TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസിന്റെ ചിലവില്‍ പ്രാദേശിക പാര്‍ട്ടികള്‍ തിന്നുകൊഴുക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം

കോണ്‍ഗ്രസിന്റെ ചിലവില്‍ പ്രാദേശിക പാര്‍ട്ടികള്‍ തിന്നുകൊഴുക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം

അഞ്ചു വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിലെ തന്ത്രജ്ഞന്മാരുമായി നടത്തിയ ഒരു ആലോചനായോഗത്തിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങളെക്കുറിച്ച് തന്റെ വിമുഖത പ്രകടിപ്പിച്ചു. സാധ്യമാകുന്നിടത്തോളം പാർട്ടി സഖ്യങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. മിക്ക പ്രാദേശിക കക്ഷികളും കോൺഗ്രസിന്റെ ചെലവിൽ പല സംസ്ഥാനങ്ങളിലും തടിച്ചുകൊഴുത്തു എന്നതായിരുന്നു അതിനു പറഞ്ഞ കാരണം. ആ വിലയിരുത്തൽ ഭാഗികമായി ശരിയായിരുന്നു. ആഭ്യന്തരവഴക്കുകൾ മൂലം പ്രതിസന്ധിയിലായിരുന്ന ഡിഎംകെയുമായി 1971-ൽ കൂട്ടുചേർന്ന് അവർക്ക്‌ പുതുജീവൻ ഉണ്ടാക്കിയപ്പോഴാണ് തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചത്. ആ സംസ്ഥാനത്ത് കോൺഗ്രസ് പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. ഉത്തർപ്രദേശിലും സമാനകഥയാണ്; 1989-നു ശേഷം പാർട്ടി എസ് പി, ബി എസ് പി കക്ഷികളെ മാറിമാറി പിന്തുണച്ചു. തിരിച്ചുവരവ് അസാധ്യമായി. 1996-ൽ നരസിംഹറാവു ബി എസ് പിക്ക് നിർണായകമായ പിന്തുണ നൽകിയതോടെ മായാവതി തന്റെ അടിത്തറ ഉറപ്പിച്ചു. ബിജെപിയും ശക്തമായി. സഖ്യരാഷ്ട്രീയത്തെക്കുറിച്ച് രാഹുൽ പിന്നീട് പറഞ്ഞു, "നമ്മൾ സഖ്യമുള്ള സംസ്ഥാനങ്ങളിൽ ഈ സഖ്യങ്ങൾ മാനിക്കുന്നതിനും പാർട്ടിയുടെ പുനരുജ്ജീവനത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനുമുള്ള ഒരു സന്തുലനം നമ്മളുണ്ടാക്കണം".

അതിനുശേഷം പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. വെറും 44 ലോക്സഭാ സീറ്റുകളുള്ള ശുഷ്കിച്ച ഒരു പാർട്ടിയെ ഏറ്റെടുത്ത രാഹുൽ ഗാന്ധി സഖ്യങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകൾ മാറ്റാൻ നിർബന്ധിതനായി. ഒരു പ്രായോഗികവാദിയുടെ കുപ്പായമണിഞ്ഞ അദ്ദേഹം ഗുജറാത്തിൽ ജാതി കക്ഷികളുടെ ഒരു സഖ്യം (യുപിഎയ്ക്ക് പുറത്ത്) ഉണ്ടാക്കി. കർണാടകത്തിൽ ബിജെപിയെ ഭരണത്തിൽ നിന്നും പുറത്തുനിർത്താൻ ജെ.ഡി (എസ്) മായി സഖ്യമുണ്ടാക്കി. ബിജെപിയെ തോൽപ്പിക്കുന്നത് രാഹുലിന്റെ അടിയന്തര ലക്ഷ്യമാണെങ്കിലും അത് പാർട്ടിയുടെ ദീർഘകാല താത്പര്യങ്ങളെ വിസ്മരിച്ചുകൊണ്ടാകരുത്. കോൺഗ്രസിന്റെ ഭൂമിയിൽ നിന്നും വളം വലിച്ചെടുക്കുന്ന പ്രാദേശിക കക്ഷികളുമായി തട്ടിക്കൂട്ടുന്ന സഖ്യങ്ങൾ കോൺഗ്രസിന് ഗുണകരമാകില്ല.

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബി എസ് പിയുടെ പെരുപ്പിച്ച, അന്യായമായ ആവശ്യങ്ങളെ കോൺഗ്രസ് തള്ളിക്കളഞ്ഞത് ശരിയായിത്തന്നെയാണ്. എന്നാലും ഒരു മൂന്നാം കക്ഷി കളത്തിൽ വന്നാൽ ഈ സംസ്ഥാനങ്ങളും തമിഴ്‌നാടും ബിഹാറും യു പിയും പോയ വഴിയിലായിപ്പോകാൻ സാധ്യതയുണ്ട്. ഇപ്പോൾ മിസോറാമും തെലങ്കാനയും പ്രാദേശിക കക്ഷികൾ കയ്യടക്കി. 2017-ൽ യു പിയിൽ എസ് പിയുമായി സഖ്യമുണ്ടാക്കിയതിലൂടെ ഭരണവിരുദ്ധവികാരവും മുസ്‌ലിം വോട്ടുകളിലെ ഭിന്നിപ്പും കുടംബ വഴക്കുകളും മൂലം വലഞ്ഞിരുന്ന അഖിലേഷ് യാദവിന്‌ പുതുജീവൻ കൊടുത്ത അബദ്ധമായിരുന്നു രാഹുൽ എന്ന അഭിപ്രായമുള്ള തല മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ട്.

ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി എസ് പി, എസ് പി, ആം ആദ്മി പാര്‍ട്ടി കക്ഷികൾ കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ വേണ്ടിയാണ് തങ്ങളുടെ ശക്തിയുടെ പൊരുത്തമില്ലാത്തത്ര അധികം സ്ഥാനാർത്ഥികളെ നിർത്തിയതെന്നും വ്യക്തമാണ്. ഉദാഹരണത്തിന് മധ്യ പ്രാദേശിൽ മായാവതി 227 സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ വെറും 2 സീറ്റിലാണ് ജയിച്ചത്. എസ് പി 50 പേരെ മത്സരിപ്പിച്ചു, ഒരെണ്ണത്തിൽ ജയിച്ചു. രാജസ്ഥാനിൽ ബി എസ് പി 197 സീറ്റിൽ മത്സരിച്ചപ്പോൾ 6 സീറ്റിലാണ് വിജയിച്ചത്. ആപ് രാജസ്ഥാനിൽ 142, മധ്യപ്രദേശിൽ 208, തെലങ്കാനയിൽ 40 എന്നീ സീറ്റുകളിൽ മത്സരിച്ചപ്പോൾ മിക്കതിലും കെട്ടിവെച്ച കാശ് നഷ്ടമാവുകയായിരുന്നു. ഒരു മത്സരം കാഴ്ചവെക്കാൻ ഒരുതരത്തിലും സാധ്യമല്ലെന്നറിഞ്ഞിട്ടും എന്തിനാണവർ ഇത്രയേറെ സ്ഥാനാർത്ഥികളെ നിർത്തുന്നത്? ബിജെപിയെ എതിരിടുന്നതിനുള്ള ചുമതല കോൺഗ്രസിന്റേതാണെന്നു പറയാൻ ഇടത്, ലിബറല്‍ വിഭാഗങ്ങൾ ഉത്സാഹിക്കുന്നുവെങ്കിലും ബിജെപിയുമായി കണ്ണുപൊത്തിക്കളിക്കുന്ന പ്രാദേശിക കളിക്കാർക്ക് നേരെ അവർ കണ്ണടയ്ക്കും. എന്തുകൊണ്ടാണ് റഫേൽ അഴിമതി ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാതെ പ്രാദേശിക കക്ഷികൾ ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയസമരത്തെ ദുര്‍ബലപ്പെടുത്തിയത്? ബോഫോഴ്സ് വിഷയത്തിൽ ഇതായിരുന്നില്ല നിലപാട്.

പശു പ്രദേശത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസും ബി എസ് പി, എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും തമ്മിലുള്ള രസതന്ത്രത്തെ ആകെ മാറ്റിയിട്ടുണ്ട്. മായാവതി, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, കെ. ചന്ദ്രശേഖര റാവു എന്നിവർ കോൺഗ്രസിനെ ഒതുക്കാനും രാഹുൽ ഗാന്ധി മോദിയുടെ നേരിട്ടുള്ള പ്രധാന എതിരാളിയായി മാറുന്നത് തടയാനും ഒളിനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങൾ വ്യക്തമാണ്. ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ ഫെഡറൽ മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ബി ജെ ഡിയുടെ നവീൻ പട്നായിക്, മമത ബാനർജി എന്നിവരെ അദ്ദേഹം കണ്ടുകഴിഞ്ഞു. ഇപ്പോഴുള്ള അവസ്ഥവെച്ച് ഫെഡറൽ ഫ്രണ്ടിൽ ടി ആർ എസ്, ബി ജെ ഡി, എ ഡി എം കെ, മറ്റു ചില ഈർക്കിലി പാർട്ടികള്‍ എന്നിവരേ കാണുകയുള്ളൂ. വലിയ കളിക്കാരയ എസ് പി, ബി എസ് പി, ടി എം സി എന്നിവർ അങ്ങുമിങ്ങും തൊടാതെ നിൽക്കുകയാണ്. എൻ ഡി എ, യു പി എ ഘടകകക്ഷികൾ പുതിയ മുന്നണിയിൽ പോകാനുള്ള സാധ്യതയും വിരളമാണ്. ടി എം സി ഉള്ള ഒരു മുന്നണിയിൽ എങ്ങനെയാണ് ഇടത് കക്ഷികൾക്ക് നിൽക്കാനാവുക? മമതയെ എങ്ങനെ മായാവതി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടും? തിരിച്ചും അതുതന്നെ. ഈ കക്ഷികളെല്ലാം തങ്ങളുടെ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലും വിജയിച്ചാലും ഫെഡറൽ സഖ്യത്തിന്റെ മൊത്തം സീറ്റുകൾ 200 പോലും തികയില്ല. എങ്ങനെയാണ് അത്തരമൊരു മുന്നണിക്ക് ബിജെപിയുടെയോ കോൺഗ്രസിന്റെയോ പിന്തുണയില്ലാതെ സർക്കാരുണ്ടാക്കാൻ കഴിയുക? അപ്പോൾ ചന്ദ്രശേഖര്‍ റാവുവിന്റെ യഥാർത്ഥ ലക്‌ഷ്യം എന്താണ്? തെലങ്കാന തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും തന്റെ കോൺഗ്രസ് വിരുദ്ധ വർത്തമാനം മയപ്പെടുത്താനുള്ള രാഷ്ട്രീയ മാന്യത അദ്ദേഹം കാണിക്കുന്നില്ല. രാഹുൽ ഗാന്ധിയെ ‘കോമാളി’ എന്നു അയാൾ വിളിക്കുന്നത്. അയാളുടെ ലോക്സഭാംഗമായ മകളും ഈ കോമാളി പരാമർശം ഏറ്റുപിടിച്ചു. ബിജെപി നേതാക്കൾ പോലും അത്തരത്തിലുള്ള നിലവാരം കുറഞ്ഞ പരാമർശങ്ങൾ ഒഴിവാക്കാറുണ്ട്. ഡൽഹിയിലും ഹൈദരാബാദിലും ഭരണത്തിലില്ലാത്ത കോൺഗ്രസിനെയും രാഹുലിനെയും ആക്രമിക്കാനുള്ള കെ.സി.ആര്‍ കുടുംബത്തിന്റെ വ്യഗ്രത ആശ്ചര്യമുണ്ടാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മകനെ മുഖ്യമന്ത്രിയായി വാഴിച്ച്, കെ. സി.ആർ, എൻ ഡി എ മന്ത്രിസഭയിൽ അംഗമാകാനായി ഡൽഹിയിലേക്ക് കളം മാറ്റുമെന്ന അഭ്യൂഹങ്ങൾ തെലങ്കാനയിൽ ശക്തമാണ്.

ഡൽഹി നിയമസഭയിൽ ഈയിടെ അവതരിപ്പിച്ച സിഖുവിരുദ്ധ കലാപവുമായി ബന്ധപ്പെട്ട പ്രമേയം കോൺഗ്രസ്-ആപ് ഭിന്നത വർധിപ്പിച്ചു. രാജീവ് ഗാന്ധിക്ക് നൽകിയ ഭാരതരത്ന ബഹുമതി പിൻവലിക്കണമെന്ന വാചകം (പിന്നീട് സഭാ രേഖകളിൽ നിന്നും നീക്കി) ആപ് എംഎൽഎ സോമനാഥ് ഭാരതി തിരുകിക്കയറ്റിയതിന് കോൺഗ്രസ്-ആപ് ധാരണയുടെ സാധ്യതയെ തടയാനുള്ള നീക്കമായാണോ അതോ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ സിഖുകാരും കോൺഗ്രസും തമ്മിൽ അകൽച്ചയുണ്ടാക്കാനാണോ എന്ന സംശയത്തിലാണ് നിരീക്ഷകർ.

പ്രാദേശിക കക്ഷി നേതാക്കളുടെ ആഗ്രഹങ്ങളും എതിർപ്പും വെച്ചുനോക്കുമ്പോൾ ഒരു മഹാസഖ്യത്തെക്കുറിച്ച് കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്താതിരിക്കുന്നതാകും നല്ലത്. പാർട്ടി സാധ്യമാകുന്നിടത്തോളം ഒറ്റയ്ക്ക് മത്സരിക്കുകയും ഈ പൊല്ലാപ്പുകളൊക്കെയൊന്ന് പരിഹരിക്കാൻ മറ്റാരെയെങ്കിലും അനുവദിക്കുന്ന ‘കിംഗ് മേക്കര്‍’ ആവുകയുമാണ് ഉത്തമം. അടുത്ത അഞ്ചു വര്‍ഷം രാഹുൽ പാർട്ടി ശക്തിപ്പെടുത്താൻ പ്രയത്നിക്കുകയും 2024-ൽ അധികാരത്തിലെത്താൻ ശ്രമിക്കുകയുമായിരിക്കും ഉചിതം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories