച്ചകളും ഉണ്ടായിരുന്നു. അതിലൊന്നും പക്ഷെ കവിതയില്ലായിരുന്നു, മുഴുവന്‍ ഭയവും ആശങ്കകളും... തലച്ചോര്‍ ഒരു ചതുപ്പായാല്‍ പിന്നെ അതിലെ ഓരോ ചലനവും അതിലേക്ക് തന്നെ ആഴുകയല്ലാതെ എന്ത് വഴി?

സച്ചി മാഷിനെ കണ്ടാല്‍ ചോദിക്കണമെന്ന് കരുതി വച്ചതും പിന്നീട് വായന വികസിച്ചതോടെ സ്വയം റദ്ദ് ആയതും പിന്നെയും ബാക്കിയായതുമായ കാവ്യമീമാംസയുമായി ബന്ധപ്പെട്ട ഒരു ചോദ്യവും, ഒടുവില്‍ ഞങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് മാഷെ കണ്ടപ്പോള്‍ ചോദിക്കാനായില്ല. അത്തരം ലാവണ്യബന്ധിയായ തലമുടിനാരിഴ കീറലുകള്‍ മറൊരു ഗ്രാന്‍ഡ്‌ നരേറ്റിവിന് വഴിമാറിയിരുന്നു. അദ്ദേഹത്തെ കണ്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് കോഴിക്കോട്ട് നടന്ന ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമായി ആനന്ദിനെയും കാണാനും സംസാരിക്കാനും ഇടയായി. കാരശ്ശേരി മാഷും ഉണ്ടായിരുന്നു ഒപ്പം. സാഹിത്യ ചര്‍ച്ചയൊന്നും അന്നും നടന്നില്ല. സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്ത് സാഹിത്യം?

അദ്ദേഹവും പങ്കുവച്ചത് ഭയമായിരുന്നു.

പൊടുന്നനെ വന്നതോ ഈ ഭയം?

ഈ ഭയം പോലും അപ്രതീക്ഷിതമൊന്നുമായിരുന്നില്ല എന്നതാണ് വസ്തുത. സംഘപരിവാര്‍ രാഷ്ട്രീയം അതിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ ഓരോന്ന് പിന്നിടുമ്പോഴും ദീര്‍ഘദര്‍ശികള്‍ അന്നേ പറഞ്ഞിരുന്നു, നിങ്ങള്‍ ഭയക്കുന്ന വംശീയ ഉന്മൂലനമാവില്ല സംഘി ഫാസിസത്തിന്റെ ആദ്യ രൂപമെന്ന്.

ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ ക്രോഡീകരിച്ച കൂട്ടത്തില്‍ സാക്ഷാല്‍ ഉമ്പെര്‍ട്ടോ എക്കോ ഭരണകൂട (ഹെഗമണിയുടെയും) ഭയങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന ഒന്നുണ്ട്; അക്ഷരത്തോട്, സ്വതന്ത്ര ധൈഷണിക വ്യവഹാരങ്ങളോടുള്ള ഭയം. ഹെഗമണിയെ സംബന്ധിച്ചിടത്തോളം അത് ഒരുതരം ഭയം കലര്‍ന്ന വെറുപ്പും അക്രമാസക്തമായ വിയോജിപ്പും ഒക്കെ ആയിരിക്കാം. അതിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അനൌദ്യോഗിക പിന്തുണയും ഉണ്ട് എന്ന് വരുന്നതോടെ ആള്‍ക്കൂട്ടം തൊട്ട് ചെറു സംഘങ്ങളും വ്യക്തികള്‍ തന്നെയും വിശാലമെന്ന് തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നിലപാടുകള്‍ക്ക് വേണ്ടി 'രക്തസാക്ഷിത്വം' വഹിക്കാന്‍ തയ്യാറാവാം.

ഭരണകൂടം പക്ഷെ ഒരിക്കലും അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയോ, വ്യക്തികളുടെ കൂട്ടമോ ആകുന്നില്ല. അത് അജണ്ടകളും അതിന്റെ സാക്ഷാത്കരണ ഉപാധികളും ചേര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ്. അതില്‍ ഉപകരണ രൂപത്തിലല്ലാതെ വ്യക്തികള്‍ നിലനില്‍ക്കുന്നില്ല. അത് സംഭവിച്ചാല്‍ തന്നെ അതിനൊപ്പം അതിനുചുറ്റും ഒരു പ്രതിഭരണകൂടവും ഉടന്‍ രൂപപ്പെടും. അതുകൊണ്ട് തന്നെ ലക്ഷ്യങ്ങള്‍ നിറവേറി കഴിഞ്ഞ ശേഷം ഭരണകൂടം സൌകര്യപൂര്‍വ്വം 'ഫ്രിഞ്ച് ഗ്രൂപ്പ്' എന്നത് തൊട്ട് 'ഹൂളിഗന്‍സ്' എന്നുവരെ സൌകര്യപൂര്‍വ്വം അപ്രസക്തമാക്കി കളയുന്ന കുറെ വ്യക്തികളല്ല, ആ ഭരണകൂടവും അതിന്റെ പ്രത്യയശാസ്ത്രപരമായ ഗ്രാന്‍ഡ്‌ ഡിസൈനുമാണ് പ്രസക്തം.

