TopTop

'തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍' ജയിക്കുമ്പോള്‍

അങ്ങനെ, ഫ്രാങ്കോ മുളയ്ക്കലും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ബിഷപ്പ് ലൈംഗികാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായി എന്ന 'ബഹുമതി' ഫ്രാങ്കോ മുളയ്ക്കലിന് സ്വന്തം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് എന്നത് മറ്റൊരു അപൂര്‍വ്വത.

പൊലീസില്‍ പരാതി കൊടുത്ത് 87 ദിവസത്തിനു ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. അതുതന്നെ, അഞ്ചു കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം കേരളമാകെ കത്തിപ്പടരുന്നു എന്ന ഘട്ടത്തില്‍ അറസ്റ്റിന് പൊലീസ് നിര്‍ബന്ധിതരായതാണ്.

അഴിമതി, ബലാത്സംഗം പോലെയുള്ള 'വന്‍കിട' കേസില്‍ പ്രതിയാവുന്ന ബിഷപ്പുമാര്‍, ഉന്നത രാഷ്ട്രീയനേതാക്കള്‍, വന്‍കിട പണക്കാര്‍ എന്നിവര്‍ക്കൊക്കെ അറസ്റ്റിലാവുമ്പോള്‍ സംഭവിക്കുന്ന അതേ അസുഖം ഫ്രാങ്കോ മുളയ്ക്കലിനുമുണ്ടായി - ദേഹാസ്വാസ്ഥ്യം! ഇനി രണ്ടുമൂന്നു ദിവസം സ്വസ്ഥമായി ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവില്‍ ആപ്പിള്‍ തിന്നും ആട്ടിന്‍പാലും കുടിച്ച് എസിയില്‍ സ്വസ്ഥമായി കഴിയാനുള്ള ഉപാധി. സബ്ജയിലില്‍ റിമാന്റ് പ്രതികളോടൊപ്പമൊന്നും കിടക്കേണ്ടിവരില്ലെങ്കിലും അവിടത്തെ വി.ഐ.പി മുറിക്ക് എ സി കാണില്ല, ഒറ്റയ്ക്ക് കിടക്കേണ്ടി വരും. സാധാരണഗതിയില്‍ ജയിലില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കണം. പിന്നെ, പണവും സ്വാധീനവുമുള്ളവര്‍ക്ക് പുറത്തെക്കാള്‍ സൗകര്യമായി ജയിലില്‍ കിടക്കാമെന്നത് വേറെ കാര്യം. എന്നാലും, കിടക്കേണ്ടത് ജയിലാണ് എന്നതിനാല്‍ അങ്ങോട്ട് പോകുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ നീക്കം. രണ്ടുദിവസം കഴിയുമ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി വരുന്നുണ്ട്. മുന്‍കൂര്‍ജാമ്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. അത് പരിഗണനയിലിരിക്കേ അറസ്റ്റുചെയ്തുവെന്ന് പ്രതിഭാഗം വാദിക്കും. സര്‍ക്കാരിന് ബിഷപ്പിനെ എങ്ങനെയും പുറത്തെത്തിക്കാനായിരിക്കുമല്ലോ താല്പര്യം. കെമാല്‍ പാഷയെപ്പോലുള്ള വല്ല ജഡ്ജിമാരുമാണെങ്കില്‍ ബിഷപ്പ് ക്രിസ്തുവിന്റെ പാതയെ വ്യഭിചരിച്ചതിന് ദണ്ഡനശിക്ഷ ഏറ്റവുവാങ്ങുന്നതിന്റെ തുടക്കം കുറിക്കും. അതല്ല, കെമാല്‍ പാഷയില്‍നിന്ന് വൈദികരുടെ അഴിമതിക്കേസ് വഴിവിട്ട് എടുത്തുമാറ്റിയ ജഡ്ജിയുടെ പിന്‍മുറക്കാരാണെങ്കില്‍ പിലാത്തോസ് കുറച്ചുനാള്‍കൂടി ചിരിക്കും എന്ന് കരുതേണ്ടി വരും.

ഒരു സാധാരണക്കാരനെതിരെ ഒരു പീഡന പരാതി സമാന സാഹചര്യത്തില്‍ 87 ദിവസം മുമ്പ് പൊലീസില്‍ വന്നാല്‍ പ്രതി ജയില്‍ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിച്ചിട്ട് 85 ദിവസം കഴിഞ്ഞിരിക്കും! കേരളത്തില്‍ , ഇങ്ങനെയൊക്കെയാണ് നിയമം നിയമത്തിന്റെ വഴിക്കുപോവുന്നത്!

Also Read: അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

സി.പി.എം വീണ്ടും ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരിക്കല്‍കൂടി കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ കാട്ടിത്തരികയാണ്. പലപ്പോഴും സമാന സാഹചര്യങ്ങളില്‍ അസാധാരണ മെയ് വഴക്കം പ്രകടിപ്പിക്കുന്നതില്‍ വിദഗ്ദനാണ് സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ സംസ്ഥാന സെക്രട്ടറി, ആഭ്യന്തരവകുപ്പിന്റെ മുന്‍ മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളോടും ഫ്രാങ്കോ മുളയ്ക്കലിനുമൊപ്പം സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം ഇത്തവണ അത്ര വിജയിച്ചില്ല. ടെലിവിഷനുകളും പത്രങ്ങളും ഉള്‍പ്പെടുന്ന പരമ്പരാഗത മാധ്യമങ്ങള്‍ കോടിയേരിയെ അത്രയ്ക്കങ്ങ് ഉപദ്രവിച്ചില്ല. എന്നാല്‍, സാമൂഹികമാദ്ധ്യമങ്ങള്‍ ബൈബിള്‍ വചനങ്ങള്‍ സമൃദ്ധമായി ഉദ്ധരിച്ച് അത് പൊളിച്ചടുക്കിയതോടെ ആ നിലപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടു.

കോണ്‍ഗ്രസ് എക്കാലത്തും ഇത്തരം പൗരോഹിത്യ വിഭാഗം എന്തു വൃത്തികേടു കാണിച്ചാലും അതിനോട് സമരസപ്പെട്ടുപോവുന്ന രീതിയാണ് തുടര്‍ന്നു പോന്നിട്ടുള്ളത്. അതിനാല്‍, അവരുടെ നിശ്ശബ്ദതയില്‍ 'കുറ്റ'മില്ല! വോട്ടുബാങ്കില്‍ ശേഷിക്കുന്നത് ഇതു മാത്രമാവുമ്പോള്‍ അവര്‍ക്കെതിരെ സംസാരിക്കാനേ പാടില്ല! മാത്രമല്ല, എം എം ഹസ്സന്‍ എന്ന കെ പി സി സി പ്രസിഡന്റിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടിയിരുന്നത്. ഇപ്പോള്‍, കണ്ടോ മുല്ലപ്പള്ളിയും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും പ്രചരണസമിതി അദ്ധ്യക്ഷനും വന്നതേയുള്ളൂ, അതിനുമുമ്പ് സര്‍ക്കാരിന് ഇടപെടേണ്ടി വന്നിരിക്കുന്നു! ബി.ജെ.പിക്ക് സര്‍ക്കാരിനെയും സഭയേയും ഒരുപോലെ പിടികൂടാനുള്ള അവസരം കൈവിട്ട് കന്യാസത്രീസമരത്തോടൊപ്പം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യഗ്രത കാട്ടുന്നത് സമൂഹത്തിന് കോമഡി സിനിമ കാണുന്ന പ്രതീതിയാണുണ്ടാക്കിയത്. വി.എസ്. അച്യുതാനന്ദന്‍ പതിവുപോലെ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്ന പരസ്യ പ്രതികരണവുമായി രംഗം കൊഴുപ്പിച്ചു.

Also Read: കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നൊരു 'സംഭവ'മുണ്ട്. കന്യാസ്ത്രീകള്‍ സമരം നടത്തുന്നത് 'അറിയാത്ത' ഡി.വൈ.എഫ്.ഐ. യൂത്ത് കോണ്‍ഗ്രസ്‌ പോലുള്ള ഒരു സംഘടനയാണത്. അതിലെ ഒരു ഭാരവാഹി മന്ത്രിയാണ്. ആ തിരക്കില്‍ ഇത്തരം 'നിസ്സാര' സമരങ്ങളും സംഭവങ്ങളും അറിയാന്‍ പറ്റില്ലല്ലോ. മറ്റൊരാള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട 'മിഷനു'കളിലൊന്നിന്റെ ഭാഗമായി സര്‍ക്കാര്‍ കാറിലേറി കേരളത്തെ 'പുനര്‍' നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ കോളേജില്‍ മലയാളം വാദ്ധ്യാരായിരുന്നത് മുന്‍കൂര്‍ പെന്‍ഷന്‍ പറ്റിയശേഷം രാജ്യസഭാ എം പിയായി. അതിനുശേഷം, എം. എല്‍.എ ആകാന്‍ ആഗ്രഹിച്ചെങ്കിലും ജനങ്ങള്‍ 'സഹിക്കാന്‍' തയ്യാറാകാതെ വന്നതിനാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് സ്ഥാനമാനങ്ങളൊന്നും നല്‍കേണ്ട എന്ന സി.പി.എം തീരുമാനം തിരുത്തി 'മിഷനി'ലേറി. മറ്റൊരു നേതാവ് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയാണ്. ആ കമ്മിഷന്‍ ഇത്തരം കാര്യങ്ങളിലേ അല്ലല്ലോ ഇടപെടേണ്ടത്. അവര്‍ സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടേയിരിക്കുകയാണ്...!കൂടുതലൊന്നും ആ കുഞ്ഞാടിനോട് ചോദിക്കേണ്ട, 'ഫ്രാങ്കോ പിതാവിനും ദൗര്‍ബല്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമല്ലേ' എന്ന താത്വിക മറുപടിയുടെ അര്‍ത്ഥം സമൂഹത്തിന് വിശകലനം ചെയ്യേണ്ടിവരും. മഹിളാ കോണ്‍ഗ്രസിന്റെ ഭാരവാഹി പ്രഖ്യാപനം വന്നതല്ലേയുള്ളൂ, നേരത്തേ വന്നിരുന്നെങ്കില്‍...!

