TopTop
Begin typing your search above and press return to search.

"സ്ത്രീ ശരീരം അത്രമേൽ ഈ സമൂഹത്തെ അസ്വസ്ഥതപ്പെടുത്തുകയും വ്രണപ്പെടുത്തുകയും ചെയ്യുന്നുണ്ട്"

"സ്ത്രീ ശരീരം അത്രമേൽ ഈ സമൂഹത്തെ അസ്വസ്ഥതപ്പെടുത്തുകയും വ്രണപ്പെടുത്തുകയും ചെയ്യുന്നുണ്ട്"
അങ്ങനെ മലയാള മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒക്കെ ചേർന്ന് വളരെ കഷ്ടപ്പെട്ട് മല കയറാൻ നോക്കിയ രഹന ഫാത്തിമയ്ക്ക് ലേശം 'കുറ്റബോധം' ഉണ്ടാക്കുകയും പൊട്ടിക്കരയിക്കുകയും ചെയ്തിരിക്കുന്നു. തന്നെ 14 ദിവസം റിമാൻഡ് ചെയ്യാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവ് കേട്ട മാത്രയിൽ രഹന പൊട്ടി കരഞ്ഞുവെന്നും അയ്യപ്പനോട് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുവെന്നും വരെ പോകുന്നു 'പ്രമുഖ' മാധ്യമ റിപ്പോർട്ടുകൾ. 'അവൾക്കങ്ങനെ തന്നെ വേണം' എന്നും പറഞ്ഞ് ശരാശരി മലയാളി പൊതുബോധം ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രഹനയുടെ സുഹൃത്ത് മനോജ് കെ ശ്രീധർ അവരെ ജയിലിൽ പോയി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. അതിൽ പറയുന്നതിങ്ങനെ: "
രഹന കരഞ്ഞു, മാപ്പു പറഞ്ഞു, ജയിൽ ഫുഡ് പറ്റാതെ ഛര്‍ദ്ദിച്ചു എന്നെല്ലാം ചില ഓൺലൈൻ മഞ്ഞപത്രങ്ങളിൽ വ്യാജ വാർത്തകൾ കണ്ടു, ഇതെല്ലാം അവരുടെ ആഗ്രഹങ്ങളും വ്യാമോഹങ്ങളും മാത്രമാണ് ലവൾ പുലിയാണ് കേട്ടാ...


അവളെ ഇപ്പോൾ കണ്ടു, ആൾ കൂൾ ആണ്. ബ്രേക്ക് ഫാസ്റ്റ് നല്ല ചൂട് ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു എന്നും രാത്രി നല്ല ചോറും കിടിലൻ കപ്പകറിയും അച്ചാറൂം മുഴുവൻ ആസ്വദിച്ചു കഴിച്ചു എന്നും അറിയിക്കുന്നു. ഒരു സൗകര്യകുറവും ഇല്ല. കൂടെ ഒമ്പത് പേരുണ്ട്. അവരുമായി നല്ല കൂട്ടാണെന്നും നല്ല ലൈബ്രറി ഉള്ളതിനാൽ പുസ്തകം വായിച്ചും റെസ്റ്റെടുത്തും സമയം കളയുന്നു എന്നും സന്തോഷമായിത്തന്നെ ഇരിക്കുന്നു എന്നും അറിയിച്ചു. അവളെ ആകെ അലോരസപ്പെടുത്തുന്ന കാര്യമായി പറഞ്ഞത്, കൂടെ ജയിലിൽ ചീറ്റിംഗ് കേസിൽപ്പെട്ട് അകത്തായ പത്തനംതിട്ട ഉള്ള പ്രഗ്നന്റ് ആയ ഒരു പെണ്‍കുട്ടിയുണ്ട്, അവൾക്ക് ജാമ്യം എടുക്കാൻ ആളില്ല, വക്കീൽ പോലും ഇല്ല എന്നും ലിൻസി എന്നുപേരുള്ള അവളെ സഹായിക്കണം എന്നുമാണ് രഹനയുടെ ആവശ്യം."


