TopTop
Begin typing your search above and press return to search.

അവന്റെ ലീലകള്‍ വിജയിപ്പിക്കുന്ന സമൂഹം അവളെപ്പോലുള്ള പെണ്‍കുട്ടികളെ തോല്‍പ്പിക്കുകയാണ്

അവന്റെ ലീലകള്‍ വിജയിപ്പിക്കുന്ന സമൂഹം അവളെപ്പോലുള്ള പെണ്‍കുട്ടികളെ തോല്‍പ്പിക്കുകയാണ്

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട് യാതൊരു നീതിയും കാണിക്കാത്ത സമൂഹമാണ് നമ്മുടേത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വരാത്തവര്‍ എത്രയോ പേരുണ്ട് സമൂഹത്തിന്റെ അശ്ലീല നോട്ടങ്ങള്‍ ഭയന്ന് ആശ്രയ കേന്ദ്രങ്ങളിലും വീടിനുള്ളിലും മാത്രം ജീവിതം ജീവിക്കുന്നവര്‍. പീഡിപ്പിച്ചവരോ? നിയമത്തെ മിടുക്കനായ വക്കീലിനെ വച്ച് കബളിപ്പിച്ചു രക്ഷപ്പെട്ടവരും നിയമത്തിന്റെ മുന്നില്‍ ഇനിയും എത്താത്തവരും സുഖമായി, സന്തോഷമായി നമുക്കിടയിലുണ്ട്. പീഡിപ്പിക്കപ്പെട്ടവളെ ഇരുട്ടിലാക്കി പീഡിപ്പിച്ചവരോടും അതിനു കൂട്ടുനിന്നവരോടും നമ്മള്‍ എന്നും സ്‌നേഹമേ കാണിച്ചിട്ടുള്ളൂ. അത് നമ്മള്‍ ആരാധിക്കുന്ന രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ ഒക്കെ ആണെങ്കില്‍ പറയുകയും വേണ്ട. സ്തുതിഗീതങ്ങള്‍ വരെ തയ്യാറാക്കും. സൂര്യനെല്ലിയും ഐസ്‌ക്രീമും ഒക്കെ ഉദാഹരണങ്ങളാണ്. സൗമ്യയും ജിഷയും മരിച്ചതുകൊണ്ടാണ് അവരോടു നമുക്ക് സ്‌നേഹക്കൂടുതല്‍. ജീവിച്ചിരുന്നെങ്കില്‍ അവര്‍ മരിച്ചു ജീവിക്കേണ്ടി വരുമായിരുന്നു.

ഒരു സ്ത്രീ കൊല്ലപ്പെടുന്നതിനേക്കാള്‍ ഭീകരമാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന പൊതുബോധമുള്ള സമൂഹമാണ് നമ്മുടേത്, അതുകൊണ്ടുതന്നെ പക പെണ്ണിനോടാണെങ്കില്‍ തീര്‍ക്കേണ്ടത് അവളെ ലൈംഗികമായി ആക്രമിച്ചിട്ടാവണം എന്നുള്ള ആണ്‍ ബോധവും ആ ബോധത്തിന് കയ്യടിക്കുന്ന പെണ്‍ബോധവും നമുക്ക് ചുറ്റും നിലനില്‍ക്കുന്നുണ്ട്. അവരാണ് ഉച്ചത്തില്‍ പ്രതികരിക്കുന്ന, തന്റേടം കാണിക്കുന്ന, സ്വതന്ത്രമായി ജീവിക്കുന്ന, രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നതില്‍ തെറ്റില്ലെന്ന് വിധിക്കുന്നത്. അവരാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതം വിചാരണയ്‌ക്കെടുക്കുന്നതും പീഡിപ്പിച്ചവനെ ന്യായീകരിക്കുന്നതും. പ്രഥമ ദൃഷ്ട്യാ നടിയെ ആക്രമിച്ചതില്‍ അവനു പങ്കുണ്ടെന്നു തോന്നിയത് കൊണ്ടാണ് കുറ്റം ചെയ്താല്‍ പോലും രക്ഷപ്പെട്ടു പോരാന്‍ മാത്രം പണവും പദവിയും സ്വാധീനവും ഉള്ള അവനു ജാമ്യം നിഷേധിക്കപ്പെട്ടതെന്നു സാമാന്യബുദ്ധിയുള്ളവര്‍ പറയുമ്പോഴും, അവര്‍ പറയും അവന്‍ നിരപരാധിയാണെന്ന്, അവനെ കുടുക്കിയതാണെന്ന്. അവര്‍ തന്നെയാണ് പുറത്ത് അവള്‍ക്കൊപ്പം നിന്ന്, അകത്ത് അവനു കയ്യടിക്കുന്നതും. എന്തുകൊണ്ടാണെന്നറിയില്ല ഇത്രയും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മുന്നേറിയിട്ടും നമ്മുടെ കേരളത്തില്‍ അവരാണ് കൂടുതലും. അതുകൊണ്ടാണ് അയാളുടെ ലീലകള്‍ വിജയിക്കുന്നതും.

ജോലി ചെയ്യുന്നത് ഏതു മേഖലയിലും ആയിക്കൊള്ളട്ടെ, നിരവധി പെണ്‍കുട്ടികള്‍ നിരന്തരം ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. അത് ശാരീരികമായി മാത്രമല്ല അശ്ലീല നോട്ടം കൊണ്ടും വാക്കുകള്‍കൊണ്ടും ഒക്കെ ഉണ്ടാവുന്നുണ്ട്. ഒരിക്കല്‍ അശ്ലീലമായി സംസാരിച്ച തൊഴില്‍ മേധാവിയുടെ (സമൂഹത്തിനു മുന്നില്‍ നന്മയുടെ മുഖമാണ് അയാള്‍ക്കുള്ളത്) മുഖത്തേയ്ക്കു കയ്യിലുള്ള പേപ്പര്‍ ചുരുട്ടി എറിഞ്ഞു ഞാന്‍ ഇറങ്ങി പോന്നപ്പോള്‍, ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരി മാപ്പ് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. അവളോട് പൊട്ടിത്തെറിച്ചപ്പോള്‍ അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞത്, "മൂന്ന് നേരം കൈ കഴുകി തീന്‍ മേശയ്ക്കടുത്തെത്തുമ്പോള്‍ നിനക്കവിടെ ഭക്ഷണം ഉണ്ടാവും. അച്ഛനുണ്ട് അത് നല്‍കാന്‍. അപ്പോള്‍ നിനക്കു പേപ്പര്‍ ചുരുട്ടി എറിഞ്ഞ് ഇറങ്ങിപ്പോരാം. എനിക്ക് ഞാന്‍ കൊണ്ട് ചെന്നാലേ വയ്യാതെ കിടക്കുന്ന അച്ഛനും താഴെയുള്ള മൂന്നെണ്ണത്തിനും പിന്നെ എനിക്കും ഭക്ഷണം കഴിക്കാനാവൂ. നിലനില്‍പ്പിനു വേണ്ടി അശ്ലീലം കേള്‍ക്കേണ്ടി വരും കാലുപിടിച്ചു കരയേണ്ടിയും വരും".

അന്നാണ് മനസ്സിലായത് ഗതികേടുകൊണ്ടാണ് പല പെണ്‍കുട്ടികളും പലതും കണ്ടില്ലെന്നു നടിക്കുന്നതും വഴങ്ങി കൊടുക്കുന്നതും എന്ന്. സിനിമയിലൊക്കെ അത്തരം ചൂഷണങ്ങള്‍ക്ക് സാധ്യത ഏറെയാണ്. പലപ്പോഴും പ്രശസ്തിക്കു വേണ്ടി എന്തിനും തയ്യാറാവുന്ന ചുരുക്കം ചിലരെ ചൂണ്ടിക്കാട്ടി നമ്മള്‍ ഇത്തരം ചൂഷണങ്ങളെ ന്യായീകരിക്കുകയാണ് പതിവ്. സിനിമയിലോ സമൂഹത്തിലോ യാതൊരും ധാര്‍മികതയും പ്രകടിപ്പിക്കാത്തവരാണ് നമ്മള്‍ ആരാധിച്ച് ആരാധിച്ച് ആകാശത്തെത്തിച്ച സിനിമാക്കാര്‍. സ്വന്തം ഇടത്തില്‍ നടക്കുന്ന അശ്ലീലവും അനീതിയും കണ്ടില്ലെന്നു നടിക്കുന്ന അവരില്‍ നിന്ന് ഇനിയും അതൊന്നും പ്രതീക്ഷിക്കുകയും വേണ്ട. അവര്‍ നക്ഷത്ര തിളക്കത്തില്‍ ആഹ്ലാദിച്ചു ജീവിക്കട്ടെ. ആ ആഹ്ലാദം നഷ്ടപ്പെടുത്താന്‍ വയ്യാത്തതുകൊണ്ടാണ് തങ്ങളുടെ കൂട്ടത്തില്‍ ശക്തനായ ഒരാളാണ് കുറ്റാരോപിതന്‍ എന്ന് വന്നപ്പോള്‍ പത്രക്കാര്‍ക്ക് മുന്നില്‍ ആക്രോശിച്ചതും താര രാജാക്കന്മാരായ താരാദാസ് മുഖം കുനിച്ചിരുന്നതും മുരുകന്‍ പേപ്പറില്‍ കുറിച്ച് കൊണ്ടിരുന്നതും, ഔദാര്യം പറ്റിയവര്‍ ജയിലില്‍ ഘോഷയാത്രയായി പോയതും. ആരാധകരെന്ന പേരില്‍ അയാളുടെ അടിമകളായി പോയവരുടെ കൂട്ടത്തെ കണ്ട്, അയാള്‍ വിലയ്‌ക്കെടുത്ത സംവിധായകന്‍ ജനകീയവിധി അയാള്‍ക്കൊപ്പമെന്ന വിവരക്കേടു വിളിച്ചു പറഞ്ഞു. പ്രായമായവരെ വിടാം, സിനിമയിലെ യുവത്വം എന്താണ് ചെയ്തത്? സ്വകാര്യമായി പറയാനല്ലാതെ ഉറക്കെ അവള്‍ക്കൊപ്പമെന്നു പ്രഖ്യാപിക്കാന്‍ ധൈര്യമുള്ള ഒരുത്തന്‍ പോലും ഉണ്ടായിരുന്നില്ല; ഒരു പൃഥ്വിരാജല്ലാതെ. സിനിമയിലെ സ്ത്രീകളില്‍ ഭൂരിഭാഗവും താര രാജാക്കന്മാരുടെ അടിമകളായിപ്പോയവരാണ്. നിലനില്‍പ്പിന് അതല്ലാതെ വേറെ വഴിയില്ല.

ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടായ മോശമായ അനുഭവം പരാതിപ്പെട്ടപ്പോള്‍ ഒരു നടിക്കുണ്ടായ അനുഭവം നാം കണ്ടതാണ്. അവരുടെ വര്‍ഗ്ഗത്തില്‍ നിന്ന് പോലും കിട്ടിയില്ല പിന്തുണ. നമ്മളാണെങ്കിലോ അവരുടെ സിനിമകളെ വിലയിരുത്തി അവര്‍ക്കെങ്ങിനെയൊക്കെ ഉണ്ടാവുമെന്നും വിധിച്ചു. ഒടുവില്‍ പരാതി പിന്‍വലിച്ചു അവര്‍.

അവിടെയാണ് ഒരു പെണ്ണ് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മാധവിക്കുട്ടി പറഞ്ഞപോലെ ഡെറ്റോളിട്ട് കുളിച്ചു സമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളൊഴികെ തന്റെ തൊഴില്‍ മേഖലയിലെ ആരും ഒപ്പമില്ലാതിരുന്നിട്ടും സിനിമയില്‍ നിന്നല്ല, ജീവിതത്തില്‍ നിന്ന് പോലും ഇല്ലാതാക്കി കളയാന്‍ ശക്തിയും സ്വാധീനവും ഉള്ള ഒരാളോടാണ് പൊരുതേണ്ടതെന്നും സമൂഹത്തിലും കോടതിയിലും മാധ്യമങ്ങളിലും താന്‍ ക്രൂരമായി വിചാരണ ചെയ്യപ്പെടുമെന്നും ബോധ്യമുണ്ടായിട്ടും അവള്‍ പ്രതിരോധിച്ചു നില്‍ക്കുകയാണ്. അവളുടെ ആ നില്‍പ്പ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് ഒട്ടും ചെറുതല്ലാത്ത ആത്മവിശ്വാസവും ധൈര്യവുമാണ്. ഏതു പ്രമുഖനായാലും പ്രതിരോധിച്ചു നില്‍ക്കാനുള്ള ധൈര്യം. ആ ധൈര്യത്തെ, ആത്മവിശ്വാസത്തെ ഭയപ്പെടുന്നവരാണ് അയാളുടെ ലീല കാണുന്നതും കയ്യടിക്കുന്നതും.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ തന്നെ അന്വേഷിച്ചു വന്ന കൂട്ടുകാരിയോട് അച്ഛന്‍ അപമര്യാദയായി പെരുമാറിയത് മുതിര്‍ന്നപ്പോള്‍ മനസ്സിലായപ്പോള്‍, അച്ഛനില്‍ നിന്ന് അകന്നു ജീവിച്ച ഒരു പെണ്‍കുട്ടിയെ അറിയാം. അച്ഛന്‍ എന്ന അവകാശം അയാള്‍ക്ക് അവള്‍ എവിടെയും കൊടുത്തില്ല. വിവാഹത്തിന് കൈപിടിച്ചേല്‍പ്പിക്കുന്ന ചടങ്ങ് അമ്മയെ കൊണ്ട് ചെയ്യിച്ചു. അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പോലും ഭാഗമായില്ല. അച്ഛന്‍ എഴുതിവച്ച സ്വത്ത് ദാനം ചെയ്തു. അത്രയൊന്നും ധാര്‍മികമായി ഉയരാന്‍ നമുക്കാവില്ലെന്നറിയാം. കുറ്റാരോപിതര്‍ രാഷ്ട്രീയക്കാരോ സിനിമക്കാരോ ഒക്കെ ആണെങ്കില്‍ അടിമകളായിപ്പോയ അണികള്‍ക്കു അവരെ കുറ്റ വിമുക്തരാക്കാന്‍ നിയമവും പോലീസും തെറ്റാണെന്നു ന്യായീകരിക്കേണ്ടി വരും. നമ്മളെന്തിന് അവര്‍ക്കൊപ്പം നില്‍ക്കണം.

താരസിംഹാസനങ്ങള്‍ തീര്‍ക്കുന്ന സിനിമകള്‍ താരങ്ങള്‍ക്കു സമൂഹത്തില്‍ നല്‍കുന്ന സ്വീകാര്യത അറിയാവുന്നതുകൊണ്ടും താരം കുറ്റാരോപിതനാവുമ്പോള്‍ സിനിമയുടെ വിജയം അയാളുടെ വിജയമായി അണികള്‍ ആഘോഷിക്കുമ്പോള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടും കൂടിയാണ്, സിനിമ ഒരാളുടെ മാത്രമല്ല ഒരുപാടുപേരുടെ ആണെന്ന് ബോധ്യമുണ്ടായിട്ടും അയാളുടെ സിനിമ കാണേണ്ടെന്നു ധാര്‍മിക ബോധമുള്ളവര്‍ തീരുമാനിച്ചത്. ഈ ഒരു സിനിമ വിജയിച്ചില്ലെന്നു കരുതി അയാള്‍ക്കോ ആ സിനിമയുമായി സഹകരിച്ചവര്‍ക്കോ ഒന്നും സംഭവിക്കില്ല. മറിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ സിനിമയുടെ വിജയം അയാളുടെ വിജയമാവും. ജനമനസ്സില്‍ അയാള്‍ സ്വീകാര്യനാവും. പീഡിപ്പിച്ചവരെക്കാള്‍ പീഡിപ്പിക്കപ്പെട്ടവര്‍ ഇരുട്ടിലായി പോയിട്ടുള്ള ഒരു സമൂഹത്തില്‍ കുറ്റാരോപിതന് കൊടുക്കുന്ന സ്വീകാര്യതയിലൂടെ നമ്മള്‍ അയാളേക്കാള്‍ ക്രൂരരാവുകയാണ്. തനിക്കുണ്ടായ ക്രൂരമായ അനുഭവം പുറംലോകത്തോട് പറയാനാവാതെ മരവിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളെ, അവരെ ചേര്‍ത്ത് പിടിച്ചു ഉറക്കെ കരയുന്ന അമ്മമാരെ കാണേണ്ടി വന്നത് കൊണ്ട് പറയുകയാണ്; അവള്‍ ഒരു പ്രതീകമാണ്. ആ മുഴുവന്‍ പെണ്‍കുട്ടികളുടെയും. അവള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് അവര്‍ക്കൊപ്പം കൂടിയാണ്.

തനിയ്ക്ക് വന്നു ചേരാനിടയുള്ള എല്ലാ ആപത്തുകളെ കുറിച്ചും ബോധ്യമുണ്ടായിട്ടും അവള്‍ പ്രതിരോധിച്ചു നില്‍ക്കുമ്പോള്‍ വലിയ വലിയ പ്രതിരോധങ്ങള്‍ക്കു സാധിക്കില്ലെങ്കിലും അയാളുടെ സിനിമ കാണേണ്ടെന്നു തീരുമാനിക്കുന്നതിലൂടെ ഒരു ചെറിയ പ്രതിരോധമെങ്കിലും നടത്താം. അയാളുടെ നഷ്ടപ്പെട്ട ജനസ്വീകാര്യത തിരിച്ചുപിടിക്കാനുള്ള അയാളുടെ ആള്‍ക്കാരുടെ മാര്‍ക്കറ്റിങ് തന്ത്രത്തിന് നമ്മള്‍ വീഴുമ്പോള്‍ വീണു പോവുന്നത് നമ്മുടെ പെണ്‍കുട്ടികളാണ്. വിജയിക്കുന്നത് അച്ഛന്റെയും ചെറിയച്ഛന്റെയും ഏട്ടന്റെയും കൂട്ടുകാരന്റെയും സഹപ്രവര്‍ത്തകന്റെയും അയല്‍ക്കാരന്റെയും രൂപത്തില്‍ അവര്‍ക്കു ചുറ്റും നടക്കുന്ന കഴുകന്‍ കണ്ണുകളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories