TopTop
Begin typing your search above and press return to search.

കെട്ടുറപ്പില്ലാത്ത കോൺഗ്രസിനൊപ്പം മോദി യുഗത്തിൽ ഇനി എത്ര കാലം? നെഹ്റുവിന്റെ 'ചത്ത കുതിര'യുടെ അസ്തിത്വ പ്രതിസന്ധി

കെട്ടുറപ്പില്ലാത്ത കോൺഗ്രസിനൊപ്പം മോദി യുഗത്തിൽ ഇനി എത്ര കാലം? നെഹ്റുവിന്റെ ചത്ത കുതിരയുടെ അസ്തിത്വ പ്രതിസന്ധി

കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാവുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ഇടത്-വലതു മുന്നണികളെ ബാധിച്ചിട്ടുണ്ട്. സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിയും പാര്‍ട്ടിക്കകത്തെ സംഘര്‍ഷങ്ങളും മറ്റു വിവാദങ്ങളും തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. 'കണ്ണൂര്‍ ലോബി'യും വികസന നയങ്ങളും സംസ്ഥാന ഭരണവും ഒക്കെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. കോണ്‍ഗ്രസാകട്ടെ, ദേശീയ തലത്തില്‍ വന്‍ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തില്‍ നേടിയ അപ്രതീക്ഷിത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പായും വിജയിക്കുമെന്നും അവര്‍ കരുതുന്നു. രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രങ്ങള്‍. ശബരിമലയെ മുന്‍നിര്‍ത്തി ബിജെപി നെയ്ത തന്ത്രങ്ങള്‍ പക്ഷേ വോട്ടുകളായി മാറിയില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടി കേന്ദ്ര നേതൃത്വം കേരള കാര്യത്തില്‍ എടുത്തിട്ടുള്ള താത്പര്യം സംസ്ഥാന ബിജെപിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പിടിക്കുന്നതിലേക്കായി പ്രത്യേക പദ്ധതികളും അവര്‍ രൂപപപ്പെടുത്തിയിരിക്കുന്നു. വി. മുരളീധരന്റെ കേന്ദ്രമന്ത്രി പദവിയോടെ സംസ്ഥാനത്ത് പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിയിരിക്കുന്നു. മുരളി ഗ്രൂപ്പിലുള്ള കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകാനുള്ള സാദ്ധ്യതകള്‍ അടക്കം ബിജെപിയിലും വലിയ തോതിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മറ്റൊന്ന്. മുസ്ലീം ലീഗിന്റെ നിലനില്‍പ്പ്‌, വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേക്ക് ചാഞ്ഞത്, എസ് ഡി പി ഐ, എപി അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്ത് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നതും ശ്രദ്ധേയമായിരിക്കും. ക്രൈസ്തവവിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള മധ്യതിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും പ്രസ്താവ്യമാണ്. കെ.എം മാണിക്ക് ശേഷമുള്ള കേരള കോണ്‍ഗ്രസ്, ക്രൈസ്തവ സഭയിലെ പുഴുക്കുത്തുകള്‍, ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുടങ്ങിയ കാര്യങ്ങളും നിര്‍ണായകമാണ്. ഒപ്പം ആറിടത്ത് ഉപതെരഞ്ഞെടുപ്പുകളും വരുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രധാന മുന്നണികളില്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, അവ സംസ്ഥാനത്തെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കാം എന്നൊരു ചര്‍ച്ച ഞങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ്. മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം-(സിപിഎം ചിലവില്‍ കോണ്‍ഗ്രസിനെ തേടിവരുന്ന വിജയങ്ങള്‍; ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിയില്‍ സംഭവിക്കുന്നത്, ശബരിമലയ്ക്കും കണ്ണൂര്‍ ‘കലാപ’ങ്ങള്‍ക്കുമിടയില്‍ സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍)

ഭാഗം 3

കെട്ടുറപ്പില്ലാത്ത കോൺഗ്രസിനൊപ്പം മോദി യുഗത്തിൽ ഇനി എത്ര കാലം? നെഹ്റുവിന്റെ 'ചത്ത കുതിര'യുടെ അസ്തിത്വ പ്രതിസന്ധി

ചത്ത കുതിരയെന്ന് നെഹ്‌റു പണ്ട് പരിഹസിച്ച മുസ്ലിം ലീഗിന്റെ കെയർ ഓഫിൽ കൂടിയാണ് കേരളത്തിൽ കോൺഗ്രസ്സും അത് നയിക്കുന്ന യു ഡി എഫ് എന്ന മുന്നണി സംവിധാനവും നിലനിൽക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസ് തകർന്നു തരിപ്പണമായപ്പോഴും കേരളത്തിൽ നിന്നും യു ഡി എഫിന് ആകെയുള്ള ഇരുപത് സീറ്റിൽ പത്തൊൻപതെണ്ണവും നേടാൻ കഴിഞ്ഞതിനു പിന്നിലും മുസ്ലിം ലീഗിന്റെ കരുത്തു പ്രകടമായിരുന്നു. മലബാറിൽ നിന്നും മൂന്നാമതൊരു സീറ്റ് എന്ന ആവശ്യം അംഗീകരിക്കപ്പെടാതെ പോയിട്ടും മുസ്ലിം ലീഗിന്റെ എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രംപോലെയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തിച്ചത്. കേന്ദ്രത്തിൽ മോദി ഇതര സർക്കാർ സാധ്യമാക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു കരുത്തുപകരണമെന്ന മുദ്രാവാക്യമാണ് മുസ്ലിം ലീഗ് ഉയർത്തിയത്. ഇത് ഫലത്തിൽ കേരളത്തിൽ കോൺഗ്രസിനും യു ഡി എഫിനും അനുകൂലമായ വിധത്തിൽ ന്യൂനപക്ഷ ഏകീകരണത്തിനു വഴിവെക്കുകയും ചെയ്തു. സിറ്റിംഗ് സീറ്റായ അമേഠിക്കു പുറമെ മറ്റൊരു സീറ്റിൽ നിന്നുകൂടി രാഹുൽ ഗാന്ധി മത്സരിക്കുന്നുവെങ്കിൽ അത് കേരളത്തിലെ വയനാട്ടിൽ നിന്ന് തന്നെ വേണമെന്ന നിർബന്ധത്തിനു പിന്നിലും മുസ്ലിം ലീഗ് നേതൃത്വം ഉണ്ടായിരുന്നു.

1957 ലായിരുന്നു പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുസ്ലിം ലീഗിനെ ചത്ത കുതിര എന്ന് വിളിച്ചു ആക്ഷേപിച്ചത്. നെഹ്രുവിന്റെ പരിഹാസത്തിനു ചുട്ട മറുപടി കൊടുത്തു മുസ്ലിം ലീഗ് നേതാവും പിന്നീട് നെഹ്‌റു തന്നെ 'ജയന്റ് കില്ലർ' എന്ന് വിശേഷിപ്പിക്കേണ്ടിവന്ന സി എച് മുഹമ്മദ് കോയ. മുസ്ലിം ലീഗ് നെഹ്‌റു കരുതുന്നതുപോലെ ചത്ത കുതിരയല്ലെന്നും ഉറങ്ങുന്ന സിംഹമാണെന്നുമായിരുന്നു സി എച്ചിന്റെ മറുപടി. മുസ്ലിം ലീഗിലെ പഴമക്കാർ ഏറെക്കാലം പെരുമ പറഞ്ഞു നടന്ന സി എച്ചിന്റെ ജന്തർ മന്ദിർ എന്ന് തുടങ്ങുന്ന പ്രസംഗം ഇന്ന് ലീഗിലെ എത്ര പേർക്ക് ഓർമ ഉണ്ടെന്നു അറിയില്ല. ചരിത്രം വായിക്കുന്ന കാര്യത്തിൽ അല്ലെങ്കിലും മലബാർ മാപ്പിളമാർ അല്പം പിന്നോക്കം തന്നെയാണ്. അവർക്കു അതിന്റേതായ ഗുണവും ദോഷവും ഉണ്ട് താനും. രാഹുൽ ഗാന്ധി വയനാട്ടിൽ കൂടി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ നെഹ്‌റുവിന്റെ 'ചത്ത കുതിര' പ്രയോഗം പൊടിതട്ടിയെടുത്തു വോട്ടാക്കാൻ ശ്രമിച്ച ബി ജെ പിക്കു മലബാറിലെങ്ങും തിരിച്ചടി ആയതും അതുകൊണ്ടു കൂടിയാണെന്നും വേണമെങ്കിൽ കരുതാം. അതല്ല ഒരു അപകടം വരുമ്പോൾ അതിനെ നേരിടാൻ പോന്ന യോജിപ്പായി കണ്ടാലും തെറ്റില്ല. എന്തായാലും നെഹ്‌റുവിന്റെ പരിഹാസത്തിനു പിന്നാലെ പോകാതെ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും കാന്തപുരം സുന്നിയും ഇ കെ സുന്നിയും തീവ്ര സ്വഭാവക്കാരുമൊക്കെ ഒരുമിച്ചോതിയപ്പോൾ അവർ ഒരു മെയ്യും മനസ്സുമായി വർത്തിച്ചു. അതിന്റെ നേട്ടം കോൺഗ്രസ്സും യു ഡി എഫും കൊയ്യുകയും ചെയ്തു.