കുറ്റവാളികള്‍ക്കൊപ്പം സഭകളും പ്രസ്ഥാനങ്ങളും എന്തിനാണ് നിലകൊള്ളുന്നത്? അവരെ നിയമത്തിന് വിട്ടുകൊടുത്താല്‍ അതിന്റെ പേരില്‍ ഇത്തരം സ്ഥാപനങ്ങള്‍ ആദരിക്കപ്പെടുകയേയുള്ളൂ എന്ന് ഇവരൊക്കെ എന്നാണ് മനസ്സിലാക്കുന്നത്?

കേരളത്തില്‍ നീതി തേടി സമരം നടത്തുന്നവരെ സുഗതകുമാരി എന്ന മലയാളത്തിന്റെ പ്രിയകവിയാണ് 'തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍' എന്ന് അഭിസംബോധന ചെയ്തത്. പക്ഷെ, ഇവിടെ, ഈ കന്യാസ്ത്രീകള്‍ നടത്തിയ തോല്‍ക്കുന്ന സമരത്തിനൊപ്പം തോല്‍ക്കാന്‍ കേരളത്തിന്റെ മുഴുവന്‍ മനസ്സാക്ഷിയും ഉണര്‍ന്നെണീറ്റിരിക്കുന്നു. ഇരുട്ടുകയറിയ സന്യാസിനി സഭയിലെ അടച്ചിട്ട മുറിയില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന മുഖമറിയാത്ത കന്യാസ്ത്രീയുടെ അടക്കിപ്പിടിച്ച വിതുമ്പലുകള്‍ക്കൊപ്പം നെഞ്ചുരുകിയാണ് കേരളീയ സമൂഹം നിലകൊള്ളൂന്നത്. ആ കേരളീയ സമൂഹത്തിന്റെ പ്രതിഷേധം കനക്കുകയും അത് പൊട്ടിത്തെറിക്കുകയും ചെയ്യുമെന്ന ഭീതിയാണ് പൊലീസിനെ കെട്ടിയിട്ട കൈകളെ തുടല്‍ അഴിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

അധികാരവും മതവും ഒത്തുചേര്‍ന്നപ്പോള്‍ നിസ്സഹായയായ അഭയ നീതി കിട്ടാതെ കേരളീയ സമൂഹത്തിനു മുന്നില്‍ എന്നെന്നും ചോദ്യചിഹ്നമായി നില്‍ക്കും. അത്തരം അഭയമാരെ ഇനിയും സൃഷ്ടിക്കാനാവില്ലെന്ന ഉറച്ച ബോദ്ധ്യമാണ് ബിഷപ്പിന് തടവറ ഒരുക്കാന്‍ നിമിത്തമായത്. കൊട്ടിയൂര്‍, കോട്ടപ്പുറം, നിരണം, കൊച്ചി, കൊരട്ടി...സഭകള്‍ക്ക് ആന്തരിക പരിശോധനയ്ക്കും ആത്മവിമലീകരണത്തിനും നേരമായിരിക്കുന്നു. പൊതുജനങ്ങള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി സമരം ചെയ്ത കന്യാസ്ത്രീകളില്‍ നിന്നാവട്ടെ അതിന്റെ തുടക്കം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-what-will-happen-for-that-nuns-who-protest-against-bishop-franco-on-rape-case-in-kerala-writes-rakesh/

https://www.azhimukham.com/kerala-protesting-nun-against-bishop-and-patriarchy-making-history-in-women-movement-writes-kr-dhanya/

https://www.azhimukham.com/news-update-nun-protest-in-kochi-wind-up/

https://www.azhimukham.com/trending-nun-protest-victory-struggle-confidence-nuns-hijacking-others-analysis-gireeshp-writes/

Next Story

Related Stories