TopTop

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു
ജവാഹർലാൽ നെഹ്റു എന്ന പേരിലൂടെ പല വട്ടം കടന്നു പോകാതെ സ്വതന്ത്ര ഭാരതത്തെ കുറിച്ചുള്ള ഒരു പഠനവും പൂർത്തിയാവില്ല. ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് കാണുന്ന രാഷ്ട്രം കെട്ടിപ്പടുത്ത വലിയ നിര നേതാക്കളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനീയൻ ജവഹർലാൽ തന്നെയായിരുന്നു. ഇന്ത്യയെന്നാൽ ഒരു കൂട്ടം ആശയങ്ങളുടെ സംയോജനമാണ്. പലവിധ വൈവിധ്യങ്ങളുള്ള ഇതുപോലൊരു വലിയ സമൂഹത്തിന് ഒന്നിച്ചു നിൽക്കാൻ വേണ്ട ആശയദൃഢത പകർന്നു നൽകിയതിൽ ജവാഹർലാലിനോളം പങ്കുള്ളവരില്ല (ഗാന്ധിയെയും അംബേദ്കറെയും മറന്നുകൊണ്ടല്ല പറയുന്നത്). ആ ലെഗസി കാരണം തന്നെയാണ് രാഷ്ട്രത്തിന്റെ രൂപരേഖ മാറ്റി വരയ്ക്കാൻ നോക്കുന്ന ശക്തികൾക്കും പലവട്ടം നെഹ്റുവിലൂടെ കടന്നു പോകേണ്ടി വരുന്നത്.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി എന്നീ മൂന്നു ദേശിയ ആഘോഷങ്ങൾ കഴിഞ്ഞാൽ ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളുകളിലും പൊതുമണ്ഡലത്തിലും ഏറ്റവും വിപുലമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു ദിവസമാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14. സ്വാതന്ത്ര്യ ദിന പ്രസംഗം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകൾ എന്നിവയെല്ലാം പ്രധാനമന്ത്രിക്ക് നേരിട്ട് ജനങ്ങളോട് സംവദിക്കാൻ കഴിയുന്ന വേദികളാണ്. തന്റെ ജനകീയത വർധിപ്പിക്കാൻ നരേന്ദ്ര മോദി ആ വേദികളെ എങ്ങനെയാണു ഉപയോഗിക്കുന്നതെന്നു കഴിഞ്ഞ മൂന്നു വർഷത്തെ ആ പരിപാടികൾ ശ്രദ്ധിക്കുന്ന ആർക്കും ബോധ്യപ്പെടും. ഗാന്ധി ജയന്തി കേന്ദ്ര സർക്കാർ സ്വച്ഛ ഭാരത് ദിവസമായി കൊണ്ടാടുന്നു. ചൂലും പിടിച്ചു നിൽക്കുന്ന നരേന്ദ്ര മോദിയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളായി ആ ആഘോഷത്തിന്റെ മുഖം. ഔദ്യോഗിക അവധി ദിനങ്ങൾക്ക് പുറത്ത് 60 വർഷത്തോളം ഇന്ത്യയിലെ അടിസ്ഥാന ജനസാമാന്യം കൊണ്ടാടിയ അംബേദ്കർ ജയന്തിക്കും 3 വർഷമായി ഇതേ രൂപമാണ്. എന്നാൽ നവംബർ 14 മറ്റൊരു കാഴ്ച്ചയാണ് കാണിച്ചു തരുന്നത്.

പരമാവധി ഒരു ട്വീറ്റിനപ്പുറം ഇക്കഴിഞ്ഞ കാലമത്രയും നരേന്ദ്ര മോദിയോ ബി.ജെ.പി സർക്കാരിലെ ഏതെങ്കിലുമൊരു നേതാവോ ഈ ദിവസത്തെ കൊണ്ടുപോകുന്നത് കണ്ടിട്ടില്ല. സംഘപരിവാറുമായി ബന്ധപ്പെട്ട ഒരു എലെമെന്റുകൾക്കും നെഹ്റു സ്വീകാര്യനാവാത്തതിന്റെ രസതന്ത്രം പിടികിട്ടുമ്പോഴാണ് നെഹ്രുവിയൻ ചിന്തകളുടെ ആഴം ബോധ്യം വരിക.

എക്കാലവും നെഹ്രുവിനെതിരെ അണിനിരത്താൻ അവർക്ക് ബിംബങ്ങളുണ്ടായിരുന്നു. അതിൽ ഏറെ പ്രധാനികൾ സർദാർ പട്ടേലും സുഭാഷ് ചന്ദ്രബോസും തന്നെ. ഇരുവരും നെഹ്രുവിന്റെ സമാകാലീകർ, സഹപ്രവർത്തകർ. ഒരാളുടെ മരണത്തെ ചൊല്ലിയുള്ള കോൺസ്പിറസി തിയറികൾ നെഹ്രുവിനെതിരെ ആർ.എസ്.എസ് ആയുധമാക്കിയെങ്കിൽ മറ്റെയാളുടെ ആശയപരമായ ഭിന്നതകളായിരുന്നു നെഹ്രുവിനെതിരെ സംഘിന്റെ പിടിവള്ളി. എന്നാൽ അവരിരുവരും സംഘപരിവാർ മുന്നോട്ടു വെക്കുന്ന ആശയങ്ങളുമായി എത്ര ചേർന്ന് നിൽക്കുമായിരുന്നു എന്നത് കാണുമ്പോഴാണ് സംഘിന്റെ യഥാർത്ഥ പ്രശ്നം തിരിച്ചറിയുക. കുറേക്കൂടി സംഘിനോട് ചേർന്ന് നില്കുമായിരുന്ന പട്ടേൽ പോലും ഇവർക്ക് പൂർണ്ണാർത്ഥത്തിൽ സ്വീകാര്യമായ ബിംബമല്ല. ഗാന്ധി വധത്തോട് അനുബന്ധിച്ചു ആർ.എസ്.എസിനു നിരോധനമേർപ്പെടുത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു പട്ടേൽ. ആർ.എസ്.എസ് ഗാന്ധി വധത്തിന് അനുകൂലമായ കലുഷിത അന്തരീക്ഷമൊരുക്കി എന്നതാണ് നിരോധനത്തിന് പട്ടേൽ കണ്ട കാരണം. എന്നാൽ ഗോള്‍വാക്കറുമായി പിന്നീട് ബന്ധം സ്ഥാപിക്കുകയും അത് വഴി നിരോധനം പിൻവലിക്കുകയും ചെയ്തപ്പോൾ പോലും ഇന്നത്തെ ഹിന്ദുത്വയുടെ ഏറ്റവും വലിയ ഐക്കണായ സവർക്കർക്കും അദ്ദേഹത്തിന്റെ ഹിന്ദു മഹാസഭക്കും ഗാന്ധി വധത്തിലുള്ള പങ്കിനെ ചൊല്ലി പട്ടേലിനു അധികം തർക്കങ്ങളുണ്ടായിരുന്നില്ല.എന്നിരിക്കിലും കോൺഗ്രസ്സിൽ ആർ.എസ്.എസ് കാർക്ക് അംഗത്വമെടുക്കാം എന്ന നിലപാട് പട്ടേൽ പിന്നീട് സ്വീകരിച്ചിരുന്നു. വോട്ടിനിട്ടു പാസ്സാക്കിയ ഈ ഭേദഗതി നെഹ്രുവിന്റെ ഒരാളുടെ കടുംപിടുത്തത്തിലാണ് തള്ളിപ്പോയത്. മൃദുഹിന്ദുത്വത്തിന്റെ പേരിൽ പട്ടേലിനെ ചേർക്കുന്നത് മറ്റ് ഐക്കണുകൾ ഇല്ലാത്ത അവർക്ക് ഒരു നിലനിൽപ്പിന്റെ പ്രശ്നം കൂടിയായി കണ്ടു മാറ്റിവെക്കാം. എന്നാൽ കോൺഗ്രസ്സിൽ ഹിന്ദു മഹാസഭയിലോ മുസ്ലിം ലീഗിലോ പ്രവർത്തിക്കുന്നവർക്ക് സ്ഥാനമില്ലെന്ന് ഭേദഗതി കൊണ്ടുവന്ന, INAയിൽ ഒരു റെജിമെന്റിന് നെഹ്രുവിന്റെ പേര് നിലനിർത്തിയ, കൂടുതൽ മതേതരമാണ് എന്നത് കൊണ്ട് വന്ദേമാതരത്തിനു പകരം INAയിൽ ജനഗണമന ഗാനമായി ഉപയോഗിച്ച (പിൽകാലത്ത് സ്വതന്ത്ര ഭാരതം അത് തുടരുകയാണ് ഉണ്ടായത്), തീവ്ര ഇടതുപക്ഷക്കാരനായ സുഭാഷ് ചന്ദ്രബോസ് എങ്ങനെയാണ് അവർക്ക് സ്വീകാര്യനാവുക? ഉത്തരം ഒന്നെയുള്ളൂ, നെഹ്രുവിനെതിരെ വികാരം സൃഷ്ടിക്കാൻ അത്ര തന്നെ ജനപ്രിയനായ ബോസിന്റെ മരണവും അതുയർത്തിയ ദുരൂഹതയും അവർ സമർഥമായി ഉപയോഗിക്കുകയായിരുന്നു.

എന്നാൽ സംഭവിച്ചതെന്താണ്? കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അവർ വൻ തോതിൽ നെഹ്റുവിനെതിരെ ഉപയോഗിച്ച ഈ അതിബുദ്ധി ഇന്ന് അവരെ തന്നെ തിരിച്ചു കൊത്തിയിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്; കോൺഗ്രസ്സിന് മിടുക്കില്ലാത്തത് കൊണ്ട് അത് ജനങ്ങളിൽ എത്തേണ്ട പോലെ എത്തിയിട്ടില്ലെന്നു മാത്രം. മോദി സർക്കാരും ബംഗാൾ സർക്കാരും പുറത്തു വിട്ട ഡോക്യൂമെന്റുകളിൽ നെഹ്രുവും ബോസും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും, ബോസിന്റെ മകളോട് നെഹ്റു പ്രത്യേകമായി കാണിച്ച വാത്സല്യവും, ഇന്ത്യയിൽ അവരെത്തിയപ്പോൾ നെഹ്രുവുമായി നടന്ന വികാരപരമായ കൂടിക്കാഴ്ച്ചയെയും ചൊല്ലിയുള്ള പേപ്പറുകളായിരുന്നു ഉണ്ടായിരുന്നത്. നെഹ്റു പ്രത്യേകമായി ബോസ്സിനെതിരെ ഗൂഢാലോചന നടത്തിയതായി തെളിയിക്കുന്ന ഒരു തെളിവും വന്നതുമില്ല. എന്നാൽ സമർഥമായി ഈ അമളി മറച്ചു വെക്കുകയാണ് ആർ.എസ്.എസ് സംഘവും കേന്ദ്ര സർക്കാരും ചെയ്തത്.

http://www.azhimukham.com/india-a-journey-to-sabarmati-ashram-gandhis-life/

ഇന്ത്യൻ ജനതയുടെ ആവേശമായിരിക്കുമ്പോഴും ആശയതലത്തിലും പ്രവർത്തന തലത്തിലും നെഹ്റുവിന് ഒരു പടി താഴെയാണ് ബോസിന്റെയും സ്ഥാനം. ആ ത്യാഗോജ്വല ജീവിതത്തെ സ്മരിക്കുമ്പോൾ തന്നെ, ഹിറ്റ്ലറോടും ജാപ്പനീസ് രാജവാഴ്ചയോടും സഹായം അഭ്യർത്ഥിച്ച ബോസിന് ആ വഴി തന്റെ ഇടതുപക്ഷ ബോധത്തോട് സന്ധി ചെയ്യേണ്ടി വന്നു. വർത്തമാന കാലത്തെ ഫാസിസ്റ്റുകൾക്ക് പോസ്റ്ററിൽ ബോസിനെ ഉൾക്കൊള്ളിക്കാൻ അതും ഒരു കാരണമായിട്ടുണ്ടാകാം. നെഹ്രുവിന്റെയും ബോസിന്റെയും ശൈലി താരതമ്യം ചെയ്ത് ഇതിനൊരുത്തരം നൽകിയത് ശഹീദ് ഭഗത് സിംങ്ങായിരുന്നു. തൂക്കിലേറ്റുന്ന ദിവസം തന്നെ പിന്തുണച്ചതിന് അഭിഭാഷകൻ വഴി ഇരുവരോടും നന്ദി പറയുന്നുണ്ട് ഭഗത് സിംഗ്. 1928ൽ ജയിലിലിരിക്കെ എഴുതിയ ലേഖനത്തിൽ തന്റെ അണികളോട് ഇന്ത്യൻ ഇടതു പക്ഷത്തിന്റെയും മുന്നേറ്റങ്ങളുടെയും ഭാവി ഈ രണ്ടു പേരിലാണെന്നു പറയുന്ന ഭഗത് സിംഗ്, എന്നാൽ അതിൽ മികച്ച നേതാവ് നെഹ്രുവാണെന്ന് കൂട്ടിച്ചേർക്കുന്നുണ്ട്. ബോസ് എല്ലാത്തിനെയും ഇന്ത്യൻ കണ്ണിലൂടെ വായിക്കാൻ ശ്രമിക്കുകയാണെന്നും, അതിർത്തികൾക്ക് അപ്പുറമുള്ള മാനവികതയെ പറ്റി അദ്ദേഹം പറയാത്തത് നിരാശപ്പെടുത്തുന്നതാണെന്നും ഭഗത് സിംഗ് സൂചിപ്പിച്ചിരുന്നു. സോഷ്യലിസത്തിന്റെ വേര് ഇന്ത്യൻ മണ്ണിലാണ് എന്ന ബോസിന്റെ വാദം ഭഗത് സിംഗിന് സ്വീകാര്യമായിരുന്നില്ല. എന്നാൽ നെഹ്റു ദേശിയതക്ക് അപ്പുറം ലോകത്തെ പറ്റി ചിന്തിക്കുന്ന സോഷ്യലിസ്റ്റ് ആണെന്നത് ഭഗത് സിംഗിനു പ്രതീക്ഷ നൽകിയിരുന്നു. കാലം അത് തെളിയിക്കുകയും ചെയ്തു.എന്നാൽ തീവ്ര ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഭഗത് സിംഗിനെ പോലും എ.ബി.വി.പിക്കാരൻ പോസ്റ്ററിൽ ചേർക്കുന്ന ദൈന്യതയാണ് ഇന്ന് നമ്മൾ കാണുന്നത്. എന്തിനേറെ ചില അവസരങ്ങളിൽ മുസ്ലിങ്ങളുടെ ആളാണെന്ന് പറഞ്ഞ് തങ്ങളിൽ ഒരുവന്റെ തോക്കിൽ തീർത്ത ഗാന്ധിയും ബ്രാഹ്മണിസത്തിനെതിരെയും ഹിന്ദുത്വക്കെതിരെയും സന്ധിയില്ലാ സമരം നടത്തിയ സാക്ഷാൽ അംബേദ്കർ പോലും ഇവരുടെ പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്നു. ആർ.എസ്.എസ് കാര്യാലയത്തിൽ ഗാന്ധി നടത്തിയ സന്ദർശനവും ഗോവധമായി ബന്ധപ്പെട്ട നിലപാടും രാമരാജ്യമെന്ന ഗാന്ധിയൻ സ്വപ്നവും (റഹീമിനെ ഒഴിവാക്കികൊണ്ടുള്ളത്) വ്യാഖ്യാനിച്ചുപയോഗിക്കുന്ന ആർ.എസ്.എസ്, കോൺഗ്രസിനെതിരെ എടുത്ത നിലപാടുകളും കൃതികളിൽ നിന്ന് സമർഥമായി ചീന്തിയെടുത്ത വാക്കുകളും വച്ചാണ് അംബേദ്കറുടെ പേരുപയോഗിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഈ പേരുകളുടെ പ്രസക്തി തിരിച്ചറിയുന്നത് കൊണ്ടാവാം അത്. ഭഗത് സിംഗ് ആകട്ടെ ബോസാകട്ടെ, ജീവനോടെ ഉണ്ടെങ്കിൽ ആർ.എസ്.എസിനോട് ഒരു പക്ഷെ നെഹ്റു ചെയ്തതിലും കടുപ്പത്തിൽ നിലപാടുകൾ എടുക്കുമായിരുന്നു. അവരുടെ ആശയവും പ്രവർത്തിയും അതിലേക്കുള്ള സൂചകങ്ങളായിരുന്നു. എന്നിട്ടും ഇരുവരും ഇടം പിടിക്കുന്ന സംഘിന്റെ പോസ്റ്ററിൽ നെഹ്റുവിന് ഇടമില്ലാത്തത് കുറേക്കൂടി വിശാലമായ ചർച്ചക്ക് ഇടം നൽകുന്നുണ്ട്.

http://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-part-5/

ആർ.എസ്.എസിനു നുണ പറഞ്ഞു പോലും തന്നെ ചേർത്തു നിർത്താൻ ഒരവസരം നെഹ്റു കൊടുത്തിട്ടില്ലെന്നതാണ് കൂടുതൽ ശരി. ആർ.എസ്.എസ്സുകാരൻ ഭൂതകാലത്തേക്ക് നോക്കിയപ്പോൾ ഭാവിയിലേക്കാണ് നെഹ്റു കണ്ണുനട്ടത്. ഇന്ത്യനും ഇന്റർനാഷണലുമായിരുന്നു നെഹ്റു. സോഷ്യലിസ്റ്റായിരുന്നപ്പോഴും റാഡിക്കൽ മുന്നേറ്റങ്ങളിലേക്ക് നെഹ്റു ഒരു വേളയും ഇറങ്ങിപോയിട്ടില്ല. ഭഗത് സിംഗ് അല്ലെങ്കിൽ ബോസ് പോലെ മിലിറ്റൻസിയുടെ പോസ്റ്റർ ബോയ് അല്ലായിരുന്നു ഒരുകാലത്തും നെഹ്റു. പട്ടേലും എന്തിനേറെ പിൽകാലത്ത് മകൾ ഇന്ദിരയും മിലിറ്റൻസി ഫിഗറുകളായി ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിയൻ ആയിരിക്കെ തന്നെ പുരോഗമനമല്ലെന്നു തോന്നുന്ന കാര്യങ്ങളിലെല്ലാം ഗാന്ധിയിൽ നിന്ന് മാറി നടന്നിരുന്നു നെഹ്റു. ആർ.എസ്.എസ് കാര്യാലയത്തിൽ ഗാന്ധി നടത്തിയ പോലൊരു സന്ദർശനം നെഹ്റുവിന് നടത്താൻ കഴിയില്ല. വസ്ത്രധാരണത്തിൽ അംബേദ്കറെ പോലെ അദ്ദേഹവും ഗാന്ധിയൻ രീതിക്ക് എതിരായിരുന്നു. രാഷ്ട്രീയത്തെ ഒരുകാലത്തും ആത്മീയതയുമായി കൂട്ടികുഴക്കാൻ നെഹ്റു പോയിട്ടില്ല. എന്നാൽ തന്റെ പുസ്തകത്തിൽ ഇന്ത്യൻ ജീവിതത്തിൽ അതിനുള്ള പ്രാധാന്യം കുറച്ചു കാണിച്ചിട്ടുമില്ല. തികഞ്ഞ യുക്തിവാദിയായ നെഹ്റു ഇന്ത്യൻ യുവജനം ശാസ്ത്രചിന്തയിലൂന്നി വളരണമെന്ന് നിർബന്ധബുദ്ധി കാണിച്ചിരുന്നു. പശു രാഷ്ട്രീയത്തിന് യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല നെഹ്റു. കാശ്മീർ വിഷയത്തിൽ പോലും ഹരി സിങിന്റെയല്ല, മറിച്ചു ഷെയ്ഖ് അബ്ദുല്ലയുടെ താത്പര്യത്തിനാണ് ചെവി കൊടുക്കേണ്ടതെന്ന ഉന്നത ജനാധിപത്യ മൂല്യത്തിലൂന്നിയ തീരുമാനമാണ് നെഹ്റു എടുത്തത്. ഇതൊന്നും അന്നും ഇന്നും സംഘപരിവാറിന് ഉൾകൊള്ളാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളല്ല.

http://www.azhimukham.com/nationalwrap-nehru-birthday-current-relevance/

ഹിന്ദുവിരുദ്ധനായി ചിത്രീകരിച്ചാണ് നെഹ്റുവിനെ സംഘപരിവാർ പ്രധാനമായും എതിർക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഹിന്ദുവല്ലാത്ത അംബേദ്കറും, ഹിന്ദുവിശ്വാസിയല്ലാത്ത നെഹ്റുവും തയ്യാറാക്കിയ, വലിയ പ്രതിഷേധത്തിനോടുവിൽ പാസ്സാക്കിയെടുത്ത ഹിന്ദു കോഡ് ബില്ലാണ് ഹിന്ദു ജനസാമാന്യത്തിൽ ഭൂരിപക്ഷത്തിനും നീതി ഉറപ്പു വരുത്തിയതെന്ന സത്യം ഇവർ മനഃപൂർവ്വമാണ് വിസ്മരിക്കുന്നത്. എന്നാൽ നുണകളിലൂടെ അതിനെയും അവഹേളിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ട്. അതേ ചൊല്ലി പിൽകാലത്ത് ഒരു ആർ.എസ്.എസ് സൈദ്ധാന്തികന്റെ ലേഖനത്തിൽ പറഞ്ഞത്, തന്റെ പുസ്തകങ്ങളുടെ റോയൽറ്റിയും വലിയ തുകയും തന്റെ സ്വത്തും ഒറ്റ മകൾക്ക് ലഭിക്കാൻ വേണ്ടി നെഹ്റു സൃഷ്ടിച്ചതാണ് കോഡ് ബിൽ എന്നായിരുന്നു! ഭൂരിപക്ഷ വർഗീയത പോലെ തന്നെ ന്യൂനപക്ഷ വർഗീയതയെയും നെഹ്റു എതിർത്തിരുന്നു എന്ന സത്യവും ഇവർ മറച്ചു പിടിക്കുന്നു. കാശ്മീരി പണ്ഡിറ്റായ നെഹ്റുവിന്റെ പൂർവ്വപിതാക്കന്മാർ മുസ്ലിങ്ങളാണ് എന്ന വാദം സംഘപരിവാർ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പിൽകാലത്ത് ഇന്ദിര ഗാന്ധിയുടെ യഥാർത്ഥ പേർ മൈമൂന ബീഗമെന്നാണെന്ന് പറയുന്നതും രാഹുൽ ഗാന്ധി റൗൾ വിൻസിയാണെന്നും പറഞ്ഞതും, അത് വഴി ആ കുടുംബമൊന്നാകെ ഹിന്ദു വിരുദ്ധരാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതും നമുക്ക് മുന്നിലുണ്ട്. എന്നാൽ മതത്തിനപ്പുറത്തെ മാനവികതയെ കണ്ട നെഹ്റുവിനോട് ചെയ്യാവുന്ന ഏറ്റവും തരം താണ നടപടിയായേ ഇതിനെ നോക്കിക്കാണാൻ സാധിക്കൂ.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ ഇന്ന് കാണുന്ന അടിസ്ഥാന ആശയശിലകളായ ഗാന്ധിയൻ സർവോദയ, വ്യക്തിസ്വാതന്ത്ര്യം, മതേതരത്വം എന്നിവയുടെയെല്ലാം അടിത്തറ തയാറാക്കിയത് നെഹ്റുവാണ്. തന്റെ ജീവിത കാലത്ത് ഇതിനോടൊക്കെ നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. നെഹ്റു കുടുംബത്തിലെ പിൻതലമുറക്കാർക്ക് പറ്റിയ തെറ്റുകളുടെ പുറത്താണ് നെഹ്റുവിയൻ ലെഗസി പലരും കുറച്ചു കാണാറുള്ളത്. ഇന്ദിരയുടെ കാലത്ത് വ്യക്തിസ്വാതന്ത്ര്യത്തിനും രാജീവിന്റെ കാലത്ത് മതേതരത്വത്തിനും പല വിധ പോറലുകൾ ഏറ്റിട്ടുണ്ട്. എന്നാൽ ഈ പ്രധാന ആശയങ്ങളെ നെഹ്റു ഏറെ പരിപാവനമായിട്ടാണ് സൂക്ഷിച്ചു പൊന്നതെന്നു ആ ജീവിത രേഖയുടെ കടന്നു പോയാൽ മനസ്സിലാകും. ഈ ആശയങ്ങളുടെ എതിരെ നിൽക്കുന്ന ആർ.എസ്.എസ്സിന് അതിനാൽ ജവാഹർലാലിന്റെ ഓർമകൾ ഇല്ലാതാക്കാതെ ശാശ്വതമായ നിലനിൽപ്പില്ല. നെഹ്റുവിന്റെ ഓർമകൾ പേറുന്ന എല്ലാം തകർക്കാൻ എല്ലാ കാലത്തും സംഘ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ബി.ജെ.പി ലക്ഷ്യമിടുന്ന 'കോൺഗ്രസ്സ് മുക്ത ഭാരതം' പോലും വലിയോരളവിൽ നെഹ്റു മുക്ത ഭാരതമാണ്. അതിനാൽ ഒരു ട്വീറ്റിനപ്പുറം ഈ ദിവസം എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ പോലും നരേന്ദ്ര മോദിക്ക് കഴിയില്ല. എന്നാൽ ഫാസിസത്തെ പ്രതിരോധിക്കുന്ന ഓരോ പോരാളിക്കും ഈ ദിവസം പ്രത്യേക ഊർജം നൽകുക തന്നെ ചെയ്യും.

http://www.azhimukham.com/trending-trying-to-reopen-gandhis-murder-probe-is-part-of-an-orchestrated-campaign-of-lies/

കുറവുകളുണ്ടെങ്കിലും ചേരിചേരാ നയമുണ്ടാക്കി ലോകത്തിനു മുന്നിൽ വേറിട്ട വഴി തുറന്ന നേതാവ്, ലോകം വാഴ്ത്തുന്ന പുസ്തകങ്ങളുടെ രചയിതാവ്, അതിൽ തന്നെ ഇന്ത്യയുടെ ആത്മാവിനെ, അതിന്റെ ബൗദ്ധിക ആത്മീയ മണ്ഡലത്തെ പറ്റി ഏറ്റവും ആഴത്തിൽ തൊട്ടു പോകുന്ന കൃതിയുടെ സൃഷ്ടാവ് (അത്രമേൽ ഇന്ത്യയെ മനസ്സിലാക്കിയ ഒരാൾ ചരിത്രത്തിലെപ്പോഴെങ്കിലും സംഘപരിവാറിന്റെ കൂട്ടത്തിലുണ്ടോ?), പലസ്തീൻ പ്രശ്നത്തിലും ക്യൂബൻ നേതാക്കളുമായിട്ടുള്ള ഇടപെടലിലും ആഫ്രിക്കൻ രാജ്യങ്ങളോടുള്ള സംസർഗ്ഗത്തിലും ടിബറ്റൻ വിഷയത്തിലും മാനവികതയിലൂന്നി നിലപാടെടുത്ത മനുഷ്യസ്നേഹി, ഇന്ത്യ പോലൊരു വലിയ രാജ്യത്തിന്റെ വളർച്ചക്ക് സാങ്കേതികതക്കുള്ള പ്രാധാന്യം വളരെ നേരത്തെ തിരിച്ചറിഞ്ഞ ദീർഘദർശി, വിമർശനങ്ങളെ സ്വീകരിച്ചിരുന്ന ഭരണാധികാരി. എല്ലാത്തിലുമുപരി വർഗീയ ആശയങ്ങളോട് അണിചേരുന്നത് തന്നെ നാണകേടാണെന്ന ബോധം തന്റെ കാലത്ത് ഇന്ത്യൻ പൊതുമണ്ഡലത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞ പ്രധാനമന്ത്രി. നരേന്ദ്ര മോദിയുടെ കാലത്ത്, ആർ.എസ്.എസ് കാലത്ത്, നെഹ്റു പല വിധത്തിൽ ആഘോഷിക്കപ്പെടേണ്ടതുണ്ട്.

http://www.azhimukham.com/trending-srechithran-mj-status-on-amith-shas-controversial-statement-on-mrinalini/

Next Story

Related Stories