TopTop

മോദിക്കും ഷായ്ക്കും ഹാരമായി നല്‍കുന്ന താമരകള്‍ ലീഗുകാരുടെ `പാകിസ്താനില്‍' നിന്നാണ് വരുന്നതെന്ന് എത്ര ബിജെപിക്കാര്‍ക്ക് അറിയാം?

മോദിക്കും ഷായ്ക്കും ഹാരമായി നല്‍കുന്ന താമരകള്‍ ലീഗുകാരുടെ `പാകിസ്താനില്‍
കേരളത്തില്‍ ഇക്കുറി താമര വിരിയും എന്ന് അമിത് ഷായ്ക്ക് അനുപല്ലവി പാടുന്ന ഒപ്പീനിയന്‍ പോളുകാര്‍ എത്രപേര്‍ അക്ഷരാര്‍ത്ഥത്തില്‍ കാലങ്ങളായി താമര വിരിയുന്ന തിരുനാവായയുടെ സമീപമുള്ള എടക്കുളത്തെക്കുറിച്ച് കേട്ടിരിക്കും എന്നറിയില്ല. അമിത്തിനും മോദിക്കും അദ്വാനിക്കും ജനസംഘത്തിനും ഹിന്ദു മഹാസഭയ്ക്കും മുന്‍പേ അവിടെ താമര വിരിയാന്‍ ആരംഭിച്ചതാണ്. ഇന്നും വിരിയുന്നു.

ഈ താമര കര്‍ഷകര്‍ എല്ലാവരും തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗുകാരാണ്. അമിതിനു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുത്ത പച്ചക്കൊടിക്കാരുടെ അതേ പാര്‍ട്ടിക്കാര്‍. ലീഗിന്‍റെ കൊടിയും പാകിസ്ഥാന്‍ കൊടിയും തമ്മിലുള്ള വ്യത്യാസമൊക്കെ അമിത്തിനും കൂട്ടര്‍ക്കും പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല. മനസ്സിലാകുന്നവര്‍ക്കെ മനസിലാകൂ.

എടക്കുളത്തെ ലീഗുകാര്‍ എന്തിന് താമര കൃഷി ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അതിനു സാമൂതിരിയുടെ കാലം വരെ നീളുന്ന ചരിത്രമുണ്ട്. അവിടെ നിന്നുള്ള താമര പൂക്കള്‍ മാത്രമാണ് ഇന്ന് സംസ്ഥാനമൊട്ടാകെ ഉള്ള പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് എടുക്കുന്നത്. ഗുരുവായൂര്‍ അടക്കമുള്ള അമ്പലങ്ങളില്‍. ഇപ്പോള്‍ കര്‍ണാടകത്തിലെ അമ്പലക്കാരും ഇവിടെ നിന്നും പൂക്കള്‍ വാങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്. വിലയ്ക്കും ലാഭത്തിനും അപ്പുറം ഒരു സംസ്കാരമാണ് ആ നാടിന് ഈ പൂ വളര്‍ത്തല്‍.

ഹിന്ദുക്കളുടെ അമ്പലങ്ങള്‍ക്കായി എന്തിന് മുസ്ലീങ്ങള്‍ താമര വളര്‍ത്തണം എന്ന ചോദ്യം ആരും ചോദിക്കില്ല എന്ന് കരുതുന്നു. കേരളത്തില്‍ വേറെ എവിടെയും ഇതുപോലെ താമര കൃഷിയില്ല. സ്വന്തം പാര്‍ട്ടി ചിഹ്നമാണ് എങ്കിലും സ്വയം സേവകര്‍ സ്വന്തമായി താമര കൃഷി ചെയ്യുന്നുമില്ല. കേരളത്തില്‍ വരുന്ന മോദിക്കും അമിത്തിനും താമര സമ്മാനമായി കൊടുക്കുന്ന ബി ജെ പി ക്കാര്‍ മറന്നു പോകുന്നത് അവ ലീഗുകാരുടെ `പാകിസ്താനില്‍' നിന്നുള്ളവയാണ്‌ എന്നതാണ്.

ഇനി പാകിസ്താനിലെ വെറ്റില മുറുക്കലിലേക്ക് വരാം. അവിടെ മുറുക്കുന്നവര്‍ ഒരുപാട്. അവര്‍ക്ക് കിട്ടുന്ന വെറ്റിലയില്‍ ഏറ്റവും ഗുണമേന്മ ഉള്ളതും പ്രിയംകരം ആയതും തിരൂരില്‍ നിന്നുള്ള വെറ്റിലകള്‍. മലപ്പുറം ജില്ലയിലെ തിരൂര്‍. മറ്റൊരു ജിഹാദി ബിസിനസ് എന്ന് പറഞ്ഞു സംഘ പരിവാരം ചാടി വീഴാന്‍ വരട്ടെ. ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധം വഷളായാല്‍ ആദ്യം വിഷമിക്കാന്‍ തുടങ്ങുക തിരൂരിലെ വെറ്റില കര്‍ഷകര്‍ ആയിരിക്കും. വെറ്റില കയറ്റുമതി നടക്കില്ല. പുല്‍വാമ ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും കഴിഞ്ഞതോടെ പാകിസ്ഥാന്‍ തിരൂരിലെ വെറ്റില കര്‍ഷകര്‍ക്ക് പണി കൊടുത്തു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വെറ്റിലയ്ക്ക് ഇപ്പോള്‍ നൂറ്റി നാല്പത് ശതമാനം നികുതിയാണ് അവിടെ. ഫലം അവിടെ ആരും തിരൂര്‍ വെറ്റില വാങ്ങുന്നില്ല. ആഴ്ചയില്‍ അഞ്ചു ടണ്‍ വെറ്റില കയറ്റുമതി ചെയ്തിരുന്ന തിരൂരിലെ ബാവമൂപ്പന്‍ ഇപ്പോള്‍ കിളി പോയ അവസ്ഥയിലാണ്.

എടക്കുളവും തിരൂരും അമിത് ഷാ പറഞ്ഞ വയനാടന്‍ സാങ്കല്പിക പാകിസ്താന്റെ ഭാഗമല്ല. അവ മുസ്ലീം ലീഗിന്റെ ഹൃദയ ഭൂമിയിലാണ്. ലീഗ് എന്ത് എന്നും ലീഗുകാര്‍ എങ്ങനെ എന്നും അറിയാന്‍ അമിത്തിനും കൂട്ടര്‍ക്കും ഒരുപാട് കഷ്ടപ്പെടേണ്ടി വരും. എവിടെയാണ് സാര്‍ നിങ്ങള്‍ പറയുന്ന വയനാടന്‍ പാകിസ്ഥാന്‍?

വയനാട്ടില്‍ 28.68 ശതമാനം മുസ്ലീങ്ങള്‍ ഉണ്ടത്രേ... ക്രിസ്ത്യാനികളും ഉണ്ട്. 21.34 ശതമാനം. ഹിന്ദുക്കള്‍ ആണ് കൂടുതല്‍. 49.48 ശതമാനം. ആദിവാസികളും ജൈനരും വേറെയുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും തൊഴില്‍ അന്വേഷിച്ചു വന്ന ദളിതര്‍ ഉണ്ട്. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉണ്ട്. ഇത്രയേറെ വ്യത്യസ്ത സാംസ്കാരിക വൈചിത്ര്യങ്ങള്‍ എവിടെയാണ് ഒരുമിക്കുന്നത്? ഇവിടെ എങ്ങനെയാണ് മുസ്ലീങ്ങള്‍ നിര്‍ണ്ണായക ശക്തിയാവുക? അഴിമതിയ്ക്കും സുഖ ജീവിതത്തിനും വിമര്‍ശനം നേരിടുന്ന നേതാക്കളാണ് ലീഗിനുള്ളത്. എന്നാല്‍ അവരിലെത്രപേര്‍ വര്‍ഗീയത പറയുന്നുണ്ട്? പറഞ്ഞിട്ടുണ്ട്?

രാജ്യത്തിനും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നിര്‍ണായകമായ ബില്ലുകള്‍ ലോക്‌സഭയില്‍ വന്നപ്പോള്‍ കല്യാണം ഉണ്ണുന്നതും വിമാനം വൈകിയതും പറഞ്ഞു പൊട്ടന്‍ കളിച്ചവര്‍ ആണ് ലീഗുകാര്‍. അത്രയൊക്കെയേ ഉള്ളൂ ലീഗ്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ പോലും മലപ്പുറത്തെ ശാന്തമായി നിര്‍ത്തിയ ലീഗ്. ഭൂരിപക്ഷ വര്‍ഗീയവാദികള്‍ക്ക് എന്തും പറയാം.

വയനാട്ടിലേക്ക് വരാം. ആദിവാസികളും പരിസ്ഥിതിയും നേരിട്ട ഒരു പീഡനവും വയനാട്ടിലെ ഹിന്ദുക്കളോ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ നേരിട്ടിട്ടില്ല. ഒരു കുഞ്ഞു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല. കടുവകള്‍ നീതി പാലിക്കണം എന്ന് പറഞ്ഞു നടത്തിയ മാര്‍ച്ചുകളില്‍ പോലും എല്ലാ മത വിഭാഗക്കാരും ഒരുമിച്ചായിരുന്നു. തിരുവമ്പാടിയില്‍ വനം വകുപ്പ് ഓഫീസ് കത്തിച്ചു ഗാഡ്ഗിലിനെ പേടിപ്പിച്ചതിലും എല്ലാ സമുദായക്കാരും കൂട്ടായിരുന്നു. നിലമ്പൂരിലെ മേഘങ്ങളെ ജപ്പാന്‍കാര്‍ മോഷ്ടിച്ച് കൊണ്ട് പോയി അവിടെ മഴ പെയ്യിക്കുന്നുവെന്ന വിജ്ഞാനം നിലമ്പൂരിലെ ജനപ്രധിനിധി പറഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചതും കൂട്ടായിട്ടാണ്. ഇതിലെല്ലാം അമിത്തിന്‍റെ ആളുകളും ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാത്ത പാകിസ്ഥാന്‍ ഇപ്പോള്‍ ഉണ്ടാകുന്നതിലെ കാരണം വളരെ വ്യക്തമാണ്.

വയനാട്ടുകാരെ പാകിസ്ഥാനികള്‍ ആക്കാന്‍ നോക്കുന്നതിലും നല്ലത് അപ്പുറം കുടകില്‍ രക്ത പരിശോധന കഴിഞ്ഞ് തങ്ങള്‍ മഹാനായ അലക്സാണ്ടരുടെ നാട്ടുകാരാണ് തങ്ങള്‍ക്കു സ്വന്തമായി സംസ്ഥാനം വേണം എന്നും പറഞ്ഞു ഇരിക്കുന്നവരെ കൂടെ കൂട്ടാന്‍ നോക്കുന്നതാണ്.

Next Story

Related Stories