TopTop

വര്‍ഗീയ ഹിന്ദു കുഴപ്പമില്ല, നേരിടേണ്ടത് സെക്കുലര്‍ വിമര്‍ശകരെ; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിചിത്ര നയങ്ങള്‍

വര്‍ഗീയ ഹിന്ദു കുഴപ്പമില്ല, നേരിടേണ്ടത് സെക്കുലര്‍ വിമര്‍ശകരെ; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിചിത്ര നയങ്ങള്‍
മലപ്പുറത്ത് തട്ടമിട്ട് പെണ്‍കുട്ടികള്‍ നൃത്തം ചെയ്ത സംഭവത്തിനെതിരെ ഏറ്റവും ഹീനമായ, അറപ്പുളവാക്കുന്ന ഭാഷയിലാണ് മതമൌലികവാദികള്‍ പ്രതികരിച്ചത്. മുസ്ലീം ആകാനുള്ള ഒരു സ്ത്രീയുടെ നിയമപോരാട്ടങ്ങള്‍ക്ക് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അവകാശങ്ങളെ മുന്‍നിര്‍ത്തി വാദിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാം സംഘടനകളും വ്യക്തികളും ഉള്ളപ്പോള്‍ തന്നെ ഈ വിഷയം പൊങ്ങി വന്നത് മതമൌലികവാദികളുടെ ഇരട്ടാത്താപ്പ് വെളിച്ചത്ത് കൊണ്ടുവരുന്നതായി മാറി. അറിയാതെ കുറുക്കന്മാര്‍ കൂവിപ്പോയി എന്ന് വേണം പറയാന്‍.

നൃത്തം ചെയ്യുന്നത് കുഴപ്പമില്ല പക്ഷെ ഒരു വഷളന്‍ ഗാനത്തിന് വഷളന്‍ നൃത്തം ചെയ്യുന്നത് മതത്തിനും ദൈവത്തിനും നിരക്കാത്തതാണ് എന്നായി അവരുടെ വാദം. വഷളന്‍ എന്നത് എങ്ങനെയാണ് നിര്‍വ്വചിക്കുന്നത് എന്നൊന്നും ചോദിക്കരുത്. അവനവന്റെ സഹിഷ്ണുത പോലിരിക്കും എന്താണ് വഷളന്‍ എന്ന് തീരുമാനിക്കുന്നത്. ഒരു വശത്തുകൂടി സമാധാനത്തിന്റെ മതം ആണെന്ന് അവകാശപ്പെടുകയും മറുവശത്ത് മതവിമര്‍ശനം നടത്തുന്നവരുടെ ജീവിതവും ജീവനും ഭീഷണിയില്‍ നിര്‍ത്തി ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് ഇസ്ലാം മതമൌലികവാദികള്‍. മതം പ്രചരിപ്പിക്കാന്‍ പൊളിറ്റിക്കല്‍ ഇസ്ലാം സംഘടനകള്‍ സംഘികളോട് മത്സരിക്കുകയാണെന്ന് തോന്നിപ്പോകും.

http://www.azhimukham.com/viral-video-girls-flash-mob-thrissur/

മതം മാറാനും ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാനും വേണ്ടിയുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട് എന്ന ആശയപ്രചാരണാത്ഥമാണ് തട്ടമിട്ട പെണ്‍കുട്ടികള്‍ നൃത്തം ചെയ്തിരുന്നത് എങ്കില്‍ ഈ കക്ഷികള്‍ അതിനെ പിന്തുണച്ചേനെയോ? ഒരിക്കലുമില്ല. കാരണം ഇസ്ലാമില്‍ തന്നെ തട്ടമിടാതെ നടക്കുന്ന പെണ്‍കുട്ടികളെ എങ്ങനെയാണ് അവര്‍ നേരിടുന്നത് എന്ന് സോഷ്യല്‍ മീഡിയ എന്ന വിര്‍ച്ച്വല്‍ ഇടത്തിലെ മുസ്ലീം സ്ത്രീകളോട് ചോദിച്ചാല്‍ അറിയാം. ഇസ്ലാമില്‍ നിന്ന് മതം മാറാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഒരിക്കലും ഇവരെയൊന്നും ഒരു ഹാഷ്ടാഗുമായി കാണുകയുമില്ല.

