TopTop
Begin typing your search above and press return to search.

അടൂര്‍ 'വിധേയനാ'ക്കിയ പോള്‍ സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിത'ത്തിന് പുലിക്കുന്നേല്‍ കുടുംബത്തില്‍ നിന്നൊരു പാലാ വേര്‍ഷന്‍

അടൂര്‍
കരിങ്ങോഴക്കൽ മാണി മണിയെന്ന കെ എം മാണിയെ ആദ്യമായി നേരിൽ കാണുന്നത് 1977ലെ തിരെഞ്ഞെടുപ്പ് കാലത്താണ്. പ്രീ ഡിഗ്രി മാർക് ലിസ്റ്റ് വാങ്ങാൻ പാലാ സെന്റ് തോമസ് കോളേജിലേക്ക് പോകുമ്പോൾ ദേ വരുന്നു തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കുതിരപ്പുറത്തേറി പാലാക്കാരുടെ മാണി സാർ. പിന്നാലെ വലിയൊരു സംഘം പ്രവര്‍ത്തകരുമുണ്ട്. കുതിരപ്പുറമേറിയുള്ള ആ യാത്ര കാണേണ്ട കാഴ്ച തന്നെയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ എതിരാളി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ സി ജോസഫ് ആയിരുന്നു. കുലച്ച തെങ്ങായിരുന്നു മൂപ്പരുടെ ചിഹ്നം എന്നാണ് ഓര്‍മ്മ. അബ്‌കാരിയും ഹോട്ടൽ വ്യവസായിയുമൊക്കെ ആയിരുന്ന മണർകാട് പാപ്പൻ എന്ന പാപ്പച്ചൻ മുതലാളിയും മറ്റും ആളും അർഥവും നൽകി ശ്രമിച്ചിട്ടും ആ തിരഞ്ഞെടുപ്പിലും കെ എം മാണി തന്നെ വിജയിച്ചു. 15000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ പാലായിലെ രണ്ടു തിരഞ്ഞെടുപ്പുകൾ കവർ ചെയ്യാൻ അവസരം ലഭിക്കുകയുണ്ടായി- 2006ലും 2011ലും. ആ രണ്ടു രണ്ടു തിരഞ്ഞെടുപ്പുകളിലും മാണി സി കാപ്പൻ തന്നെയായിരുന്നു കെ എം മാണിയുടെ മുഖ്യ എതിരാളി. വീണ്ടും ഒരു തവണ കൂടി (2016) അവർ ഇരുവരും ഏറ്റുമുട്ടി. കെ എം മണിയെന്ന രാഷ്ട്രീയ അതികായനോട് ജയിക്കാൻ ആയില്ലെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ കാപ്പന് കഴിഞ്ഞു. കെ എം മാണിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതിരെഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത് എൻ സി പി നേതാവ് കൂടിയായ മാണി സി കാപ്പൻ തന്നെ. മാണിയുടെ സീറ്റു നിലനിർത്താൻവേണ്ടി മകൻ ജോസ് കെ മാണിയോ മരുമകൾ നിഷ ജോസ് കെ മാണിയോ മത്സരിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. പകരം വന്നത് മാണി കുടുംബത്തിന്റെ വിശ്വസ്തൻ എന്ന ലേബലുമായി ജോസ് ടോം പുലിക്കുന്നേൽ.

തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട ഉടനെ ജോസ് ടോം പുലിക്കുന്നേൽ തന്നെയാണ് മാണിയോടും അദ്ദേഹത്തിന്റെ കരിങ്ങോഴക്കൽ കുടുംബത്തോടുമുള്ള തന്റെ വിധേയത്വം തുറന്നു പറഞ്ഞത്. കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ ജോസഫ് പുലിക്കുന്നേലിന്റെ സഹോദര പുത്രനൊക്കെ ആണെങ്കിലും തന്റെ ബന്ധുവായ പോൾ സക്കറിയ എഴുതിയ 'ഭാസകര പട്ടേലരും എന്റെ ജീവിതവും' എന്ന നോവെല്ല വായിക്കുകയോ അതിനെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'വിധേയൻ' എന്ന സിനിമ കാണുകയോ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അദ്ദേഹം തീർച്ചയായും ഉടൻ തന്നെ അത് ചെയ്യേണ്ടതുണ്ട്.

പാലാ എന്ന പാലാഴി കടയാൻ എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരിയും രംഗത്തുണ്ട്. ഇവർക്കിടയിലേക്കാണ് തികച്ചും അപ്രതീക്ഷിതമായി പി ജെ ജോസഫ് തന്റെ വിശ്വസ്തനായ ജോസഫ് കണ്ടത്തിലിനെ കൂടി ഇറക്കിയിരിക്കുന്നത്. കേരള കോൺഗ്രസിന്റെ ചെയർമാനായി തന്നെ അംഗീകരിക്കില്ലെന്നും ഔദ്യോഗിക ചിഹ്നമായ രണ്ടില കിട്ടിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നൊക്കെയാണ് ജോസ് കെ മാണിയുടെ വിശ്വസ്തൻ ജോസ് ടോം പറഞ്ഞിരുന്നതെങ്കിലും ചതിയിലൂടെ ചിഹ്നം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പി ജെ ഇങ്ങനെ ഒരു കളി കളിച്ചിരുന്നത്. പി ജെ യുടെ വിശ്വസ്തൻ തിരെഞ്ഞെടുപ്പ് ഗോദയിൽ തുടരുമോ ഇല്ലയോ എന്ന് ഒരു പക്ഷെ ഇന്ന് തന്നെ അറിയാം. തുടർന്നാലും പിൻവാങ്ങിയാലും കേരള കോൺഗ്രസ് ഫലത്തിൽ രണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സ്ഥാനാർഥി നാടകം. ഇതിന്റെയൊക്കെ പ്രത്യാഘാതം അറിയാൻ ഇരിക്കുന്നതേയുള്ളൂ.

പാലായിൽ മാണിസാറാണ്‌ ചിഹ്നം എന്നാണ് ജോസ് ടോമും ജോസ് കെ മാണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ തുടക്കത്തിൽ പറഞ്ഞത്. സാക്ഷാൽ കെ എം മാണി തന്നെ പല ചിഹ്നങ്ങളിൽ മാറി മാറി മത്സരിച്ചു ജയിച്ച മണ്ഡലത്തിൽ ചിഹ്നത്തെ ചൊല്ലിയുള്ള ഈ കലഹം വരുത്തിയേക്കാവുന്ന ദോഷം ചെറുതൊന്നും ആയിരിക്കുകയില്ല. അത്തരം ഒരു പ്രതീക്ഷ മാണി സി കാപ്പനും ഇടതു മുന്നണിക്കും വലിയ ആവേശം പകരുന്നുണ്ട്. ഇക്കുറി പാലായിൽ ഒരൊറ്റ മാണിയേ ഉള്ളുവെന്നും അത് താന്‍ തന്നെയാണെന്നും അതുകൊണ്ടു തന്നെ വിജയം തനിക്കൊപ്പം ആയിരിക്കുമെന്നും മാണി സി കാപ്പൻ പറയുന്നതും നിലവിൽ കേരള കോൺഗ്രസിനുള്ളിൽ പുകയുന്ന അസ്വാരസ്യം പകരുന്ന ആവേശത്തിൽ നിന്ന് തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories