Top

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ
അധ്യാപിക ശ്യാമ വി എസിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ്: "മഴയത്ത് എന്റെ കുടക്കീഴിൽ ഇരുന്ന് അവൾ കേൾക്കുന്നത് പിണറായി വിജയൻ നവോത്ഥാനത്തെപ്പറ്റി പറയുന്നതാണ്. ഒരു വാക്കു പോലും ഈ രണ്ടു വയസ്സുകാരിക്ക് മനസ്സിലായിട്ടുണ്ടാവില്ല... പക്ഷേ നാളെ അവൾ ചരിത്രം പഠിക്കുമ്പോൾ ഇന്നലത്തെ പുത്തരിക്കണ്ടത്തിലെ ജനകൂട്ടത്തെ കുറിച്ച് പഠിക്കും ,അവളുടെ തലമുറയ്ക്കുവേണ്ടി ഇന്നത്തെ തലമുറ നടത്തിയ ചെറുത്ത് നിൽപ്പിനെ പറ്റി സ്മരിക്കും... അപ്പോൾ അവൾ അഭിമാനത്തോടെ ഓർക്കുമായിരിക്കും, പനി മാറിയുടൻ പെരുമഴയത്ത് പാർട്ടി പരിപാടിക്ക് കൊണ്ട് പോയ ഈ അമ്മയെക്കുറിച്ച്. അതെ, അവർക്ക് വേണ്ടിയാണ് ഈ ചെറുത്ത് നിൽപ്പ്".


ജനസഞ്ചയങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കലയാണ് പ്രസംഗം. ചിന്തിക്കാൻ, ചിന്തിപ്പിക്കാൻ, തീരുമാനങ്ങളെടുപ്പിക്കാൻ, കർമനിരതരാക്കാൻ, ദിശാബോധം നൽകാൻ ഈ പ്രഭാഷണ കലയ്ക്ക് സാധിക്കുന്നു. എന്നാൽ അവതരണം മോശമായാൽ ഇതുപോലെ ബോറടിപ്പിക്കുന്ന മറ്റൊരു കലയില്ല.

മാർട്ടിൻ ലൂതർ കിങ്‌ 1963 ഓഗസ്റ്റ് 28-ന് വാഷിങ്ടണിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപമാണ്, ‘എനിക്ക് ഒരു സ്വപ്നമുണ്ട്’ എന്നത്. എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന ഒരു ദിനത്തെക്കുറിച്ചുള്ള തന്റെ സ്വപ്നം അമേരിക്കൻ ജനതയുടെ മനസ്സുകളിൽ നിറച്ചതിലൂടെ ചരിത്രത്തിലെ നിർണായക പ്രസംഗമായാണ് അത് ഇന്നും കരുതപ്പെടുന്നത്.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’, 1888 ഫെബ്രുവരി 20-ന് ശിവരാത്രി നാളില്‍ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് നാരായണഗുരു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലെ വാക്കുകളാണിത്.

1911 മുതൽ പ്രജാസഭയിൽ അംഗമായ കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുൻപന്തിയിൽ നിൽക്കുന്ന അയ്യൻകാളിയുടെ പ്രജാ സഭ പ്രസംഗങ്ങളെല്ലാം ചരിത്രത്തിൽ ഇടം പിടിച്ചവയാണ്. "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും", അനിഷേധമായ അയ്യൻകാളിയുടെ ഈ വാക്കുകൾക്ക് അധ:സ്ഥിതരായ മനുഷ്യരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഗന്ധം കൂടിയുണ്ട്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഒക്ടോബർ 16 തിങ്കളാഴ്ച പിണറായി വിജയൻ നടത്തിയ പ്രസംഗം സമകാലിക കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, വരും തലമുറയ്ക്കും കാത്തു സൂക്ഷിക്കാവുന്ന ഒന്നാന്തരം റഫറൻസ് ആണ്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് പ്രവേശിച്ച‌് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന‌് അർഥശങ്കയ‌്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനെതിരെ ഉയരുന്ന എതിർപ്പുകൾക്കുമുന്നിൽ സർക്കാർ നിലപാട് മയപ്പെടുത്തുകയാണെന്ന പ്രചാരണത്തിനിടെയാണ‌് സുവ്യക്തമായ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കിയത‌്. എന്നാൽ സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്ത‌് അസ്വാസ്ഥ്യം സൃഷ്ടിച്ച‌് മുതലെടുപ്പിന് ഇറങ്ങിയവർ നുണകളുടെ ഭാണ്ഡക്കെട്ടാണ് അഴിച്ചത്. ഒരു കമ്യൂണൽ വയലന്‍സിന് തന്നെ ഹിന്ദുത്വ ഫ്രിഞ്ച് ഗ്രൂപ്പുകൾ കോപ്പു കൂട്ടി.

ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയ കോടതി വിധി നടപ്പാക്കിയതിനെ പേരിൽ മാത്രമല്ല, അതിനു വേണ്ടി വാദിക്കാനും, നില കൊള്ളാനും, നിലപാട് എടുക്കാനും കേരളത്തിൽ ഇടതുപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ചരിത്രം അസന്ദിഗ്ധമായി വിലയിരുത്തും. ആർജവമുള്ള ഇടതുപക്ഷത്തിന്റെ ഈ നിലപാടിന് പിന്നിലെ ശക്തി പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ അചഞ്ചലമായ നേതൃത്വപാടവം തന്നെയാണ്. ഒരു പുരോഗമന സമൂഹത്തിന് അനുസൃതമായ അമരക്കാരന്റെ റോൾ മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനിൽ ഭദ്രമായിരുന്നു.

ഒരു അനീതി നിർത്തലാക്കുന്ന കോടതി വിധിക്ക് വേണ്ടി നിലകൊണ്ടതു കൊണ്ട് ജാതീയമായി, രാഷ്ട്രീയപരമായി, വ്യക്തിപരമായി അധിക്ഷേപങ്ങളെമ്പാടും ഏറ്റു വാങ്ങുന്നതിനിടയിലാണ് ഇന്നലെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ വിശദീകരണ യോഗത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് പിണറായി വിജയൻ പ്രസംഗിക്കാൻ എത്തുന്നത്.

72 മിനുട്ടിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം വ്യക്തവും സൂക്ഷ്മവുമായിരുന്നു. മതനിരപേക്ഷത, രാഷ്ട്രീയ പ്രബുദ്ധത, ഭരണഘടനയുടെ പ്രസക്തി, ചരിത്രബോധം എല്ലാം ആവശ്യാനുസരണം കാച്ചിക്കുറുക്കിയെടുത്തപ്പോൾ ദൃക്‌സാക്ഷികളായവർ അവരറിയാതെ തന്നെ ഒരു ചരിത്ര പ്രക്രിയയുടെ ഭാഗമാവുകയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു, പ്രചണ്ഡമായ എല്ലാ രാഷ്ട്രീയ ആരോപണങ്ങളെയും പിണറായി വിജയൻ തച്ചുടച്ചു. പ്രതിലോമകരമായ രാഷ്ട്രീയ നിലപാട് എടുത്ത കോൺഗ്രസും മുസ്ലിം ലീഗും മുഖ്യമന്ത്രിയുടെ നാവിന്റെ ചൂടറിഞ്ഞു.

നവോത്ഥാനപ്രക്രിയകൾ കേരളത്തിലെ സാമൂഹ്യജീവിതത്തിലും ചിന്തയിലും ക്രിയാത്മകതയിലും സാദ്ധ്യമാക്കിയ പരിവർത്തനങ്ങളാണ് ഈ സമൂഹത്തെ പ്രബുദ്ധ ജനത എന്ന വിശേഷണത്തിനർഹരാക്കിയത്. നവോത്ഥാനം നേരിട്ടെതിർത്ത അധികാരഘടനകളിൽ പ്രധാനമായ ഒന്ന് ജാതിവ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ആചാരാനാചാരങ്ങളുമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരാചാര പ്രശ്നമായി ഉന്നയിക്കുന്നവർക്ക് ഒട്ടും തന്നെ ചരിത്ര ബോധം ഇല്ലെന്ന് കാണേണ്ടി വരും.

നവോത്ഥാനത്തിനു മുൻപുള്ള മലബാർ-കൊച്ചി-തിരുവിതാംകൂർ പ്രദേശങ്ങളിൽ നിലനിന്ന അധികാര രീതികളെച്ചുറ്റിയുള്ള ചില നൊസ്റ്റാൾജിക് വികാരങ്ങളുടെ ഹാങ്ങ് ഓവറിൽ കഴിയുന്നവരോടാണ് നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിനെയും, അയ്യങ്കാളിയെയും പരാമർശിച്ചു കൊണ്ട് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്, "ആചാരങ്ങളിൽ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് നവോത്ഥാന നായകർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്" എന്ന്.

ഒരിക്കലും ഇന്നിന്റെ കോലാഹലങ്ങളിലോ എതിർപ്പുകളിലോ നേരിന്റെ ശബ്ദങ്ങൾ ഒറ്റപ്പെട്ടതെങ്കിൽ പോലും ചരിത്രത്തിൽ മുങ്ങിപ്പോവില്ല. അത് തെളിമയോടെ അടയാളപ്പെടുക തന്നെ ചെയ്യും. സൂര്യൻ ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന കത്തോലിക്കാ മതത്തെയല്ല, മറിച്ചാണെന്ന് ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ് അജ്ഞതയുടെ ആൾബോധങ്ങളാൽ വിചാരണ ചെയ്യപ്പെട്ട ഗലീലിയോയെയാണ് ലോകം സ്മരിക്കുന്നത്.

ബാപ്ടിസ്ടയുടെ ഏകാധിപത്യ ഭരണകൂടത്തിനു മുന്നില് നിന്ന് കൊണ്ട് കാസ്ട്രോ വിളിച്ചു പറഞ്ഞത്, "ചരിത്രം എന്നെ വെറുതെ വിടും എന്നാണ്". കാലവും ചരിത്രവും സാക്ഷി, തൂക്കു മരത്തിനു മുന്നിൽ നിന്നിറങ്ങി വന്ന കാസ്ട്രോ ഇന്നും ലോകം കണ്ട എണ്ണം പറഞ്ഞ ഭരണാധികാരികളിൽ ഒരാളായി സ്മരിക്കപ്പെടുന്നു.

കാലാകാലങ്ങളായി നിലനിൽക്കുന്ന ഭൂരിപക്ഷ ആചാരങ്ങൾ നിരോധിക്കപ്പെടുമ്പോൾ സ്വാഭാവികമായും പ്രതിഷേധങ്ങളുണ്ടാവും, ചരിത്രം പ്രഹസനമായി ആവർത്തിക്കപ്പെടും എന്നാണല്ലോ താടിക്കാരൻ പറഞ്ഞിട്ടുള്ളത്. ലോകത്തെ ഏറ്റവും മഹത്തരമായ ഭരണഘടനകളിൽ ഒന്നാണ് ഇന്ത്യൻ ഭരണഘടന, അംബേദ്‌കർ എന്ന മഹാമനുഷിയുടെ ഭരണഘടന ഭൂരിപക്ഷത്തിന്റെ ഹിതമല്ല നീതി നിശ്ചയിക്കപ്പെടുന്നത് എന്ന് അടിവരയിട്ടു പറയുന്നുണ്ട്. ഈ ഭരണഘടനാ ഉയർത്തി പിടിച്ചു കൊണ്ട് സ്ത്രീ സമൂഹത്തിന് വേണ്ടി, മതനിരപേക്ഷ കേരളത്തിന്റെ പുരോഗമന സ്വഭാവം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ഏറ്റവും മികച്ച ഇടപെടലായി പിണറായി വിജയൻറെ പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗം അടയാളപ്പെടുത്തും. തീർച്ച.

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

https://www.azhimukham.com/offbeat-pinarayi-vijayan-leading-front-rescue-flood-kerala-analysis-ribin-writes/

Next Story

Related Stories