നൃത്തം ചെയ്ത പെണ്‍കുട്ടികളുടെ ഏജന്‍സിയെ തെക്കേമൂലയില്‍ കുഴിച്ചിട്ടിട്ട് അവര്‍ തട്ടമിടാനുള്ള സ്ത്രീകളുടെ ഏജന്‍സിക്ക് വേണ്ടി വാദിക്കും. മുടിയഴിച്ചിട്ടും കൂട്ടുകാരന്റെ ഒപ്പം തോളില്‍ കൈയ്യിട്ടും നിന്നുള്ള ഫോട്ടോ വിര്‍ച്ച്വല്‍ ഇടങ്ങളില്‍ പോലും കാണാനുള്ള സഹനശക്തി ഇല്ലാത്തവരാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും സഹിഷ്ണുതയെപ്പറ്റി ക്ലാസ് എടുക്കുന്നതും. തങ്ങളുടെ മതം സ്ത്രീകളെ രണ്ടാം ക്ലാസ് മനുഷ്യരായി മാത്രം കാണുന്നതിനെ ജീവന്‍ കൊടുത്തും ജീവന്‍ എടുത്തും പ്രതിരോധിക്കുന്ന ഒരു കൂട്ടരാണ്  ഇസ്ലാം മതമൌലികവാദികള്‍. ലോകമെമ്പാടും അത് തന്നെയാണ് പല സമൂഹങ്ങളിലും നടക്കുന്നത്.

http://www.azhimukham.com/art-song-for-gender-justice-singer-pushpavathy-speaks/

ആനുകാലിക വിഷയങ്ങളില്‍ കാണാന്‍ കഴിയുന്ന, കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാം സംഘടനകള്‍ നടത്തുന്ന വിചിത്രമായ ഒരു നടപടി എന്താണെന്ന് വച്ചാല്‍ അവര്‍ പ്രധാനമായും ആക്രമിക്കുന്നത് സെക്കുലറിസത്തെയാണ് എന്നതാണ്. ഹാദിയ വിഷയത്തിലായാലും നൃത്തം ചെയ്ത പെണ്‍കുട്ടികളുടെ കാര്യത്തിലായാലും അവരുടെ കോര്‍ ഗ്രൂപ്സ് ചെന്നു നില്‍ക്കുന്നത് സെക്കുലര്‍വാദികളെ എങ്ങനെ പ്രതിരോധത്തിലാക്കാം എന്നുള്ള വാദങ്ങളിലാണ്. സെക്കുലറിസമാണ് ഇസ്ലാമിനെ തകര്‍ക്കുന്നത് എന്ന അജണ്ട അവര്‍ പുതിയതായി മെനഞ്ഞിട്ടുണ്ടോ എന്ന് തോന്നിപ്പോകും. ഹിന്ദുത്വസെക്കുലറിസം എന്നാണ് അവര്‍ എഴുതുന്ന പല മാധ്യമങ്ങളിലും പടച്ചുവിടുന്നത്. അതെങ്ങനെയാണ് സെക്കുലറിസം ഹിന്ദുത്വ ആകുന്നത്?

സമൂഹത്തിലെ ഓരോ മതവിഭാഗവും തങ്ങളുടെ മതത്തെ കെട്ടിപ്പിടിച്ചു കഴിയുകയും പരസ്പരം തല്ലിക്കൊല്ലുകയും ചെയ്താലും പൊളിറ്റിക്കല്‍ ഇസ്ലാമിന് ഒന്നുമില്ല, പക്ഷേ സമൂഹത്തില്‍ മതേതരവാദികള്‍ ഉണ്ടാകുന്നത് അവരുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്ന തരത്തിലുള്ള പരക്കംപാച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പെണ്‍കുട്ടികളെ തെറിവിളിക്കുന്ന യാഥാസ്ഥിതികര്‍ എല്ലാ മതത്തിലുമുണ്ട് എന്നും അതുകൊണ്ട് ആര്‍എസ്എസുകാരെ മാറ്റി നിര്‍ത്താം എന്നുമൊക്കെ എഴുതിയാണ് മതേതരത്വത്തെ ആക്രമിക്കാന്‍ ഇവര്‍ രംഗത്ത് വരുന്നത്. നോക്കൂ, മതഭ്രാന്തന്മാര്‍ ഇസ്ലാമായാലും ഹിന്ദുവായാലും അവരുടെ മനുഷ്യാവകാശ ലംഘനങ്ങളെ നമുക്ക് മാറ്റി നിര്‍ത്താം എന്ന്. അതെങ്ങനെ, അതെന്തിന് മാറ്റണം? അവരുടെ ജന്മാവകാശമാണോ മതത്തിന്റെ പേരിലുള്ള തീവ്രവാദം?

