TopTop
Begin typing your search above and press return to search.

ഓരോ വീട്ടിലും ഒരു ബി ജെ പി അംഗം; വരുന്നൂ പി എസ് ശ്രീധരന്‍ പിള്ളയുടെ 'സർവ വ്യാപി സർവ സ്പർശി' പദ്ധതി

ഓരോ വീട്ടിലും ഒരു ബി ജെ പി അംഗം; വരുന്നൂ പി എസ് ശ്രീധരന്‍ പിള്ളയുടെ 
ശബരിമലയിലെ യുവതി പ്രവേശന വിഷയം ഒരു സുവര്‍ണാവസരമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ബി ജെ പി കേരള ഘടകം പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള അവറുകളായിരുന്നു. കേരളത്തിൽ ഇനിയും വേണ്ടത്ര വേരോട്ടം ലഭിച്ചിട്ടില്ലാത്ത ബി ജെ പിക്ക് ക്ലച്ച് പിടിക്കാൻ ഇതിനേക്കാൾ നല്ലൊരു അവസരം വേറെ ലഭിക്കില്ലെന്ന് അദ്ദേഹം ആത്മാർഥമായി വിശ്വസിച്ചു. ഇതര സംഘ പരിവാർ സംഘടനകളെക്കൂടി കൂട്ടുപിടിച്ചു പ്രക്ഷോഭത്തിന്റെ വിത്തുകൾ നാടെങ്ങും വിതച്ചു. പക്ഷെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോഴാണ് പിള്ള സാറിന് കാര്യത്തിന്റെ കിടപ്പു മനസ്സിലായത്. താനും തന്റെ ആൾക്കാരും ചേർന്ന് വിതച്ചതെല്ലാം പിന്നാലെ വന്ന കോൺഗ്രസ്സും യു ഡി എഫും ചേർന്ന് കൊയ്തുകൊണ്ടുപോയെന്ന്. ആ സങ്കടത്തിൽ നിന്നും അദ്ദേഹവും അദ്ദേഹത്തിന്റെ ആൾക്കാരും ഇനിയും മോചിതരായിട്ടില്ല. എന്നുകരുതി തോറ്റു പിൻവാങ്ങാനൊന്നും പിള്ള സാർ ഒരുക്കമല്ല. അല്ലെങ്കിലും അദ്ദേഹത്തിന്റെ സിരകളിലും ഓടുന്നത് ക്ഷത്രിയ  രക്തം തന്നെയല്ലേ!

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ച നിലപാടിനോട് എതിർപ്പുള്ള കമ്മ്യൂണിസ്റ്റുകൾ അടക്കമുള്ളവരെ എത്രയും പെട്ടെന്ന് ബി ജെ പി യിലെത്തിച്ചു പാർട്ടി വളർത്തുക എന്നതാണ് പിള്ള സാറിന്റെ അടുത്ത കർമ്മ പരിപാടി. വൈകിപ്പിച്ചാൽ ഈ നീക്കവും പാളിപ്പോയേക്കാമെന്നും യു ഡി എഫ് വീണ്ടും നേട്ടം കൊയ്യുമെന്നും പിള്ള സാറിന് നല്ല പേടിയുണ്ട്. അതുകൊണ്ടു അടുത്ത മാസം തന്നെ ചാക്കുമായി രംഗത്തിറങ്ങാനാണ് പദ്ധതി. പിള്ള സാറിന്റെ പുതിയ ചാക്കിടൽ പദ്ധതിക്ക്  ഒ രാജഗോപാലും കുമ്മനം രാജശേഖരനുമടക്കം കേരളത്തിലെ സകലമാന പാർട്ടി നേതാക്കളുടെയും സമ്പൂർണ പിന്തുണയുമുണ്ട്. ഇന്നലെ കണ്ണൂരിൽ ചേർന്ന സംസ്ഥാന നേതൃ യോഗത്തിലാണ് പുതിയ പദ്ധതിയുടെ അവതരണം ഉണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷും യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദവും പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പ്.

നിലവിൽ ബി ജെ പിക്കു സംസ്ഥാനത്ത് 15  ലക്ഷം അംഗങ്ങളാണ് ഉള്ളത്. ഒറ്റ മാസം കൊണ്ട് (അതായത് ജൂലൈ 6 മുതൽ ആഗസ്ത് 11 വരെയുള്ള സമയം കൊണ്ട്) ഇത് 30 ലക്ഷമാക്കി ഉയർത്തണം. അതിനുവേണ്ടി  ജില്ലാ തലത്തിൽ ശില്പശാലകൾ സംഘടിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. പിള്ള സാറിന്റെ പുതിയ ചാക്കിട്ടുപിടുത്ത പദ്ധതിക്ക് 'സർവ വ്യാപി സർവ സർവ സ്പർശി' എന്നാണ് പേരിട്ടിരിക്കുന്നത്.  മുൻപ് ബി  ജെ പിയുടെ കേരളത്തിലെ ഘടക കക്ഷിയായ ബി ഡി ജെ എസ്  ഉയർത്തിയ 'നായാടി മുതൽ നമ്പൂതിരി വരെ ' എന്ന മുദ്രാവാക്യം പോലെ തന്നെ ജാതി, വർണ, മത ഭേദമില്ലാതെ കേരളത്തിലെ മുഴുവൻ ജനതയെയും ലക്‌ഷ്യം വെച്ചുള്ള ഒരു പദ്ധതി ആകയാൽ ആവണം ഇങ്ങനെയൊരു പേര് ഇരിക്കട്ടെ എന്ന് നിശ്ചയിച്ചത്.

നിലവിലുള്ള 'മിസ്സ്ഡ് കാൾ' 'ഓൺലൈൻ ലിങ്ക്' ഏർപ്പാടുകൾ തുടരുന്നതിനൊപ്പം തന്നെയാണ് 'സർവ വ്യാപി സർവ സ്പർശി' പദ്ധതി കൂടി ആവിഷ്ക്കരിച്ചിരിക്കുന്നത്. പുതിയ തലമുറയെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം ശക്തിപ്പെടുത്താനും ഇന്നലത്തെ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. അപ്പോഴും ആർ എസ് എസ് നേതാവും പാർട്ടിയുടെ മുൻ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയുമൊക്കെ ആയിരുന്ന പി പി മുകുന്ദനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യത്തെ ക്കുറിച്ചു മാത്രം നേതാക്കൾക്ക് മിണ്ടാട്ടമില്ല. ഓരോ വീട്ടിലും ഒരു സർക്കാർ ജോലി എന്ന പഴയ കാല രാഷ്ട്രീയ മുദ്രാവാക്യത്തെ ഓർമിപ്പിക്കും വിധം ഓരോ വീട്ടിലും ഒരു ബി ജെ പി അംഗം എന്നതാണ് 'സർവ വ്യാപി സർവ സ്പർശി' പദ്ധതി മുന്നോട്ടു വെക്കുന്ന പുതിയ മുദ്രാവാക്യം. പിള്ളസാറിന്റെ പുതിയ പദ്ധതിയുടെ ഭാവി എന്തായാലും വൈകാതെ അറിയാം. എന്നെ ബി ജെ പി യിലേക്ക് നേരിട്ടെടുക്കൂ എന്ന് പറഞ്ഞു എ പി അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവർ കാത്തിരിക്കുമ്പോൾ പദ്ധതി സമ്പൂർണ പരാജയം ആവാനിടയില്ല.

Next Story

Related Stories