TopTop
Begin typing your search above and press return to search.

അഭിപ്രായ സര്‍വേകളില്‍ ഭൂരിപക്ഷവും ഇടതിനൊപ്പം

അഭിപ്രായ സര്‍വേകളില്‍ ഭൂരിപക്ഷവും ഇടതിനൊപ്പം

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ ഭാവിയെന്താകണം എന്ന് വോട്ടര്‍മാര്‍ വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എന്നാല്‍ മലയാളികളുടെ മനസ്സിലിരിപ്പ് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് ഏതാനും അഭിപ്രായ സര്‍വേകളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. അതില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് ഭരണത്തുടര്‍ച്ചയല്ല ഭരണമാറ്റം തന്നെയാണ്. എല്‍ഡിഎഫ് വരുമെന്ന് സര്‍വേകള്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാം ശരിയായോയെന്ന് അടുത്തൊരു അഞ്ചു കൊല്ലം കൂടി കഴിഞ്ഞേ പറയാനാകൂ. ബിജെപി വഴി മുട്ടി നില്‍ക്കുകയാണെന്ന് ചില സര്‍വേകള്‍ പറയുമ്പോള്‍ മറ്റു ചിലതില്‍ വോട്ടര്‍മാര്‍ വഴികാട്ടിയായിട്ടുണ്ടെന്ന് പ്രവചിക്കുന്നുണ്ട്. സര്‍വേകളില്‍ എല്‍ഡിഎഫിന് നേരിയ വിജയം മുതല്‍ തൂത്തുവാരല്‍ വരെ പ്രവചിക്കുന്നു.

ബിഗ് ന്യൂസ് സര്‍വേ 104 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുമെന്ന് പറയുന്നത്. യുഡിഎഫാകട്ടെ 36 സീറ്റുകളിലേക്ക് ഒതുങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്നും ബിഗ് ന്യൂസ് സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് അക്കൗണ്ട് തുറക്കാനുമാകില്ല. എങ്കിലും എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താം. ഓരോ മണ്ഡലത്തിലും ലഭിക്കാവുന്ന ഭൂരിപക്ഷം വരെ ബിഗ് ന്യൂസ് പ്രവചിക്കുന്നുണ്ട്. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ യുഡിഎഫ് നേതാക്കന്‍മാരുടെ തോല്‍വിയും അവര്‍ പ്രവചിക്കുന്നു.

ബിഗ് ന്യൂസിന്റെ ജില്ല തിരിച്ചുള്ള പ്രവചനം
തിരുവനന്തപുരം ജില്ലയില്‍ ആകെയുള്ള 14 സീറ്റില്‍ എല്‍ഡിഎഫ് 12 സീറ്റുകളിലും യുഡിഎഫും രണ്ട് സീറ്റുകളിലും വിജയിക്കും.

കൊല്ലത്തെ പതിനൊന്ന് സീറ്റും എല്‍ഡിഎഫ് തൂത്തുവാരും.

പത്തനംതിട്ടയില്‍ യുഡിഎഫിന് മുന്‍തൂക്കം. മൂന്ന് സീറ്റ് യുഡിഎഫ് നേടുമ്പോള്‍ രണ്ട് സീറ്റ് എല്‍ഡിഎഫിന്.

ആലപ്പുഴയില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് രണ്ടും സീറ്റുകള്‍. എങ്കിലും യുഡിഎഫിന് ലഭിക്കുമെന്ന് പറയുന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത ശോഭന ജോര്‍ജ്ജിന്റെ പ്രവേശനം കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥിന്റെ വിജയത്തെ പ്രവചനാതീതമാക്കുന്നുണ്ട്.

കോട്ടയത്ത് യുഡിഎഫ് ആറും എല്‍ഡിഎഫ് മൂന്നും. പാലായില്‍ മാണിയുടേയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേയും ഭൂരിപക്ഷം കുറയും. പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് തോല്‍ക്കുമ്പോള്‍ എല്‍ഡിഎഫ് വിജയിക്കും.

ഇടുക്കിയില്‍ നാല് സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമ്പോള്‍ യുഡിഎഫിന് ഒന്നു മാത്രം. ലോകസഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു പോലെ നിയമസഭ പോരാട്ടത്തിലും ഇടുക്കി യുഡിഎഫിനെ കൈവിടുമെന്നാണ് ബിഗ് ന്യൂസിന്റെ പ്രവചനം.

എന്നാല്‍ എറണാകുളം സമനിലയില്‍ പിരിയും. രണ്ടു മുന്നണികള്‍ക്കും ഏഴ് വീതം. ബാര്‍ കോഴ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബു തൃപ്പൂണിത്തുറയില്‍ മൂന്നാം സ്ഥാനത്തേക്ക് പോകും.

തൃശൂര്‍ 13 സീറ്റുകളും എല്‍ഡിഎഫ് തൂത്തുവാരും. പരമ്പരാഗത യുഡിഎഫ് വോട്ടു ബാങ്കിലെ ചോര്‍ച്ചയാണ് തൃശൂരില്‍ യുഡിഎഫ് നേരിടുന്നത്.

പാലക്കാട് എല്‍ഡിഎഫിന് പത്തും യുഡിഎഫിന് രണ്ടും സീറ്റുകള്‍.

മലപ്പുറത്ത് യുഡിഎഫ് കോട്ടകളിലേക്ക് എല്‍ഡിഎഫ് കടന്നു കയറും. എങ്കിലും മേധാവിത്വം യുഡിഎഫിന് തന്നെ. 11 സീറ്റുകള്‍ യുഡിഎഫ് നേടുമ്പോള്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് സമ്പാദ്യം അഞ്ചാക്കി ഉയര്‍ത്തും.

കോഴിക്കോട് എല്‍ഡിഎഫ് പരമ്പരാഗതശക്തി നിലനിര്‍ത്തും. എല്‍ഡിഎഫ് 12. യുഡിഎഫ് ഒന്ന്. വടകരയില്‍ എല്‍ഡിഎഫ് തന്നെ.

വയനാട്ടില്‍ മന്ത്രി ജയലക്ഷ്മി അടക്കമുള്ള എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും തോല്‍ക്കും. മൂന്ന് സീറ്റും എല്‍ഡിഎഫിന്.

കണ്ണൂരും എല്‍ഡിഎഫ് തൂത്തുവാരും. 11 സീറ്റും എല്‍ഡിഎഫിന്. മന്ത്രിമാരായ കെസി ജോസഫ്, കെപി മോഹനന്‍ എന്നിവരാണ് പരാജയപ്പെടുന്ന പ്രമുഖര്‍.

കാസര്‍ഗോഡ് എല്‍ഡിഎഫ് നാല് സീറ്റുകളിലും യുഡിഎഫിന് ഒരു സീറ്റിലും വിജയം. മഞ്ചേശ്വരം എല്‍ഡിഎഫ് തിരിച്ചു പിടിക്കും.

ബിഗ് ബിഗ് പ്രവചനം നടത്തുന്ന അവര്‍ തങ്ങളുടെ ഫലമായിരിക്കും 90 ശതമാനവും ശരിയെന്നും ഉറപ്പിച്ചു പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കണോമിക് ഗ്രോത്ത് സര്‍വേ അനുസരിച്ച് എല്‍ഡിഎഫിന് 83 മുതല്‍ 90 സീറ്റുകള്‍ വരെയാണ് ലഭിക്കുക. യുഡിഎഫിന് 50 മുതല്‍ 57 വരെയും. വടക്കന്‍, തെക്കന്‍ കേരളങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ യുഡിഎഫിന് മധ്യ കേരളത്തില്‍ നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് അവരുടെ പ്രവചനം. ബിഡിജെഎസ് ബാന്ധവം ബിജെപിക്ക് വിനയാകും. കൂടാതെ നാല് സീറ്റുകളില്‍ മാത്രമാണ് ബിജെപി സജീവ സാന്നിദ്ധ്യമാകുന്നതെന്ന് അവര്‍ പറയുന്നു. അവിടെ പോലും ബിജെപിക്ക് ജയ സാധ്യതയില്ല.

സിപിഐഎം ചാനലായ കൈരളി പീപ്പിള്‍ ടിവി-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് അഭിപ്രായ സര്‍വേ എല്‍ഡിഎഫിന് 81-89 സീറ്റുകള്‍ വരേയും യുഡിഎഫിന് 51-59 വരേയും സീറ്റുകള്‍ ലഭിക്കാമെന്നും എന്‍ഡിഎയ്ക്ക് മൂന്നു സീറ്റ് വരെ ലഭിച്ചേക്കാമെന്നും പ്രവചിക്കുന്നു.

മലബാറിലെ അറുപത് സീറ്റുകളില്‍ എല്‍ഡിഎഫിന് 37 മുതല്‍ 40 സീറ്റുകള്‍ വരെ ലഭിക്കും. യുഡിഎഫിന് 20 മുതല്‍ 23 വരെയും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും സര്‍വേ കണ്ടെത്തുന്നു.

മധ്യകേരളത്തിലെ 41 സീറ്റില്‍ 18 മുതല്‍ 21 വരെ സീറ്റ് എല്‍ഡിഎഫിനും യുഡിഎഫിന് 20 മുതല്‍ 23 സീറ്റുകള്‍ വരെയും ലഭിക്കാം.

തെക്കന്‍ കേരളത്തിലാകട്ടെ 39 സീറ്റുകളില്‍ 25 മുതല്‍ 27 വരെ ഇടതുപക്ഷവും 12 മുതല്‍ 14 വരെ യുഡിഎഫിനും സര്‍വേ നല്‍കുന്നു.

ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 75 മുതല്‍ 81 സീറ്റുകള്‍ വരെയാണ് എല്‍ഡിഎഫിന് നല്‍കുന്നത്. ഭരണം നഷ്ടമാകുന്ന യുഡിഎഫിന് 56 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ടൈംസ് നൗ-ഇന്ത്യ ടിവി- സീ വോട്ടര്‍ സര്‍വേയാകട്ടെ എല്‍ഡിഎഫിന് 86 സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 53 സീറ്റുകള്‍ മാത്രം പ്രവചിക്കുന്ന അവര്‍ ബിജെപി ഒരു സീറ്റ് നേടിയേക്കുമെന്നും പറയുന്നു.

മാതൃഭൂമി-ആക്‌സിസ് സര്‍വേ കേരളത്തില്‍ കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത്. ഇടതു മുന്നണിക്ക് 68 മുതല്‍ 74 വരേയും യുഡിഎഫിന് 66 മുതല്‍ 72 വരേയും സീറ്റുകള്‍ സര്‍വേ നല്‍കുന്നു. ബിജെപിക്ക് രണ്ട് സീറ്റുകളും ലഭിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ലീഗിന് പത്ത് സീറ്റുകള്‍ നഷ്ടമാകുമെന്ന മുസ്ലിം ലീഗിന്റെ സര്‍വേയും പുറത്തു വന്നു. ലീഗ് മത്സരിക്കുന്ന 24 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേ ഫലം ദേശാഭിമാനിയാണ് പുറത്തുവിട്ടത്. മന്ത്രിമാരായ എംകെ മുനീര്‍, പികെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവര്‍ തോല്‍ക്കും. കൂടാത താനൂര്‍, മങ്കട, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി എന്നീ സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ നഷ്ടാകും. കെഎം ഷാജിയും എന്‍ ഷംസുദ്ദീനും തോല്‍ക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു. തിരുവമ്പാടിയും കാസര്‍ഗോഡും മഞ്ചേശ്വരവും നഷ്ടമാകും. കുറ്റ്യാടി, ബാലുശേരി, ഗുരുവായൂര്‍, പുനലൂര്‍ മണ്ഡലങ്ങളും ലീഗിന് വിജയ സാധ്യതയില്ലെന്ന് സര്‍വേ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഈ സര്‍വേകള്‍ക്കെല്ലാം എതിരായതാണ്. 77 സീറ്റുകള്‍ യുഡിഎഫിനും 63 സീറ്റുകള്‍ എല്‍ഡിഎഫിനും അവര്‍ പ്രവചിക്കുന്നു. ബിജെപിക്ക് ഒരു സീറ്റും പൊലീസ് നല്‍കുന്നില്ല.

എന്നാല്‍ യുഡിഎഫിനുവേണ്ടി പ്രചാരണ മേല്‍നോട്ടം വഹിക്കുന്ന പുഷ് ഏജന്‍സിക്കുവേണ്ടി മാര്‍സ് നടത്തിയ സര്‍വേയില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് 69 മുതല്‍ 73 വരെ സീറ്റുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫിന് 65 മുതല്‍ 69 വരെ സീറ്റുകള്‍ ഏജന്‍സി നല്‍കുന്നു.

സര്‍വേകള്‍ പലവിധമാണെങ്കിലും നാളെ വോട്ടമാര്‍ തീരുമാനിക്കുന്നതില്‍ തെറ്റുണ്ടാകില്ല. മെയ് 19-ന് ജനങ്ങള്‍ നേരിട്ട് അഭിപ്രായം രേഖപ്പെടുത്തിയ വോട്ടെടുപ്പിന്റെ ഫലം വരും.


(ഫോട്ടോകള്‍: സക്കീര്‍ ഹുസൈന്‍)


Next Story

Related Stories