അപ്പോൾ രഹനയുടെ പൊട്ടിക്കരച്ചിലും മാപ്പു പറച്ചിലുമോ എന്നാശങ്കപ്പെടുന്നവരെ ഇതിനും മുൻപ് വന്ന ഒരു 'മാപ്പു വാർത്ത' ഓർമിപ്പിക്കുന്നു. ശബരിമല കയറാൻ ശ്രമിച്ച അധ്യാപികയും ദളിത് സ്ത്രീയുമായ ബിന്ദു തങ്കം കല്യാണിയുടെ വീട്ടിൽ മകളുടെ തെറ്റിന് പരിഹാരമെന്നോണം അച്ഛനമ്മമാർ ഭജനയും നാമ ജപവും നടത്തിയെന്നും പരിഹാരമായി ബിന്ദുവിന്റെ അമ്മ മല ചവിട്ടാൻ പോണു എന്നും റിപ്പോർട്ട് ചെയ്ത് തങ്ങളുടെ വായനക്കാരെ തൃപ്തിപ്പെടുത്തിയിരുന്നു ഇപ്പോള്‍ രഹ്നയെ പൊട്ടിക്കരയിക്കുന്ന മാധ്യമങ്ങൾ. എന്നാൽ പിന്നീട് ബിന്ദുവിന്റെ അമ്മ തന്നെ ഈ വാർത്തകൾ നിഷേധിച്ചു രംഗത്ത് വന്നിരുന്നു. ശബരിമലയിൽ കയറാൻ ശ്രമിച്ച സ്ത്രീകളുടെ നേരെ ആക്രമണം അഴിച്ചു വിട്ട 'ഭക്തഗുണ്ട'കളെ 'ഭക്തർ ' എന്ന ഓമനപ്പേരിട്ട് വിളിച്ച മാധ്യമ കേന്ദ്രങ്ങളിൽ നിന്നും ഇതിലും വലിയ പൊട്ടിക്കരച്ചിലിന്റെയും മാപ്പിന്റെയും കഥകൾ പുറത്തു വന്നില്ലെങ്കിലേ അതിശയമുള്ളൂ.

ഒപ്പം, ഒരുകാര്യം കൂടി ഓര്‍ക്കണം. സർക്കാർ സ്പോൺസേർഡ് ആയ നവോത്ഥാന പ്രസംഗങ്ങൾ മുറയ്ക്ക് നടക്കുകയും അതും കേട്ട് ആവേശം കൊണ്ട് ശബരിമലയിലേക്ക് ചെല്ലുന്ന പെണ്ണുങ്ങൾ കേസും കോടതിയുമായി നടക്കേണ്ടി വരികയും ചെയ്യുന്ന കാലത്തെയാണ് രണ്ടാം നവോത്ഥാനമെന്നൊക്കെ ചിലർ വിളിക്കുന്നത്.

ഒക്ടോബർ നാലാം തീയതിയാണ് രഹന ഫാത്തിമ കറുപ്പ് വസ്ത്രവും രുദ്രാക്ഷവും അണിഞ്ഞിരിക്കുന്ന ഫോട്ടോ ഫേസ് ബുക്കിൽ അപ് ലോഡ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സാധാരണ കിട്ടുന്ന അസഭ്യ കമന്റുകൾ ഒക്കെ ഏറ്റുവാങ്ങി ആ ഫോട്ടോ അവിടെ കിടന്നിരുന്നു. എന്നാൽ പിന്നീട് ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് തുലാമാസ പൂജയ്ക്കായി നടതുറന്ന സമയത്ത് മല കയറാൻ എത്തിയതോടെയാണ് രഹനയ്ക്ക് നേരെയുള്ള സംഘപരിവാർ ആക്രമണം രൂക്ഷമായത്. ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവർത്തക കവിത ജക്കാലയ്ക്കൊപ്പം മല കയറാനെത്തിയ സ്ത്രീ ആരെന്നുള്ള അന്വേഷണം രഹനയുടെ മുസ്ലിം പേരിൽ ചെന്നെത്തിയതോടെ സൈബറിടത്തിലും അല്ലാതെയും അവർക്കെതിരെ നടന്നിരുന്ന ആക്രമണങ്ങളുടടെ മൂർച്ച കൂടി. രഹനയുടെ കൊച്ചിയിലെ വീട് അക്രമികൾ അടിച്ചു തകർക്കുകയും അവരെ ജോലിയിൽ നിന്ന് പുറത്താക്കിക്കും എന്നുള്ള ഭീഷണികൾ ഉയർത്തുകയും ചെയ്തിരുന്നു. ശരീര രാഷ്ട്രീയം സംസാരിക്കുന്ന, ആക്ടിവിസ്റ്റും പ്രൊഫഷണൽ മോഡലുമായ രഹന ഫാത്തിമയുടെ മുൻകാല പോസ്റ്റുകളും ചിത്രങ്ങളും തിരഞ്ഞുപോയവർക്കു കിട്ടിയ ഏറ്റവും വലിയ ആയുധമായിരുന്നു കറുത്ത വസ്ത്രവും രുദ്രാക്ഷവും അണിഞ്ഞു കാൽ മുട്ട് മടക്കിയിരിക്കുന്ന രഹനയുടെ ചിത്രം. ശബരിമലയിൽ മറ്റു ഗൂഢാലോചനകളുടെ ഭാഗമായി എത്തിയതാണ് രഹന ഫാത്തിമയെന്നും അവരുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി പാഡ് ഉണ്ടായിരുന്നു എന്നും മറ്റുമുള്ള പ്രചാരണങ്ങൾ ജനം ടിവിയിലും സംഘപരിവാർ കേന്ദ്രങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു. എന്നാൽ അത്തരം ആരോപങ്ങൾക്കൊന്നും യാതൊരു തെളിവും ലഭിച്ചതുമില്ല. ഒടുവിൽ രഹന ഫാത്തിമയ്ക്ക് എതിരെ പ്രയോഗിക്കാൻ ബാക്കിയുണ്ടായത് അവരുടെ കാൽ മുട്ടും തുടകളും കാണുന്ന ചിത്രം മാത്രമായി. അങ്ങനെ അവര്‍ക്കെതിരെ പരാതി പോവുകയും അത് ഒടുവില്‍ അറസ്റ്റില്‍ കലാശിക്കുകയുമാണ്‌ ഉണ്ടായത്. കേസിനെതിരെ രഹ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരിലുള്ള കേസില്‍ അറസ്റ്റിലായതോടെ രഹനയെ അവര്‍ ജോലി ചെയ്തിരുന്ന ബിഎസ്എൻഎൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അപ്പോൾ ഇതാണ് ചുരുക്കം, ആരാധന സമത്വം അനുവദിച്ച കോടതി വിധിയുടെ ബലത്തിൽ സ്ത്രീകൾ മല കയറാൻ വരുന്നു. കുറേ അക്രമികളുടെ ആക്രോശങ്ങൾക്കും കയ്യേറ്റങ്ങൾക്കും ഇടയ്ക്ക് അവരെ പോലീസും സർക്കാരും ചേർന്ന് മടക്കി അയയ്ക്കുന്നു. കാര്യങ്ങൾ അവിടെയും അവസാനിക്കില്ല. ആ സ്ത്രീകളുടെ തൊഴിലിടങ്ങളിലും വീട്ടിലും നാട്ടിലും പ്രതിഷേധങ്ങൾ ഉയരും. അവരുടെ ഇതുവരെയുള്ള ജീവിതത്തിന്റെ സദാചാര മൂല്യം അളക്കും. ഇതൊന്നും പോരാതെ വന്നാൽ പിന്നെ അവരുടെ വസ്ത്രധാരണം പരിശോധിക്കാം. ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങൾ പുറത്തു കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മതനിന്ദയുടെ തീവ്രത നിർണ്ണയിക്കാം, കേസെടുക്കാം, ജാമ്യം നിഷേധിക്കാം, അറസ്റ്റ് ചെയ്യാം.

സ്ത്രീ ശരീരത്തെ പല തലങ്ങളിലും വിശകലനം ചെയ്ത് മടുത്തിരിക്കുന്നു സമൂഹത്തിന് കിട്ടിയ പുതിയ ആയുധമാണ് സ്ത്രീ ശരീരത്തിന്റെ മതനിന്ദാപരമായ സാധ്യതകൾ. ഇപ്പോഴിതാ IPC 295A എന്ന കരിനിയമത്തിന്റെ പിൻബലം കൂടി ആളുകൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മതങ്ങളും ദൈവങ്ങളും ആവശ്യത്തിലധികമുള്ള ഈ സെക്യൂലർ രാജ്യത്ത് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ പേര് പറഞ്ഞ് ഏതൊരാൾക്കും മറ്റൊരു വ്യക്തിയെ അവരുടെ നടപ്പോ ഇരിപ്പോ വസ്ത്രാധാരണമോ തന്റെ മത ചിന്തയ്ക്ക് വ്രണമുണ്ടാക്കി എന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യിക്കാം, ജയിലിലടയ്ക്കാം.

മാധ്യമ പ്രവർത്തകയായ ഷാഹിന നഫീസ പറയുന്നു: "ഒരു ജാനാധിപത്യ രാജ്യത്ത് ആധുനിക കാലഘട്ടത്തിൽ ഒരു വിധത്തിലും യോജിക്കാത്ത ഒന്നാണ് IPC 295A. മാത്രമല്ല ആർട്ടിക്കിൾ 19(1A)യുടെ ലംഘനവുമാണ് ഈ വകുപ്പ്. എന്ത് പറഞ്ഞാലാണ് എങ്ങനെ പ്രവർത്തിച്ചാലാണ് മത നിന്ദയാവുക എന്നത് യുക്തിയുടെ അടിസ്ഥാനത്തിൽ അല്ലാതെ ഓരോരുത്തരുടെയും വിവേചനം അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത് കൊണ്ടാണ് 295എ വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നത്. അയ്യപ്പ വേഷത്തിൽ വരുന്ന പുരുഷന്മാരുടെ തുടയും കാലുമെല്ലാം പുറത്തു കാണുന്നില്ലേ? അപ്പോൾ സ്ത്രീ ശരീരമാണ് പ്രശ്നം. പിന്നെ, രഹന ആ സമയത്ത് അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ശരിയായോ ഇല്ലയോ എന്ന് നമുക്ക് സാമൂഹികമായി ജനാധിപത്യ പരമായി ചർച്ച ചെയ്യാം, അതല്ലാതെ നിയമം ഒരു മറയാക്കി ഉപയോഗിച്ച് ആ ചിത്രത്തിന്റ അടിസ്ഥാനത്തിൽ അവർ മതനിന്ദ നടത്തിയെന്ന് ആരോപിച്ചു അറസ്റ്റ് ചെയ്യുന്നതൊക്കെ കടുത്ത മനുഷ്യാവകാശ ലംഘനമാണ്".


അഭിഭാഷകയായ കുക്കു ദേവകി രഹനയ്ക്ക് നേരിടേണ്ടി വന്ന പൗരാവകാശ ലംഘനത്തെക്കുറിച്ച് അവരുടെ ഫേസ് ബുക്ക് പേജിൽ കുറിച്ചതിങ്ങനെയാണ്: "രഹന ആർപ്പോ ആർത്തവ വേദിയിലേക്ക് ചെറിയ ട്രൗസേഴ്സും സ്ട്രാപ്പുള്ള ടോപ്പും ധരിച്ച് വന്നപ്പോൾ പലരും എംബരാസ്ഡ് ആയി പോലും. നെറ്റി ചുളിച്ച് ഇങ്ങനെയൊക്കെയാകാമോയെന്ന മുറുമുറുപ്പ്... ചങ്ങാതികളെ... കഴിഞ്ഞ കൊല്ലം ഓണത്തിന് തൃശൂരിൽ നടന്ന പുലികളിക്ക് വേഷം കെട്ടിയവളാണ് രഹന... അന്ന് ഇതിലും ചെറിയ ഡ്രസ്സാണ് ഇട്ടിരുന്നത്... അവളെ പെയിന്റ് ചെയ്തവർക്കോ കൂടെ കളിച്ചവർക്കോ ഒരു എംബരാസ്മെന്റും ഉണ്ടായില്ല... ഇതിപ്പോ നമ്മുടെ ഈയിടത്ത് ഇത്തരമൊരു ചിന്ത പോലും പ്രശ്നമാണ്... ശരീര രാഷ്ട്രീയം പറയുന്നവൾ, ശരീരത്തെ ടൂൾ ആക്കുന്നവൾ അവളോട് ഇത്തരത്തിൽ ഇടപെടുന്നത് ശരിയല്ല തന്നെ... 'നാക്ക് ടൂൾ ആക്കുന്നത് മാത്രമേ നമുക്കറിയൂ... എന്റെ ശരീരത്തെ ടൂൾ ആക്കാൻ മാത്രമുള്ള ധൈര്യമൊന്നും എനിക്കില്ല... അങ്ങനെ ചെയ്യുന്ന രഹനയോട് സ്നേഹവും ബഹുമാനവും മാത്രം... നമ്മളിനിയും മുന്നോട്ട് പോകേണ്ടതുണ്ട്... ഇപ്പോൾ രഹനക്ക് എതിരായി വന്നതും ഈ ശരീരമാണല്ലോ... സ്ത്രീ ശരീരം അത്രമേൽ ഈ സമൂഹത്തെ അസ്വസ്ഥതപ്പെടുത്തുകയും വ്രണപ്പെടുത്തുകയും ചെയ്യുന്നുണ്ട്... അതിനെതിരെയുള്ള അവളുടെ സമര രീതിയെ കാണാതെ കേവലം ശരീരം കാണിച്ചു എന്ന രീതിയിലേക്ക് ഒതുക്കുന്നത് കഷ്ടം തന്നെ."


https://www.azhimukham.com/trending-who-is-rehana-fatima-who-try-to-enter-sabarimala/

https://www.azhimukham.com/updates-rahna-fatimas-house-in-kochi-attacked/

https://www.azhimukham.com/kerala-requested-for-absolution-for-entering-sabarimala-is-fake-news-by-sanghparivar-says-bindus-mother-reports-jisha/

https://www.azhimukham.com/trending-interview-bindu-thankom-kalyani-who-tried-to-reach-sabarimala-after-suprem-court-verdict-sheethal-writes/

https://www.azhimukham.com/trending-sabarimala-women-entry-attack-on-manju-libi-bindu-kr-dhanya/

https://www.azhimukham.com/kerala-binduthankamkalyani-dalitwoman-faces-threat-for-trying-to-reach-sabarimala/

https://www.azhimukham.com/newswrap-pk-sasi-leads-cpm-campaign-in-sabarimala-women-entry-writes-saju/

https://www.azhimukham.com/newswrap-abusive-speech-against-manojabraham-by-b-gopalakrishnan-and-threat-to-binduthankamkalyani-in-sabarimala-womenentry-issue-writes-saju/

https://www.azhimukham.com/trending-bindu-thankom-kalyani-solidarity-march-sunny-capicad-speech/

https://www.azhimukham.com/opinion-protest-in-the-name-of-sabarimala-is-abusive-apolitical-movement-written-by-ribin/

Next Story

Related Stories