മായ ലീല

കാഴ്ചപ്പാട്

Perpendicular to the System

മായ ലീല

ട്രെന്‍ഡിങ്ങ്

ഡെമോക്രാറ്റിക് ഹീറോയും ഹീറോയിനും എന്ന് വരും? ഈ ധാര്‍ഷ്ട്യം അവസാനിപ്പിക്കേണ്ടത് ജനങ്ങളാണ്‌

Print Friendly, PDF & Email

ജനാധിപത്യം നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അതില്ലെങ്കില്‍ വോട്ടു പടവുകള്‍ ചവിട്ടി സിംഹാനത്തില്‍ ഏറുന്ന രാജാക്കന്മാരുടെ കൊട്ടേഷന്‍ ഗുണ്ടകളായി തന്നെ പോലീസ് സേന തുടരും

മായ ലീല

A A A

Print Friendly, PDF & Email

അടുത്ത കാലത്തിറങ്ങിയ ഏറ്റവും regressive ആയിട്ടുള്ള സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പോലീസുകാരന്‍ എങ്ങനെയൊക്കെ ആകരുത് എന്നതിന്റെ എല്ലാ പാഠങ്ങളും അതിലെ നായകകഥാപാത്രം തരുന്നുണ്ട്. അത്തരം ഒരു ബോധവത്കരണ ക്ലാസ് അല്ലായിരുന്നു ആ സിനിമ, മറിച്ച് ഈ അരുതുകളെ ഒക്കെ ഹീറോയിസം ആയി കൊണ്ടാടുന്ന, ആടിപ്പിച്ച സിനിമയായത് കൊണ്ടാണ് അത് regressive ആകുന്നത്. അങ്ങനെ regressive ആയിത്തന്നെയാണ് റിയല്‍ ലൈഫ് പോലീസുകാരും എന്നതിന് ഇതുവരെ സംശയം ഒന്നുമില്ലല്ലോ? കേരള പോലീസ് ലോകത്ത് എമ്പാടും ഉള്ള പൊലീസുകാരെ പോലെ തന്നെയാണ് പെരുമാറുന്നത്. ഭരണം നടത്തിപ്പുകാരുടെ താത്പര്യങ്ങള്‍ നടത്തിക്കുന്നവര്‍ എന്നത് മാത്രം ആണ് ആ സേന പ്രതിനിധാനം ചെയ്യുന്നത്. ഭരണാധികാരി എന്നത് മാറ്റി നമ്മള്‍ ഭരണം നടത്തിപ്പുകാര്‍ എന്ന് വാക്കിനെ തന്നെ മാറ്റുമ്പോള്‍ ആണ് നമുക്ക് ജനാധിപത്യം എന്താണെന്നത് വ്യക്തമാകുന്നത്. അതേ തലത്തില്‍ നോക്കിയാല്‍ പോലീസ് സേനയ്ക്ക് ഒരു ജനാധിപത്യ രാജ്യത്ത് എന്താണ് പണി? അവരുടെ പ്രവര്‍ത്തന കോഡുകളില്‍ പറയുന്നതൊക്കെയും അവരുടെ പണിയാണ്. എന്നാല്‍ ആത്യന്തികമായി അവരെന്താണ് സമൂഹത്തില്‍ നിറവേറേണ്ടുന്നത്? സമൂഹത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കണം എന്ന ബൃഹത്തായ ആശയത്തില്‍ നിന്നുകൊണ്ട് സേവനം അനുഷ്ഠിക്കാനുള്ള സേനയാണ് പോലീസ്. ആരെ സേവിക്കണം? സമൂഹത്തെ ജനങ്ങളെ. നിലവില്‍ വന്ന കാലം മുതല്‍ക്ക് ഇന്ന് വരെ അവരങ്ങനെയല്ല കരുതുന്നതും പ്രവര്‍ത്തിക്കുന്നതും എന്നതാണ് വാസ്തവം. അവര്‍ സേവിക്കുന്നത് അവരുടെ ഉദ്യോഗപദവിക്ക് കോട്ടം വരുത്താന്‍ സാധ്യതയുള്ള അധികാരികളെയാണ്.

ജനാധിപത്യത്തിലെ ഭരണാധികാരി ജനമാണ്. ഭരണം കൈയാളുന്ന നേതാക്കന്മാര്‍ മറിച്ചൊരു പ്രതീതിയാണ് സൃഷ്ടിക്കുന്നതെങ്കില്‍ പോലും. ചുരുക്കത്തില്‍ നേതാക്കന്മാര്‍ ചൊവ്വിനു പണി ചെയ്യുന്നില്ല നേതാക്കന്മാരുടെ കുപ്പിണിപ്പട്ടാളം ചൊവ്വിനു പണി ചെയ്യുന്നില്ല.

‘ഇനിയെന്തിനാണ് ബിജെപി? ബ്രാഹ്മണ്യത്തെ സംരക്ഷിക്കാന്‍ സിപിഎം ഉണ്ടല്ലോ, ഒപ്പം പോലീസും’; വടയമ്പാടിയുടെ ബാക്കി

പോലീസ് സേനയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ആയുധമല്ല അധികാരം. നീതി നടപ്പിലാക്കാന്‍ ഉള്ള ശ്രേണിയിലെ ആദ്യത്തെ കണ്ണി മാത്രമാണവര്‍. സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുക സമരം ചെയ്യുന്നവരെ കൈയ്യേറ്റം ചെയ്യുക ഇതൊന്നും പോലീസ് സേനയുടെ പരിധിക്ക് ഉള്ളിലുള്ള കാര്യങ്ങളല്ല. എങ്കിലും അവര്‍ അത് തന്നെ ചെയ്യും. സമരം ചെയ്യാന്‍ ഒരു കൂട്ടം ആളുകള്‍ കൂടുമ്പോള്‍ ആള്‍ക്കൂട്ടങ്ങളും എതിര്‍ കൂട്ടങ്ങളും തമ്മില്‍ കൈയാങ്കളി നടക്കാതെ നോക്കുക എന്നതാണ് ജനങ്ങളുടെ കാശെടുത്ത് ശമ്പളം വാങ്ങുന്ന സേന ചെയ്യേണ്ടത്. അവരതല്ല ചെയ്യുന്നത്! അതല്ല അവരീ കാണിക്കുന്നത്. കക്ഷിരാഷ്ട്രീയക്കാരുടെ സ്വകാര്യ അകൗണ്ടുകളില്‍ നിന്നല്ല പൊലീസിന് ശമ്പളം. പോലീസ് സേവിക്കേണ്ടത് ജനങ്ങളെയാണ് എന്നിരിക്കേ ജനാധിപത്യ അവകാശങ്ങളില്‍ ഒന്നായ ‘പ്രതിഷേധം’ നടത്തുമ്പോള്‍ അത് ചെയ്യുന്നവര്‍ക്ക് മേല്‍ ലാത്തിവീശാന്‍ കാക്കിയിട്ടവന് കൈ പൊങ്ങുന്നത് അവന്‍ സേവനം ചെയ്യുന്നത് ഭരണം കൈയാളി വച്ചിട്ടുള്ളവര്‍ക്കാണ് എന്നതുകൊണ്ടാണ്.

സകല പോലീസുകാരുടെയും സകല പ്രവര്‍ത്തിയും ഇങ്ങനെയൊരു വിധേയത്വ നിറത്തില്‍ അല്ലെന്നും ഉണ്ട്. പിറകോട്ടു നടക്കുന്ന സമൂഹത്തിന്റെ, യാതൊരു സംസ്‌കരണവും നടക്കാതെ ഉറഞ്ഞു പോയൊരു സംസ്‌കാരത്തിന്റെ വക്താക്കള്‍ എന്ന നിലയിലും ഉണ്ട് അവരുടെ പോരായ്മകളുടെ ലിസ്റ്റ്. അതുകൊണ്ടാണ് ‘നാറുന്നല്ലോ ഡീ’ എന്ന് ധാര്‍ഷ്ട്യത്തിന്റെ ജാതി, ഭാഷ ഒരു ആക്ഷന്‍ ഹീറോ സാറെടുത്ത് പ്രയോഗിക്കുന്നത്. മലയാളി സ്വഭാവ സവിശേഷതകളായ സ്ത്രീവിരുദ്ധത, ട്രാന്‍സ്‌ഫോബിയ, ഹോമോഫോബിയ, സദാചാരവാദങ്ങള്‍, വര്‍ഗ്ഗീയത, വംശീയത, ജാതിവെറി തുടങ്ങിയവയ്ക്ക് കായികമായ അക്രമങ്ങളുടെ പ്രകടരൂപങ്ങള്‍ ലഭിക്കുന്നത് ഇത്തരത്തില്‍ ഒരുവന്‍/വള്‍ പോലീസ് ആകുമ്പോള്‍ അവര്‍ സ്വയം നിയമം കൈയ്യിലെടുക്കുന്നത് കൊണ്ടാണ്.

നിയമം മാറ്റിയും മറിച്ചും ആളെ കുടുക്കാനും കുരുക്കാനും പോലീസുകാരന് ഉപയോഗിക്കാനുള്ള ഒരു ആയുധമായി മാറിയിരിക്കുന്നു. തോക്കും ലാത്തിയും പോലെ അവര്‍ ‘ഊരാന്‍ പറ്റാത്ത കേസുകള്‍’ എന്നൊരു ആയുധവും വായിലിട്ടാണ് റോന്ത് ചുറ്റുന്നത്.

ദളിതര്‍ ഫിക്സഡ് ഡിപ്പോസിറ്റാണെന്ന് സിപിഎം ഇനി കരുതേണ്ട; സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു

ജനങ്ങളായ നമ്മുക്കൊരു യുക്തിയുണ്ട്. ഒരു സംഘടിത ബോധമുണ്ട്. നമ്മുടെ സംഘടിത ബോധം യുക്തിയില്‍ അടിസ്ഥാനപ്പെടുത്തിയതല്ല എന്നതുകൊണ്ടാണ് അത് വെറും ആള്‍ക്കൂട്ട ചിന്താഗതി എന്ന പ്രഹസനം ആയി മാറുന്നത്. നമ്മുടെ വിവരക്കേടാണ് അവരുടെ പരിരക്ഷ, നമ്മുടെ വിധേയത്വം ആണ് അവരുടെ ചവിട്ടുപടി. കാക്കിയിട്ടവനെ സാറേ എന്ന് തന്നെ വിളിക്കണം. ഏത് സാറ് എവിടുത്തെ സാറ്! നോട്ടടിമെഷീന് patent എടുത്ത ക്രിമിനലുകള്‍ വരെ സാറാണ് നാട്ടില്‍.

നിയമം ദുരുപയോഗം ചെയ്യാം എന്ന പോലീസ് സേനയുടെ ധാര്‍ഷ്ട്യം ജനങ്ങളാണ് തീര്‍ക്കേണ്ടത്. ജനങ്ങളെ സേവിക്കേണ്ടുന്നവര്‍ തന്നെ ക്രസമാധാനനില തകര്‍ക്കുമ്പോള്‍ അനീതിയുടെ ആള്‍രൂപങ്ങള്‍ ആകുമ്പോള്‍ ജനങ്ങള്‍ എന്ത് ചെയ്യണം എങ്ങോട്ട് തിരിയണം?

ദേഹോപദ്രവം ചെയ്യാന്‍, അസഭ്യം പറയാന്‍ ജാതിമണിപ്രവാളങ്ങള്‍ മൊഴിയാന്‍ പൊലീസിന് എങ്ങനെയാണ് സാധ്യമാകുന്നത്. അവര്‍ ചെയ്യുന്നത് അനീതിയാണ് പകല്‍ പോലെ. അത് നമ്മുക്ക് അറിയാമോ? അറിയാം. പേടിപ്പിച്ച് അടക്കി നിര്‍ത്താന്‍ അധ്യാപകരല്ല ജനാധിപത്യത്തിലെ പോലീസ് സേന, സ്‌കൂള്‍ കുട്ടികളുടെ ഒരു കൂട്ടമല്ല ജനങ്ങള്‍. ഭീതിയാണ് പോലീസ് ആദ്യം തന്നെ ഒരു പൗരനില്‍ ഉളവാക്കുന്നത്. എന്തിന്? അവര്‍ക്കതിനു സാധിക്കുന്നത് എങ്ങനെ?

മീശയും മുടിയും വെട്ടി വെടിപ്പാക്കി പിരിച്ചും ചീകിയും പുതിയ രൂപത്തിലാണ് പഴേ ഏഡ് ഏമാന്മാര്‍ പുനരവതരിച്ചിരിക്കുന്നത്, സിക്‌സ് പാക്കും.

പാഠം ഒന്ന്: ഇന്ത്യയെന്ന സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ പോലീസ് സേന ജനങ്ങളെ ഭരിക്കാനും ഭയപ്പെടുത്താനും ഉള്ള ഉമ്മാക്കിയല്ല.

പാഠം രണ്ട്: ഇതേ സെക്കു. ഡെമോ റിപ്പബ്ലിക്കില്‍ ജനങ്ങള്‍ക്ക് കൂട്ടം കൂടാനും സമരങ്ങള്‍ നടത്താനും അവകാശമുണ്ട്.

It takes two to fornicate, എന്ന് പറയുന്നത് പോലെ അടിതടയ്ക്ക് രണ്ട് വശത്തു നിന്നും ആളുവേണമല്ലോ, അങ്ങനെയൊരു സാധ്യതയില്ലെങ്കില്‍ എന്തിനാണ് പ്രതിഷേധങ്ങള്‍ക്ക് നടുവിലേക്ക് ലാത്തിയും വീശി പോലീസുകാരന്‍ തെയ്യം തുള്ളി ഓടിയെത്തുന്നത്?

അയിത്തം എന്ന ആഭാസത്തിനു വേണ്ടി ആയുധമെടുത്ത് ഇറങ്ങിയിരിക്കുകയാണ് സവര്‍ണ്ണ മനോവൈകൃതം

കാക്കി അധികാരത്തിന്റെ ചിഹ്നം ആണെന്ന വ്യവസ്ഥിതി നമ്മളായി തന്നെ തിരുത്തണം. കാക്കിയിട്ടവന്‍ ആരുടേയും അധികാരിയല്ല, അയാളുടെ ഔദാര്യത്തില്‍ അല്ല നിയമം നടപ്പിലാവേണ്ടത്, അയാളുടെ ധാര്‍ഷ്ട്യത്തില്‍ നിയമം നിരാകരിക്കപ്പെടാന്‍ പാടില്ല, അനീതിയുടെ പ്രതീകങ്ങളായി വാഴുന്ന അത്തരം ആക്ഷന്‍ ഹീറോമാരെ ജനാധിപത്യം പഠിപ്പിക്കേണ്ടത് ജനങ്ങളാണ്. കായികമായി കൈകാര്യം ചെയ്യുന്ന ഓരോ കാവലാള്‍ക്കും എതിരേ കേസുകള്‍ പോയാല്‍ എന്ത് സംഭവിക്കും? ജോലി തെറിപ്പിക്കുക അന്നം മുട്ടിക്കുക തുടങ്ങിയ കലാപരിപാടികള്‍ കക്ഷിരാഷ്ട്രീയക്കാരുടെ ഡയറികളില്‍ നിന്നും ജനങ്ങളുടെ കൈകളിലേക്ക് തിരികെ എത്തിയാല്‍ എന്ത് സംഭവിക്കും. ഞാന്‍ എന്ന ഇന്ത്യന്‍ സിറ്റിസണെ അസഭ്യം പറയാനും അകാരണമായി ഭീതിപ്പെടുത്താനും എന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാനും ശാരീരികമായി പീഡിപ്പിക്കാനും പോലീസുകാര്‍ക്ക് എന്തവകാശം എന്ന് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ എന്ത് സംഭവിക്കും? ചോദിക്കണം. എതിര്‍ക്കണം.

ജനം എന്ന ഏഴാംകൂലിയുടെ, ‘മുകളില്‍ പിടി’ ഇല്ലാത്ത, സവര്‍ണ്ണ ‘സാമൂഹ്യ സംവരണം’ ഇല്ലാത്ത, സര്‍വ്വം സാധാരണമായ ജനം, ചോദ്യങ്ങള്‍ ചോദിക്കണം. ജനാധിപത്യം നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അതില്ലെങ്കില്‍ വോട്ടു പടവുകള്‍ ചവിട്ടി സിംഹാസനത്തില്‍ ഏറുന്ന രാജാക്കന്മാരുടെ കൊട്ടേഷന്‍ ഗുണ്ടകളായി തന്നെ പോലീസ് സേന തുടരും. അങ്ങനൊരു സേനയെ തീറ്റിപ്പോറ്റുന്ന ജനങ്ങള്‍ ചോദ്യങ്ങള്‍ നിവര്‍ന്നു നിന്ന് ചോദിക്കണം.

ഡെമോക്രാറ്റിക് ഹീറോയും ഹീറോയിനും എന്ന് വരും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