UPDATES

പി.സി ജോര്‍ജിനെ പോലെ ഒരു ജനപ്രതിനിധിയെ ഇനിയും ഈ സമൂഹത്തിനാവശ്യമുണ്ടോ?

ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ഒരു പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വം ജോർജിനെപ്പോലെയുള്ള ജനപ്രതിനിധികളെ തുടരാൻ അനുവദിക്കാതിരിക്കലാണ്.

പ്രീത ജി.പി

പ്രീത ജി.പി

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ബലാല്‍സംഗ ആരോപണത്തില്‍ സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി ലഭിച്ചില്ലന്ന അരോപിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. പ്രസ്തുത വിഷയത്തിൽ പി.സി ജോർജ് നടത്തിയ പത്രസമ്മേളനത്തിൽ “കന്യാസ്ത്രീക്കെതിരെ പി സി ജോർജിന്റെ അധിക്ഷേപം” എന്ന തലക്കെട്ടിൽ മാത്യഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഒന്നിലധികം (*സ്റ്റാർ ) മാർക്കുകൾ ഉണ്ട്. അതിന്റെ ഫുട്ട് നോട്ടായി കൊടുത്തിരിക്കുന്നത് പ്രസിദ്ധീകരണ യോഗ്യമല്ലാത്ത വാക്കുകൾ ഒഴിവാക്കിയിരിക്കുന്നുവെന്ന്. ഒരു ജനപ്രതിനിധി നടത്തുന്ന പത്രസമ്മേളനത്തിൽ പ്രസിദ്ധീകരണ യോഗ്യമല്ലാത്ത വാക്കുകൾ കടന്നു വരിക, പി.സി ജോർജ് ആയത് കൊണ്ട് മാത്രം ഒരു സ്വാഭാവിക സംഭവം പോലെ വിഷയം കടന്നു പോകുന്നു.

‘ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’ എന്നാണു പി.സി ജോർജിന്റെ പത്രസമ്മേളനത്തിന്റെ ഹൈലൈറ്റ് . ഒരു ജനപ്രതിനിധി നടത്തിയ പത്രസമ്മേളനം. അതിൽ പരാതിക്കാരിയായ സ്ത്രീയെ എത്ര ലാഘവത്തോടെയാണ് അധിക്ഷേപിക്കാൻ കഴിഞ്ഞത്. അതും പോലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിൽ.

പ്രമുഖർ പ്രതികളായ സ്ത്രീ പീഢന കേസുകളിൽ ഏതെങ്കിലും ഒന്നിൽ പി.സി ജോർജ് പരാതി നല്‍കിയ സ്ത്രീകൾക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല എന്നതു പോട്ടെ , അവരെ അങ്ങേയറ്റം ഹിംസാത്മകമായ ഭാഷയിൽ അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്തിട്ടുള്ളത്. എന്നിട്ടും ഇയാൾ ‘ജന’പ്രതിനിധിയായി തുടരുന്നു. ഇയാൾ ഏതു ജനത്തിന്റെ പ്രതിനിധിയാണ്. ഇവിടുത്തെ ആൺകോയ്മയുടെ പ്രതിനിധി മാത്രമാണിയാൾ.

മാനാഭിമാനങ്ങളുടെ പേരിൽ സ്ത്രീ നിശബ്ദയാക്കപ്പെടുന്ന ഒരു സമൂഹത്തിൽ ബലാത്സംഗത്തിന്റെ നമ്പർ എടുത്തു കൊണ്ട് ആദ്യ പീഢനത്തിൽ പരാതി പറഞ്ഞില്ല എന്നയാൾ എത്ര നിസാരമായാണു വിമർശിക്കുന്നത്. ലിംഗാധികാര രാഷ്ട്രീയത്തിന്റെ അടിസ്ഥാന ബോധം പോലുമില്ലാത്ത ഇയാൾ നീതിയെ കുറിച്ചു സംസാരിക്കുമ്പോൾ അത് അശ്ലീലമാകുന്നത് പ്രയോഗിക്കുന്ന വാക്കുകൾ കൊണ്ട് മാത്രമല്ല, മറിച്ച് അതിന്റെ സന്ദർഭം കൊണ്ടു കൂടിയാണ്.

ബിഷപ്പിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ജോർജിന്, കന്യാസ്ത്രീ കുഴപ്പക്കാരിയാണന്ന കാര്യത്തിൽ സംശയമേതുമില്ല. ഒരോ വരിയിലും ഓർക്കേണ്ടത് അയാൾ ജനപ്രതിനിധിയാണ് എന്നതാണ്. ഇത്തരം നീതി ബോധങ്ങളിൽ നിന്നു കൊണ്ട്, ലിംഗാധികാര രാഷ്ട്രീയത്തിന്റെ അനീതിയെ തിരിച്ചറിയാതെ ഇയാൾ എങ്ങനെ സ്ത്രീകൾ ഉൾപ്പെടുന്ന ജനപക്ഷത്തിന്റെ പ്രതിനിധിയാകും. അല്ലങ്കിൽ ഒരു സാധാരണക്കാരന്റെ പോലും നീതി ബോധത്തിൽ അന്വേഷണം നടക്കട്ടെ എന്ന കേവല യുക്തി പോലും ഉപയോഗിക്കാൻ കഴിയാതെ , പരാതിക്കാരിയെ പ്രസിദ്ധീകരണ യോഗ്യമല്ലന്നു മാധ്യമങ്ങൾ പറയുന്ന തരത്തിൽ അധിക്ഷേപിക്കുന്നത് സ്ത്രീ വിരുദ്ധത വളരെ സ്വാഭാവികമാണന്നു കരുതുന്ന ബഹു ദൂരിപക്ഷ സമൂഹം ഉള്ളതുകൊണ്ടാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയെ വൈദ്യ പരിശോധന നടത്തണമെന്ന കാര്യത്തിലും പി സി ജോർജിന് സംശയങ്ങളില്ല. അത് അവരിൽ നിന്നു വിശുദ്ധ കന്യാകാ പട്ടം തിരിച്ചു വാങ്ങാനാണ്. ബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ കന്യാസ്ത്രീ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് പറയുന്ന ജോർജ്, ഫ്രാങ്കോയ്ക്കു ഒരു ഉപദേശവും നല്‍കുന്നില്ല. പി.കെ ശശിക്കെതിരായ പരാതിയിൽ ശശിയെ കുറ്റക്കാരനല്ലെന്ന അവസാന ‘വിധി’ പ്രഖ്യാപിക്കാൻ ജോർജിനു തടസ്സമേതുമില്ല. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ഒരു പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വം ജോർജിനെപ്പോലെയുള്ള ജനപ്രതിനിധികളെ തുടരാൻ അനുവദിക്കാതിരിക്കലാണ്.

പി.സി ജോർജിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകി എന്നൊരു വാർത്ത ഇപ്പോൾ കണ്ടിരുന്നു. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലും സമാനമായി വിരുദ്ധ പരാമർശങ്ങൾ നടത്തുകയും നിയമസഭാ സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തിരുന്നു എന്നാണറിവ്. ഒരു നടപടിയും ഉണ്ടായി കണ്ടില്ല. കേവലം ഒരു പ്രഹസനമായി മാറി എന്നത് മിച്ചം. സത്യത്തിൽ പി സി ജോർജിനെ കൊണ്ട് രാജി വെപ്പിക്കാൻ കഴിയാത്ത കേരള സമൂഹത്തിന്റെ സഹിഷ്ണുത ഹിമാലയൻ വലുപ്പത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയുടെ ഒന്നാന്തരം അടയാളമാണ്.

IPC 377 ലെ കോടതി റദ്ദാക്കിയ വകുപ്പുകളെ കുറിച്ചു ജോർജിനറിയാവുന്നത് ‘പ്രകൃതിവിരുദ്ധത’യും ആണും ആണും പെണ്ണും പെണ്ണും വിവാഹം ചെയ്താൽ മക്കളുണ്ടാകില്ലന്നതും മാത്രമാണ്. കോടതിയിൽ മാസങ്ങളോളം നടന്ന വാദപ്രതിവാദങ്ങളെങ്കിലും ജനപ്രതിവിധിയെന്ന നിലയിൽ ഇയാൾക് റഫർ ചെയ്യേണ്ടി വരാത്തത് സാമാന്യബോധത്തിന് സ്വാഗതാർഹമായ നിലപാടെടുത്ത് വോട്ടു ബാങ്ക് ഉറപ്പിക്കുകയെന്ന ലളിതയുക്തിയിൽ നിന്നാണ്.

നിതിയെ കുറിച്ച്, മനുഷ്യത്വത്തെ കുറിച്ച്, സമൂഹത്തിന്റെ മൂല്യ ബോധത്തെ പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള അധിക ചിന്താഭാരം ജനപ്രതിനിധിയാകാൻ ആവശ്യമില്ലന്നു കരുതുന്ന സമൂഹം ഉള്ളതുകൊണ്ടാണ് പി.സി ജോർജുമാർ പതിനായിരക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുന്നത്. ജനപ്രതിനിധികളാകാൻ പോകുന്നവർക്ക് ലിംഗാധികാര, ജാതി. രാഷ്ട്രീയ, നീതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണയില്ലാത്തത് കുറ്റകരമായി തോന്നാൻ പ്രാപ്തമായ ഒരു സമൂഹം ഇല്ലായെന്നത് ജോർജിനെപ്പോലെയുള്ളവർക്കു സൗകര്യകരമായ സാമൂഹിക മാതൃക തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി.സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍ അത് തകര്‍ക്കപ്പെടുക തന്നെ വേണം

ആരാണ് പി.സി ജോര്‍ജ്? ഭാഗം 1

ആരാണ് പി.സി ജോര്‍ജ്? ഭാഗം – 2

ആ കന്യാസ്ത്രീകള്‍ നടത്തുന്നത് ചരിത്ര പോരാട്ടമാണ്; സര്‍ക്കാരില്ലെങ്കിലും കേരള സമൂഹം ഒപ്പമുണ്ടാകണം

പ്രീത ജി.പി

പ്രീത ജി.പി

കാലിക്കട്ട് സര്‍വകലാശാലയില്‍ ഫിലോസഫി വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