TopTop
Begin typing your search above and press return to search.

ബന്‍സാലി നിങ്ങള്‍ നിരാശപ്പെടുത്തി; സീതയും ശീലാവതിയും കണ്ണകിയുമൊന്നുമല്ല, ആണ്ടാള്‍ ദേവനായികമാരാണ് ഞങ്ങളുടെ നായികമാര്‍

ബന്‍സാലി നിങ്ങള്‍ നിരാശപ്പെടുത്തി; സീതയും ശീലാവതിയും കണ്ണകിയുമൊന്നുമല്ല, ആണ്ടാള്‍ ദേവനായികമാരാണ് ഞങ്ങളുടെ നായികമാര്‍

വേര് പിണഞ്ഞു കിടക്കുന്ന ചരിത്രവും മിത്തും കലാകാരന്റെ ഭാവനയെ ഉദ്ധീപിപ്പിക്കുന്നതിന്റെ ആദ്യ ഉദാഹരണമൊന്നുമല്ല 'പദ്മാവതി'. എന്നാല്‍ വിവാദങ്ങളെ വേട്ടയാടി ജീവിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍, 'പദ്മാവതി' ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു ലക്ഷ്മണ രേഖ എവിടെ വരയ്ക്കണം എന്ന് പഠിപ്പിക്കുന്നവരുടെ പുതിയ പാഠപുസ്തകമാണ്.

മംഗോള്‍ അധിനിവേശത്തെ ധീരമായി ചെറുത്ത ഡല്‍ഹി ഭരണാധികാരി പദ്മിനിയെ മോഹിക്കുമ്പോള്‍ അത് അപരാധമായി ചിത്രീകരിക്കുന്നിടത്തു തന്നെയാണ് അംബ അംബിക അംബാലികമാരെ തേരില്‍ പിടിച്ചു കേറ്റി വന്ന ഭീഷ്മര്‍ ആരോപണങ്ങള്‍ക്ക് അതീതനാകുന്നത്. സ്വന്തം വംശം നിലനിര്‍ത്താന്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തി കതിര്‍മണ്ഡപത്തില്‍ നിന്ന് രാജകുമാരിമാരെ തട്ടികൊണ്ട് പോയതിന്റെയും യുദ്ധഭീഷണി മുഴക്കി ശക്തി കുറഞ്ഞ രാജാക്കന്മാരുടെ പുത്രിമാരെ സ്വന്തമാക്കിയതിന്റെയും അന്യന്റെ ഭാര്യയെ കാമിച്ചു സ്വന്തമാക്കിയ വീരരുടെയും കഥകള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ വിളംബരം ചെയ്യുന്ന ഗരിമയാര്‍ന്ന ഏടുകള്‍ ആയി മാറിയിട്ടുണ്ട്. അന്ധനായ രാജാവിന് സ്വന്തം സഹോദരിയെ നല്‍കേണ്ടി വന്ന സഹോദരന്റെ പ്രതികാരാഗ്‌നിയാണ് ഐതിഹാസികമായ യുദ്ധത്തിലേക്ക് നയിച്ചതെന്നും ഒരു വ്യാഖ്യാനം ഉണ്ടല്ലോ.

http://www.azhimukham.com/sanjay-leela-bansali-padmavathi-karni-sena-attack-film-set/

ഖില്‍ജി പദ്മിനിയെ അല്ല പദ്മിനി ഖില്‍ജിയെ സ്വപ്നം കാണണമായിരുന്നു. ത്യാഗത്തിന്റെയും പാതിവ്രത്യത്തിന്റെയും മൂര്‍ത്തിമദ്‌രൂപമായ പദ്മിനി മ്ലേച്ഛനും സ്ത്രീ ലമ്പടനുമായ അലാവുദ്ധീന്‍ ഖില്‍ജിയെ സ്വപ്നം കാണുന്നത് പോലും അചിന്ത്യം ആണ്. സ്ത്രീകളുടെ സ്വപ്നങ്ങളുടെ പോലും പേറ്റന്റ് എടുത്തവര്‍ക്ക് അവരുടെ അബോധ മനസ്സിന്റെ ദിക്കറിയാത്ത, കടിഞ്ഞാണില്ലാത്ത സഞ്ചാരങ്ങള്‍ പോലും നിയന്ത്രിക്കേണ്ടതുണ്ട്.

എന്നാല്‍ വൈദേശിക വേരുകള്‍ ഉള്ള ഒരു മുസ്ലിം ഭരണാധികാരി ഒരു രജ്പുത് സുന്ദരിയെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കുമോ, ആ വീരനോട് മനസ്സിന്റെ ഏതെങ്കിലും കോണില്‍ ആ സുന്ദരിക്ക് താല്പര്യം ജനിച്ചിരിക്കുമോ എന്ന ചിന്ത പോലും നൂറ്റാണ്ടുകള്‍ക്കിപ്പുറം നമ്മളില്‍ പകയും വിദ്വേഷവും നിറയ്ക്കുന്ന അവസ്ഥ, ജീവിച്ചിരുന്നിരുന്നോ എന്ന് പോലും അറിയാത്ത ഒരു സുന്ദരിയുടെ സ്വപ്നങ്ങളുടെ കടിഞ്ഞാണ്‍ തങ്ങളുടെ കയ്യില്‍ നിന്ന് വിട്ടു പോയിട്ടുണ്ടാകുമോ എന്ന് ഭയക്കുന്ന ഒരു പുരുഷ കേന്ദ്രീകൃത സമൂഹം ആ കലാസൃഷ്ടിയുടെ അണിയറപ്രവര്‍ത്തകരുടെ ജീവന് വിലപറയുന്ന അവസ്ഥ, സിനിമയ്ക്കു വേണ്ടി സംസാരിക്കുന്ന സ്ത്രീകളുടെ മൂക്കും മുലയും മുറിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന അവസ്ഥ... അതെ വര്‍ത്തമാന ഇന്ത്യ ദരിദ്രനാരായണന്മാരുടെ മാത്രമല്ല മതഭ്രാന്തന്മാരുടെ കൂടെ എന്ന് പറയാന്‍ ഒരു ഉദാഹരണം കൂടെ നമുക്ക് കിട്ടിയത് മിച്ചം.

ഖില്‍ജി പദ്മിനിയെ സ്വപ്നം കണ്ടാലും പദ്മിനി ഖില്‍ജിയെ സ്വപ്നം കണ്ടാലും സഹിക്കാന്‍ ആകാത്ത വിധം മനുവിന്റെ സ്ത്രീ സംരക്ഷണ സിദ്ധാന്തം തലയില്‍ കയറ്റിയവര്‍ക്ക് ഈ സിനിമ പ്രശ്‌നമാകുന്നത് മനസിലാക്കാം. മാനം രക്ഷിക്കാന്‍ ആത്മാഹുതി ചെയ്യുന്ന ഭാരത സ്ത്രീയുടെ ഭാവശുദ്ധി അടിവരയിട്ട് പറഞ്ഞത് രാഷ്ട്ര പിതാവും കൂടെ ആയിരുന്നല്ലോ.

പക്ഷേ, ഇതിനകം പുറത്തു വന്ന സിനിമയെക്കുറിച്ചുള്ള നിരൂപണം വിശ്വസിക്കാമെങ്കില്‍... സഞ്ജയ് ലീല ബന്‍സാലി നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി...

'പദ്മാവതി'ക്കു നേരെ ഉയര്‍ന്ന വിമര്‍ശന വാളുകള്‍, തങ്ങളുടെ ആണ്‍കോയ്മ അപകടത്തിലാണ് എന്ന് ഭയന്നവരുടേതായിരുന്നെങ്കില്‍ താങ്കള്‍ തടുത്ത പരിചയും അതേ ആലയില്‍ പണി തീര്‍ത്തതാണെന്നു പറയേണ്ടി വരുന്നു. നിങ്ങളുടെ സിനിമയ്‌ക്കൊപ്പം നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം എന്ന് പറയുമ്പോള്‍ തന്നെ അറിയാതെ ഇവിടത്തെ സ്ത്രീകള്‍ സ്വയം എതിര്‍പക്ഷത്തു നില്‍ക്കുകയാണ്. സ്ത്രീ തന്റെ മാത്രം സ്വത്താണെന്നും അവളുടെ ശരീരവും മനസ്സും തന്റേത് മാത്രമാണെന്നും തന്റെ മരണശേഷവും അവള്‍ മറ്റൊരാളുടേതാകരുതെന്നുമുള്ള പുരുഷന്റെ സ്വാര്‍ത്ഥ ചിന്ത, വളരെ മനോഹരമായ സ്ത്രീ വിരുദ്ധ ആചാരങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അത്തരം ഒരു ആചാരത്തെ ഉയര്‍ത്തി പിടിച്ചു നിങ്ങള്‍ അഭ്രപാളിയില്‍ അതിനെ മഹത്വവത്കരിക്കുമ്പോള്‍ തോറ്റു പോകുന്നത് ഇന്ത്യന്‍ സ്ത്രീത്വമാണ്.

http://www.azhimukham.com/edit-bansali-film-padmavati-and-sangh-parivar/

മുഗള്‍ ഭരണവും ഖില്‍ജി ഭരണവും എല്ലാം ചരിത്ര രേഖപ്പെടുത്തലുകളായി മാറുന്നതിനു പകരം ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും അധിനിവേശിക്കുന്ന ശക്തികളായി മാറുന്നത് സ്ഥാപിത താല്പര്യങ്ങള്‍ കൊണ്ടാണ് എന്ന് തന്നെ പറയേണ്ടി വരും. ലവ് ജിഹാദ് ഭീതിയുടെ അലയൊലികള്‍ ഹാദിയ കേസോടു കൂടെ ഇന്ത്യ മുഴുവന്‍ മുഴുങ്ങുമ്പോള്‍, കൃത്യമായ ആസൂത്രണത്തോട് കൂടിയ അപരവത്കരണം ഇന്നിന്റെ യാഥാര്‍ഥ്യമായി കൊണ്ടിരിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഉള്ളതാണെങ്കിലും പോലും ലവ് ജിഹാദിന്റെ പ്രാകൃത രൂപം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു മുസ്ലിം പുരുഷന്‍ -ഹിന്ദു സ്ത്രീ പ്രണയം വര്‍ഗീയ വാദികളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുക.

1303 ലെ ചിറ്റോര്‍ കോട്ട പിടിച്ചെടുക്കലിനെ അധികരിച്ചു പതിനാറാം നൂറ്റാണ്ടിലിരുന്ന് മാലിക് മുഹമ്മദ് ജയസി എഴുതിയ ഒരു സാങ്കല്പിക കാവ്യം രാജ്പുത് വംശത്തിന്റെ അഭിമാനത്തിന്റെയും ധീരതയുടെയും വിളംബര കാവ്യമാകുന്നത് അലാവുദ്ധീന്‍ ഖില്‍ജി യുദ്ധത്തില്‍ തോറ്റു തുന്നം പാടിയെന്നു പറയുന്നത് കൊണ്ടല്ല. ഖില്‍ജി മോഹിച്ച സുന്ദരി ലവ് ജിഹാദിന് അവസരം നല്‍കാതെ തന്റെ തോഴിമാരോടും മറ്റു സ്ത്രീജനങ്ങളോടും കൂടെ ജൗഹര്‍ ആചരിച്ചു പാതിവ്രത്യ തീ പന്തങ്ങള്‍ ആയെന്നു പറയുന്നത് കൊണ്ടാണ്. ഏതെങ്കിലും ഒരു സ്ത്രീക്കെങ്കിലും ചിതയില്‍ ചാടുന്നതിനു പകരം യുദ്ധം ജയിച്ചു വന്ന വീരന്റെ കൂടെ ശിഷ്ട ജീവിതം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നോ? ആലോചന പോലും തെറ്റ്. ഒരു പക്ഷെ, അങ്ങനെ ആലോചിച്ചിരുന്നെങ്കില്‍ ജയസി ഇന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നത് പദ്മാവതിയുടെ രചയിതാവാണ് എന്ന് ആയിരിക്കില്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ജീവിതം ഹോമിച്ച ഒരു കലാകാരനായിട്ടായിരുന്നേനെ. എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇരുന്നു വെറുതെ, ഇത്തിരി ഉറക്കെ ഒരു ആത്മഗതം ഒരു സ്ത്രീ നടത്തട്ടെയോ. സ്ത്രീകള്‍ തമ്മില്‍ യുദ്ധം നടന്നു, ജയിച്ച സ്ത്രീ തോറ്റ സ്ത്രീയുടെ ഭര്‍ത്താവിന്റെ മേല്‍ അവകാശം സ്ഥാപിക്കാന്‍ വന്നപ്പോള്‍ ഭയന്ന് ആ ഭര്‍ത്താവ് ആത്മാഹുതി ചെയ്യുന്നത്. ഏതോ ഒരു വിഡ്ഢി സ്ത്രീ പുലമ്പുന്ന പാഴ്കഥ ആകും അത്.

http://www.azhimukham.com/vayicho-karnisena-idiots-says-arnobgosami/

കാരണം ദൈവം സ്ത്രീകളുടെ കാലുകള്‍ക്കിടയില്‍ മാത്രമേ കുടുംബത്തിന്റെ മാനം വെച്ച് അടച്ചിട്ടുള്ളൂ... ആ അത്ഭുത ഖജനാവ് സമൂഹം കല്‍പിച്ച വിധി വിലക്കുകള്‍ അനുസരിച്ചേ തുറക്കാവൂ. സ്വന്തം ഇഷ്ടത്തിനത് തുറക്കുന്ന സ്ത്രീ കുടുംബത്തിനും കുലത്തിനും നാടിനും അപമാനമാകും. സ്വന്തം ആഗ്രഹങ്ങള്‍ എന്തെന്ന് പോലും തിരിച്ചറിയാതെ ആ നിധി കുംഭം സ്വന്തം സന്തോഷത്തിന് എങ്ങിനെ ഉപയോഗിക്കണം എന്നറിയാതെ, അതിനു കാവല്‍ നില്‍ക്കുന്ന നാഗങ്ങള്‍ ആകാന്‍ ആണ് എല്ലാ വേദഗ്രന്ഥങ്ങളും മത ശാസനകളും നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്.

പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും സാരോപദേശ കഥകളും എല്ലാം നമ്മുടെ സമൂഹത്തിന്റെ ഉപബോധത്തില്‍ അടിച്ചേല്‍പ്പിച്ച ഈ പാതിവ്രത്യ/ ചാരിത്ര്യ ബോധത്തെ അടിച്ചേല്‍പ്പിച്ചു എന്നല്ലേ, സഞ്ജയ് ലീല ബന്‍സാലി, നിങ്ങളുടെ സിനിമ കണ്ടു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അര്‍ണാബിനെ പോലെ ഉള്ളവരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി, ബന്‍സാലി.. ചരിത്രമെന്നു പറയപ്പെടുന്നതില്‍ നിന്ന് അല്ലെങ്കില്‍ ജിയാസിയുടെ മൂലകൃതിയില്‍ നിന്ന് നിങ്ങള്‍ വഴി മാറണമായിരുന്നു. പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു തരം ദുരഭിമാന കൊല മാത്രമാണ് ജൗഹാര്‍ എന്ന് പറഞ്ഞു വെക്കണമായിരുന്നു അങ്ങയുടെ സിനിമ. പദ്മാവതി ഖില്‍ജിയെ പ്രണയിക്കട്ടെ.. സ്വപ്നം കാണട്ടെ... രമിക്കട്ടെ...സൗന്ദര്യമുള്ള വസ്തുക്കള്‍ ആഗ്രഹിക്കുന്ന രത്‌നസേനനും ഖില്‍ജിയും തുറന്ന സ്ത്രീമനസ്സിനു മുന്നില്‍ വ്യത്യസ്തരല്ല. ഭാര്യമാരുടെ കിടപ്പറകള്‍ക്കിടയില്‍ ഓടി ക്ഷീണിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഇല്ലാത്ത ധാര്‍മിക ബോധം സ്ത്രീകള്‍ക്ക് മേല്‍ മാത്രം കരിനിഴല്‍ വിരിക്കേണ്ടതില്ല. പിതൃവാഴ്ചയുടെ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സിനിമ എത്ര മനോഹരമായ കലാവിഷ്‌കാരം എന്ന് പറഞ്ഞാലും അത് ഒരു നല്ല സൃഷ്ടി അല്ലെന്നു നമ്മുടെ പെണ്‍ജന്മങ്ങള്‍ വിധിയെഴുതുന്ന കാലം വിദൂരമാകില്ല.

ഉഗ്രശ്രവസ്സിനെ വേശ്യാഗൃഹത്തിലേക്കു ചുമന്ന ശീലാവതിയെയും ഭര്‍തൃപാദത്തിലെ ധൂളികളാകാന്‍ കൊതിച്ച സീതയെയും ഊര്‍മിളയെയും, തന്നെ ചതിച്ച ഭര്‍ത്താവിന്റെ മരണത്തിനു പകരം ചോദിക്കാന്‍ ഒരു നാടിനെ ദഹിപ്പിക്കാന്‍ ഇറങ്ങി തിരിച്ച കണ്ണകിയെയും ഭക്തി കൊണ്ടും തപ ശക്തി കൊണ്ടും ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചു പിടിച്ച സത്യവതിയെയും ഭര്‍ത്താവിന് വേണ്ടി ജീവന്‍ ത്യജിച്ച മാദ്രിയെയും ഭൂമിയിലെ സുന്ദരകാഴ്ചകള്‍ ത്യജിച്ച ഗാന്ധാരിയെയും ഇനിയും ഉദാത്ത മാതൃകകളായി അവതരിപ്പിക്കേണ്ട. സപത്‌നികളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ആയി ഒരു ഉദാഹരണവും നിരത്തേണ്ടതില്ല. പുരുഷനെ ഒരു നേരമെങ്കിലും ഭ്രമത്തോടെ നോക്കിയതിനു പിംഗളയെന്ന സുന്ദരിയെ ത്രിവക്രയെന്ന വിരൂപയാക്കിയ, ലക്ഷ്മി ദേവിയെ പെണ്‍കുതിരയാക്കിയ, സ്വന്തം അഭിനിവേശം അറിയിച്ചതിനു ശൂര്‍പ്പണഖയുടെ മൂക്കും മുലയും മുറിച്ച കഥകള്‍ ഇനി സ്വാതന്ത്ര്യത്തിനും തുല്യ നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിലെ രോഷാഗ്‌നി ജ്വലിപ്പിക്കുന്ന ഓര്‍മ്മകള്‍ ആകട്ടെ. അഞ്ച് വീര പരാക്രമികളുണ്ടായിട്ടും പരപുരുഷനെ വിളിച്ചു കരയേണ്ടി വന്ന ദ്രൗപദി നമുക്ക് പതിതയല്ലെങ്കില്‍ ഖില്‍ജിയെന്ന വീരനെ മോഹിച്ച പദ്മിനി എന്ന സുന്ദരി ഉണ്ടായിരുന്നെങ്കില്‍ അവളും പതിതയാകേണ്ടതില്ല.

http://www.azhimukham.com/nationalwrap-padmavati-sanjayleelabhbansali-movie-divides-indian-politics/

ഒരു പുരുഷന്‍ ബലമായി പ്രാപിച്ചാല്‍ തീരാവുന്ന ജീവിതമേ ഉള്ളൂ ഒരു സ്ത്രീക്ക് എന്ന് പഠിപ്പിക്കാന്‍ ആയി ഈ സിനിമ വേണ്ടിയിരുന്നില്ല. പകരം ഞങ്ങള്‍ നെഞ്ചേറ്റും ടി ഡി രാമകൃഷ്ണന്റെ ആണ്ടാള്‍ ദേവനായകിയെ. സ്വന്തം തൃഷ്ണയെ പിന്തുടര്‍ന്ന, അരതാലിയിട്ട് മുറുക്കിയാല്‍ പെണ്ണിന്റെ വികാരങ്ങളെ അടക്കാന്‍ പറ്റില്ലെന്ന് തെളിയിച്ച, പ്രതികാരത്തിന് ഉടലും ആയുധമെന്നു അറിയിച്ച ദേവനായകി.

ബന്‍സാലി... നിങ്ങള്‍ ഒരു ക്ഷമാപണം പോലെ...ഒരുന്യായീകരണം പോലെ പറയുന്നുണ്ടല്ലോ പരാതി ഉയര്‍ന്ന ഗൂമാര്‍ ഡാന്‍സ് രംഗത്തില്‍ അവര്‍ അവരുടെ ഭര്‍ത്താവിന് മുന്നില്‍ ആണ് ഡാന്‍സ് ചെയ്തത്...റാണിയുടെ ഡാന്‍സിനും തട്ടമിട്ട പെണ്‍കുട്ടികളുടെ ഡാന്‍സിനും വിലക്ക് കല്‍പ്പിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് മുന്നില്‍ ധൈര്യത്തോടെ വിലക്കുകള്‍ പൊട്ടിച്ചെറിയുന്ന ഒരു റാണിയെ... ധീരതയോടെ യുദ്ധം നയിക്കുന്ന റാണിയെ... ഇഷ്ടമുള്ളവരെ പ്രണയിക്കുന്ന റാണിയെ...നിങ്ങള്‍ പരിചയപ്പെടുത്തണമായിരുന്നു. നരകവും ജീവനാശവും എല്ലാം വിധിച്ചു സ്ത്രീകളെ പേടിപ്പിച്ചു വെച്ച് എന്നും അവരെ കാല്‍ച്ചുവട്ടില്‍ നിര്‍ത്താന്‍ വെമ്പുന്ന സങ്കുചിത സ്വാര്‍ത്ഥ കപട സാദാചാര വാദികളായ പുരുഷകേസരികള്‍ക്കു മുന്നിലേക്ക് വരട്ടെ നൃത്തം ചെയ്തു കൊണ്ട് നമ്മുടെ റാണിയുംമലപ്പുറത്തെ തട്ടമിട്ട കുട്ടികളും. എതിര്‍ക്കുന്നവര്‍ക്ക് ഒരേ മുഖവും ഒരേ ആശയവുമാണ്. അവരുടെ നിലപാട് തറ മാന്തിയാല്‍ കാണാം വേരുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്നത്...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories