UPDATES

ട്രെന്‍ഡിങ്ങ്

പിന്നോട്ട് നട(ത്തി)ക്കുന്ന കേരളം

അവർണ്ണരെ അടിമകളായി മാത്രം പരിഗണിച്ചിരുന്ന വ്യവസ്ഥയാണ്, തലക്കരവും മീശക്കരവും മുലക്കരവുമെല്ലാം നടപ്പാക്കിയതും ആചരിച്ചതും.

വസ്തുതകളും അസത്യവും നുണപ്രചരണങ്ങളും തെറ്റിദ്ധാരണകളുമെല്ലാം കൂടിച്ചേർന്ന്, അവിയൽപ്പരുവത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പൊതുമണ്ഡലത്തിൽ നടക്കുന്ന ചർച്ചകൾ. 10-നും 50-നും മധ്യേ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂപപ്പെട്ട പ്രതിഷേധങ്ങൾ പ്രധാനമായും രണ്ടു തരത്തിലുള്ളതാണ്.

ക്ഷേത്രവിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരങ്ങൾ അന്യമാണെന്നും അതിനാൽത്തന്നെ യാതൊരു കാരണവശാലും ഈ ആചാരങ്ങൾ മാറ്റാൻ പാടില്ലെന്നും രൂഢമൂലമായി വിശ്വസിക്കുന്ന, പരമ്പരാഗതമായി അയ്യപ്പഭക്തരായ ഹിന്ദുമതവിശ്വാസികൾക്കിടയിൽ രൂപം കൊണ്ട സ്വാഭാവികമായ പ്രതിഷേധവും രോഷവും, രണ്ടാമത്തെ വിഭാഗം സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന, പ്രത്യേകിച്ചും കേരള സർക്കാരിനെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ടുള്ള പ്രതിഷേധ സമരങ്ങൾ.

അയ്യപ്പഭക്തന്മാരായ വിശ്വാസികളിൽ നാനാജാതിമതസ്ഥരും മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളിൽ വിശ്വസിക്കുന്നവരും ഉൾപ്പെടും. സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയെ തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ, അയ്യപ്പപ്രതിഷ്ഠയുടെ ചൈതന്യത്തെയും അതുവഴി ക്ഷേത്രാചാരങ്ങളെയും ഇല്ലാതാക്കാനായുള്ള നീക്കമാണെന്ന് ഇക്കൂട്ടർ സംശയിക്കുന്നു.

മതത്തിന്റെ ആചാരങ്ങൾ കാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതാണെന്ന അവബോധമില്ലായ്മയും മതവിശ്വാസങ്ങളടക്കം ഭരണഘടനാ തത്വങ്ങൾക്കു കീഴ്‌പ്പെട്ടു നിൽക്കേണ്ടതാണെന്ന ധാരണയില്ലാത്തതുമാണ് ഇത്തരക്കാരുടെ പ്രതിഷേധത്തിന്റെ ആധാരമായി നിരീക്ഷിക്കാൻ സാധിക്കുന്നത്. വിധിയുമായി ബന്ധപ്പെട്ട് ഇതിനകം രൂപപ്പെട്ടു കഴിഞ്ഞ പലതരത്തിലുമുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെല്ലാം പരമോന്നത നീതിപീഠത്തിന്റെ വിധി എന്ന നിലയിലല്ല ഈ തീരുമാനത്തെ മനസ്സിലാക്കിയിട്ടുള്ളത്. അതിനാൽത്തന്നെ കോടതിവിധി നടപ്പിലാക്കാൻ ബാധ്യതയുള്ള സംസ്ഥാന സർക്കാരിനെതിരെ ഈ പ്രതിഷേധങ്ങൾ തിരിയാൻ ഇടയാക്കുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വ്യാപകമായ രീതിയിൽ സംഘടിതമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്ന സംഘപരിവാർ നടപടികളും അതിന്റെ ലക്ഷ്യങ്ങളും.

ശബരിമല സ്ത്രീപ്രവേശനത്തിനിടയാക്കിയ സുപ്രീം കോടതി വിധിയുടെ മറവിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന തരത്തിലേയ്ക്ക് പ്രക്ഷോഭങ്ങൾ വളർത്തുകയും സംഘപരിവാർ ലക്ഷ്യം വെയ്ക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിന്റെ ഇന്ധനമായി ഈ കോടതി വിധിയെ മാറ്റിയെടുക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം.

കോടതി വിധിയുടെ ഭാഗമായി അയ്യപ്പഭക്തർക്കിടയിൽ രൂപപ്പെട്ട അസംതൃപ്തിയും ആശയക്കുഴപ്പങ്ങളും തീവ്രഹിന്ദുത്വ പ്രചരണത്തിന്റെ ആയുധമാക്കുകയും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും അതിനുശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന കുത്സിത ലക്ഷ്യമാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളിലൂടെ ഹിന്ദുത്വ ശക്തികൾ ലക്ഷ്യം വെയ്ക്കുന്നത്. വിശ്വാസങ്ങളുടേതടക്കം സാമൂഹ്യ മണ്ഡലത്തിൽ തങ്ങൾക്കുള്ള അധീശത്വം നഷ്ടപ്പെടുന്നതിൽ അങ്ങേയറ്റത്തെ പരിഭ്രാന്തി പൂണ്ടിരിയ്ക്കുന്ന സവർണ്ണ ബ്രാഹ്മണ്യത്തിന്റെ വക്താക്കളാണ് സംഘപരിവാറിന്റെ കൂടെ ഈ പ്രക്ഷോഭങ്ങളിൽ പങ്കാളികളാവുന്നത്.

ലിംഗനീതി ഉറപ്പു വരുത്തുന്നതിനും ആചാരപരിഷ്ക്കരണത്തിനും എല്ലാ മതങ്ങളിലും നടക്കുന്ന ശ്രമങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലദർശനം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സ്ത്രീകളെ ശബരിമലയിലേയ്ക്ക് കൊണ്ടുപോകാൻ തങ്ങളുദ്ദേശിക്കുന്നില്ലെന്നും സിപിഐഎം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടും, പ്രതിഷേധ സമരങ്ങളിൽ ഉയരുന്നത് സർക്കാരിനും സിപിഎമ്മിനും എതിരായ മുദ്രാവാക്യങ്ങളാണെന്നത്, വിശ്വാസ സംരക്ഷണത്തിനപ്പുറമുള്ള ലക്ഷ്യങ്ങളാണ് സംഘപരിവാർ പ്രക്ഷോഭങ്ങളെ നയിക്കുന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്. കേരളീയ നവോത്ഥാനത്തിന്റെ ഫലമായി രൂപപ്പെട്ട സാമൂഹ്യ ജീവിതത്തിന്റെ ധനാത്മകമായ വശങ്ങളെ മുഴുവനായും നിരാകരിക്കുന്ന ഈ സമീപനം കേരളീയ സാമൂഹ്യപരിസരത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.

കോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് പ്രാദേശികമായ തലത്തിൽ വിശ്വാസികൾ നടത്തുന്ന പ്രതിഷേധങ്ങൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയുള്ളതല്ല, സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്നതും ആ പ്രക്ഷോഭങ്ങളുടെ ലക്ഷ്യമല്ല. ആവശ്യമായ ചരിത്രബോധത്തിന്റെ അഭാവമാണ് ഈ പ്രക്ഷോഭത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത്. എങ്ങനെയാണ് ഇന്നു കാണുന്ന നിലയിലുള്ള വിശ്വാസി സമൂഹം രൂപപ്പെട്ടത് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ഇന്ന് വിശ്വാസികൾ എന്നവകാശപ്പെടുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കിയത്, നിരന്തര പ്രക്ഷോഭങ്ങളിലൂടെ ആചാരങ്ങൾ തിരുത്തപ്പെട്ടപ്പോഴാണ്. അയിത്തവും തീണ്ടലും സ്ത്രീകൾ മേൽവസ്ത്രം ധരിയ്ക്കുന്നതിലുള്ള വിലക്കും അവർണ്ണർക്ക് ക്ഷേത്ര പ്രവേശനത്തിനുള്ള വിലക്കുമെല്ലാം അവ നിലനിന്നിരുന്ന കാലത്തെ ആചാരങ്ങളായിരുന്നുവെന്ന് മാത്രമല്ല അവയെല്ലാം തിരുത്തുന്നത് ദൈവദോഷമാണെന്നും കരുതപ്പെട്ടിരുന്നു.

അവർണ്ണരെ അടിമകളായി മാത്രം പരിഗണിച്ചിരുന്ന വ്യവസ്ഥയാണ്, തലക്കരവും മീശക്കരവും മുലക്കരവുമെല്ലാം നടപ്പാക്കിയതും ആചരിച്ചതും. പുരോഗമനേച്ഛുക്കളായ നവോത്ഥാന നായകരുടെയും സാമൂഹ്യപ്രവർത്തകരുടെയും പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ആധുനിക കേരളീയ സമൂഹമെന്ന അവബോധത്തിന്റെ അഭാവമാണ്, ആചാരങ്ങൾ തിരുത്താൻ ആരെയും അനുവദിക്കുകയില്ലെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾക്കു പിന്നിലുള്ളത്.

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും കൃഷ്ണപ്പിള്ളയുമടക്കമുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കൾ നേതൃത്വം നല്കിയ ജാതിവിരുദ്ധ പോരാട്ടങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനവും സവർണ്ണ – ബ്രാഹ്മണ മൂല്യങ്ങളുടെ ദു:സ്വാധീനത്തിൽ നിന്നും കേരള സമൂഹത്തെ മുന്നോട്ട് നയിച്ചു. ഭൂപരിഷ്ക്കരണവും സാർവ്വത്രികമായ വിദ്യാഭ്യാസ സൗകര്യങ്ങളും ദളിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. ഈ സാമൂഹ്യ മുന്നേറ്റത്തിനെതിരെ കേരളത്തിൽ രൂപപ്പെട്ട ഏറ്റവും പ്രതിലോമകരമായ പ്രവർത്തനമായിരുന്നു വിമോചന സമരം.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്ന കുന്തമുനയിൽ ജാതിമത – രാഷ്ട്രീയഭേദമെന്യേ അണിനിരന്ന പിന്തിരിപ്പൻ ശക്തികൾ ഏറ്റവും ശക്തമായി എതിർത്തത് ഇഎംഎസ് സർക്കാർ നടപ്പിലാക്കിയ സാമൂഹിക നീതി ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളെയാണ്. പിന്നീടുള്ള നിരവധി ദശാബ്ദങ്ങളിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ സ്വാധീനം നിലനിർത്താൻ സവർണ്ണ – ബ്രാഹ്മണ്യവും മതമേധാവിത്വവും ശ്രമിക്കുകയും ഒരളവോളം അത്തരം പ്രവർത്തനങ്ങളിൽ വിജയിക്കുകയും ചെയ്തു. എങ്കിലും സ്ത്രീകളും ദളിതരുമടക്കമുള്ള പാർശ്വവത്കൃത വിഭാഗങ്ങളുടെ ശാക്തീകരണമാണ് തങ്ങളുടെ അധീശത്വത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇക്കൂട്ടർ കണക്കാക്കുന്നത്.

ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ അങ്ങേയറ്റം വിപ്ലവാത്മകമായ പരിഷ്ക്കാരമായിരുന്നു ദേവസ്വം വക ക്ഷേത്രങ്ങളിൽ ദളിതരടക്കമുള്ള ബ്രാഹ്മണേതര വിഭാഗങ്ങളിൽപ്പെട്ടവരെ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനം. കേരളത്തിലെ സവർണ്ണ – ബ്രാഹ്മണ്യ പൊതുബോധത്തിനേറ്റ കനത്ത പ്രഹരം കൂടിയായിരുന്നു ഈ തീരുമാനം. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി കൂടെ വന്നതോടെ, അധ്യാത്മിക വിഷയങ്ങളിൽ അവസാന വാക്കും അപ്രമാദിത്വവും പുലർത്തി വന്നിരുന്ന ബ്രാഹ്മണ്യ മേധാവിത്വം അവസാനിക്കുകയാണെന്നുള്ള പരിഭ്രാന്തിയാണ്, തന്ത്രി കുടുംബത്തിന്റെയും ചില രാജകുടുംബങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ രൂപപ്പെട്ട ‘അയ്യപ്പ ധർമ്മ സേന’ക്കാരെ നയിക്കുന്നത്. ഹിന്ദുത്വ വർഗ്ഗീയതയുടെ പ്രയോഗങ്ങൾക്കായി അവസരം കാത്തു നില്ക്കുന്ന സംഘപരിവാർ കൂടി ഈ പ്രക്ഷോഭങ്ങളിൽ പങ്കു ചേരുന്നതോടെ വർത്തമാന കേരളത്തിലെ ഏറ്റവും പ്രതിലോമകരമായ ഐക്യപ്പെടലായി ശബരിമല പ്രക്ഷോഭങ്ങൾ മാറുകയാണ്.

കോടതി വിധിയെ അനുകൂലിക്കുന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടുകളിൽ നിന്നും മലക്കം മറിഞ്ഞു കൊണ്ട് ഈ പ്രക്ഷോഭത്തിനു തയ്യാറാകാൻ കേരളത്തിലെ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതും ഈ സമരത്തിലൂടെ നടപ്പാക്കാൻ കഴിയുന്ന വർഗ്ഗീയ അജണ്ടകൾ സംബന്ധിച്ച പ്രതീക്ഷകളാണ്.

കോർപ്പറേറ്റ് അനുകൂല- ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തി നല്കുന്നത്, അവർ പിന്തുടരുന്ന മതേതര കാഴ്ചപ്പാടുകളാണ്. കോടതി വിധിയെ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം സർവ്വാത്മനാ സ്വാഗതം ചെയ്തതും ഈ നയസമീപനം മൂലമാണ്. ഈ കാഴ്ച്ചപ്പാടുകളെയെല്ലാം പൂർണ്ണമായും കാറ്റിൽപ്പറത്തുകയാണ്, കോടതി വിധിക്കെതിരെ സമരം പ്രഖ്യാപിക്കുക വഴി കേരളത്തിലെ കോൺഗ്രസ്സും ചെന്നിത്തലയും ചെയ്യുന്നത്. വർത്തമാന കേരളം സാക്ഷ്യം വഹിക്കേണ്ടി വരുന്ന മറ്റൊരു രാഷ്ട്രീയ അശ്ലീലമായി കോൺഗ്രസ്സിന്റെ സമരം മാറിത്തീരും. ഭരണഘടനാ മൂല്യങ്ങൾ വാനോളം ഉയർത്തിപ്പിടിയ്ക്കാൻ ശ്രമിച്ച ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഉന്നതനീതിപീഠത്തിന്റെ ചരിത്രപ്രധാനമായ വിധികൾക്കൊന്നിനെതിരെ സമരം നയിക്കുന്നതെന്നത് ചരിത്രത്തിലെ മറ്റൊരു വൈരുദ്ധ്യമായി മാറുന്നു.

സവർണ്ണ – ബ്രാഹ്മണ്യത്തിന്റെ വരേണ്യബോധത്തിലൂറ്റം കൊള്ളുന്ന ഇളംമുറക്കാർ, സംഘപരിവാർ നേതൃത്വത്തിൽ നടത്തുന്ന ഈ സമരാഭാസത്തെ കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടനാ തത്വങ്ങൾ മുൻനിർത്തി, വിശദമായ നീതിന്യായ പ്രക്രിയയിലൂടെ ഉന്നതനീതിപീഠം പുറപ്പെടുവിച്ച വിധിയെ, ഗൂഢാലോചനയെന്നും ആരാധനാലയങ്ങളെ തകർക്കാനുള്ള ഇടതുപക്ഷ അജണ്ടകളെന്നും മാറിമാറി ആരോപിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് കടുത്ത സാമുദായിക ധ്രുവീകരണമാണെന്ന് സുവ്യക്തമാണ്.

സാമൂഹ്യ നീതിയുടെയും ജാതിവിരുദ്ധതയുടെയും മേഖലയിൽ കേരളം മുന്നോട്ടുവെച്ച കാൽവെപ്പുകളെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ പൊതുസമൂഹമൊന്നാകെ ചെറുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരള സമൂഹം കാണിക്കുന്ന ജാഗ്രതയായിരിക്കും ഒരു സമൂഹമെന്ന നിലയിൽ നമ്മൾ നേടിയെടുത്ത നേട്ടങ്ങളെ നിലനിർത്തുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഘപരിവാറിന് ആയുധം താലത്തില്‍ വച്ചുകൊടുത്ത് കോണ്‍ഗ്രസിന്റെ നാണംകെട്ട പിന്മാറ്റം

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമല: വിമോചന സമരമാണ് ലക്ഷ്യമെങ്കില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി

ഗാന്ധിയെ അവര്‍ വരാന്തയിലിരുത്തിയിട്ട് വര്‍ഷം 93 കഴിഞ്ഞു; തന്ത്രികളുടെ ജാതിഗര്‍വ്വിന് ഇന്നും ശമനമില്ല

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

വടക്കാഞ്ചേരി ശ്രീവ്യാസ എൻ. എസ്. എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