UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

ട്രെന്‍ഡിങ്ങ്

“കേരളത്തില്‍ മനുഷ്യര്‍ മാത്രമുള്ള കുറച്ചു ദിവസങ്ങളുണ്ടായിരുന്നു, അതൊരു പ്രളയകാലമായിരുന്നു”

കേരളം അതിജീവനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെ കടന്നുപോവുകയാണ്.

കേരളം അതിജീവനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെ കടന്നുപോവുകയാണ്. പ്രളയദുരിതത്തിന്റെ ഇതുവരെയുള്ള അനുഭവത്തില്‍ കൈയയച്ചുള്ള കേന്ദ്രസഹായം പ്രതീക്ഷിക്കേണ്ടതില്ല എന്ന് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. പ്രാഥമിക നഷ്ടം 19,512 കോടി രൂപയാണെന്നും അടിയന്തരമായി 2000 കോടി രൂപ ആവശ്യമാണെന്നും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കും അവകാശപ്പെട്ട സ്വത്തിന്റെ പങ്ക് ചോദിക്കുന്ന പണ്ടത്തെ അനന്തരവന്‍മാരോട് കുടുംബം നോക്കിയിരുന്ന കാരണവന്‍മാര്‍ എടുക്കുന്നതിന് സമാനമായ നിലപാടോടെ പ്രധാനമന്ത്രി കനിഞ്ഞനുവദിച്ചത് 500 കോടി രൂപ. അതേസമയം യു.എ.ഇയെ പുനര്‍നിര്‍മ്മിക്കാന്‍ കേരളീയരുടെ വിയര്‍പ്പൊഴുക്കിയതിന് നന്ദിയര്‍പ്പിച്ച് ആ നാട് പ്രഖ്യാപിച്ചത് 700 കോടി രൂപയുടെ സഹായമാണ്. അത് കേന്ദ്രസര്‍ക്കാരിനെ ചിന്തിപ്പിച്ചെങ്കില്‍!

മത്സ്യത്തൊഴിലാളികള്‍ മുതല്‍ നമ്മുടെ ചെറുപ്പക്കാര്‍വരെ സമാനതകളില്ലാത്ത സഹജീവിസ്‌നേഹമാണ് ഈ പ്രളയകാലത്ത് പ്രകടിപ്പിച്ചത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും അടയിരിക്കുന്നവരെന്ന് പരിഹസിക്കപ്പെട്ട ചെറുപ്പക്കാര്‍ സാമൂഹികമാദ്ധ്യമം എങ്ങനെ നല്ലകാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നതിന്റെ പാഠപുസ്തകമായി. ആരും പറയാതെ ഒരു ബാനറിന്റെയും കൊടിയുടെയും നിറമില്ലാതെ ചെറുപ്പക്കാര്‍ സ്വയം മുന്നിട്ടിറങ്ങി ദുരിതബാധിതരുടെ കണ്ണീരൊപ്പിയ കാഴ്ച കേരളത്തിന് അഭിമാനിക്കാവുന്ന, ലോകത്തിന് കാട്ടിക്കൊടുക്കാവുന്ന നന്മയായി.

ആഗസ്റ്റ് 21വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയ സംഭാവന 309 കോടി രൂപയുടേതാണ്. ഇതില്‍ ഓണ്‍ലൈനിലൂടെ 73.32 കോടി രൂപ ലഭിച്ചു. പേമെന്റ് ഗേറ്റ് വേയിലൂടെ 2.62 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. അതായത് ശരാശരി 2462പേര്‍ വെബ്സൈറ്റ് മുഖേന ഓരോ മണിക്കൂറിലും പണമടക്കുന്നു! ഒരു മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ ഇങ്ങനെ ലഭിക്കുന്നു. കെട്ടവാര്‍ത്തകള്‍ മാത്രം കേട്ട് കാതുതഴമ്പിച്ച നാം നന്മയുടെ മരങ്ങള്‍ പൂവിട്ട് തളിര്‍ക്കുന്നത് കണ്ടറിയുക!

സാധാരണഗതിയില്‍, ഒരു ജില്ലയില്‍ പ്രളയമുണ്ടായാല്‍ അതവരുടെ പ്രശ്‌നം എന്ന നിലയില്‍ മറ്റ് ജില്ലക്കാര്‍ കാഴ്ചക്കാരാവുന്ന രീതി ഒഴിഞ്ഞു എന്നതാണ് പ്രത്യേകം എടുത്തുപറയേണ്ടത്. പ്രളയം കാര്യമായി ബാധിക്കാത്ത തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ മറ്റ് ജില്ലകളിലെ ദുരിതബാധിതരെ സഹായിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. ആ സഹായ പ്രവാഹം ഇപ്പോഴും തുടരുകയാണ്. 52,000 വോളന്റിയര്‍മാര്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ, ഒരു കൂട്ടരെ പ്രത്യേകം പരാമര്‍ശിക്കാതിരിക്കുന്നത് കൃതഘ്‌നതയാവും. അവര്‍ അതൊട്ട് പ്രതീക്ഷിക്കുന്നുമില്ല എന്നത് വേറെ കാര്യം. രാത്രികളില്‍ കോട്ടിട്ട് വിധിപറയുന്ന ചില ‘മയിസ്രേട്ടു’മാരുടെ പേരില്‍ മാധ്യമസമൂഹമാകെ അപമാനിക്കപ്പെടുമ്പോള്‍ ഒരു പരിശീലനവും കിട്ടാതെ, നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് പ്രളയവും രക്ഷാപ്രവര്‍ത്തനവും അതിന്റെ എല്ലാ കരുതലോടെയും ജനങ്ങളിലേക്കെത്തിച്ചത്. വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ വെള്ളത്തില്‍ വീണുമരിച്ചതിന്റെ നടുക്കം മാറുംമുമ്പ്, ചെറുതോണിയില്‍ മുപ്പതോളം മാധ്യമപ്രവര്‍ത്തകര്‍ ആഹാരവും വെള്ളവുമില്ലാതെ, തീര്‍ത്തും അരക്ഷിതമായി ആ ഭീതിദദിനങ്ങളില്‍ കുടുങ്ങിക്കിടന്നിട്ടും അതൊന്നും വിളിച്ചു പറയാതെ അവര്‍ കേരളീയരോട് ആ നാടിന്റെ നേരവസ്ഥ കാട്ടിത്തരികയായിരുന്നു. ദുരിതാശ്വാസക്യാമ്പുകളിലെ സ്ഥിതി ക്യാമറയ്ക്ക് മുന്നില്‍ വിവരിച്ച ചെറുപ്പക്കാരില്‍ പലരുടെയും അവസ്ഥ അതിനെക്കാള്‍ പരിതാപകരമായിരുന്നു. നാലും അഞ്ചും മാസമായി ശമ്പളം കിട്ടാത്ത വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ 25 ശതമാനത്തില്‍ താഴെ മാത്രമേ കൃത്യമായി ശമ്പളം വാങ്ങുന്നവരുള്ളൂ എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവിതം പണയംവച്ച് പണിയെടുക്കുന്ന ഇക്കൂട്ടരെ വേട്ടയാടുംമുമ്പ് അവരും മനുഷ്യരാണെന്ന പരിഗണനയെങ്കിലും നല്‍കണം.

പ്രളയ ദുരിതം സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ആര്‍ത്തിമൂത്ത മനുഷ്യന്‍ വരുത്തിവച്ചതാണ് ഇതില്‍ വലിയൊരളവോളം എന്നത് കാണാതിരിക്കാനാവില്ല. ഒപ്പം, എന്തൊക്കെയായാലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ് എപ്പോഴും ജനങ്ങള്‍ക്കൊപ്പം ഉള്ളത് എന്ന് ഒരിക്കല്‍കൂടി തെളിയുകയുമാണ്. പൊലീസ്, അഗ്നിശമന, വൈദ്യുതി, റവന്യു തുടങ്ങി സൈന്യംവരെ ദുരിതമുഖത്ത് ചുമതല നിറവേറ്റാന്‍ എത്തിയ ഉദ്യോഗസ്ഥരെ മറക്കുന്നില്ല. എന്നാല്‍, കാക്കത്തൊള്ളായിരം ജാതിമതസമുദായസേവന സന്നദ്ധ സംഘടനകളെയും അവരുടെ നേതാക്കളെയുമൊന്നും കണ്ണീരൊപ്പാന്‍ കണ്ടില്ല. ഒറ്റപ്പെട്ട ചില സഹായങ്ങളല്ലല്ലോ അവര്‍ നല്‍കേണ്ടിയിരുന്നത്. ഹിന്ദുവിന്റെ മൃതദേഹം പള്ളിസെമിത്തേരിയില്‍ അടക്കിയതും സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് കരുതിയിരുന്ന ജുമാമസ്ജിദുകളുടെ കവാടങ്ങള്‍ കുഞ്ഞുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കായി മലര്‍ക്കെ തുറന്നതും അമ്പലമുറ്റത്തെ ഹാളില്‍ തട്ടമിട്ടവരും കുരിശുധരിച്ചവരും പൂണൂലിട്ടവരും ഒരുമിച്ചിരുന്ന് ആഹാരം പാകം ചെയ്തതും കാണാതെയല്ല ഈ വിമര്‍ശനം.

മലയായ മലയൊക്കെ തുരന്നെടുത്തു. പാടം നികത്തി. ജൈവപ്രകൃതിയെയാകെ കൊള്ളയടിച്ചു. കാലാവസ്ഥയെപ്പോലും വെറുതെ വിട്ടില്ല. മനുഷ്യന്‍ ക്രൂരനായ സ്വാര്‍ത്ഥ വര്‍ഗമായി മാറി. പണമുള്ളവന്റെ പ്രകൃതിയോടുള്ള ഏത് ചൂഷണത്തിനും കൊടിവ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ കാവല്‍നിന്നു. ഉമ്മന്‍ചാണ്ടിയായാലും പിണറായി വിജയനായാലും പ്രകൃതിയെ മറന്നു. ‘വികസനം വികസനം’ എന്നു മാത്രമല്ല ‘വികസനത്തിന്റെ ലാസ്റ്റ് ബസ്’ എന്നുപോലും പ്രകൃതിചൂഷണത്തിന് ഭാഷ്യം ചമച്ചു. വികസനം എന്നാല്‍ പണമുള്ളവന് സഞ്ചരിക്കാനുള്ള ആറോ എട്ടോ വരിപ്പാത, അവന് വരാനും പോകാനും വിമാനത്താവളങ്ങള്‍, അവന് പാര്‍ക്കാന്‍ പരിസ്ഥിതിലോല മേഖലയില്‍പോലും റിസോര്‍ട്ടുകള്‍…ഓര്‍ക്കുക, വികസിത രാജ്യങ്ങളെക്കാള്‍ വിമാനത്താവളസാന്ദ്രതയില്‍ കേരളം മുന്നിലാണ്. എന്നാല്‍, പൊതുശൗചാലയങ്ങളുടെ എണ്ണം തീരെക്കുറവാണ്. സ്ത്രീകള്‍ക്ക് പ്രധാന നഗരങ്ങളില്‍പോലും മൂത്രമൊഴിക്കാനുള്ള സൗകര്യമൊരുക്കാത്ത ഭരണാധികാരികള്‍ ഇടുക്കി വിമാനത്താവളത്തില്‍നിന്ന് പറന്നുപൊങ്ങുന്ന അന്താരാഷ്ട്ര വിമാനസര്‍വീസിനെക്കുറിച്ചാണ് വാചാലരാവുന്നത്! രൂപീകൃതമായി സപ്തതി ആഘോഷവും പിന്നിട്ട് പിന്നെയും രണ്ട് വര്‍ഷം കഴിയുമ്പോള്‍ കേരളത്തിന്റെ നേട്ടമാണ് പൊതുശൗചാലയങ്ങള്‍ കാണാനില്ല എന്നത്. നിരത്തുകളിലുണ്ടായിരുന്ന സൗജന്യകുടിവെള്ള വിതരണ പൈപ്പുകള്‍ അടച്ചുപൂട്ടിയ ഭരണാധികാരികള്‍ കുപ്പിവെള്ളക്കച്ചവടക്കാരുടെ ദല്ലാളുമാരായതിനു ന്യായീകരണം നിരത്തിയത് നമ്മള്‍ യൂറോപ്യന്‍ വികസന മാതൃകയിലേക്ക് കുതിക്കുകയാണെന്നാണ്!

ഇപ്പോഴെന്തായി? ഇത് പ്രകൃതി നല്‍കിയ മുന്നറിയിപ്പാണ്. അതിരും മറയുമില്ലാതെയുള്ള പ്രകൃതിയോടുള്ള കൈയേറ്റവും ചൂഷണവും അനുവദിക്കില്ലെന്നുള്ള പാഠം. ഈ ദുരന്തത്തില്‍നിന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ ചൂഷണം ഏറ്റവും കൂടുതല്‍ ഉണ്ടായിടങ്ങളിലാണ് പ്രളയദുരിതം ഏറ്റവും അനുഭവിക്കേണ്ടിവന്നത്. പരിസ്ഥിതിലോല മേഖലയില്‍ അടച്ചുപൂട്ടാന്‍ സബ്കളക്ടര്‍ ഉത്തരവിട്ടിട്ടും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം ആ ഉദ്യോഗസ്ഥനെ മാറ്റി പ്രതിഷ്ഠിച്ച് പണത്തിനുമുന്നില്‍ വിധേയരായ ഭരണാധികാരികള്‍ മലയാളിക്ക് ചിരപരിചിതരാണ്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ‘മണി’കള്‍ കൈയേറ്റക്കാര്‍ക്കുവേണ്ടി അടിച്ചുകൊണ്ടേയിരിക്കുമ്പോള്‍ അതേ റിസോര്‍ട്ടിലേക്കുള്ള റോഡ് ഒലിച്ചുപോയി മുപ്പതോളം വിദേശികള്‍ അവിടെ കുടുങ്ങിയത് ലോകത്തിന്റെ മുന്നില്‍ കേരള ടൂറിസത്തിന് നല്‍കിയ ചീത്തപ്പേര് പ്രകൃതിയുടെ പ്രതികാരമായിരുന്നില്ലേ? കൈയേറ്റത്തിന് മൂന്നാര്‍ ഇപ്പോള്‍ നല്‍കിയ വില എത്ര ഭീകരമാണ്? ഭാരതപ്പുഴയുടെ ഉള്‍പ്പെടെ പെരിയാറും പമ്പയും മറ്റ് നദികളും സംഹാരരൂപംപൂണ്ട് കൈയേറ്റങ്ങളെ ഇടിച്ചുനിരത്തി മുന്നോട്ടുപോയത് തിരിച്ചറിവായി ഇനിയെങ്കിലും നമ്മള്‍ ഉള്‍ക്കൊള്ളണം. റവന്യൂവകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഗസ്റ്റ് 21ന്റെ പ്രളയ ദുരിതം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗത്തില്‍ ‘പുഴകളുടെ ഒഴുക്ക് തടഞ്ഞും മലകള്‍ ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയുമുള്ള വികസനത്തിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കണമെന്ന്’ ആവശ്യമുന്നയിച്ചത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കുറഞ്ഞപക്ഷം അതിനായി അടിയന്തരമായി മുന്നിട്ടിറങ്ങാന്‍ റവന്യൂ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണം. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ മൂന്നാറില്‍ തുടക്കം കുറിച്ച കൈയേറ്റത്തിനെതിരെയുള്ള യുദ്ധം ഈ സര്‍ക്കാര്‍ ദൗത്യമായി ഏറ്റെടുക്കണം.

കഴിഞ്ഞ രണ്ടാഴ്ച ആഡംബരവാഹനങ്ങളില്‍ മാത്രം സഞ്ചരിച്ചിരുന്ന പലര്‍ക്കും പുറത്തിറങ്ങാനായില്ല. എ ടി എമ്മുകള്‍ പ്രവര്‍ത്തനരഹിതം. ഇന്റര്‍നെറ്റ് കിട്ടുന്നില്ല. കാര്‍ഡുകൊടുത്താല്‍ വിശപ്പടക്കാനാവുന്നില്ല. കോടികള്‍ ചെലവിട്ട ആഡംബരസൗധങ്ങളുടെ മുകള്‍ നിലകളില്‍ കയറി ‘ആരെങ്കിലും രക്ഷിക്കണേ’ എന്നു നിലവിളിച്ചവര്‍ക്ക് പ്രകൃതി മനുഷ്യാവസ്ഥയുടെ അനുഭവപാഠമാണ് പകര്‍ന്നുനല്‍കിയത്. അയല്‍ക്കാരാരാണെന്നുപോലും അറിയാതെ പണക്കൊഴുപ്പില്‍ പുളഞ്ഞുനടന്നവരൊക്കെ നിലം തൊടാന്‍ നിര്‍ബന്ധിതരായതും പ്രളയത്തിന്റെ പാഠമാണ്. പല ‘പോഷ്’ വില്ലകളും കോളനികളും ഇപ്പോഴും വെള്ളത്തിലാണ്. അഡംബരവാഹനങ്ങള്‍ വെള്ളംമൂടിയതിന്റെ കെടുതികളിലാണ്. ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരോ പൊലീസോ സൈന്യമോ മത്സ്യത്തൊഴിലാളികളോ നീട്ടിയ കൈയില്‍പിടിച്ച് ഉടുതുണിയൊഴികെ മറ്റൊന്നുമെടുക്കാനാവാതെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറേിവന്നവരുടെ എണ്ണം ചെറുതല്ല. പ്രകൃതി എന്ന പ്രതിഭാസത്തിനു മുന്നില്‍ മനുഷ്യന്‍ ആറടിയുള്ള മറ്റൊരു ജീവിമാത്രമെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടവര്‍ പലരും അത് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് നല്ല കാര്യം. പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നല്ലകാലത്തിന്റെ വീണ്ടെടുപ്പിന് ഈ ദുരന്തം സഹായകമായി, പലര്‍ക്കും.

എപ്പോഴും നമുക്ക് സമീപിക്കാനുള്ളത് രാഷ്ട്രീയക്കാര്‍ മാത്രമാണെന്ന് ഈ പ്രളയകാലം അടിവരയിട്ടു തെളിയിക്കുകയാണ്. ജനപ്രതിനിധികള്‍ മുതല്‍ സാദാ പ്രവര്‍ത്തകര്‍വരെ അക്കാര്യത്തില്‍ പക്ഷഭേദമില്ലാതെ ജാഗരൂകരായി പ്രവര്‍ത്തിക്കുന്നു. സി.പി.എമ്മും കോണ്‍ഗ്രസും ബി ജെ പിയും മുസ്ലിംലീഗും കേരളാകോണ്‍ഗ്രസും സി പിഐയും ആര്‍ എസ് പിയും എന്ന വ്യത്യാസമൊന്നും അതില്‍ കാണുന്നില്ല. സി പി എമ്മുകാര്‍ രക്ഷപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ കാണുന്ന ബി ജെ പിക്കാരെ വഴിയില്‍ ഉപേക്ഷിക്കുന്നില്ല. ബി ജെ പിക്കാരന്‍ ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്നത് ഡി വൈ എഫ് ഐക്കാരനെ എന്നുകണ്ട് തിരികെ ദുരന്തത്തിന് എറിഞ്ഞു കൊടുക്കുന്നുമില്ല. അവിടെ ഇവര്‍ക്കെല്ലാം തിരിച്ചറിവുണ്ട് – നമ്മുടെ സിരകളിലൂടെ ഒഴുകുന്നത് ഒരേ നിറമുള്ള രക്തമാണ്, നമുക്ക് ശ്വസിക്കാന്‍ വേണ്ടത് ശുദ്ധവായുവാണ്. കുടിക്കാന്‍ മലിനമാകാത്ത വെള്ളം വേണം. ജീവന്‍ നിലനിര്‍ത്താന്‍ ആഹാരം വേണം. ചുരുണ്ടുകൂടാന്‍ ഇത്തിരി സ്ഥലം വേണം….അതെ,’ഒരാള്‍ക്ക് എത്ര ഭൂമി വേണം’ എന്ന ചോദ്യത്തിനുത്തരമായി ‘ആറടി മണ്ണേ വേണ്ടൂ’ എഎന്നാണ് ലോക സാഹിത്യകാരനായ ലിയോ ടോള്‍സ്‌റ്റോയി എഴുതിയത്.

അതിനിടയിലും ചില ‘അന്തര്‍ധാരകള്‍’ സജീവമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ വാദിച്ചതിന്റെ പേരിലാണത്രെ പമ്പ ഇത്ര രുദ്രയായതെന്നാണ് ഒരു വാദം. മറ്റു നദികള്‍ കരകവിഞ്ഞത് പമ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതാണോ? ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടെടുത്ത തന്ത്രിക്ക് നിറപുത്തരി ചടങ്ങിന് സന്നിധാനത്തില്‍ എത്താന്‍ കഴിയാത്തത് അയ്യപ്പന്‍ ആ നിലപാടിനെതിരാണോ എന്നു ചോദിച്ച് വിരുദ്ധപക്ഷം സാമൂഹികമാദ്ധ്യമങ്ങളില്‍ പൊങ്കാലയിട്ടു തുടങ്ങിയിട്ടു്. ദുരിതത്തിനിടയില്‍ ‘പുട്ടുകച്ചവടം’ നടത്തുന്ന ഇത്തരം കക്ഷികളെ അകറ്റിനിര്‍ത്തുകതന്നെ വേണം. വെള്ളമിറങ്ങിയതോടെ ഇത്തരം തകരകള്‍ വീണ്ടും തളിര്‍ത്തു തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയകക്ഷികളെപ്പോലെയോ അതിനെക്കാളോ സംഘടിതവും കേഡര്‍ സ്വഭാവമുള്ളതുമാണ് ഇവിടത്തെ മത സാമുദായിക സംഘടനകള്‍. ആദ്യപ്രളയത്തില്‍ മാത്രമല്ല, രണ്ടാമത് മഹാരൗദ്രതയോടെ ആഞ്ഞുവീശിയ പ്രളയദുരിതത്തിലും അവരുടെ സഹായാഭ്യര്‍ത്ഥനകളൊന്നും ഔദ്യോഗികമായി കണ്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും ഇത്തരക്കാരെ കാണാനില്ല. ഒറ്റപ്പെട്ട ചിലര്‍ നടത്തുന്ന സഹായമല്ല ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായാഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി ഇറങ്ങിയപ്പോള്‍ ക്രിയാത്മകമായി കേരളീയര്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പ്രതികരിച്ചു. പക്ഷെ, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളും അര്‍ത്ഥവും ദുരിതാശ്വാസത്തിന് നല്‍കാന്‍ കഴിയുന്ന എസ് എന്‍ ഡി പി യോഗമോ എന്‍ എസ് എസ്സോ ജമാഅത്തുകളോ ക്രിസ്ത്യന്‍ പള്ളി ഇടവകകളോ ഒക്കെ ഇപ്പോഴും മൗനത്തിലാണ്. സ്വന്തം വൃക്ക മറ്റൊരു മതത്തിലുള്ള സഹോദരന് പകുത്ത് നല്‍കിയ ഫാ.ഡേവിസ് ചിറമ്മല്‍ പറഞ്ഞത് ‘എന്റെ പള്ളീന്ന് അദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ കൊടുക്കുന്നു. ഇതുപോലെ 2000 പള്ളികളില്‍നിന്ന് കൊടുത്താല്‍ എത്ര കോടിയാവും ‘ എന്നാണ്. ഇതര സാമുദായിക മത ജാതി സംഘടനകളും ഇക്കാര്യത്തില്‍ ഒരു മത്സരമായാല്‍ കേരള പുനര്‍ നിര്‍മ്മാണത്തിന് വലിയ മുതല്‍ക്കൂട്ടാവില്ലേ? അവര്‍കൂടി കൈമെയ് മറന്ന് ഈ ഉദ്യമത്തില്‍ സഹായിക്കണം. ഇപ്പോള്‍ ഈ നാട് ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായുള്ള കേരളത്തിന്റെ വീണ്ടെടുപ്പാണ്. അതിനായി ഒത്തൊരുമിച്ച് കൈകോര്‍ക്കാം. ഭിന്നതകളെല്ലാം പിന്നീടത്തേക്ക് മാറ്റിവയ്ക്കാം.

പവിത്രന്‍ തീക്കുനിയുടെ പുതിയ കവിതയിലെ കുറച്ചുവരികള്‍ വായിച്ച് ഇതവസാനിപ്പിക്കാം:
‘വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍
മലയാളത്തില്‍
എഴുതപ്പെടാന്‍ സാധ്യതയുള്ള
കഥയിലോ
കവിതയിലോ
ലേഖനത്തിലോ
ഇങ്ങനെ സംഭവിക്കാം
‘കേരളത്തില്‍ മനുഷ്യര്‍ മാത്രമുള്ള
കുറച്ചുദിവസങ്ങളുണ്ടായിരുന്നു
അതൊരു പ്രളയകാലമായിരുന്നു’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇതാ, മലയാളികള്‍ ലോകത്തിന് മുന്നില്‍ വയ്ക്കുന്ന ‘New Kerala Model’

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

കേരളം ലോകത്തിന്റെ സ്വന്തം നാടാകുന്നത് ഇങ്ങനെയാണ്

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