അതായത് ഇവിടെ നരേന്ദ്ര മോദി പോലുമല്ല പ്രസക്തം, മറിച്ച് അയാളെ പോലെയുള്ള അതിന്റെ താരതമ്യേനെ പ്രത്യക്ഷമായ രൂപങ്ങള്‍ക്കും അപ്പുറം സ്വാഭാവികവത്ക്കരിക്കപ്പെട്ട ബ്രാഹ്മണിക് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സാധൂകരണ യുക്തികളാണ്‌. അതിനെ സാമാന്യ ഭാഷയിലേയ്ക്ക് പകരുവാന്‍ കഴിയാതെ വരുമ്പോള്‍ അതില്‍ പരാജയപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ ഭാഷ ഭയത്തിന്റെ, ഒറ്റപ്പെടലിന്റെ ഒന്നായി മാറുന്നു.

അസഹിഷ്ണുതയോ ഇത്?

സംഘി ഫാസിസത്തിന്റെ വിമര്‍ശകരില്‍ പോലും നല്ലൊരു വിഭാഗം അതിനെ അസഹിഷ്ണുതയുമായാണ് ബന്ധപ്പെടുത്തുന്നത്. എന്നാല്‍ ഇത് കേവലം അസഹിഷ്ണുതയാണോ? മനുഷ്യന്റെ, അല്ലെങ്കില്‍ ജീവി പ്രകൃതത്തിലെ പരിണാമബന്ധിയായ ഒരു അന്യവിരോധം എന്ന തോന്നല്‍ ജനിപ്പിക്കും ഈ സാമാന്യവത്ക്കരണം. ഇത് അത്തരം ഒന്നല്ല. സംഘപരിവാര്‍ ഫ്രിഞ്ച് ഗ്രൂപ്പുകളെ വച്ച് നടത്തുന്ന കൊലപാതകങ്ങള്‍ കേവലം അസഹിഷ്ണുതയുടെ ഭാഗമൊന്നുമല്ല, അതൊരു പദ്ധതിയാണ്, കൃത്യമായി രൂപകല്പന ചെയ്യപ്പെട്ട് നടപ്പിലാക്കപ്പെടുന്ന പദ്ധതി.

അതിനെ അസഹിഷ്ണുതയെന്നൊക്കെ വിളിക്കുന്നത് യൂഫെമിസം പോലുമല്ല, ലളിതവത്ക്കരണമാണ് .

ആ ഡിസൈന്‍ പ്രകാരം ഒരു സമൂഹത്തിന്റെ ഇന്റലെക്ച്ച്വല്‍ കാസ്ട്രേഷന്‍ എന്നത് അവരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ഷണ്ഡവത്ക്കരണത്തിന്റെ അനിവാര്യമായ ഒരു മുന്നുപാധിയാണ്. അതായത് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് സ്വതന്ത്ര ധൈഷണിക വ്യാപാരങ്ങളോടുള്ള ഭയം എന്നത് ഉത്തരം മുട്ടുന്ന സംഘി മുഷ്ടി ചുരുട്ടുന്നതുപോലെ സ്വാഭാവികമായ ഒന്നല്ല. അതൊരു ഡിസൈനിന്റെ ഭാഗമാണ്. പ്രതിരോധങ്ങള്‍ ഇത് മനസിലാക്കേണ്ടിയിരിക്കുന്നു.

താരതമ്യേനെ അപരിചിതനായ ഒരാളോടുപോലും സംഘി ഫാസിസം ജനിപ്പിക്കുന്ന ഭയങ്ങളല്ലാതെ, തന്റെ നാളിതുവരെയുള്ള സാഹിത്യ ജീവിതത്തെ കുറിച്ചോ, അതിന്റെ ലാവണ്യശാസ്ത്രത്തെ കുറിച്ചോ ഒന്നും പങ്കുവയ്ക്കാനില്ലാത്ത ആനന്ദിനെ പോലുള്ള ഒരു മനുഷ്യനുമേല്‍ പോലും പരോക്ഷ സംഘി എന്ന ലേബല്‍ ചുമത്തപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഇവരൊക്കെയും തോക്കിന്‍ മുനയിലാവാം; ജാഗ്രതയാകട്ടെ നമ്മുടെ ആന്തരിക വിഭാഗീയതകളില്‍ പെട്ട് കാണപ്പെടാതെ പോവുകയും.

"ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൌരി ലങ്കേഷ്... ഇനി ആര്‍?" എന്ന ചോദ്യം എന്റെ നേരെ നീളാത്തത് ഇത്തരം കൊലപാതകങ്ങളില്‍ പോലും ചിലവും ലാഭവും തമ്മിലുള്ള സമവാക്യം നിലനില്‍ക്കുന്നു എന്നതിനാല്‍ മാത്രമാണ്. എന്നെപ്പോലെ നാലും മൂന്നും എഴു വായനക്കാരുള്ള ഒരുത്തനെ തട്ടിയിട്ട് അവര്‍ക്ക് ഒന്നും നേടാനില്ല, അതുവഴി അവര്‍ക്ക് നഷ്ടമേ ഉള്ളു. എന്നാല്‍ അതിനര്‍ത്ഥം എന്റെ അപ്രശസതി എന്നെ കാത്തുകൊള്ളും എന്ന് വായിക്കുന്നത് അബദ്ധം പോലുമല്ല, അത് ആത്മഹത്യയാണ്.

നാളെ ജയിക്കാവുന്ന ഒരു സമരമല്ല ഇത്. മറിച്ച് ചെയ്യുന്ന ഓരോ സമരവും ആ ആയുധത്തിന്റെ മുനയൊടിയലിന്റെ പ്രതീകമായി പോലും വ്യാഖ്യാനിക്കാവുന്ന ഒന്നാണ് താനും. ജാഗ്രതയല്ലാതെ ഒരു പടച്ചട്ടയുമില്ല അണിയാനും അണിയിക്കാനും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories