TopTop
Begin typing your search above and press return to search.

ശബരിമല: 'ദൈവത്തിന്റെ സ്വന്തം നാട്' പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

ശബരിമല:
1892-ൽ താൻ ആദ്യമായി സന്ദർശിച്ചപ്പോൾ ‘ഭ്രാന്താലയം’ എന്ന് വിളിച്ച കേരളത്തിലേക്ക് സ്വാമി വിവേകാനന്ദൻ ഇപ്പോൾ ഒരു യാത്ര നടത്തിയാൽ അവിടുത്തെ സാഹചര്യം അന്നത്തെക്കാൾ ഭീതിദമാണെന്നു കണ്ടു ഞെട്ടുക തന്നെ ചെയ്യും. ജാതി സമ്പ്രദായം, തൊട്ടുകൂടായ്മ, താണ ജാതിക്കാരായ സ്ത്രീകളെ മാറ് മറയ്ക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ ആഴത്തിൽ വേരോടിയ സാമൂഹ്യ തിന്മകളാണ് ആ സന്യാസി അന്ന് കണ്ടത്. ഒരു നൂറ്റാണ്ടും നിരവധി സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ശ്രമവും ആധുനിക വിദ്യാഭ്യാസവും പിരോഗമന സ്വഭാവമുള്ള രാഷ്ട്രീയ, ഭരണ നേതൃത്വവുമാണ് ആ ഭ്രാന്താലയത്തെ പല യൂറോപ്യൻ രാജ്യങ്ങളോടും കിടപിടിക്കാവുന്ന ഉയർന്ന സാക്ഷരത നിരക്കും മാനവ വികസന സൂചികകളും ഉള്ള ഒരു ആധുനിക സമൂഹമാക്കി മാറ്റിയത്. നിർഭാഗ്യവശാൽ ഘടികാരം പിന്നോട്ട് തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്' പശു പ്രദേശ സംസ്ഥാനങ്ങളിൽ ഒന്നായി മാറുകയാണ്.

മറ്റെന്നെത്തേക്കാളും കൂടുതലായി ജനങ്ങൾ ജാതിയുടേയും വിഭാഗങ്ങളുടെയും ലിംഗത്തിന്റെയും മതത്തിന്റെയും പേരിൽ ഭിന്നിച്ചിരിക്കുന്നു. രാഷ്ട്രീയവും വർഗീയതയും ജാതീയതയും കൂടിച്ചേർന്ന ഒരു മാരകമായ മിശ്രിതം സംസ്ഥാനത്തിന്റെ സിരകളിൽ കലർന്നിരിക്കുന്നു. ആർത്തവചക്രമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന മൗലികാവകാശം ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധി, ‘അശുദ്ധിയുള്ള’ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരായ വലിയ പ്രതിഷേധങ്ങൾക്കും അക്രമാസക്തമായ ഭീഷണികൾക്കും കാരണമായിരിക്കുന്നു. ബ്രഹ്മചാരിയെന്ന് കരുതുന്ന പ്രതിഷ്ഠ സ്വാമി അയ്യപ്പന്‍റെ പേരിലാണ് ഇതെല്ലാം നടക്കുന്നത്. വിശ്വാസം, യുക്തി, ആർത്തവം, മത പുരുഷാധിപത്യം, ലിംഗ വിവേചനം, മത-ജാതി രാഷ്ട്രീയം ഇതെല്ലാം കൂടിചേർന്ന് ബൗദ്ധികമായ സംവാദം അസാധ്യമാക്കിയിരിക്കുന്നു. സവർണ സ്ത്രീകൾ വിധിക്കെതിരെ പരസ്യമായി രൂക്ഷ പ്രതികരണവുമായി തെരുവിലിറങ്ങിയപ്പോൾ, അവർണ ജാതികളിൽ പെട്ടവർക്കുള്ളിൽ ചേരിതിരിവുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം 'അവശ്യമായ ഒരു മതാചാരമല്ലെന്നും ഭക്തി, ലിംഗവിവേചനത്തിന്റെ വാർപ്പുമാതൃകകളുടെ ശാഠ്യത്തിനനുസരിച്ചാക്കാൻ കഴിയില്ല’ എന്നും പറഞ്ഞുകൊണ്ടാണ് കോടതി ഈ വിലക്ക് എടുത്തുകളഞ്ഞത്. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളുടെ വഴിയിലാണ് പരമോന്നത കോടതി നീങ്ങിയത്. എന്നാൽ അതിന്റെ വിധിയോടുള്ള അക്രമാസക്തമായ പ്രതികരണം കാണിക്കുന്നത് ആത്മീയതയില്ലാത്ത വിശ്വാസത്തിൽ ഉൾച്ചേർന്ന അപകടങ്ങളെക്കുറിച്ചാണ്.

ഓഗസ്റ്റിൽ, ആർഎസ്എസിനു കീഴിലുള്ള സ്വദേശി ജാഗരൺ മഞ്ചിന്റെ സഹ കൺവീനർ എസ്. ഗുരുമൂർത്തി സുപ്രീം കോടതിക്കു ഭീഷണി നിറഞ്ഞ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചു. കേരളത്തിലെ പ്രളയത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള അനുമതിയുമായി ബന്ധപ്പെടുത്തിയ അദ്ദേഹം കോടതിയോട് പുനരാലോചിക്കാനും ആവശ്യപ്പെട്ടു. എന്തായാലും ചോദിക്കാതെ കിട്ടിയ ഈ ഉപദേശം ന്യായാധിപന്മാർ കണക്കിലെടുത്തില്ല. കർണാടകത്തിൽ നിന്നുള്ള ബിജെപി എംഎൽഎ വിജയപുര കണ്ടുപിടിച്ചത്, കേരളത്തിൽ പ്രളയം ഉണ്ടായത് ‘പശുവിറച്ചി തിന്നുന്നതുകൊണ്ടും പശുക്കളെ കശാപ്പു ചെയ്യുന്നതുകൊണ്ടും ആണെ'ന്നാണ്. അതേസമയത്, ഉത്തർപ്രദേശിൽ പശുവിറച്ചിയുടെയോ സ്ത്രീകളുടെയോ പേരിലുള്ള ഒരു ദൈവകോപവും ഇല്ലാതെ വെള്ളപ്പൊക്കത്തിൽ 325 പേര്‍ മരിച്ചു.

അതിനെ വർഗീയതയെന്നോ അന്ധമായ വിശ്വാസമെന്നോ വിളിച്ചോളൂ, കേരളത്തിലെ വിശ്വാസികളിലെ ഒരു വിഭാഗം കോടതിവിധിക്കു തൊട്ടുപിന്നാലെ തങ്ങളുടെ ഭാവം മാറ്റി. ഒക്ടോബർ 12-ന് മലയാള സിനിമ നടനും ബിജെപി അംഗവുമായ കൊല്ലം തുളസി, "ക്ഷേത്രത്തിൽ കടക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ രണ്ടായി കീറണം; ഒരു പകുതി ഡൽഹിക്കും മറ്റേ പകുതി കേരള മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം" എന്നാവശ്യപ്പെട്ടു. കൊല്ലം ജില്ലയിൽ ബിജെപി സംഘടിപ്പിച്ച 'വിശ്വാസ സംരക്ഷണ ജാഥ'യിലാണ് അയാളിത് ആക്രോശിച്ചത്.

നേരത്തെ അയ്യപ്പ ധർമ സേനയുടെ പ്രസിഡന്റ് രാഹുൽ ഈശ്വർ, വിധി ദേവന്റെ "ആത്മാവിനെ അശാന്തമാക്കും” എന്ന് വിലപിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ അനുവദിച്ചാൽ ശബരിമല “തായ്ലാൻഡ് ആയി മാറും” എന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കോണ്‍ഗ്രസുകാരനുമായ പ്രയാർ ഗോപാലകൃഷ്‌ണൻ പറഞ്ഞു (തായ് മസാജ് ആണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നറിയില്ല). “യുവതികളായ സ്ത്രീകളെ ശബരിമലയിലേക്ക് അനുവദിച്ചാൽ സ്വാമി അയ്യപ്പന്‍റെ ശക്തി കുറയും,” അയാൾ പറഞ്ഞു. അവിടെപ്പോകുന്ന സ്ത്രീകളെ “പുലിയും പിടിക്കാം പുരുഷനും പിടിക്കാം” എന്ന മുന്നറിയിപ്പും നൽകി. ദൈവത്തിനും ഭക്തർക്കും ഒരുപോലെ അപമാനകരമായ പ്രസ്താവനകൾ. മലയ്ക്ക് പോകുന്ന പുരുഷന്മാർ 36 നിഷ്ഠകളോടുകൂടിയ 41 ദിവസത്തെ വ്രതമെടുക്കണം. അങ്ങനെ വന്നാൽ അവിടം സ്ത്രീകൾക്ക് ഡൽഹി, മുംബൈ തുടങ്ങിയ ഏതു സ്ഥലത്തെക്കാളും സുരക്ഷിതമാണ്.

ഈ അസംബന്ധ നാടകത്തിൽ പിന്നീട് ചേർന്നത് ശിവസേനയുടെ കേരള ഘടകമാണ്. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു അവരുടെ ഭീഷണി. സംശയമില്ലാത്തവണ്ണം, വർഷങ്ങൾക്കിപ്പുറം ‘ഭ്രാന്താലയം’ എത്രയോ മടങ്ങു വലുതായിരിക്കുന്നു.

കേരളത്തിലെ കോൺഗ്രസും ബിജെപിയും സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോൾ തെരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന പ്രതീക്ഷയിൽ സ്ത്രീപക്ഷ നിലപാടാണ് ഇടതുപക്ഷം എടുത്തിട്ടുള്ളത്. കേരളത്തിലെ ഹിന്ദു വോട്ടു ബാങ്കിനെ കണക്കാക്കിയുള്ള ബുദ്ധിപൂർവമായ ഒരു സന്തുലനക്കളിയിൽ ദേശീയതലത്തിൽ കോൺഗ്രസും ബിജെപിയും ആർഎസ്എസും വിധിയെ സ്വാഗതം ചെയ്തപ്പോൾ, സംസ്ഥാന നേതൃത്വങ്ങൾ വർഗീയവികാരത്തിനെ കൂട്ടുപിടിച്ചു. സംസ്ഥാനത്തെ ഭിന്നരീതികളിലുള്ള ഹിന്ദു വോട്ടുകൾ റാഞ്ചാനുള്ള ഒരു അവസരമായാണ് ബിജെപി അനുഗ്രഹം പോലെ ഈ വിധി മുതലാക്കാൻ ശ്രമിക്കുന്നത്.

ശബരിമല പ്രക്ഷോഭത്തിന്റെ പിന്നിൽ രാഷ്ട്രീയവും വിശ്വാസവുമാണ്. വിശ്വാസം മനസിന്റെ ഉത്പന്നമാണ്. അക്രമരഹിതമായ ആത്മാവിന്റെ തലത്തിൽ നിന്നാണ് വിശ്വാസം വരേണ്ടത്. അവിടെ ഭിന്നതയോ വേർതിരിവോ സ്ത്രീയോ പുരുഷനോ ഇല്ല. പക്ഷെ ആത്‌മീയതയില്ലാത്ത വിശ്വാസം മനുഷ്യരാശിക്ക് നാശം വിതച്ചിട്ടേയുള്ളൂ. ലോകത്താകെ അത് തീവ്രവാദവും ഭീകരവാദവും പടർത്തി. കുരിശുയുദ്ധകാലത്തും മതവിചാരണകാലത്തും ചീന്തിയ ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ രക്തം കാത്തലിക് പള്ളിയെ കളങ്കിതമാക്കുന്നു. ജൂത വിരുദ്ധ വംശഹത്യക്ക് ഹിറ്റ്ലറുടെ ദുഷ്ട മനസിലും വിശ്വാസത്തിലുമാണ് ആഴത്തിലുള്ള വേരുകൾ. ഇസ്‌ലാമിക് സ്‌റ്റേറ്റും ജിഹാദികളും വിശ്വാസത്തിന്റെ പേരിൽ കൊലപാതക യജ്ഞത്തിലാണ്. ഇവിടെ ഹിന്ദു തീവ്രവാദികൾ മതത്തിന്റെ പേരിൽ കശാപ്പും ആക്രമണവും നടത്തുന്നു. ആത്മീയതയുടെ അനുബന്ധമില്ലാതെ മതബദ്ധതയും വിശ്വാസവും സഞ്ചരിക്കുമ്പോഴാണ് കുഴപ്പങ്ങൾ തുടങ്ങുന്നത്. രണ്ടു ചോദ്യങ്ങൾക്കൂടി- ആര്‍ത്തവം അശുദ്ധമാണെങ്കിൽ മൂത്രമൊഴിക്കുന്നതും മലവിസർജ്ജനവും എന്താണ്? ദൈവത്തിന് ആർത്തവം കൊണ്ട് അശുദ്ധിയുണ്ടാകുമോ... ജീവൻ നിലനിർത്താൻ അദ്ദേഹം തന്നെ സ്ഥാപിച്ച ഒരു വിശുദ്ധ സോഫ്ട് വെയറിൽ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-who-has-organised-sabarimala-protest-against-women-entry-a-detailed-account-by-kr-dhanya/

https://www.azhimukham.com/opinion-sabarimala-women-entry-activists-belief-and-democracy-writes-visakh/

https://www.azhimukham.com/blog-sabarimala-women-entry-dileep-permitted-in-sabarimala-where-women-including-manju-prohibited-writes-arun/

https://www.azhimukham.com/offbeat-sabarimala-women-entry-pandalam-royal-family-documents-proves-their-claims-are-false-on-the-right-on-temple-writes-amal-c-rajan/

https://www.azhimukham.com/news-sabarimala-women-entry-temple-close-today-high-security-pamba-nilakkal-protest-continues/

https://www.azhimukham.com/opinion-how-bjp-president-ps-sreedharan-pillai-ignites-communal-issues-on-sabarimala-women-entry-written-by-arun/

Next Story

Related Stories