UPDATES

ഫ്രാന്‍സിസ് നസറേത്ത്

കാഴ്ചപ്പാട്

Guest Column

ഫ്രാന്‍സിസ് നസറേത്ത്

ട്രെന്‍ഡിങ്ങ്

കേരളത്തിന്റെ ഹീറോകളാണ് നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ ആ കന്യാസ്ത്രീകൾ

ഇടതുസർക്കാരിൻ്റെ ധാരണ ഫ്രാങ്കോയെ അറസ്റ്റ് ചെയ്താൽ ക്രിസ്ത്യാനികൾ പ്രതിഷേധിക്കും എന്നാണ്. എന്നാൽ സഭയുടെ പാതി പെണ്ണുങ്ങളാണ്, ഒരു ബലാത്സംഗിയെ ഇവർ പിന്തുണയ്ക്കും എന്നാണോ ധാരണ?

ക്രിസ്ത്യൻ സഭകളെപ്പറ്റി നിരന്തരം വരുന്ന ചോദ്യം ഈ സഭയിൽ സ്ത്രീകൾക്ക് എന്താണു സ്ഥാനം എന്നതാണ്. പുരുഷനു തുല്യമായ സ്ഥാനം ക്രിസ്ത്യൻ ദൈവശാസ്ത്രത്തിലോ ക്രിസ്തുവിനു പിന്നാലെ വന്ന സഭകളിലോ ഒരിക്കലും വന്നിട്ടില്ല. പുരോഹിതന്മാരുടെ അധികാരശ്രേണിയുടെ താഴെ മാത്രമേ കന്യാസ്ത്രീമാർക്ക് സ്ഥാനമുണ്ടായിരുന്നുള്ളൂ – അത് കുർബ്ബാന കൊടുക്കുന്ന കാര്യത്തിലായാലും പൂജ നടത്തുന്ന കാര്യത്തിലായാലും ബിഷപ്പ്, കർദ്ദിനാൾ, മാർപ്പാപ്പ തുടങ്ങിയ അധികാരശ്രേണിയുടെ കാര്യത്തിലായാലും.

ഇപ്പോൾ ഒരു കന്യാസ്ത്രീ തന്നെ പലതവണ ബലാത്സംഗം ചെയ്ത ഫ്രാങ്കോ മുളയ്ക്കൽ എന്നയാൾക്കെതിരെ – ക്രിസ്ത്യൻ സഭയിലെ, റോമൻ കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പിനെതിരെ – സഭയിലെ പലരോടും പരാതി പറഞ്ഞു, ഒടുവിൽ പോലീസിനും പരാതി കൊടുത്തു. പലതവണ ബലാത്സംഗം ചെയ്തു എന്ന് മെഡിക്കൽ റിപ്പോർട്ട് വന്നു, ബലാത്സംഗം നടന്നു എന്ന് പോലീസ് കോടതിയിൽ പറഞ്ഞു. എന്നിട്ടും കേസ് ഇഴഞ്ഞു നീങ്ങുന്നു. ബിഷപ്പിനെതിരെ ഒരു നടപടിയും സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല, ഫ്രാങ്കോ മുളയ്ക്കൽ ഒരു ദിവസം പോലും ലോക്കപ്പിലോ ജയിലിലോ കിടന്നില്ല, ആരിൽ നിന്നും ഒരു നടപടിയും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് അഞ്ച് കന്യാസ്ത്രികൾ തെരുവിൽ പ്രതിഷേധം നടത്തുന്നു.

ഇതേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തത് സഭയ്ക്ക് പുറത്തുള്ള ഒരാളാണെന്ന് വിചാരിക്കൂ. ഒരു മന്ത്രിയോ രാഷ്ട്രീയക്കാരനോ റൗഡിയോ ആണെന്ന് ചിന്തിക്കൂ. അങ്ങനെയാണെങ്കിൽ കേരളത്തിലെ സഭകളിലെ ബിഷപ്പുമാരെല്ലാം പ്രതിഷേധ പ്രസ്താവനകൾ നടത്തിയേനെ, അവരുടെ നേതൃത്വത്തിൽത്തന്നെ തെരുവിൽ പ്രതിഷേധങ്ങൾ നടന്നേനെ, ക്രിസ്ത്യൻ സഭകൾ ഇളകിയേനെ. ഇപ്പോൾ ക്രിസ്ത്യൻ സഭാനേതൃത്വത്തിൻ്റെ ഒന്നാകെയുള്ള മൗനം ഒരു പുരുഷന് – ഫ്രാങ്കോ മുളയ്ക്കലിന് – കന്യാസ്ത്രെയേക്കാൾ സഭ കൊടുക്കുന്ന വിലയാണു കാണിക്കുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയും സഭയുടെ ഭാഗമാണെന്നോ നീതി വേണ്ടുന്നത് അവർക്കാണെന്നോ സഭാനേതൃത്വത്തിനു ചിന്തിക്കാൻ പറ്റുന്നില്ല. നീതിയെപ്പറ്റി സാമാന്യമായ സങ്കല്പങ്ങൾ പോലും ഇല്ലാത്തതല്ല – അത്തരം സങ്കൽപ്പങ്ങളൊക്കെ അവർ എല്ലാ ഞായറാഴ്ച്ചകളിലും പ്രസംഗിക്കുന്നതാണ്- കൂട്ടത്തിലൊരാളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ അവർ സൗകര്യപൂർവ്വം ആ കന്യാസ്ത്രീയെ അവഗണിക്കുകയാണ്.

ക്രിസ്ത്യൻ സഭയുടെ സമീപകാല ചരിത്രം നോക്കിയാൽ പുരോഹിതവർഗ്ഗം മാമൂലുകളിലും അധികാര ശ്രേണിയിലും കുരുങ്ങിക്കിടക്കുമ്പോൾ കന്യാസ്ത്രീകൾ യഥാർത്ഥ ഹീറോകളായിരുന്നു എന്ന് കാണാം. ആഫ്രിക്കയിൽ എയിഡ്സ് പ്രതിരോധിക്കാൻ തെരുവുകളിൽ കോണ്ടം വിതരണം ചെയ്യുന്ന കന്യാസ്ത്രീകൾ, എൽ.ആർ.എ എന്ന ഭീകരസംഘടന 140-ഓളം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയപ്പോൾ അവരുടെ പിന്നാലെ കാടുകയറി ഈ സംഘടനയെ കണ്ടെത്തി, അവരോട് തർക്കിച്ച്, വഴക്കിട്ട് ഭൂരിഭാഗം പെൺകുട്ടികളെയും മോചിപ്പിച്ച കന്യാസ്ത്രീകൾ, പീഡോഫൈലുകളായ പുരോഹിതന്മാരുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്ന കന്യാസ്ത്രീകൾ, കേരളത്തിൽത്തന്നെ മൂവാറ്റുപുഴയിലെ നിർമ്മലസദനം പോലെ, മാനസിക വളർച്ചയില്ലാത്ത കുട്ടികൾക്കു വേണ്ടി സ്ഥാപനങ്ങൾ നടത്തുന്ന, സെറിബ്രൽ പാൽസിയുള്ള, കിടപ്പായിപ്പോയ കുട്ടികൾക്കായി കൂടപ്പുഴയിലെ അനുഗ്രഹസദനം പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന കന്യാസ്ത്രീകൾ. പുറത്ത് അധികം പേർ അറിയാതെപോകുന്നെങ്കിലും ഓരോ ദിവസവും സഭയുടെ കൽപ്പനകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ദുരിതങ്ങളുടെ നടുവിലിറങ്ങി പ്രവർത്തിക്കുന്ന ദൈനംദിന ഹീറോകളാണു പല കന്യാസ്ത്രീകളും. ഇവരെ നിയന്ത്രിക്കാൻ ഒരു കമ്മിറ്റി കൊണ്ടുവരാൻ മുൻപത്തെ മാർപ്പാപ്പ ബെനഡിക്റ്റ് ശ്രമിച്ചത് വലിയ എതിർപ്പ് വിളിച്ചുവരുത്തിയിരുന്നു. പ്രമുഖ ന്യൂയോർക്ക് ടൈംസ് ജേണലിസ്റ്റ് നിക്ക് ക്രിസ്റ്റോഫ് ഈ സമയത്ത് കന്യാസ്ത്രീകളെ പിന്തുണച്ച് ‘നമ്മളെല്ലാം കന്യാസ്ത്രീകളാണ്’ എന്നൊരു ലേഖനം എഴുതിയിരുന്നു.

ഇപ്പോൾ സഭയും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വവും ചേർന്ന് നിഷേധിക്കുന്ന നീതിക്കു വേണ്ടി, തെരുവിലിറങ്ങുന്ന കന്യാസ്ത്രീകളും ചെയ്യുന്നത് മഹത്തരമായ കാര്യമാണ്. വാർത്തകളും ബഹളങ്ങളും ഒതുങ്ങിയാൽ ഇവർക്കെതിരെ സഭയ്ക്ക് എന്ത് പ്രതികാര നടപടിയും എടുക്കാം. സഭ പുറത്താക്കിയാൽ അവർക്ക് പോകാൻ ഒരിടവുമില്ല. ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്ന് ഒരാളെ കന്യാസ്ത്രീയാക്കാൻ മഠത്തിൽ ചേർക്കുന്നതോടെ കുടുംബസ്വത്ത് ആ കുടുംബത്തിലെ ആണുങ്ങളുടെ പേർക്കാകുന്നു. എന്നെങ്കിലും മഠം വിട്ട് തിരിച്ചു ചെന്നാൽ സ്വന്തമായി സമ്പത്ത് ഇല്ലാത്ത, ആങ്ങളമാരുടെ സ്വത്തിൽ പങ്കുപറ്റാൻ ചെന്ന അധികപ്പറ്റാകും അവർ. ഒരു വശത്ത് സ്വന്തം ശമ്പളം പോലും ഉപയോഗിക്കാൻ പറ്റാത്ത, അനുരാഗവും കാമവും പോലെയുള്ള നൈസർഗ്ഗികമായ മനുഷ്യവികാരങ്ങൾക്ക് പോലും ഇടമില്ലാത്ത മഠത്തിലെ ദുരിതജീവിതം; മറുവശത്ത് തിരിച്ചു ചെല്ലാൻ ഇടമില്ലാത്ത അവസ്ഥ, ഇങ്ങനെയുള്ള അവസ്ഥകൾക്ക് ഇടയിലാണ് ഓരോ കന്യാസ്ത്രീയുടെയും ജീവിതം.

ഇടതുസർക്കാരിൻ്റെ ധാരണ ഫ്രാങ്കോയെ അറസ്റ്റ് ചെയ്താൽ ക്രിസ്ത്യാനികൾ പ്രതിഷേധിക്കും എന്നാണ്. എന്നാൽ സഭയുടെ പാതി പെണ്ണുങ്ങളാണ്, ഒരു ബലാത്സംഗിയെ ഇവർ പിന്തുണയ്ക്കും എന്ന ധാരണ എന്തിൻ്റെ അടിസ്ഥാനത്തിലാണ്? സഭയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല – സഭയുടെ ഉള്ളിൽത്തന്നെ നടക്കുന്ന വിവിധ ക്രിമിനൽ കുറ്റങ്ങളിൽ ഒരിക്കൽപ്പോലും സഭ പോലീസിനെയോ കോടതിയെയോ സമീപിച്ച് ക്രിമിനൽ കുറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല. പകരം നൂറുകണക്കിനു പീഡോഫീലുകൾക്ക് കേസ് നടത്താൻ സഭ നിയമസഹായം നൽകുകയാണു ചെയ്തിട്ടുള്ളത്. ഇപ്പോഴും ഫ്രാങ്കോയെ ളോഹ ഊരിക്കുമെന്നോ അയാൾക്കെതിരെ സഭയുടെ അച്ചടക്ക നടപടി ഉണ്ടാകുമെന്നോ പ്രതീക്ഷിക്കേണ്ട. അതിനു പകരം ഈ കന്യാസ്ത്രീയെ പണം കൊടുത്തോ ഭീഷണിപ്പെടുത്തിയോ കേസിൽ നിന്ന് പിന്മാറ്റാനാകും സഭ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുക. ക്രിസ്ത്യൻ സഭകൾ അത്ര ശോഷണം വന്ന പുരുഷാധിപത്യ സ്ഥാപനങ്ങളാണ്.

നീതി നടപ്പാക്കേണ്ടിയിരുന്നത് കേരളത്തിലെ സർക്കാരും പോലീസ് സംവിധാനവുമായിരുന്നു. എന്നാൽ അവരിൽ നിന്ന് ഒരു നീതിയും ഉണ്ടാകില്ല എന്ന ബോധ്യത്തിലാണ് പി.സി. ജോർജ്ജിനെപ്പോലുള്ള വിഷജന്തുക്കൾ ഇരയ്ക്കെതിരെ ഛര്‍ദ്ദിച്ചുവയ്ക്കുന്നത്. രണ്ട് അധികാര സ്ഥാപനങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എന്ന നിലയിൽ സഭയും സർക്കാരും തമ്മിൽ പല ബന്ധങ്ങളും പരസ്പര സഹായ സഹകരണങ്ങളും കാണും. ഇതിനെയും വെല്ലുവിളിച്ചുകൊണ്ടു വേണം നീതി നടപ്പാക്കാൻ.

സർക്കാരും സഭയും ആരും ഇല്ലെങ്കിലും, ഇനിയുള്ള ജീവിതം എത്ര ദുരിതമാകുമെങ്കിലും, വിരലിലെണ്ണാവുന്നവരേയുള്ളൂ എങ്കിലും, നീതിക്കുവേണ്ടി തെരുവിലിറങ്ങുന്ന, പോരാടുന്ന കന്യാസ്ത്രീകൾ കേരളത്തിൻ്റെ ഹീറോകളാണ്. ഇവരോട് ഒപ്പം നിൽക്കാനും അധികാര സ്ഥാപനങ്ങളോട് എതിർ നിന്നായാലും നീതി നേടിക്കൊടുക്കാനും കേരളത്തിലെ ജനങ്ങൾക്ക് ബാധ്യതയുണ്ട്. ഫ്രാങ്കോ മുളയ്ക്കൽ എന്ന ബലാത്സംഗി ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ അത് ഈ നാടിൻ്റെ വീഴ്ച്ചയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

ജലന്ധർ ബിഷപ് വിചാരിച്ചാൽ ഇവരെ പട്ടിണിക്കിട്ട് നരകിപ്പിക്കാം; 13 തവണ പീഡിപ്പിച്ചിട്ടും മൌനം പാലിച്ചതെന്തേ എന്നു ചോദിക്കുന്ന മാന്യന്‍മാരോട്

പി.സി ജോര്‍ജിനെ പോലെ ഒരു ജനപ്രതിനിധിയെ ഇനിയും ഈ സമൂഹത്തിനാവശ്യമുണ്ടോ?

ഫ്രാന്‍സിസ് നസറേത്ത്

ഫ്രാന്‍സിസ് നസറേത്ത്

പ്രവാസിയാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