http://www.azhimukham.com/trending-flash-mob-of-burkha-girls-with-entammede-jimikki-kammal/

ഒരു കാര്യം വ്യക്തമാണ്. പൊളിറ്റിക്കല്‍ ഇസ്ലാം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന പ്രചാരകരുടെ ലക്ഷ്യം മതേതരത്വത്തെ തകര്‍ക്കലാണ്. പല രൂപത്തിലും അവര്‍ മതങ്ങളുടെ, അതിനുള്ളിലെ എല്ലാവിധ പുരുഷ കേന്ദ്രീകൃത താത്പര്യങ്ങുടെയും നിലനില്‍പ്പിനു വേണ്ടി വാദിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലും മതഭ്രാന്തന്മാര്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യവുമാണ്. അവര്‍ക്ക് നശിപ്പിക്കേണ്ടത് മതേതരത്വത്തെയാണ്. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ അതുടന്‍ ഇസ്ലാമോഫോബിയ ആണെന്ന് പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിനെ ആര്‍ക്കാണ് പേടി? സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ ആര്‍ക്കാണ് പേടി? ഇസ്ലാം മതത്തെ വിമര്‍ശിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിതം വഴിമുട്ടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്‌തേക്കാം എന്ന സവിശേഷ സാഹചര്യത്തില്‍ ഇസ്ലാമിനെ ആര്‍ക്കാണ് പേടി?

ഇസ്ലാം വംശഹത്യയിലേക്ക് കണ്ണും നട്ടാണ് മതേതരവാദികള്‍, പിന്നെ ഇടതുപക്ഷക്കാര്‍ എന്നിവര്‍ മതത്തിലെ ഹീനമായ രീതികളെ വിമര്‍ശിക്കുന്നത് എന്നാണ് അവരുടെ ജല്‍പ്പനം. ഹിന്ദുക്കളുടെ വംശനാശം ലക്ഷ്യമിട്ടാണ് ഇസ്ലാം സംഘടനകള്‍ അഖിലയെ ഹാദിയ ആക്കുന്നത് എന്ന് രാഷ്ട്രീയ ഹിന്ദു നിലവിളിക്കുന്നത് പോലെ തന്നെയാണത്. സെമിറ്റിക് മതങ്ങളുടെ അതേ തോതില്‍ ഇന്ത്യയില്‍ ഭൂരിപക്ഷ മതമായ ഹിന്ദുത്വയ്ക്ക് വംശഹത്യകള്‍ നടത്താന്‍ അവസരങ്ങള്‍ ലഭിക്കാത്തത് ഇവിടെ മതേതരത്വത്തിന്റെ അംശങ്ങള്‍ കുറെയെങ്കിലും ബാക്കി നില്‍ക്കുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ ഒരു കുരിശുയുദ്ധം പോലെ ഒരു ശൂലയുദ്ധവും കൊണ്ട് അവര്‍ക്ക് അഴിഞ്ഞാടാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുമായിരുന്നില്ല. എങ്കില്‍ കൂടെയും നോക്കൂ, വര്‍ഗ്ഗീയവാദികളെ മാറ്റി വയ്ക്കാം, അവരെക്കുറിച്ച് ആകുലത ഇല്ലാതിരിക്കാം, പകരം നമുക്ക് മതങ്ങളെ നശിപ്പിക്കുന്ന മതേതരവാദികള്‍, ഇടതുപക്ഷ പ്രചാരകര്‍ എന്നിവര്‍ക്ക് നേരെ തിരിയാം എന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും പൊളിറ്റിക്കല്‍ ഹിന്ദുവിന്റെയും ലക്ഷ്യം. സംഘപരിവാറിന്റെ ഫാഷിസ വിത്തുകള്‍ക്ക് നിലമുഴുതു കൊടുക്കുകയാണ് പൊളിറ്റിക്കല്‍ ഇസ്ലാം. ആദ്യം മതേതരത്വം തകര്‍ക്കാം, പിന്നീട് മതങ്ങള്‍ തമ്മില്‍ തല്ലി കഴിവ് തെളിയിക്കട്ടെ എന്നാണോ, ആണെന്നാണ് അവരുടെ അനുഭാവികളുടെ പോലും വാക്കുകള്‍ തെളിയിക്കുന്നത്.

http://www.azhimukham.com/trending-anu-chandra-writing-on-women-suffering-in-malapuram/

ഇസ്ലാം ഫെമിനിസം പ്രകാരം തട്ടമിടാനുള്ള, പര്‍ദ്ദയിടാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം അവളുടെ ഏജന്‍സിയാണ്. ശരി, ഇസ്ലാം ഫെമിനിസം പ്രകാരം ഒരു മുസ്ലീം സ്ത്രീയ്ക്ക് പര്‍ദ്ദയിടാതെ തട്ടമിടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവളുടെ ഏജന്‍സിയാകുമോ? ഇഷ്ടമുള്ള ഗാനത്തിന് ഇഷ്ടമുള്ള തരത്തിലെ നൃത്തച്ചുവടുകള്‍ വച്ച് നൃത്തം ചെയ്യാന്‍ കഴിയുമോ? ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശമില്ല എന്ന് വാദിക്കാമോ? തുല്യതാ വാദം മുന്നോട്ടു വച്ച് ജീവിക്കാന്‍ കഴിയുമോ? വെള്ളത്തില്‍ വീണു മുങ്ങിച്ചാകുമ്പോഴും ഇക്കയല്ലാതെ മറ്റൊരുത്തനും എന്നെ തൊടണ്ട എന്ന് നിലവിളിച്ചു ചാകാന്‍ നില്‍ക്കുന്ന തരത്തിലെ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനെ വിമര്‍ശിച്ചാല്‍ ഇസ്ലാം ഫെമിനിസം പ്രകാരം അത് ഇസ്ലാമോഫോബിയ ആകുമോ?

ഇരട്ടത്താപ്പിന്റെ അപ്പോസ്തലരെ, നിങ്ങളുടെ പേര് മതഭ്രാന്ത് എന്നാണ്. അതില്‍ ഫെമിനിസമെന്നും നിരുപദ്രവകാരിയായ മതവിശ്വാസി എന്നും തോരണങ്ങള്‍ കെട്ടിയാല്‍ നിങ്ങളുടെ ഇസ്ലാംമാനിയ മാറുകയില്ല. അപ്പോഴും ലിബറല്‍ ഫെമിനിസ്റ്റുകള്‍, സെക്കുലര്‍ ഫെമിനിസ്റ്റുകള്‍ എന്നൊക്കെ പേരിട്ട്, ഈ ഏജന്‍സിയുടെ ആള്‍മാറാട്ടക്കളികളെ ചോദ്യം ചെയ്യുന്ന, മതേതരത്വ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിഭാഗങ്ങളെയാണ് അവര്‍ ആക്രമിക്കുന്നത്.

https://www.azhimukham.com/trending-rj-sooraj-quit-radio-program-on-social-media-howl-on-supporting-flash-mob/

സവര്‍ണ്ണ ഹിന്ദുത്വ സെക്കുലറിസ്റ്റ് അല്ലാത്ത മറ്റൊരു സ്ത്രീയില്ല ഇസ്ലാമിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ എന്നാണ് വാദം. അതല്ലങ്കില്‍ ഇസ്ലാമെന്ന മതത്തിന് അകത്ത് നിന്നുകൊണ്ട്, മറ്റൊരു തരത്തില്‍ പ്രിവിലേജുകള്‍ ഉള്ള, മതം Indoctrinate ചെയ്യുന്ന ആചാരങ്ങളെ പറ്റി ഓര്‍മ്മകള്‍ അയവിറക്കുന്ന, അനുസരണയോടെ തട്ടമിട്ട് ജീവിച്ച ബന്ധുസ്ത്രീകളെ ബിംബവത്കരിക്കുന്ന സ്ത്രീകളുടെ മൃദുവിയോജിപ്പുകള്‍ ഉണ്ടായാല്‍ അത് സമ്മതിച്ചു കൊടുക്കും, അവര്‍ യഥാര്‍ത്ഥ വിമര്‍ശകരാണ്. ഏതെങ്കിലും തരത്തില്‍ ഒരു ഇടത് അനുഭാവിയാണ് ഈ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നതെങ്കില്‍ അവരുടനെ സവര്‍ണ്ണ ഹിന്ദു സെക്കുലര്‍ ആയിക്കഴിഞ്ഞു. സെക്കുലര്‍വാദികള്‍ സ്ത്രീകളെ സുടാപ്പിച്ചി എന്നൊക്കെ വിളിച്ചു എന്നതാണ് അവര്‍ ആരോപിക്കുന്ന കുറ്റം, എന്നാലോ അവര്‍ സൌകര്യപൂര്‍വ്വം അവരുടെ മതത്തിലെ സഹോദരന്മാര്‍ മലപ്പുറത്തെ പെണ്‍കുട്ടികളെ കൂത്തിച്ചികള്‍ എന്ന് വിളിച്ചതൊക്കെ പുകയായി കാറ്റില്‍ പറത്തി. അല്ലെങ്കില്‍ അതൊരു സ്വാഭാവിക പ്രതികരണമായിരുന്നു, പാവം മതമൌലികവാദികള്‍ അല്ലേ, അവരെ പറഞ്ഞിട്ട് കാര്യമില്ല വിട്ടേക്കൂ, ഇസ്ലാം സ്ത്രീകളെ കൂത്തിച്ചികള്‍ എന്ന് വിളിക്കുമെങ്കിലും അവര്‍ക്കൊരു ഇസ്ലാമോഫോബിയയും ഇല്ല. ഇസ്ലാം മാനിയ ആയതാണ്, അത് വച്ച് പൊറുപ്പിക്കാവുന്ന പിഴവാണ് എന്നു ന്യായീകരിക്കും.

അശാന്തിയുടെ മതപ്രചാരകര്‍ ആക്രമിക്കുന്നത് മതേതരത്വത്തെയാണ്. അവരത് ചെയ്തുകൊണ്ട് വഴിവെട്ടികൊടുക്കുന്നത് വാളുമായി തലയറുക്കാന്‍ നില്‍ക്കുന്ന രാഷ്ട്രീയ ഹിന്ദുവിനാണ്. മതഭ്രാന്തിന്റെ കാര്യത്തില്‍ അവരൊറ്റക്കെട്ടാണ്. അവരുടെ മതവര്‍ഗ്ഗീയതകള്‍ നിലനില്‍ക്കണമെങ്കില്‍ അവര്‍ക്ക് തകര്‍ക്കേണ്ടത് കേരളത്തിലും ഇന്ത്യയിലും തപ്പിപ്പെറുക്കി എടുത്താല്‍ കിട്ടിയേക്കാവുന്ന മതേതരത്വത്തെയാണ്.

https://www.azhimukham.com/trending-surumi-salmans-facebook-post-on-flash-mob-in-malappuram/

http://www.azhimukham.com/flash-mob-street-morality-traffic-block-anaswara-azhimukham/

http://www.azhimukham.com/kanthapuram-abubacker-musalyar-anti-women-statement-islam-patriarchy-sexuality-rajasekharan-nair/

http://www.azhimukham.com/kerala-muslim-islam-transformations-beliefs-customs-ct-abdurahim/

http://www.azhimukham.com/ultra-salafism-islam-religion-reform-movement-kerala-ismail-kalliyan/

http://www.azhimukham.com/newswrap-ayisha-returns-to-hindu-religion-sajukomban/

http://www.azhimukham.com/kazhchapadu-conversion-is-not-the-solution-but-let-the-educate-and-independent-says-vp-suhra/

https://www.azhimukham.com/trending-patriarchy-against-muslim-girls-performs-flashmob-in-malappuram/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories