TopTop
Begin typing your search above and press return to search.

പ്രണയമല്ല, ജാതിയാണ് കൊലയാളി

പ്രണയമല്ല, ജാതിയാണ് കൊലയാളി

വിനായകൻ മുതൽ കെവിൻ വരെ ദളിതരുടേയും ആദിവാസികളുടേയും മേലുള്ള അതിക്രമങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി കാണാം. ഇത് ആളുകൾക്കിടയിലുണ്ടാക്കിയിട്ടുള്ള ഒരു സാധാരണത്വമുണ്ട്. ലൈംഗിക പീഡന വാർത്തകൾ ദിവസവും കേട്ട് അതിനോട് സമരസപ്പെടാൻ ആളുകളുടെ ബോധം തയ്യാറാകുന്നത് പോലെ. ഒരു കീഴാള പുരുഷ ശരീരത്തോടുള്ള അതിക്രമത്തെ നമ്മുടെ സമൂഹം നോർമലൈസ് ചെയ്തിരിക്കുന്നു. ഈ കാരണം കൊണ്ടാണ് അതിനോട് വലിയ എതിർപ്പൊന്നും ഉയരാത്തത്. 'കുഴപ്പക്കാരനായ കീഴാള ശരീരം' എന്ന ഇമേജ് ബഹുവിധ വ്യവഹാരങ്ങളിൽ നിന്ന് ഉയർന്ന് വന്നതാണ്. ഇത്തരം പ്രശ്നങ്ങളിൽ ആരും വിഷമിച്ചില്ല, പ്രതിഷേധിച്ചില്ല, ദളിതർ മാത്രമേ സംസാരിച്ചുള്ളൂ എന്ന തരത്തിലല്ല ഞാൻ പറയുന്നത്. പക്ഷേ ഇതൊരു പൊതു പ്രശ്നമായോ പൊതുനിലവിളിയായോ ഉയർന്ന് വരാത്തതിന്‍റെ പിന്നിൽ കീഴാള പുരുഷ ശരീരങ്ങളെ ചുറ്റിപ്പറ്റി സൃഷ്ടിച്ചിട്ടുള്ള മുൻവിധികളുണ്ട്. അത് അതിക്രമങ്ങളെ പെരുപ്പിക്കുന്നുമുണ്ട്.

കേരളം ഇതിനൊക്കെ ആക്ഷേപമാണെന്നാണ് ഇതുവരെ പറഞ്ഞ് വന്നിരുന്ന കാര്യം. പക്ഷേ അതൊരു തട്ടിപ്പാണെന്ന് തെളിഞ്ഞ് വരികയാണ്. കേരളമൊരു ജാതിയില്ലാ ഭൂമികയാണെന്ന ഇടതുപക്ഷ വാദം അർത്ഥരഹിതമാണെന്നേ കാണാനാകൂ. ഇതൊരു പരിഹരിക്കപ്പെട്ട വിഷയമല്ലെന്ന് മാത്രമല്ല പരിഹരിക്കപ്പെട്ടെന്നുള്ള കൃത്രിമ ധാരണ രൂപീകരിക്കുന്നുമുണ്ട്. കേരളത്തിലെ പല കീഴാള വിഭാഗങ്ങൾക്കും ഭൂമിയുടെ മേലുള്ള അവകാശത്തെ കുറിച്ചുള്ള കണക്കുകളും, രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ കുറഞ്ഞ പ്രാതിനിധ്യവും മാത്രം മതി അത് തെറ്റാണെന്ന് തെളിയിക്കാൻ. ജാതി ഇവിടെ ഇല്ലാതായതല്ല, മറിച്ച് ജാതി ബോധത്തെ തന്ത്രപരമായി മറച്ച് വെക്കാനുള്ള തന്ത്രം ഇവിടത്തെ മധ്യമ ജാതികളും വർഗ്ഗങ്ങളും പഠിച്ചതാണ്. വീടിനു പുറത്ത് പുരോഗമനകാരിയായി ഇരിക്കാനും വീട്ടിൽ വന്നാൽ സമുദായ ജീവിയായി മാറാനും കേരളത്തിലെ ഇടതുപക്ഷ വ്യവഹാരത്തിനകത്ത് എളുപ്പമാണല്ലോ. ഇടതുപക്ഷക്കാരന് അമ്പലകമ്മറ്റി അംഗമായി ഇരിക്കാന്‍ സാധിക്കുന്ന ഹൈന്ദവതയും അതിനുണ്ടായിരുന്നു.

ഇത്തരത്തിൽ അധികാര ബന്ധങ്ങളേയോ ദൈനംദിന ബലതന്ത്രങ്ങളെയോ അഭിസംബോധന ചെയ്യാൻ സാധിക്കുന്ന പ്രത്യയശാസ്ത്രമോ പ്രായോഗിക പദ്ധതിയോ ഇടതുപക്ഷത്തിനുണ്ടായിരുന്നില്ല. എന്നാൽ അത് നടപ്പിലാക്കി എന്ന അവകാശവാദം ഉണ്ട് താനും. ആ നുണ ദളിതരുടെ മേലുള്ള അക്രമങ്ങളായും ഭൂപ്രശ്നമായും ഒക്കെ തെളിഞ്ഞ് വരുമ്പോൾ കേരളമെന്ന ഉട്ടോപ്യ ഇങ്ങനെ പൊളിഞ്ഞ് കൊണ്ടിരിക്കും.

കോട്ടയത്ത് സവർണ്ണക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതിന്‍റെ പേരിൽ കെവിൻ എന്ന ദളിത് യുവാവിനെ മർദ്ദിച്ച് കൊന്ന വിഷയത്തിലേക്ക് വരാം. സോഷ്യല്‍ മീഡിയയിൽ ഈ വിഷയം ചർച്ചക്കെത്തുമ്പോൾ ആളുകൾ ആവർത്തിക്കുന്നത് പ്രണയിക്കാനുള്ള അവകാശത്തെ കുറിച്ചാണ്. ഞാനതിനോട് കഠിനമായി വിയോജിക്കുന്നു. കാരണം പ്രണയിക്കാനുള്ള അവകാശത്തിന്‍റെ കാര്യമല്ല ഇത്. ഇന്ത്യയിൽ പ്രേമിച്ചതിന്‍റെ പേരിൽ ആരും കൊല്ലപ്പെടില്ല. കൊല്ലുന്നത് ജാതിയിൽ താഴ്ന്ന ആളെയാണ്. കൂടുതല്‍ ഭ്രാന്ത് മൂത്താൽ രണ്ടാളെയും. ഇതിനെ എങ്ങനെയാണ് പ്രണയത്തിന്‍റെ അവകാശത്തിലേക്ക് മാത്രം ചുരുക്കുക?

http://www.azhimukham.com/opinion-church-and-communist-party-dalit-discrimination-by-shibi-peter/

ഒരാളുടെ ജീവനെടുക്കുമ്പോൾ ഇല്ലാതാകുന്നത് ഒരു സമുദായത്തിന്‍റെ വിഭവങ്ങള്‍ കൂടിയാണ്. കേരളത്തിന് പുറത്ത് ഒരു ഉയർന്ന ജാതി സ്ത്രീയെ ദളിത് യുവാവ് പ്രണയിച്ച് ഒളിച്ചോടി എന്നിരിക്കട്ടെ. അവനെ കൊല്ലും. അവന്‍റെ പെങ്ങമ്മാരെ ബലാല്‍സംഗം ചെയ്യും. വീട് തച്ച് തകർക്കും. ആ പ്രദേശത്തുള്ള ദളിതര് മുഴുവന്‍ തല്ല് വാങ്ങും. ഇങ്ങനെ ഒരു സമുദായത്തിന്‍റെ മാനവസ്രോതസ് ഇല്ലാതാക്കപ്പെടും. ആത്മാഭിമാനം തച്ചുടക്കപ്പെടുകയും അവർ പലായനം ചെയ്യേണ്ടി വരികയും ചെയ്യും. ഇതൊക്കെ പ്രണയം എന്ന ലളിതമായ യുക്തി കൊണ്ട് അളക്കുമ്പോൾ അതിനകത്തുള്ള മറ്റ് ഹിംസകൾ അദൃശ്യമാക്കപ്പെടുകയാണ്.

ഉയർന്ന ജാതിക്കാർ തമ്മിൽ മിശ്രവിവാഹം കഴിഞ്ഞ് ജീവിക്കുന്നവർക്ക് ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിക്കൊള്ളണം എന്നില്ല. ഇവിടെ തന്നെ കെവിൻ വിവാഹം കഴിച്ച നീനുവിന്‍റെ അച്ഛൻ ക്രിസ്ത്യാനിയും അമ്മ മുസ്ലീമുമാണ്. മിശ്രവിവാഹം എന്നത് പലപ്പോഴും അതിനകത്തെ താഴ്ന്ന ജാതിയിലുള്ളവർക്ക് ഹിംസാത്മകമായ അനുഭവങ്ങൾ നൽകുന്നതാണ്. മിശ്രവിവാഹം വളരെ സുന്ദരവും പുരോഗമനാത്മകവുമായി പരിഗണിക്കപ്പെടുന്നത് ജാതിയിൽ ഉയർന്ന രണ്ട് പേർ തമ്മില്‍ നടക്കുമ്പോൾ മാത്രമാണ്. അല്ലെങ്കില്‍ അതിനൊരു ദുരന്ത സ്വഭാവം വരും. ഞാൻ വിവാഹം കഴിക്കാൻ പോകുമ്പോൾ ആദ്യമെടുത്ത തീരുമാനം എന്‍റെ പങ്കാളി ഒരു ദളിതനാകും എന്നാണ്. ബോധപൂർവ്വം ആലോചിച്ചെടുത്ത തീരുമാനമാണ്. പുരോഗമനാത്മകത ഇല്ലാഞ്ഞിട്ടല്ല, ജാതിയുടെ ഭാഗമായി വരുന്ന ഹിംസകൾ സഹിക്കേണ്ടതില്ല എന്നതുകൂടി കൊണ്ടാണ് അങ്ങനെയൊരു ഉറപ്പിലേക്ക് എത്തുന്നത്.

http://www.azhimukham.com/opinion-kevin-honor-killing-upper-cast-travancore-christians-dalit-discrimination-kaantony/

സ്ത്രീയുടെ ശരീരത്തെ വിശുദ്ധ നിലമായി കാത്തു സൂക്ഷിക്കുക എന്ന ആൺകോയ്മ ബോധം കൂടി ഇവിടെയൊക്കെ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് സ്ത്രീകൾ 'പിഴച്ച് പോകുമ്പോൾ' തല്ലാനും കൊല്ലാനും ഇറങ്ങുന്നത്. സമുദായത്തിന്‍റെ അഭിമാന കവാടം സ്ത്രീകളാണല്ലോ. ഈ സന്ദര്‍ഭത്തിൽ തന്നെ പെൺകുട്ടി ഇഷ്ടമുള്ള ആളോടൊപ്പം പോകുമ്പോൾ അച്ഛനും ആങ്ങളമാർക്കുമൊക്കെ നാണക്കേട് ഉണ്ടാകുന്നത് അങ്ങനെയാണ്.

സ്ത്രീകളുടെ മേലുള്ള അധികാര പ്രയോഗവും അതിനേക്കാൾ ഉയർന്ന തോതിൽ ജാതിചിന്തയും കെവിന്‍റെ കൊലപാതകത്തിന് വഴി വെച്ചിട്ടുണ്ട്. ഇത് വളരെ സങ്കീർണ്ണമാണ്. സി.അയ്യപ്പന്‍റെ ഒരു വാചകമുണ്ട്. 'പ്രണയമെന്നത് ആത്മാവിന്‍റെയും വിവാഹം സമൂഹത്തിന്‍റെയും കാര്യമല്ലേ' എന്ന്. വിവാഹം എന്ന സ്ഥാപനത്തെ നിലനിർത്തുന്നതിൽ ജാതിക്ക് വലിയ പങ്കുണ്ട്. മാട്രിമോണിയൽ കോളത്തിൽ എസ്.സി, എസ്.ടി ഒഴികെ എന്ന് അടിക്കുന്ന സെക്കുലർ പത്രങ്ങൾ വരെ ഇതിനെ താങ്ങിനിർത്തുന്നുണ്ട്.

ജാതി ഉൻമൂലനത്തെ രാഷ്ട്രീയം അജണ്ടയായി ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ എടുത്തിട്ടില്ല. അതുകൊണ്ടാണത് ദളിതരുടെ മാത്രം പ്രശ്നമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനു മുന്നിൽ ഇരുപതോളം ദളിത് സംഘടനകളിലെ നൂറു കണക്കിന് യുവാക്കൾ തടിച്ചുകൂടിയിരുന്നു. അവരുടെ ആത്മാഭിമാനത്തിൻറെ പ്രശ്നമായി അവരത് എടുത്തു കഴിഞ്ഞു. ജാതിയെ അഭിസംബോധന ചെയ്യുന്നതിനോ നേരിടാനോ പകരം ജാതി ഇല്ല എന്ന് സ്ഥാപിക്കാനായിരുന്നു ഇവിടത്തെ ശ്രമം മുഴുവൻ.

http://www.azhimukham.com/kerala-kevin-murder-honor-killing-krdhanya/

രണ്ട് പേർ പ്രണയിച്ച് വിവാഹം ചെയ്താൽ സ്വാഭാവികമെന്നോണം ഇവിടത്തെ മാതാപിതാക്കൾ എതിർപ്പുയർത്താറുണ്ട്. ഇരുപത് വയസ്സ് വരെ കന്യകയായി ജീവിച്ച് ഇരുപത്തൊന്നിൽ അപരിചിതനായ ഒരാൾക്കൊപ്പം വിടുന്നതാണല്ലോ നമുക്ക് സ്വീകാര്യം. വൈകാരികവും സാമ്പത്തികവും ഭരണപരവുമായ മുഴുവന്‍ ഊർജ്ജവും കുട്ടികള്‍ക്ക് മേൽ സമർപ്പിച്ച് വളർത്തുന്നത് കൊണ്ട് തന്നെ കരച്ചിലും എതിർപ്പുമൊക്കെ ഒരു സ്വയം തിരഞ്ഞെടുപ്പുണ്ടാകുമ്പോൾ രൂപപ്പെട്ട് വരും, സ്വജാതി വിവാഹങ്ങളിൽ പോലും. പക്ഷേ ഇവിടെ കൊന്ന് കളയാന്‍ തീരുമാനിക്കുകയാണ്. മിശ്രവിവാഹം ചെയ്ത് ഇത്തരം വ്യവഹാരങ്ങളുടെ ഒക്കെ ഭാഗമായ ഒരു കുടുംബത്തിൽ നിന്നാണ് അതുണ്ടാകുന്നത്. എന്നിട്ട് പോലും അവർക്ക് ഈ ബന്ധം ഉൾക്കൊള്ളാനായിട്ടില്ല. അത്ര ഹീനരായാണ് ദളിതരെ കാണുന്നത്. ഈ പുരോഗമന കേരളത്തിൽ ഒരു പുലയ ക്രിസ്ത്യാനി അത്രമേൽ അസ്വീകാര്യനാണ്.

കേരളത്തിൽ എല്ലാ മതക്കാരും ജാതി പ്രാക്ടീസ് ചെയ്യുന്നവരാണ്. പിന്നോക്ക സമുദായക്കാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ അവരുടേതായ തലത്തിലുള്ള ജാതിശീലങ്ങളുള്ളവരുമാണ്. ദളിതരോട് ജാതി വയലൻസ് കാണിക്കുന്നതിൽ, അത് സിംബോളിക് ആയാലും നേരിട്ടുള്ളതാണ് എങ്കിലും - എല്ലാ പ്രബല സമുദായങ്ങളും ഒരുപോലെ തന്നെ. പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. സ്വസമുദായത്തിനുള്ളിലെ ജാതിയ ചിന്തയെ അഡ്രസ് ചെയ്യലും ദളിത് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവ് ജാതിവിരുദ്ധ രാഷ്ടീയത്തിന്റെ സഹയാത്രികർക്ക് (Allies) ഉണ്ടാകേണ്ടതുണ്ട്.

നമുക്ക് വേണമെങ്കിൽ കണ്ണടച്ച് സാഹോദര്യത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കാം. പക്ഷേ ജാതി സംഘർഷങ്ങൾ ഇവിടെ ദൈനംദിനം നടക്കുന്നുണ്ട്. ജാതിയില്ലായ്മയുടെ മിത്തിൽ കെട്ടിപ്പടുത്ത ഇടതുപക്ഷ പുരോഗമന കേരളം സ്വയം റദ്ദ് ചെയ്യപ്പെടും എന്നതുകൊണ്ട് ഇത് സമ്മതിച്ചു തരില്ലെന്ന് മാത്രം.

http://www.azhimukham.com/offbeat-athira-kevin-honor-killing-in-kerala-aruntvijayan/

കെവിനെ കൊന്ന പ്രതികളുടെ കൂട്ടത്തില്‍ ഇടത് പശ്ചാത്തലമുള്ളവരുണ്ട്. കെവിൻ ഒരു സി.പി.എം കാരനായിരുന്നു. ആ സംഘടനയിൽ പ്രതീക്ഷ വെച്ചിരുന്ന ആളായിരുന്നു. എന്നെ സംബന്ധിച്ച് അക്രമോത്സുകത പ്രകടിപ്പിക്കുന്ന പ്രബലജാതി ആണുങ്ങളുടെ കൂട്ടമാണ് ഡി.വൈ.എഫ്.ഐ. അല്ലാതെ എത്ര ദളിതർ, ആദിവാസികൾ, യുവാക്കൾ അതിന്‍റെ നേതൃത്യത്തിലുണ്ട്? കേരളത്തിലെ ജാതി പാറ്റേൺ മുഴുവന്‍ ഈ സംഘടനകളിലുമുണ്ട്. ഒരു ഡി.വൈ.എഫ്.ഐക്കാരന് പോലും തോന്നുന്നത് ഒരു ദളിതൻ ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിക്കരുതെന്നാണ്. ആ തോന്നലാണ് കേരളത്തിന്‍റെ ജാതി. നാട്ടിലൊരു പ്രശ്നം നടന്നാൽ ആദ്യം ദളിത് കോളനികളിലേക്ക് കയറിച്ചെല്ലുന്ന പോലീസുള്ള നാടാണിത്.

ആദ്യം ഇവർ കുഴപ്പക്കാരാണെന്ന, പ്രതീതി സൃഷ്ടിക്കുന്നു. അത് വഴി ഹിംസ നടപ്പിലാക്കാനുള്ള സാമൂഹിക അനുമതിയും. പിന്നെ ആ അക്രമങ്ങളെല്ലൊം സ്വാഭാവികമാക്കപ്പെടുകയാണ്. പോലീസും സിനിമകളും രാഷ്ട്രീയ സംവാദങ്ങളും എല്ലാം ചേര്‍ന്ന് ഉണ്ടാക്കിയ 'ക്രിമിനല്‍ രൂപങ്ങൾ' കീഴാളശരീരങ്ങളുടേതായിരുന്നു. ഇപ്പോള്‍ നടന്ന സംഭവം ഒറ്റപ്പെട്ട ഒന്നല്ല, പലതിന്‍റെയും തുടർച്ചയാണെന്നാണ് പറയാൻ ശ്രമിക്കുന്നത്. അതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകേണ്ടതുണ്ട്. ഒന്നടങ്കം അവിടെ വന്ന് മുദ്രാവാക്യമുയർത്തി പോകുന്ന ദളിത് സംഘടനകള്‍ അത്തരത്തിലൊരു പ്രതീക്ഷയാണ്. ഭരണഘടനാപരമായ ദളിതരുടേയും ആദിവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള രാഷ്ട്രീയം സ്ഥൈര്യം കൂടി സർക്കാറുകൾക്കുണ്ടാകണം. ഇത്തരം കൃത്യങ്ങളിൽ ഭാഗമാകുന്ന പോലീസുകാർക്ക് വെറും സസ്പെൻഷൻ എന്നതിനുപരിയുള്ള നിയമനടപടികൾ സാധ്യമാകും വിധം ചട്ടങ്ങളിലും പൊളിച്ചെഴുതുകയും വേണം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/trending-fascism-is-not-a-vehicle-from-north-india-to-kerala-by-sajin-pj/

http://www.azhimukham.com/trending-kerala-who-beaten-and-killed-the-starving-adivasi-got-an-another-golden-feather/


Next Story

Related Stories