മുസ്ലിം ലീഗിന്റെ പിറവിയും വളർച്ചയും

1948 മാർച്ച് 10നു മദ്രാസിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് എന്നറിയപ്പെടുന്ന മുസ്ലിം ലീഗിന്റെ പിറവി. അതിനും മുൻപ് 1906ൽ ആൾ ഇന്ത്യ മുസ്ലിം ലീഗ് എന്ന പേരിൽ ഒരു പാർട്ടി ഉണ്ടായിരുന്നു. പിന്നീട് ജിന്നയുടെ മുസ്ലിം ലീഗ് എന്നറിയപ്പെട്ട പ്രസ്തുത പാർട്ടി ഇന്ത്യ വിഭജനത്തോടെ പാകിസ്ഥാനിലെ പാർട്ടിയായി മാറിയതോടെയാണ് ഇന്ത്യയിൽ പുതിയ മുസ്ലിം ലീഗ് രൂപം കൊണ്ടത്. ആൾ ഇന്ത്യ മുസ്ലിം ലീഗ് മുന്നോട്ടു വെച്ച ഇന്ത്യയിലെ മുസ്ലിമുകളുടെ ഉന്നമനം എന്ന മുദ്രാവാക്യം തന്നെയാണ് പുതിയ പാർട്ടിയും ഉയർത്തിയത്. ആൾ ഇന്ത്യ മുസ്ലിം ലീഗ് പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടുവെങ്കിലും 1948 കാലഘട്ടത്തിൽ തലശ്ശേരിയിൽ ആ പാർട്ടിക്ക് ഓഫീസ് ഉണ്ടായിരുന്നു. ചത്ത കുതിരയെന്നു നെഹ്‌റു മുസ്ലിം ലീഗിനെ പരിഹസിക്കുന്ന കാലത്ത് കേരളത്തിന് വെളിയിൽ തമിഴ്‌നാട്ടിലല്ലാതെ പുതിയ മുസ്ലിം ലീഗിന് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കർണാടകത്തിലും ബംഗാളിലുമൊക്കെ പാർട്ടി ഉണ്ടായിരുന്നുവെങ്കിലും അതിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. മദ്രാസിലാണ് രൂപീകൃതമായതെങ്കിലും പാർട്ടിയുടെ പ്രവർത്തനം വൈകാതെ തന്നെ കോഴിക്കോടേക്ക്‌ പറിച്ചുനടപ്പെട്ടു. കാലക്രമത്തിൽ മലപ്പുറത്ത് പാണക്കാടുള്ള കൊടപ്പനക്കുന്ന് തറവാട്ടിൽ നിന്നുമുള്ള നിയന്ത്രണത്തിന് കീഴിലായി പാർട്ടി. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതിയും മറ്റും ഇപ്പോഴും കോഴിക്കോട് ലീഗ് ഹൗസിലാണ് ചേരാരെങ്കിലും സുപ്രധാന തീരുമാങ്ങളൊക്കെ പാണക്കാട് നിന്ന് തന്നെ.

ചത്ത കുതിരയെന്നു നെഹ്‌റു പരിഹസിച്ച മുസ്ലിം ലീഗ് സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ വളരെ പെട്ടെന്ന് തന്നെ മലബാറിൽ ഒരു നിർണായക ശക്തിയായി മാറി. 1967ലെ ഇ എം എസ് സർക്കാരിൽ മന്ത്രിയായ സി എച്ച് മുഹമ്മദ് കോയ 1979ൽ കേരളത്തിന്റെ മുഖ്യമന്ത്രി വരെയായി. 1962 ൽ ഇന്ത്യൻ പാര്‍ലമെന്റില്‍ വരവറിയിച്ച മുസ്ലിം ലീഗിന് ഇന്ന് കേരളത്തിൽ നിന്ന് ഒരു രാജ്യസഭ അംഗം അടക്കം മൂന്നും തമിഴ്‌നാട്ടിൽ നിന്നും ഒരു എം പി യുമുണ്ട്. 2016 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ യു ഡി എഫിൽ നിന്നും വിജയം കണ്ട 47 എം എൽ എ മാരിൽ 18 പേരും മുസ്ലിം ലീഗിൽ നിന്നുള്ളവരായിരുന്നു.

പിളർപ്പും കുതിപ്പും

1980ൽ മുസ്ലിം ലീഗിൽ ഉണ്ടായ പിളർപ്പ് ആ പാർട്ടിക്ക് മാത്രമല്ല അത് ഭാഗമായിരുന്ന യു ഡി എഫിനും കാര്യാമായ ക്ഷീണം ഉണ്ടാക്കി. അത്തവണത്തെ തിരെഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ ഇടതു മുന്നണിക്ക് ഒരു ചെറിയ പരിധി വരെയെങ്കിലും സഹായകമായതും മുസ്ലിം ലീഗിലെ പിളർപ്പും വിമത ലീഗെന്നു അക്കാലത്തു അറിയപ്പെട്ട അഖിലേന്ത്യാ ലീഗിന്റെ പിറവിയുമായിരുന്നു. എന്നാൽ അഞ്ചു വർഷത്തിനുള്ളിൽ വിമത വിഭാഗം മടങ്ങിയെത്തിയതോടെ മുസ്ലിം ലീഗ് വീണ്ടും കരുത്തുനേടി. ബാബരി മസ്ജിദിന്റെ പതനത്തെ തുടർന്ന് പാർട്ടിയിൽ ഉണ്ടായ ഭിന്നത 1994ൽ വീണ്ടുമൊരു പിളർപ്പിന് വഴിവെച്ചു. പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷൻ കൂടിയായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഐ എൻ എൽ എന്ന പാർട്ടിയുടെ പിറവി ചെറിയ ക്ഷീണമൊന്നുമല്ല മുസ്ലിം ലീഗിന് ഉണ്ടാക്കിവെച്ചത്. ഐ എൻ എൽ അടുത്തകാലത്ത് എൽ ഡി എഫിന്റെ ഭാഗമായെങ്കിലും ആ പാർട്ടിയെ വലിയൊരു വെല്ലുവിളിയായി മുസ്ലിം ലീഗിപ്പോൾ കാണുന്നില്ല.

കോൺഗ്രസിന്റെ തകർച്ചയും പുതിയ വെല്ലുവിളികളും

ലോക്സഭ തിരെഞ്ഞെടുപ്പിൽ ഉണ്ടായ മുസ്ലിം മനസ്സുകളുടെ ഈ ഐക്യം അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. അവിടെയും ഒരുമയുടെ സ്വരവും താളവുമൊക്കെ ഉയരുമോയെന്നു അധികം വൈകാതെ തന്നെ അറിയാം. കേരളത്തിൽ കരുത്തുറ്റ ഒരു നേതൃനിര ഇല്ലെന്നതാണ് മുസ്ലിം ലീഗ് ഇന്ന് നേരിടുന്ന വലിയ പ്രശ്നം. നിലവിൽ എല്ലാവരും നേതാക്കൾ ചമയുന്നതിന്റെ എല്ലാ ദോഷവും മുസ്ലിം ലീഗിനുണ്ട്. പാണക്കാട് കുടുംബത്തിൽ ഒരു കാലത്തു സി എച്ച് മുഹമ്മദ് കോയക്കും സീതി ഹാജിക്കും ഒക്കെ ഉണ്ടായിരുന്ന സ്വാധീനം ഇടക്കാലത്തു കോട്ടക്കൽകാരൻ യു എ ബീരാൻ കൈവശപ്പെടുത്തി. പിന്നീട് ആ സ്ഥാനത്തേക്ക് പി കെ കുഞ്ഞാലിക്കുട്ടി കടന്നുവന്നു. മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മരണ ശേഷവും കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം തുടർന്നെങ്കിലും കാലക്രമത്തിൽ അതിനു മങ്ങലേറ്റു.

പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ചും മലപ്പുറത്തിന് വെളിയിൽ അടുത്തകാലത്തായി ഉയരുന്ന വിമത സ്വരങ്ങൾ തെല്ലൊന്നുമല്ല മുസ്ലിം ലീഗിനെ അലട്ടുന്നത്. പാർട്ടി നടത്തുന്ന ചാരിറ്റബിൾ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിമത ശബ്ദങ്ങൾ പ്രധാനമായും ഉയരുന്നത്. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ അടുത്ത കാലത്തു കണ്ണൂരിൽ നിന്നും പുറത്താക്കപ്പെട്ട ഇരുപതോളം പേർ സി പി എമ്മിൽ ചേരുകയുണ്ടായി. ഇത്തരം അസംതൃപ്തരെ ലക്‌ഷ്യം വെച്ചാണ് ബി ജെ പി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ കരുക്കൾ നീക്കുന്നത്. രണ്ടു തവണ സി പി എം എം പി യും രണ്ടു തവണ കോൺഗ്രസ് എം എൽ എ യുമായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ മുന്നിൽ നിര്‍ത്തി ഒരു കളി കളിക്കാൻ തന്നെയാണ് അമിത്ഷായുടെ നീക്കം.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയവും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ രാജിയും അത് ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ അനിശ്ചിതത്വവും മുസ്ലിം ലീഗിനെയും അസ്വസ്ഥമാക്കുന്നുണ്ട്. കെട്ടുറപ്പില്ലാത്ത കോൺഗ്രസിനൊപ്പം മോദി യുഗത്തിൽ ഇനി എത്രകാലം മുന്നോട്ട് എന്ന ചോദ്യവും മുസ്ലിം ലീഗിൽ നിന്നും ഉയരുന്നുണ്ട്.


Next Story

Related Stories