Top

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ഇന്നലെ മുതൽ ആദ്യം സൈബർ ഇടങ്ങളിലും, ജനം ടി.വി യിലും  വാർത്തകൾ പ്രചരിക്കുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും വാർത്ത ഏറ്റു പിടിക്കുന്നു. ഒരു ചീഫ് ജസ്റ്റിസിന്റെ വിധി പോലെ ഇരുവരും പ്രഖ്യാപിക്കുന്നു: "പിണറായി വിജയനാണ് ഈ കൊലപാതകത്തിനുത്തരവാദി".

പത്തനംതിട്ടയിൽ കാണാതായ ശിവദാസൻ എന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി മണിക്കൂറുകൾക്കകം പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചു. എന്നാൽ നിലയ്ക്കലിൽ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും പറയുന്നു.

ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19-ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17-നും മാത്രമാണ്.

പത്തനംതിട്ട – നിലയ്ക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കല്‍- പമ്പ റൂട്ടിലാണ്. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ശ്രീധരൻ പിള്ളയും ബിജെപി നേതൃത്വവുമാണ്.

തൃശൂർ കൈപ്പമംഗലത്ത് സംഘര്‍ഷത്തിനിടെ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ സതീശനെ ബലിദാനി ആക്കാനുള്ള ബിജെപിയുടെ ശ്രമം കേവലം ഒരു രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് കരുതാം, എന്നാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി - സംഘപരിവാർ സംഘടനകൾ കോപ്പു കൂട്ടുന്നത് കേവലം രാഷ്ട്രീയ ലക്‌ഷ്യം മാത്രമല്ല.

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന വിഎച്ച്പി വക്താവ് വിനോദ് ബന്‍സലിന്റെ പ്രസ്താവന ഇവിടെ ഓർക്കുക. ശ്രീരാമനും അയോധ്യയും കേവലം ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പ് ടൂൾ മതമാണെന്ന് നേരത്തെ തിരിച്ചറിഞ്ഞവരാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വിശ്വാസികളും. മാത്രമല്ല, ഉത്തരേന്ത്യയുമായി തട്ടിച്ചു നോക്കുമ്പോൾ രാമഭക്തരും, രാമ ക്ഷേത്രങ്ങളും പൊതുവെ കേരളത്തിലുൾപ്പെടെ കുറവാണ്. എന്നാൽ ശബരിമല അയ്യപ്പൻ അങ്ങനെയല്ല, കേരളത്തിൽ മാത്രം ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുണ്ട്. മണ്ഡലകാലത്ത് മറ്റു ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്ന് വലിയ വിശ്വാസികളുടെ ഒഴുക്കുമുണ്ട്. ഈ തിരിച്ചറിവാണ് ഏതു കാർഡും ശബരിമലയുടെ ടേബിളിൽ ഇറക്കാൻ ബിജെപിയെയും സംഘപരിവാറിനെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇന്നും ബാലികേറാ മലയായി തുടരുന്ന ദക്ഷിണേന്ത്യ അതുകൊണ്ടു തന്നെ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അത്രയും പ്രധാനപ്പെട്ടതു തന്നെയാണ്.

ബാബറി മസ്ജിദ് തകർത്ത് അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമിക്കും എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പണ്ട് എൽ.കെ അദ്വാനി നടത്തിയതുപോലുള്ള ഒരു രഥയാത്ര ശബരിമല വിഷയത്തിൽ കേരളത്തിൽ നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നയിക്കുന്ന രഥയാത്ര കാസർഗോഡ് ജില്ലയിൽ നിന്നാരംഭിച്ച് പമ്പയിൽ അവസാനിക്കും. രഥ യാത്രയ്ക്ക് മുൻപുള്ള ഇന്ത്യയും ശേഷം സംഭവിച്ചതും ഓർമയുള്ളവർക്ക് ശ്രീധരൻ പിള്ളയുടെ അജണ്ട വ്യക്തമാകും. ആ പരിപ്പ് ഇവിടെ വേവുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

വി.ഡി സവര്‍ക്കറും നാഥുറാം വിനായക് ഗോഡ്‌സെയും മറ്റും തിരിച്ചടിക്കാനായി അക്രമമാര്‍ഗം തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരായിരുന്നു. അതിന് നിയമസാധുതയുണ്ടെന്നും അവര്‍ വിശ്വസിച്ചു. ഹിന്ദു മഹാസഭയും ആര്‍എസ്എസും ഈ വിചാരധാരയിലൂടെയാണ് മുന്നോട്ട് പോയത്. ഇതുകൊണ്ടാണ് മഹാത്മജിയെ പോലും വധിക്കാന്‍ ഹിന്ദുത്വ ആശയഗതിക്കാര്‍ക്ക് കഴിഞ്ഞതും അതില്‍ മനഃസ്ഥാപമില്ലെന്ന് കൊലയാളികള്‍ക്ക് പറയാന്‍ മനക്കരുത്ത് ലഭിച്ചതും. ഈ മനോഭാവത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായത്. സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിക്ക് നേരേ അഭിമുഖമായ സ്ഥലത്തു തന്നെയാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചത് എന്നതും ശ്രദ്ധേയമാണ്.

പറഞ്ഞു വന്നത്, ശബരിമലയെ ഒരു കലാപഭൂമിയാക്കാൻ ആവശ്യം നിഷ്കളങ്കരായ അയ്യപ്പഭക്തന്മാരുടെ രക്തമാണെങ്കിൽ അതിനും അവർ മടിക്കില്ല എന്നാണ്. എന്നിട്ട് അതേ മനുഷ്യരെ അയ്യപ്പൻറെ ബലിദാനികളാക്കി നാടൊട്ടുക്ക് പോസ്റ്റർ അടിക്കും, ഗാന്ധിക്ക് മുന്നിൽ ഗോഡ്‌സെയുടെ ചിത്രം സ്ഥാപിച്ചത് പോലെ, വേണമെങ്കിൽ അയ്യപ്പസന്നിധിയിലും ഈ ബലിദാനികളുടെ ചിത്രം പ്രദർശിപ്പിച്ചു പ്രതിഷേധിക്കും.

ശരണം വിളികൾ മാത്രം മുഴങ്ങേണ്ട ഭക്തിസാന്ദ്രമായ ഒരിടത്തു നിന്നും കഴിഞ്ഞ ഒരു മാസക്കാലം നാം കേട്ടത് തെറി വിളികളും പുലഭ്യവുമാണ്. നിഷ്‌കളങ്ക വിശ്വാസികളായ ജനങ്ങളെ കരുവാക്കി മതവര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറിന്റെ കുടിലത തിരിച്ചറിഞ്ഞ് അതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടാൻ ഇറങ്ങേണ്ടത് പ്രാഥമികമായും ഈ നാട്ടിലെ അയ്യപ്പ വിശ്വാസികളുടെ കൂടി ദൗത്യമാണ്. ക്ഷേത്രങ്ങളില്‍നിന്ന് വര്‍ഗീയവാദികളായ സംഘപരിവാറുകാരെ പുറത്താക്കിയ ചെട്ടികുളങ്ങര മാതൃക സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളമാകെ പിന്തുടരാന്‍ ഭക്തജനങ്ങള്‍ മുന്നോട്ടു വരണം, ഒപ്പം കരുതിയിരിക്കുക, അവർ ബലിദാനികൾക്കു വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-kerala-police-against-janam-tv-and-face-social-media-attack/

https://www.azhimukham.com/offbeat-where-sabarimala-heads-after-women-entry-verdict-writes-dhanya/

https://www.azhimukham.com/trending-women-entry-in-sabarimala-an-old-news-by-mathrubhumi/

https://www.azhimukham.com/kerala-sivadas-death-bjp-hartal-pathanamthitta/

https://www.azhimukham.com/newswrap-political-importance-of-amitshah-visits-kerala-during-sabarimala-womenentry-protest-saju/

https://www.azhimukham.com/kerala-ezhava-community-sndp-vellappally-natesan-thushar-sabarimala-women-entry-pinarayi-amit-shah-report-by-kr-dhanya/

https://www.azhimukham.com/loneliness-of-advani-the-same-mosque-that-made-his-political-career-might-end-it-too/

Next Story

Related Stories